Monday, 1 August 2016

വാക്സിന്‍ വിരുദ്ധത ശാസ്ത്രീയമോ..? സംവാദം (15/02/16)


ജേക്കബ് വടക്കാഞ്ചേരി: രക്തത്തിലേക്ക് നേരിട്ട് ഒരു വസ്തുവും കടത്താന്‍ പാടില്ല, ചോറ് കഴിക്കാം പക്ഷെ ചോറ് എടുത്ത് രക്തത്തില്‍ കുത്തിവച്ചാല്‍ മരിച്ച് പോകും. അത് തന്നെയല്ലേ വാക്സിന്‍..?
ഇതാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചോദ്യം...! ഒരു തല മുതല്‍ തുടങ്ങാം..!
1. ഈ കാരണം കൊണ്ടാണ് വാക്സിനെ എതിര്‍ക്കുന്നതെങ്കില്‍ ഓറല്‍ വാക്സിനെ എതിര്‍ത്തത് എന്തിനാണെന്ന് മനസിലായില്ല.
2. ഈ സാധനം മൊത്തത്തില്‍ ഒരു സ്ട്രോമാന്‍ ആര്ഗുമെന്റ്റ് ആണ്. അതായത് ചോറോ കഞ്ഞി വെള്ളമോ സിറിഞ്ചില്‍ എടുത്ത് കുത്താന്‍ ആരും പറയുന്നില്ല. അത് പണി കിട്ടും എന്ന്‍ എല്ലാവര്ക്കും അറിയാം. വായിലൂടെ വേണ്ടത് വായിലൂടെ സിറിഞ്ചിലൂടെ വേണ്ടത് സിറിഞ്ചിലൂടെ
3. രക്തത്തിലേക്ക് ഒന്നും നേരിട്ട് കുത്തി വെക്കരുത് എന്ന വാദം അബദ്ധമാണ്. ഇത് ദഹന വ്യവസ്ഥയുടെ ആവശ്യകതയെ കുറിച്ച് ധാരണയില്ലാത്തത് കൊണ്ടാണ്. നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ 60% അന്നജവും 30% പ്രോടീനും ആണുള്ളത്. ഇതില്‍ അന്നജം ഗ്ലുക്കോസ് തന്മാത്രകളുടെ പോളിമര്‍ ആണ് പ്രോടീന്‍ ഇരുപത് അമിനോ ആസിടുകളുടെ പല വിധത്തില്‍ ഉള്ള പോളിമറുകളും ആണ്. ഈ പോളിമേറുകള്‍ (വലിയ തന്മാത്രകള്‍) നേരിട്ട് രക്തത്തില്‍ എത്തിയാല്‍ അതിന്‍റെ സ്വഭാവം അനുസരിച്ച് ചിലപ്പോള്‍ പണി കിട്ടും. ദഹന വ്യവസ്ഥയില്‍ സംഭവിക്കുന്നത് ഈ പോളിമറുകളെ ഘടക തന്മാത്രകള്‍ ആയി ബ്രെയ്ക്ക് ചെയ്യുകയാണ്. ശേഷം രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. ഇതാണ് ശരീരത്തിന്റെ പല ഭാഗങ്ങളില്‍ ഒഴുകി എത്തി ഊര്‍ജ നിര്‍മാണത്തിനും മറ്റും ഉപയോഗിക്കുന്നത്. ഇങ്ങനെ ദഹനത്തിലൂടെ രക്തത്തില്‍ എത്തുന്ന തന്മാത്രകളെ കൃത്രിമമായി ഉണ്ടാക്കി രക്തത്തിലേക്ക് നേരിട്ട് കടത്തിയാല്‍ ദഹനം വഴി ലഭിച്ചതോ അതോ കുത്തി വച്ചതോ എന്ന് തിരിച്ചറിയാന്‍ പോലും പറ്റാത്ത വിധം സാധാരണ വിധത്തില്‍ ശരീരം അത് ഉപയോഗിക്കും. ഗ്ലൂക്കോസ് ലായനി ട്രിപ്പ് ആയി കയറ്റി ക്ഷീണം മാറ്റാന്‍ കഴിയുന്നത് ഇത് കൊണ്ടാണ്.
4. എന്നാല്‍ രക്തത്തില്‍ പ്രോടീന്‍ രൂപത്തില്‍ തന്നെ ആവശ്യമായ ധാരാളം പ്രോട്ടീനുകള്‍ ഉണ്ട്. എന്‍സൈമുകള്‍ എല്ലാം ആ വിഭാഗത്തില്‍ പെടുന്നു, ഹോര്‍മോണുകളും. ഇവ അമിനോ ആസിഡ് രൂപത്തില്‍ രക്തത്തില്‍ എത്തിയിട്ട് കാര്യമില്ല. അതുകൊണ്ട് തന്നെ അത്തരം പ്രോടീനുകള്‍ ശരീരത്തില്‍ ഉത്പാദനം കുറഞ്ഞു പോയാല്‍ അത് വായിലൂടെ ഒഴിച്ചിട്ട് കാര്യമില്ല. കാരണം അത് ദഹന വ്യവസ്ഥയില്‍ ചെന്ന് അടിസ്ഥാന തന്മാത്രകള്‍ ആയ അമിനോ ആസിഡുകള്‍ ആയിരിക്കും രക്തത്തില്‍ എത്തി ചേരുക. അത് കൊണ്ട് ഒരിക്കലും നമ്മുടെ ആവശ്യം നടക്കില്ല. ഇതിന് ഏറ്റവും നല്ല ഉദാഹരണം ആണ് ഇന്‍സുലിന്‍. ഇത് ഒരു പ്രോടീന്‍ ആയത് കൊണ്ടാണ് ഇതിന്‍റെ ടാബ്ലെറ്റ് ലഭ്യമല്ലാത്തത്. രക്തത്തിലേക്ക് കുത്തി വെക്കുക തന്നെ വേണം. ഇതൊന്നും പ്രകൃതിപരം (പ്രാകൃതം) അല്ല എന്ന് സമ്മതിക്കുന്നു. പക്ഷെ ശാസ്ത്രീയമാണ്.
5. വാക്സിനിലും ഇത് തന്നെയാണ് പ്രശ്നം. രോഗാണുവിന്റെ അപകടം അനുസരിച്ച് നേര്പ്പിച്ച്ചോ അല്ലാതെയോ ശരീരത്തില്‍ എത്തിച്ച് "ഇങ്ങനെയൊരാള്‍ ചിലപ്പോ വന്നേക്കും അപ്പൊ കരുതിയിരുന്നോ അടിച്ചോടിച്ചെക്കണം" എന്ന് പറഞ്ഞു പരിചയപ്പെടുത്തുകയാണ് വാക്സിനേഷന്‍ എന്ന്‍ പറയാം.ബോധപൂര്‍വം രോഗാണുവിനെ ഇട്ട് കൊടുത്ത് ശരീരത്തിന്റെ സ്വാഭാവികമായ പ്രധിരോധ ശേഷിയെ മെച്ചപ്പെടുത്തി എടുക്കുന്നു. അപ്പോള്‍ ചില വാക്സിനുകളിലെ സെല്ലുകള്‍ അതെ പടി രക്തത്തില്‍ എത്തിയേ പറ്റൂ അല്ലെങ്കില്‍ നമ്മള്‍ നേരത്തെ പറഞ്ഞ ദഹനത്തിന്റെ പ്രശ്നം വരും. മരുന്നാണോ വാക്സിനാണോ ഭക്ഷണമാണോ എന്ന് തിരിച്ചറിയാനുള്ള ഇന്റെലിജെന്‍സ്‌ ഒന്നും ദഹന വ്യവസ്ഥക്ക് ഇല്ലെന്ന്‍ ചുരുക്കം. എന്നാല്‍ ഈ പ്രശ്നം ഇല്ലാത്ത വാക്സിനുകളും ഉണ്ടാകാം. അത് വായിലൂടെ തന്നെ കൊടുക്കുന്നുണ്ടല്ലോ.. ഉദാ: പോളിയോ വാക്സിന്‍. 3 തുള്ളി കൊണ്ട് പോളിയോ എന്ന ദുരിതത്തെ ഭൂമുഖത്ത് നിന്ന് ഉന്മൂലനം ചെയ്ത ചരിത്രം നമ്മള്‍ മറന്ന് പോകരുത്.
6. എന്നാലും വൈദ്യ ശാസ്ത്രത്തിന്റെ പത്തൊന്‍പതാം നൂറ്റാണ്ടിലെ എടുത്തു ചാട്ടം ആയി തന്നെ പറയാവുന്ന Hypodermic needle കുത്തുന്നത് കമ്പിപ്പാര കൊണ്ടുള്ള കുത്താക്കി കളഞ്ഞ സാറേ... ഉള്ളില്‍ സങ്കടം ഉണ്ട് ട്ടോ...

എന്ത് കൊണ്ടാണ് HIV കൊതുകുവഴി പകരാത്തത്...?!



കുറെ മുന്നെ നടത്തിയ ഒരു അന്വേഷണം ആണ്.. ഇന്ന് സുഹൃത്ത് Reshad Ali ചോദിച്ചപ്പോള്‍ ആണ് പോസ്റ്റ്‌ ആക്കാമെന്ന് കരുതിയത്... ഇന്‍ഫര്‍മേഷന്‍ ഓവര്‍ലോഡിംഗ് ഉണ്ട്... :)

എയ്ഡ്സ് ( acquired immunodeficiency syndrome) രോഗം ഉണ്ടാക്കുന്ന വൈറസാണ് HIV (human immunodeficiency syndrome) പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ഇത് ബാധിക്കുന്നത് രോഗ പ്രധിരോധ ശേഷിയെ ആണ്. ശരീരത്തില്‍ കയറിയ ഉടനെ തന്നെ രോഗ പ്രധിരോധം നടത്തുന്ന WBC (white blood cells) യില്‍ പ്രധാനപ്പെട്ട lymphocytes മൊത്തമായും ചില്ലറയായും അങ്ങ് നശിപ്പിച്ചു കളയും. അതോടെ പിന്നീട് ഒരു മാതിരി പെട്ട രോഗങ്ങള്‍ ഒക്കെ പെട്ടെന്ന് വരും, വന്നാല്‍ മാറി കിട്ടില്ല. ഈ അവസ്ഥയാണ് എയ്ഡ്സ്. :)

ഇത് പകരുന്നത് ബോഡി ദ്രവങ്ങളുടെ കൈമാറ്റം മൂലം മാത്രമാണ്. ഒരിക്കലും രോഗിയുമായുള്ള സഹവാസത്തിലൂടെയോ കൊതുകിലൂടെയോ പകരില്ല. അത് കൊണ്ട് പേടിക്കണ്ട... അടുത്ത് ഇടപഴകിക്കോ, ഒരു വീട്ടില്‍ താമസിച്ചോ.. ഒരുമിച്ച് ഭക്ഷണം കഴിച്ചോ... നോ പ്രോബ്ലം :)

മലേറിയ അടക്കമുള്ള അപകടകാരികള്‍ ആയ ധാരാളം കുപ്രസിദ്ധ വൈറസുകളെ ട്രാന്‍സ്മിറ്റ്‌ ചെയ്യാന്‍ കഴിയുന്ന കൊതുക് സാര്‍ എന്ത് കൊണ്ട് ഇവിടെ ദയനീയമായി പരാജയപ്പെടുന്നു എന്നതാണ് കാര്യം. അതിന് ആദ്യമായി, കൊതുക് സാധാരണ എന്താണ് ചെയ്യുന്നത് എന്നറിയണം.

കുതുക് ഒരു ഹൈപ്പോടെര്മിക് നീഡില്‍ ഘടിപ്പിച്ച പറക്കുന്ന സിറിഞ്ച് ആണെന്ന ധാരണയാണ് ആദ്യം മാറ്റേണ്ടത്. കൊതുക് കുത്തുന്ന snout എന്ന സൂചി പോലുള്ള ഭാഗം 6 ഭാഗങ്ങള്‍ കമ്പോസ് ചെയ്തതാണ്. അതില്‍ ആദ്യത്തെ നാലെണ്ണം ആണ് ജീവിയുടെ സ്കിന്നിലേക്ക് താഴ്ന്ന്‍ ഇറങ്ങുന്നത്. ബാക്കി രണ്ടു ഭാഗങ്ങളില്‍ രണ്ടു കുഴലുകള്‍ ഉണ്ട്, അതില്‍ ഒന്നിലൂടെ സലൈവ കുത്തി വെക്കുകയും മറ്റതിലൂടെ ബ്ലഡ് കയറി പോവുകയും ചെയ്യുന്നു. മിക്സിംഗ് ഉണ്ടാകുന്നില്ല. അപ്പോള്‍ കൊതുക് പരത്തുന്ന മറ്റു വൈറസുകള്‍ പോലെ കൊതുകിന്റെ സലൈവയില്‍ എത്താന്‍ കഴിയാത്തതാണ് HIV യുടെ ഗതികേട്. അത് എന്ത് കൊണ്ടാണെന്ന് നോക്കാം.

HIV ക്ക് റെപ്ലിക്കെറ്റ് (കോപ്പി എടുക്കല്‍) ചെയ്യാന്‍ T സെല്ലുകളുടെ സഹായം അനിവാര്യമാണ് എന്നതാണ് പ്രശ്നം. മനുഷ്യ ശരീരത്തില്‍ ഇതുമായി ബൈന്ഡ് ചെയ്താണ് ധാരാളം കോപ്പികള്‍ എടുക്കുന്നത്. എയിഡ്സ് രോഗിയെ കുത്തുന്നത് വഴി ബ്ലഡ്ലൂടെ കൊതുകിന്റെ ശരീരത്തില്‍ എത്തിയ വൈറസിന് റെപ്ലിക്കെറ്റ് ചെയ്യാന്‍ സഹായത്തിനു, മരുന്നിന് പോലും ഒരു T സെല്‍ കൊതുകിന്റെ ശരീരത്തില്‍ ഇല്ല. അപ്പോള്‍ റെപ്ലിക്കേഷന്‍ തടസപ്പെടുന്നു, എങ്ങോട്ടെങ്കിലും പോകാനോ തിരിയാനോ മരിയാനോ കഴിയാതെ പാവം വൈറസിന്റെ ആപ്പീസ് അതോടെ പൂട്ടുന്നു.

വെടിക്കെട്ടിലെ ശാസ്ത്രീയത...?!

ആദ്യം കാലങ്ങള്‍ ആയി കേട്ട് തഴമ്പിച്ച ശാസ്ത്രീയത ഇന്‍ വെടിക്കെട്ട്...
അതായത്... വെടിക്കെട്ട് എന്നാല്‍ ഓക്സിജന്‍ ആവശ്യമായ ഒരു രാസ പ്രവര്‍ത്തനം ആണ്.. സോ വെടിക്കെട്ട് നടത്തുമ്പോള്‍ അവിടെ നേരത്തേ ഉള്ള ഓക്സിജന്‍ കത്തി തീരുന്നു... അങ്ങനെ ഉണ്ടാകുന്ന ന്യൂന മര്‍ദം കാരണം ചുറ്റുപാട് നിന്നും ധാരാളം ഓക്സിജന്‍ ആ ഭാഗത്തേക്ക് ഒഴുകി എത്തുന്നു. അങ്ങനെ ആ ഭാഗത്ത് ഉള്ളവര്‍ക്ക് നല്ല ശുദ്ധവായു കിട്ടുന്നു.
ഇത് കേള്‍ക്കുമ്പോള്‍ ആര്‍ക്കും ശരിയാണെന്ന് തോന്നും. ഇത്രയൊക്കെ സയന്‍സ് അറിഞ്ഞിട്ടാണ് ഈ ആചാരങ്ങള്‍ ഒക്കെ ഉണ്ടാക്കിയത് എന്നൊക്കെ തന്നെ ചില വിദ്വാന്മാര്‍ ഒരു ഉളുപ്പുമില്ലാതെ വാദിച്ചു കളയും.
എന്നാല്‍ എന്താണ് യാഥാര്‍ത്ഥ്യം...?
വെടിക്കെട്ട് ഓക്സിജന്‍ ആവശ്യമുള്ള പ്രോസെസ് ആണെന്നത് സത്യം തന്നെ.. പക്ഷെ അതിനു അന്തരീക്ഷ ഓക്സിജന്‍ ഉപയോഗിക്കുന്നില്ല. ബ്ലാക്ക് പൌഡറില്‍ പൊട്ടാസ്യം നൈട്രേറ്റ് ചേര്‍ക്കുന്നത് അയിനാണ്. അത് ചൂടാവുമ്പോള്‍ വെടിക്കെട്ടിന് ആവശ്യമായ ഓക്സിജന്‍ റിലീസ് ചെയ്യും. സൊ ന്യൂന മര്‍ദവും എയര്‍ സെര്‍ക്കുലേഷനും എല്ലാം വെറും "പൊഹ"
വെടിക്കെട്ട് കൊണ്ട് യാതൊരു ഗുണവും നമുക്കില്ല.. ഉള്ളതെല്ലാം ദോഷങ്ങള്‍ മാത്രം.
1. അന്തരീക്ഷ മലിനീകരണം.
ബ്ലാക്ക് പൌഡര്‍ ന്‍റെ കണ്ടന്റുകള്‍ ചാര്‍ക്കോളും സള്‍ഫറുമാണ്.ഇത് രണ്ടും കത്തുമ്പോള്‍ കാര്‍ബണിന്റെ ഓക്സൈടുകളും ( CO, CO2) സള്‍ഫറിന്റെ ഓക്സൈടുകളും (SO2, SO3) അന്തരീക്ഷത്തില്‍ എത്തുന്നു.
2. ശബ്ദം....
കൂടുതല്‍ ഒന്നും പറയേണ്ടതില്ലല്ലോ...
3. മരണ സാധ്യത...
വെടിക്കെട്ട് നടത്തുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് ശാസ്ത്രീയമായി വിവരമുള്ള എത്ര വെടിക്കെട്ട്‌ കാരുണ്ട് നമ്മുടെ നാട്ടില്‍...?

ആനയും പൂരവും

ആനകളെ വെയിലത്ത് നിര്‍ത്തി പൂരം നടത്തുന്നത് എങ്ങനെയാണ് വലിയ ക്രൂരതയാകുന്നത്....?!
ആദ്യമായി മനസിലാക്കേണ്ടത് വെയില്‍ കൊണ്ടാല്‍ എന്താണ് കുഴപ്പം എന്നതാണ്. വെയില്‍ ഏല്‍ക്കുമ്പോള്‍ എല്ലാ ജീവികളിലും ശരീര ഊഷ്മാവ് വര്‍ദ്ധിക്കുന്നു. അപ്പോള്‍ അത് കുറക്കാനുള്ള ശരീരത്തിന്റെ ഒരു മെക്കാനിസമാണ് വിയര്‍ക്കല്‍. ഈ വിയര്‍പ്പ് തുള്ളികള്‍ക്ക് ബാഷ്പീകരണം (vaporization) നടക്കുന്നു. അതിന് ആവശ്യമായ താപം (heat) ശരീരത്തില്‍ നിന്ന് എടുക്കുന്നു. അപ്പോള്‍ ശരീരോഷ്മാവ് കുറയുന്നു. ഇങ്ങനെയാണ് ജീവികളുടെ ശരീരത്തില്‍ ഊഷ്മാവ് നിയന്ത്രണം നടക്കുന്നത്. അല്ലാതെ നമ്മള്‍ കരുതുന്ന പോലെ ശരീരത്തിലെ അധികമുള്ള ചൂട് ചുമ്മാ വായുവിലേക്ക് അങ്ങ് ഒഴുകി പോകില്ല (air is a very bad conductor of heat) ശരീരം ഇളകി ജോലി ചെയ്യുമ്പോള്‍ കൂടുതല്‍ വിയര്‍ക്കുന്നതും ഇത് കൊണ്ട് തന്നെ. ഹുമിഡിറ്റി കൂടുതല്‍ ഉള്ള ചെന്നൈ പോലുള്ള സ്ഥലങ്ങളില്‍ ചൂട് കൂടുതല്‍ അനുഭവപ്പെടുന്നത് ഒരു വൈരുദ്ധ്യമായി തോന്നിയേക്കാം. പക്ഷെ ഇതാണ് കാര്യം, ഹുമിടിറ്റി കൂടുമ്പോള്‍ ബാഷ്പീകരണം കുറയും. അപ്പോള്‍ നമ്മള്‍ക്ക് അനുഭവപ്പെടുന്നത് അന്തരീക്ഷ ഊഷ്മാവ് (atmospheric temperature) അല്ല. അതും ഹുമിടിറ്റിയുമായി ബന്ധപ്പെട്ട ഹീറ്റ് ഇന്‍റെക്സ്‌ ആണ്.
സാധാരണ വെയില്‍ കൊള്ളുന്ന നാട്ടിന്‍ പുറത്തുള്ള ജീവികളിലെല്ലാം ധാരാളം വിയര്‍പ്പ് ഗ്രന്ഥികള്‍ (sweat glands) ഉണ്ട്. സൊ നമുക്കൊന്നും വെയില്‍ വല്യ പ്രശ്നമല്ല. പക്ഷെ കാടിന്റെ ഉള്ളില്‍ തണലത്തും ചേറിലും ചളിയിലും വെള്ളത്തിലും ജീവിക്കുന്ന കാട്ടുജീവിയായ ആനക്ക് നമ്മള്‍ മെരുക്കിയില്ലായിരുന്നെങ്കില്‍ വെയില്‍ കൊള്ളെണ്ട ഒരാവശ്യവും ഇല്ലാത്തത് കൊണ്ട് തന്നെ പരിണാമപരമായി അതിന്‍റെ നഖത്തിന് ചുറ്റും മാത്രമാണ് വിയര്‍പ്പ് ഗ്രന്ഥികള്‍ ഉള്ളത്. പൂരപ്പറമ്പില്‍ നിര്‍ത്തി കുട മാറ്റി കളിക്കുമ്പോള്‍ ആ സാധുജീവി മണിക്കൂറുകളോളം അതിന്റെ അതിവിശാലമായ ശരീരം വെയില്‍ കൊള്ളുന്നു. കൂടാതെ ശരീരത്തില്‍ ചൂട് കുറക്കാന്‍ വിയര്‍ക്കല്‍ പോലും നടക്കുന്നില്ല. പത്ത് മിനുട്ട് വെയിലത്ത് നടക്കുമ്പോഴേക്കും ഓടി റൂമില്‍ കയറി ഷര്‍ട്ട് അഴിച്ച് ഫാനിന്റെ ചുവട്ടില്‍ ഇരുന്ന് വിയര്‍പ്പ് ആവിയാകുന്നതിന്റെ സുഖം അനുഭവിക്കുന്ന നമ്മള്‍ മനുഷ്യന്മാര്‍ക്ക് ഇതൊക്കെ പറഞ്ഞാല്‍ മനസിലാവുമോ എന്തോ... 
അങ്ങനെ ഉഷ്ണം താങ്ങാതെ ആനക്ക് വല്ലാതെ അസ്വസ്ഥത ഉണ്ടാകുന്നത് കൊണ്ടാണ് അത് ചെവികള്‍ ആട്ടുന്നത്. അല്ലാതെ നിന്റെയൊക്കെ ചെണ്ടകൊട്ടും ബഹളവും ആസ്വധിച്ച് താളം പിടിക്കുന്നതല്ല. നമ്മുടെ മേളവും താളവും ഒന്നും ആസ്വദിക്കാന്‍ ഉള്ള സ്പോട്ടുകള്‍ ആനയുടെ തലച്ചോറില്‍ ഇല്ല. ആനയെ നിങ്ങള്‍ നിങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമാക്കിയെങ്കില്‍ ആന അതിപ്പോഴും അറിഞ്ഞിട്ടില്ല. നിങ്ങളുടെ കോപ്രായങ്ങള്‍ എല്ലാം ആനക്ക് ബഹളവും അരോചകവുമാണ്...

പ്രകൃതിദത്തമായ കൃഷി പോലും..!!


കൃഷി, മനുഷ്യനെ തീറ്റി പോറ്റാൻ വേണ്ടി പ്രകൃതി സ്വാഭാവികമായി കണ്ടുപിടിച്ച പ്രതിഭാസം ആണെന്നാണോ ഇവന്റെയൊക്കെ വിചാരം ? പ്രകൃതിക്ക്‌ അങ്ങനെ മനുഷ്യനോട്‌ എന്നല്ല ഒരു ജീവിയോടും പ്രത്യേകിച്ച്‌ ഒരു താൽപര്യവും ഇല്ല, കഴിവുള്ളവൻ അതിജീവിക്കും അത്രേ ഒള്ളൂ. (ങാ അത്‌ തന്നെ survival of the fittest)
നാഗരികതയുടെ വളർച്ചയച്ചയിൽ മനുഷ്യൻ പ്രകൃതിയുടെ സ്വാഭാവികമായ നടത്തിപ്പിൽ ബോധപൂർവം കൈ കടത്തുക തന്നെയാണ്‌ ചെയ്തിട്ടുള്ളത്‌. കൃഷി, കാലി വളർത്തൽ, കെട്ടിട നിർമ്മാണം, ചികിൽസ എല്ലാം പ്രകൃതി വിരുദ്ധം തന്നെയാണ്‌.
മാനവ ചരിത്രത്തിൽ പ്രകൃതിയെ ഏറ്റവും അധികം മുറിവേൽപ്പിച്ച കണ്ടുപിടിത്തമാണ്‌ കൃഷി. എന്താണ്‌ കൃഷി ?
ഒരു പ്രത്യേക സ്ഥലത്ത്‌ സ്വാഭാവികമായി വളരേണ്ട സസ്യങ്ങളെ മുഴുവൻ അവിടെന്ന് ആട്ടി ഓടിച്ച്‌ നമുക്ക്‌ ആവശ്യമുള്ള ചെടികളെ മാത്രം വളർത്തി എടുക്കുന്നു ( ഇത്‌ ജനാധിപത്യ... സോറി സസ്യാധിപത്യ പരമാണോ ? :p)
ഒരേ ഇനം ചെടി ഒരേ സ്ഥലത്ത്‌ തിങ്ങി വളരുന്നത്‌ അന്യോജമല്ല, അതിനാണ്‌ വിത്ത് വിതരണം എന്ന പരിപാടി, ചക്കയും മാങ്ങയും ഒക്കെ മധുരം ഉണ്ടാകുന്നത്‌ അയിനാണ്‌. ഒരേ ഇനം ചെടികൾ ഒരേ സ്ഥലത്ത്‌ വളരുമ്പോൾ മണ്ണിലെ പോഷക നഷ്ടം കൂടുതൽ ആയിരിക്കും. അത്‌ പെട്ടെന്ന് നികത്തിയാലേ വല്ലതും തിന്നാൻ കിട്ടൂ. കൊട്ട കണക്കിന്‌ ചാണകം വാരി ഇട്ടിട്ട്‌ വല്യ കാര്യം ഒന്നും ഇല്ല, വിളക്ക്‌ ആവശ്യമുള്ള പോഷകങ്ങളും മാണ്ണിൽ ഉള്ള പോഷകങ്ങളും നോക്കി ആവശ്യമുള്ളത് ആവശ്യമായ അളവിൽ‌ മാത്രം ചേർക്കണം. അതെ ശാസ്ത്രീയ വള പ്രയോഗം. നിങ്ങൾ രാസവളം ഇട്ടാലും ജൈവവളം ഇട്ടാലും ചെടി എടുക്കുന്നത്‌ അതിന്‌ ആവശ്യമുള്ള ഘടകങ്ങൾ മാത്രമാണ്. ഏത്‌ ടൈപ്പ്‌ വളം ആണ്‌ ചേർത്തതെന്ന് ചെടിക്ക്‌ മനസിലാവില്ല. ഓർഗാനിക്‌ ഫോമിൽ ഇട്ടെന്ന് വച്ച്‌ ചെടിക്ക്‌ രോമാഞ്ചം ഒന്നും വരില്ല.
നെല്ല്, ഗോതംബ്‌, ബാർലി ഇതൊന്നും ചെടി ഉണ്ടാക്കുന്നത്‌ ഞമ്മക്ക്‌ മിണുങ്ങാൻ അല്ല. അതിന്റെ അടുത്ത തലമുറയിലേക്ക്‌ പോകാൻ ഉള്ള വിത്തുകൾ ആണതെല്ലാം ( മക്കൾ ? ) മാംസാഹാരം കഴിക്കുന്നത്‌ ക്രൂരത ആണെങ്കിൽ ഇതോ ? (പ്രകൃതി വാദികൾ ഒന്ന് ആലോചിച്ചാൽ നന്നാവും)
പിന്നെ കപ്പയും ഉരുളക്കിഴങ്ങും ഒന്നും നമുക്ക്‌ തിന്നാൻ ഉള്ളതല്ല അത്‌ ചെടിക്ക്‌ ആപത്ത്‌ കാലത്ത്‌ ഉപയോഗിക്കാൻ വേണ്ടി ഗ്ലൂക്കോസ്‌ വെള്ളത്തിൽ ഡിസോൾവ്‌ ആവാത്ത അമെയിലോസ്‌, അമെയിലോപെക്റ്റിൻ (അന്നജം) രൂപത്തിൽ ആക്കി സംഭരിച്ച് വച്ചതാണ്‌. ഇത്‌ നമ്മുടെ ശരീരത്തിലും നടക്കുന്നുണ്ട്‌ (ഗ്ലൂക്കോസ്‌ - ഗ്ലൈക്കൊജൻ) ഇൻസുലിൻ കുറയുമ്പോൾ ഈ പരിപാടി നടക്കില്ല, ഗ്ലൂക്കോസ്‌ മൂത്രത്തിലൂടെ ഒഴുകി പോകും ഇതാണ്‌ ഡയബറ്റിസ്‌-1
നമ്മളെ ആരെങ്കിലും തല്ലിക്കൊന്ന് ഈ ഗ്ലൈക്കൊജൻ എടുക്കുന്നത്‌ നമുക്ക്‌ ഇഷ്ടാവുമോ ? പോട്ടെ നമ്മുടെ സംബാദ്യം ആരേലും കൊള്ളയടിക്കുന്നത്‌ നമുക്ക്‌ ഇഷ്ടാവുമോ ? ഇല്ല.. ല്ലേ ? അതുപോലെ ചെടികൾക്കും ഇഷ്ടാവില്ല. അവർക്ക്‌ ആയുധം ഉണ്ടാക്കാനും കരാട്ടയും കുങ്ങ്ഫുവും പഠിക്കാനും‌ ടൈം കിട്ടാത്തത്‌ കൊണ്ട്‌ അവർ കെമിക്കൽ വിഷം ഇറക്കി കളിക്കുന്നു. അത്‌ തിരിച്ചറിയാൻ നമ്മൽ കിടിലൻ നാക്ക് വിലക്ക്‌ വാങ്ങി കയ്പ്പും ചവർപ്പും പുച്ഛിച്ച്‌ തുപ്പാൻ തുടങ്ങി. നാക്കിനെ കപളിപ്പിച്ച്‌ അകത്ത്‌ കടന്നവനെ വലിച്ച് വാരി പുറത്ത്‌ കളയാൻ കിടിലൻ കരളും. നമ്മളാരാ മോൻ 
പക്ഷേ അതുകൊണ്ട്‌ ആയില്ലല്ലോ വല്ലതും തിന്നണ്ടേ ? ഉരുളക്കിഴങ്ങിൽ ഉള്ള വിഷമാണ്‌ സോളനിൻ കപ്പയിൽ സയനൈഡ്‌, ചില പ്രത്യേക മ്യൂട്ടേഷനുകൾ കാരണം വിഷം കുറഞ്ഞ ചെടികൾ പ്രകൃതിയിൽ നിന്ന്‌ നമ്മൾ കണ്ട്‌ പിടിച്ചാണ്‌ കഴിക്കാൻ കൊള്ളാവുന്ന ചെടികൾ വൻ തോതിൽ വളർത്തി തുടങ്ങിയത്‌. കാട്ടുചെടികൾ ഒന്നും അതിന്റെ വന്യ രൂപത്തിൽ കഴിക്കാൻ കൊള്ളില്ല. സോ കീടങ്ങൾക്കും ( പെരുച്ചാഴി ഉൾപ്പടെ) നമ്മൾ കൃഷി ചെയ്യുന്നത്‌ തന്നെ ആയിരിക്കും ഇഷ്ടം, രാസവിഷം അവർക്കിട്ടും കൂടെ ഉള്ള പണി ആയിരുന്നല്ലോ.
നമ്മൾ രക്ഷപ്പെടുത്തി എടുത്ത ചെടികളെ നമ്മൾ തന്നെ സംരക്ഷിച്ചാലെ അവക്ക്‌ ജീവിക്കാൻ ഒക്കൂ ( നമ്മക്ക്‌ തിന്നാനും). സോ പറഞ്ഞ്‌ വന്നത്‌ കീടനാശിനിയെ പറ്റിയാണ്‌. കാപ്സൈസിൻ, (മുളക്‌ ലായനി) നിക്കോട്ടിൻ (പുകയില വെള്ളം) ഒന്നും മതിയാകാതെ വരും. സോ രാസ കീടനാശിനിയും ഒരു ആവശ്യം തന്നെ ആണ്‌.

ബുദ്ധിമാനായ അസൂത്രകനോ..?

വിശ്വാസികൾ യുക്തിവാദികളെ കാണുംപോൾ വാചാലരാകുന്ന വിഷയമാണ്‌‌ പ്രകൃതിയുടെ ഫൈൻ ട്യൂണിംഗ്‌. ഓരോ ജീവികളെയും ശ്രദ്ധിച്ച്‌ വീക്ഷിച്ചാൽ ദൈവം ഉണ്ടെന്ന് ബോദ്ധ്യമാകുമത്രേ...
ഡാർവിൻ തന്റെ ഒറിജിൻ ഓഫ്‌ സ്പീഷീസ്‌ എന്ന പുസ്തകത്തിൽ (1859) ഒരു തരം കടന്നലിന്റെ (ichneumon wasp) പ്രചനന കഥ പറയുന്നുണ്ട്‌. ഇവൾമാർ കാണിക്കുന്നത്‌ ഒരുമാതിരി കോത്താഴത്തെ പണി ആണ്‌. ഒരു തരം ശലഭപ്പുഴുവിന്റെ ( caterpillar) ശരീരത്തിൽ ആണ്‌ മുട്ടയിടുന്നത്‌, കൂടെ ഒരു മയക്ക്‌ മരുന്ന് ഇഞ്ചെക്റ്റ്‌ ചെയ്ത്‌ അതിനെ തളർത്തി കിടത്തുന്നു. എന്നിട്ട്‌ ലാർവകൾ ഉണ്ടായി വരുമ്പോൾ ഈ പാവം പിടിച്ച ജീവിയെ അവസാന നിമിഷം വരെ കൊല്ലാതെ തളർത്തി ഇട്ട്‌ ആദ്യമാദ്യം കാലുകൾ ഭക്ഷിച്ച്‌ തുടങ്ങി അവസാനം ഹൃദയവും തലച്ചോറും ഭക്ഷിച്ച്‌ പറന്ന് പോകുന്നു. Mindless cruelty എന്നാണ്‌ ഇതിനെ ഡാർവിൻ പറയുന്നത്‌. ഈ കൊടും ക്രൂരത ദൈവത്തിന്റെ പ്ലാനിംഗ്‌ ആണെങ്കിൽ..... ( എന്നാ പറയാനാ)
മലമ്പനി (malaria) പ്ലാസ്മോഡിയം എന്ന പരാദം (parasite) കാരണം ഉണ്ടാകുന്ന അസുഖമാണ്‌. കൊതുകുകളിലൂടെയാണ്‌ പ്രധാനമായും പകരുന്നത്‌. ഇതിന്റെ symptoms‌ വിചിത്രമാണ്‌. വൈകുന്നേരങ്ങളിൽ ഉള്ള കടുത്ത പനിയും ക്ഷീണവും. ഇത്‌ കൊതുകുകൾ ഇറങ്ങുന്ന സമയമാണ്‌, ആ സമയം നോക്കി നമ്മളെ തളർത്തി ഇട്ടു കൊതുകിന്‌ കുത്താൻ സൗകര്യം ഒരുക്കി കൊടുക്കലാണ്‌ പാരസൈറ്റിന്റെ പണി. Literally hijacking. (തോളിൽ ഇരുന്ന്‌ ചെവി തിന്നൽ ?) മലേരിയ ബാധിച്ച രോഗിയെ കുത്തിയത്‌ കൊണ്ട്‌ കൊതുകിനും പ്രത്യേകിച്ച്‌ ഗുണമൊന്നുമില്ല. ഗുണമുള്ളത്‌ രോഗാണുവിന്‌ മാത്രമാണ്‌. അടുത്ത ശരീരത്തിലും പെട്ടെന്ന് എത്തിപ്പെടണം. അത്‌ തന്നെ കാര്യം. ഇത്‌ ദൈവത്തിന്റെ കാരുണ്യമായി വിലയിരുത്താമോ ? ഇത് വിശദീകരിക്കാൻ തിയറി ഓഫ്‌ നാച്വറൽ സെലെക്ഷൻ തന്നെ വേണം (Nothing in biology makes sense unless in the light of evolution)
മൂക്കിൽ ഇത്തിരി പൊടി പോയാൽ നമ്മൾ തുമ്മും. അത്‌ കൊണ്ട്‌ ഗുണം നമുക്കാണ്‌ (അൽഹംദുലില്ല പറയുന്നതിൽ അൽപ്പം കാര്യമുണ്ട്‌  ) ജലദോഷം വന്നാൽ ചറപറ തുമ്മും എന്നാൽ അത്‌ കൊണ്ട്‌ ഒരു ഗുണവും നമുക്കില്ല. ഗുണം വൈറസിനാണ്‌. കോൾഡ്‌ വൈറസ്‌ നമ്മുടെ മ്യൂക്കസ്‌ ഉൽപ്പാദനം വർദ്ധിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. ങാ അത്‌ തന്നെ പെട്ടെന്ന് അടുത്ത ആളിൽ എത്തിപ്പെടണം. ജലദോഷം വായുവിലൂടെ പകരുന്ന അസുഖമാണ്‌. മനസിലായല്ലോ ഇതിലൊന്നും ഒരു ബുദ്ധിമാനായ ആസൂത്രകനെ കാണാനേ ഇല്ല only survival of the fittest
റാബീസ്‌, നമ്മുടെ പേവിഷബാധയുടെ വൈറസ്‌ ആണ്‌ കക്ഷി. ഇത്‌ ഒരു പട്ടിയിൽ എത്തിയാൽ അതിന്റെ തലച്ചോറിനെ മൊത്തത്തിൽ അങ്ങ്‌ ഹൈജാക്ക്‌ ചെയ്ത്‌ കളയും. അത്‌ സ്തിരം ടെറിടെറി വിട്ട്‌ എല്ലായിടത്തും എത്തും, അലഞ്ഞ്‌ തിരിഞ്ഞ്‌ നടക്കും കാണുന്ന പട്ടികളേയും മനുഷ്യരേയും എല്ലാം ഒരു പ്രകോപനവും ഇല്ലാതെ തന്നെ കയറി കടിക്കും. ഇത്‌കൊണ്ട്‌ വല്ല ഗുണവും ആ പട്ടിക്കുണ്ടോ? പിന്നെ അക്കാണ്‌ ഗുണം ? നിസാരമായ ഒരു വൈറസിന്റെ പ്രചനനത്തിന് വേണ്ടി നായക്കളേയും പിന്നെ വിശേഷ സൃഷ്ടി എന്നും പറഞ്ഞ്‌ കൊണ്ട്‌ നടക്കുന്ന മനുഷ്യരേയും കൊലക്ക്‌ കൊടുക്കുന്നതാണ്‌ നിങ്ങളുടെ ദൈവത്തിന്റെ നീതി എങ്കിൽ................ (Prithwiraj.jpg) ഈ തോന്നിവാസത്തിനെ ഒക്കെ സപ്പോർട്ട്‌ ചെയ്യുന്ന ദൈവത്തെ സാഡിസ്റ്റ്‌ എന്ന് വിളിച്ചാൽ അധികമാവില്ല. താങ്ക്സ്‌ റ്റു വാക്സിനേഷൻ ആൻഡ്‌ ലൂയി പാസ്റ്റർ

കാലഹരണപ്പെട്ട ചന്ദ്ര കാലഗണന

ഈ പോസ്റ്റ്‌  മുസ്ലിംകള്‍ ഇപ്പോഴും പിന്തുടരുന്ന കൃത്യതയില്ലാത്ത ചന്ദ്ര മാസങ്ങളെ കുറിച്ചാണ്... അല്‍പ്പം ആസ്ട്രോണമി കടന്ന് വരുന്നത് കൊണ്ട് ആ  ഭാഗം ശ്രദ്ധിച്ച് വായിക്കണം.

ചന്ദ്രന്‌ വൃദ്ധിക്ഷയം എന്ത്‌കൊണ്ട്‌ ഉണ്ടാകുന്നു എന്ന് പ്രവാചകനോട്‌ അനുയായികൾ ഒരിക്കൽ ചോദിച്ചത്രേ... അപ്പോൾ അള്ളാഹു ഒരു ആയത്ത്‌ ഇറക്കി "ചന്ദ്രക്കലകളെ കുറിച്ച് അവരതാ ചോദിക്കുന്നു. പറയുക അവ മനുഷ്യർക്ക്‌ ഹജ്ജിന്‌ സമയം കണക്കാക്കാൻ ഉള്ളതാകുന്നു" (2:189)
നല്ല മറുപടി. അരിയെത്ര...? പയർ ഉപ്പേരി വക്കാൻ ഉള്ളതാകുന്നു.
ഇതിലിപ്പോൾ അവർക്ക്‌ അറിയാത്ത എന്ത്‌ കാര്യമാണ്‌ ഉള്ളത്‌ ? ഈ പ്രവാചകൻ ജനിക്കുന്നതിന്‌ വർഷങ്ങൾക്ക്‌ മുന്നെ അറബികൾ ഈ പറഞ്ഞ ചന്ദ്ര കാലഗണന തുടങ്ങിയിട്ടുണ്ട്‌. അവർക്കറിയാത്ത ഒന്നും പ്രവാചകന്‌ അറിയില്ല, പ്രവാചകന്‌ അറിയാത്തത്‌ അള്ളാഹുവിനും അറിയില്ല.
1400 വർഷം മുന്നെ ജീവിച്ച ഒരു സാധാരണ മനുഷ്യനും അദ്ധേഹത്തിന്റെ ദൈവത്തിനും ചന്ദ്രക്കലകൾ വിശദീകരിക്കാൻ കഴിയാഞ്ഞതിൽ അത്ഭുതം ഒന്നുമില്ല. പക്ഷേ ഇപ്പോഴും വിശ്വാസികൾ വിശ്വാസ കാര്യത്തിൽ അവിടെ നിന്ന് ഒരു തരി പോലും മുമ്പോട്ട്‌ പോയിട്ടില്ല.
ചന്ദ്രന്റെ ചലനം വളരെ കൃത്യമായി തിട്ടപ്പെടുത്തി വച്ച്‌ അമാവാസിയും പൗർണ്ണമിയും എല്ലാം വളരെ കൃത്യമായി പ്രെഡിക്റ്റ്‌ ചെയ്യാവുന്ന ഈ കാലത്തും പെരുന്നാൾ തലേന്ന് നമ്മൾ ചാവക്കാട്‌ കടപ്പുറത്ത്‌ വായും പൊളിച്ച്‌ നിൽക്കും. ചന്ദ്രൻ അവിടെ ഉണ്ടായാൽ മാത്രം പോര, കണ്ണ്‌ കൊണ്ട്‌ കണ്ടാലെ നമ്മൾ സമ്മതിക്കൂ... മേഘം മൂടിയത്‌ കൊണ്ട്‌ കാണാൻ കഴിഞ്ഞില്ലെങ്കിൽ ചന്ദ്രൻ അവിടെ ഇല്ല എന്ന് കരുതാൻ മാത്രം വിഢ്ഡികൾ ആണ്‌ ഇവർ എന്ന് ഞാൻ കരുതുന്നില്ല ( ഈ വാശി ദൈവത്തിന്റെയും ജിന്നിന്റേയും മലക്കിന്റേയും ഒക്കെ കാര്യത്തിൽ ഉണ്ടായിരുന്നെങ്കിൽ :p)
എന്താണ്‌ ചന്ദ്രമാസം ? ഭൂമിയുടെ ഭ്രമണം മൂലം ചന്ദ്രൻ ഒരോ ദിവസവും കിഴക്ക്‌ ഉദിച്ച്‌ പടിഞ്ഞാർ അസ്തമിക്കുന്നതായി തോന്നുന്നു. പക്ഷേ ഒരോ ദിവസവും കഴിയുംപോൾ 53മിനിറ്റ്‌ 19 സെക്കന്റ്‌ വൈകിയാണ്‌ ചന്ദ്രൻ ഉദിക്കുന്നത്‌. അതായത്‌ സ്തിരമായി ആകാശം നോക്കിയാൽ ഓരോ ദിവസവും കഴിയുമ്പോൾ, ചന്ദ്രൻ 13.33 ഡിഗ്രി വീതം നക്ഷത്രക്കൂട്ടങ്ങൾക്ക്‌ ഇടയിലൂടെ പടിഞ്ഞാർ നിന്ന്‌ കിഴക്കോട്ട്‌ സഞ്ചരിക്കുന്നതായി തോന്നും. ആകാശത്ത്‌ സൂര്യൻ അല്ലാത്ത ഒരു സ്തിര നക്ഷത്രത്തെ (fixed star) നോക്കി വച്ചാൽ ചന്ദ്രൻ ആ നക്ഷത്രം മുതൽ തുടങ്ങി ഭൂമിക്ക്‌ ചുറ്റും 360 ഡിഗ്രി കറങ്ങി അവിടെ തന്നെ എത്താൻ 27 ദിവസം 8 മണിക്കൂർ എടുക്കും ഇതാണ്‌ സിഡീരിയൽ ചന്ദ്രമാസം (sidereal lunar month) ഇതാണ്‌ പ്രാചീന ഇന്ത്യയിൽ ഒക്കെ ഉണ്ടായിരുന്നത്‌. ഈ 27 നാളുകളും അതാത്‌ ദിവസം ചന്ദ്രന്റെ അടുത്തുള്ള നക്ഷത്ര കൂട്ടത്തിന്റെ പേരിൽ ആണ്‌ അറിയപ്പെടുന്നത്‌. പക്ഷേ വൃദ്ധിക്ഷയങ്ങൾ നോക്കി മാസം തീരുമാനിക്കുന്നവർക്ക്‌ (താരതമ്യേന അദ്ധ്വാനം കുറവാണ്‌, പ്രാചീന അറേബ്യയിൽ ഈ രീതി ആയിരുന്നു നില നിന്നിരുന്നത്‌, ഇന്നും ??) ഈ 27.3 ദിവസങ്ങൾ കൊണ്ട്‌ ഒരു സൈക്കിൾ ( സാധാരണ അമാവാസി മുതൽ അമാവാസി വരെ) പൂർത്തിയാകില്ല, കാരണം 27.3 ദിവസം കോണ്ട്‌ ഭൂമി സൂര്യന്‌ ചുറ്റും 27.3 ഡിഗ്രി കറങ്ങും അതും കൂടെ കറങ്ങി വരാൻ ചന്ദ്രന്‌ 2.2 ദിവസം അധികം വേണ്ടിവരും. അതിനുള്ള സമയം കൂടെ ചേർത്ത്‌ 29 ദിവസം 12 മണിക്കൂർ എന്ന് കിട്ടും. ഇതാണ് സിനോഡിക്‌ ചന്ദ്രമാസം (synodic lunar month) (ഇത്‌ ചന്ദ്രന്‌ ഭൂമിക്ക്‌ ചുറ്റും 389 ഡിഗ്രി കറങ്ങാൻ ഉള്ള സമയമാണ്‌.) അപ്പൊ ആൾട്ടർന്നേറ്റ്‌ മാസങ്ങളിൽ 29,30 ദിവസങ്ങൾ ആയാൽ പ്രശ്നം സോൾവ്‌ ചെയ്യാം. അങ്ങനെ 12 മാസങ്ങൾ ചേർന്ന് ഒരു വർഷം, വർഷത്തിൽ 354 ദിവസങ്ങൾ. സൗരവർഷവുമായുള്ള (solar year) 11.25 ദിവസത്തിന്റെ കുറവ്‌ കാരണം എല്ലാ മാസവും എല്ലാ ഋതുക്കളിലൂടെയും മാറിമാറി കടന്ന് പോകും. 33-34 വർഷങ്ങൾ കൊണ്ട്‌ ഒരു സൈക്കിൾ പൂർത്തിയാകും. പറഞ്ഞ്‌ വന്നത്‌ ചന്ദ്ര മാസം ആണെങ്കിൽ പോലും സൗരമാസങ്ങളെ (solar month) പോലെ തന്നെ വളരെ അധികം കൃത്യതയുണ്ട്‌. എല്ലാം ശാസ്ത്രീയമായി തന്നെ ഗണിച്ചെടുക്കാം. സൗരമാസങ്ങൾ ആയ ചിങ്ങം, കന്നി ഇതൊക്കെ തുടങ്ങിയോ എന്നറിയാൻ ആരും ആകാശം നോക്കാറില്ല കലണ്ടർ ആണ്‌ നോക്കുന്നത്‌. ചന്ദ്ര മാസത്തിന്‌ കൊമ്പൊന്നും ഇല്ല. റമളാൻ, ശവ്വാൽ ഒക്കെ ആയോ എന്നറിയാനും ശാസ്ത്രീയമായി തയാറാക്കിയ ഒരു കലണ്ടർ തന്നെ മതിയാകും.
"പെരുന്നാൾ നാളെയോ മറ്റന്നാളോ ആയിരിക്കും" , "ഒമാൻ ഒഴികെയുള്ള രാജ്യങ്ങളിൽ നാളെ റംസാൻ ആരംഭം" , "കേരളത്തിൽ മടവൂർ വിഭാഗം മുജാഹിദിന്‌ നാളെ പെരുന്നാൾ ഉണ്ടായിരിക്കുന്നതല്ല" ഇതൊക്കെ സാമാന്യം നല്ല അസംബന്ധങ്ങളാണ്‌. ഒരു ജനതയുടെ മൊത്തം ശാസ്ത്ര ബോധത്തിന്റെ കമ്മിയാണ്‌ ഇതിലൂടെയൊക്കെ തെളിഞ്ഞ്‌ കാണുന്നത്‌