Monday, 1 August 2016

കാലഹരണപ്പെട്ട ചന്ദ്ര കാലഗണന

ഈ പോസ്റ്റ്‌  മുസ്ലിംകള്‍ ഇപ്പോഴും പിന്തുടരുന്ന കൃത്യതയില്ലാത്ത ചന്ദ്ര മാസങ്ങളെ കുറിച്ചാണ്... അല്‍പ്പം ആസ്ട്രോണമി കടന്ന് വരുന്നത് കൊണ്ട് ആ  ഭാഗം ശ്രദ്ധിച്ച് വായിക്കണം.

ചന്ദ്രന്‌ വൃദ്ധിക്ഷയം എന്ത്‌കൊണ്ട്‌ ഉണ്ടാകുന്നു എന്ന് പ്രവാചകനോട്‌ അനുയായികൾ ഒരിക്കൽ ചോദിച്ചത്രേ... അപ്പോൾ അള്ളാഹു ഒരു ആയത്ത്‌ ഇറക്കി "ചന്ദ്രക്കലകളെ കുറിച്ച് അവരതാ ചോദിക്കുന്നു. പറയുക അവ മനുഷ്യർക്ക്‌ ഹജ്ജിന്‌ സമയം കണക്കാക്കാൻ ഉള്ളതാകുന്നു" (2:189)
നല്ല മറുപടി. അരിയെത്ര...? പയർ ഉപ്പേരി വക്കാൻ ഉള്ളതാകുന്നു.
ഇതിലിപ്പോൾ അവർക്ക്‌ അറിയാത്ത എന്ത്‌ കാര്യമാണ്‌ ഉള്ളത്‌ ? ഈ പ്രവാചകൻ ജനിക്കുന്നതിന്‌ വർഷങ്ങൾക്ക്‌ മുന്നെ അറബികൾ ഈ പറഞ്ഞ ചന്ദ്ര കാലഗണന തുടങ്ങിയിട്ടുണ്ട്‌. അവർക്കറിയാത്ത ഒന്നും പ്രവാചകന്‌ അറിയില്ല, പ്രവാചകന്‌ അറിയാത്തത്‌ അള്ളാഹുവിനും അറിയില്ല.
1400 വർഷം മുന്നെ ജീവിച്ച ഒരു സാധാരണ മനുഷ്യനും അദ്ധേഹത്തിന്റെ ദൈവത്തിനും ചന്ദ്രക്കലകൾ വിശദീകരിക്കാൻ കഴിയാഞ്ഞതിൽ അത്ഭുതം ഒന്നുമില്ല. പക്ഷേ ഇപ്പോഴും വിശ്വാസികൾ വിശ്വാസ കാര്യത്തിൽ അവിടെ നിന്ന് ഒരു തരി പോലും മുമ്പോട്ട്‌ പോയിട്ടില്ല.
ചന്ദ്രന്റെ ചലനം വളരെ കൃത്യമായി തിട്ടപ്പെടുത്തി വച്ച്‌ അമാവാസിയും പൗർണ്ണമിയും എല്ലാം വളരെ കൃത്യമായി പ്രെഡിക്റ്റ്‌ ചെയ്യാവുന്ന ഈ കാലത്തും പെരുന്നാൾ തലേന്ന് നമ്മൾ ചാവക്കാട്‌ കടപ്പുറത്ത്‌ വായും പൊളിച്ച്‌ നിൽക്കും. ചന്ദ്രൻ അവിടെ ഉണ്ടായാൽ മാത്രം പോര, കണ്ണ്‌ കൊണ്ട്‌ കണ്ടാലെ നമ്മൾ സമ്മതിക്കൂ... മേഘം മൂടിയത്‌ കൊണ്ട്‌ കാണാൻ കഴിഞ്ഞില്ലെങ്കിൽ ചന്ദ്രൻ അവിടെ ഇല്ല എന്ന് കരുതാൻ മാത്രം വിഢ്ഡികൾ ആണ്‌ ഇവർ എന്ന് ഞാൻ കരുതുന്നില്ല ( ഈ വാശി ദൈവത്തിന്റെയും ജിന്നിന്റേയും മലക്കിന്റേയും ഒക്കെ കാര്യത്തിൽ ഉണ്ടായിരുന്നെങ്കിൽ :p)
എന്താണ്‌ ചന്ദ്രമാസം ? ഭൂമിയുടെ ഭ്രമണം മൂലം ചന്ദ്രൻ ഒരോ ദിവസവും കിഴക്ക്‌ ഉദിച്ച്‌ പടിഞ്ഞാർ അസ്തമിക്കുന്നതായി തോന്നുന്നു. പക്ഷേ ഒരോ ദിവസവും കഴിയുംപോൾ 53മിനിറ്റ്‌ 19 സെക്കന്റ്‌ വൈകിയാണ്‌ ചന്ദ്രൻ ഉദിക്കുന്നത്‌. അതായത്‌ സ്തിരമായി ആകാശം നോക്കിയാൽ ഓരോ ദിവസവും കഴിയുമ്പോൾ, ചന്ദ്രൻ 13.33 ഡിഗ്രി വീതം നക്ഷത്രക്കൂട്ടങ്ങൾക്ക്‌ ഇടയിലൂടെ പടിഞ്ഞാർ നിന്ന്‌ കിഴക്കോട്ട്‌ സഞ്ചരിക്കുന്നതായി തോന്നും. ആകാശത്ത്‌ സൂര്യൻ അല്ലാത്ത ഒരു സ്തിര നക്ഷത്രത്തെ (fixed star) നോക്കി വച്ചാൽ ചന്ദ്രൻ ആ നക്ഷത്രം മുതൽ തുടങ്ങി ഭൂമിക്ക്‌ ചുറ്റും 360 ഡിഗ്രി കറങ്ങി അവിടെ തന്നെ എത്താൻ 27 ദിവസം 8 മണിക്കൂർ എടുക്കും ഇതാണ്‌ സിഡീരിയൽ ചന്ദ്രമാസം (sidereal lunar month) ഇതാണ്‌ പ്രാചീന ഇന്ത്യയിൽ ഒക്കെ ഉണ്ടായിരുന്നത്‌. ഈ 27 നാളുകളും അതാത്‌ ദിവസം ചന്ദ്രന്റെ അടുത്തുള്ള നക്ഷത്ര കൂട്ടത്തിന്റെ പേരിൽ ആണ്‌ അറിയപ്പെടുന്നത്‌. പക്ഷേ വൃദ്ധിക്ഷയങ്ങൾ നോക്കി മാസം തീരുമാനിക്കുന്നവർക്ക്‌ (താരതമ്യേന അദ്ധ്വാനം കുറവാണ്‌, പ്രാചീന അറേബ്യയിൽ ഈ രീതി ആയിരുന്നു നില നിന്നിരുന്നത്‌, ഇന്നും ??) ഈ 27.3 ദിവസങ്ങൾ കൊണ്ട്‌ ഒരു സൈക്കിൾ ( സാധാരണ അമാവാസി മുതൽ അമാവാസി വരെ) പൂർത്തിയാകില്ല, കാരണം 27.3 ദിവസം കോണ്ട്‌ ഭൂമി സൂര്യന്‌ ചുറ്റും 27.3 ഡിഗ്രി കറങ്ങും അതും കൂടെ കറങ്ങി വരാൻ ചന്ദ്രന്‌ 2.2 ദിവസം അധികം വേണ്ടിവരും. അതിനുള്ള സമയം കൂടെ ചേർത്ത്‌ 29 ദിവസം 12 മണിക്കൂർ എന്ന് കിട്ടും. ഇതാണ് സിനോഡിക്‌ ചന്ദ്രമാസം (synodic lunar month) (ഇത്‌ ചന്ദ്രന്‌ ഭൂമിക്ക്‌ ചുറ്റും 389 ഡിഗ്രി കറങ്ങാൻ ഉള്ള സമയമാണ്‌.) അപ്പൊ ആൾട്ടർന്നേറ്റ്‌ മാസങ്ങളിൽ 29,30 ദിവസങ്ങൾ ആയാൽ പ്രശ്നം സോൾവ്‌ ചെയ്യാം. അങ്ങനെ 12 മാസങ്ങൾ ചേർന്ന് ഒരു വർഷം, വർഷത്തിൽ 354 ദിവസങ്ങൾ. സൗരവർഷവുമായുള്ള (solar year) 11.25 ദിവസത്തിന്റെ കുറവ്‌ കാരണം എല്ലാ മാസവും എല്ലാ ഋതുക്കളിലൂടെയും മാറിമാറി കടന്ന് പോകും. 33-34 വർഷങ്ങൾ കൊണ്ട്‌ ഒരു സൈക്കിൾ പൂർത്തിയാകും. പറഞ്ഞ്‌ വന്നത്‌ ചന്ദ്ര മാസം ആണെങ്കിൽ പോലും സൗരമാസങ്ങളെ (solar month) പോലെ തന്നെ വളരെ അധികം കൃത്യതയുണ്ട്‌. എല്ലാം ശാസ്ത്രീയമായി തന്നെ ഗണിച്ചെടുക്കാം. സൗരമാസങ്ങൾ ആയ ചിങ്ങം, കന്നി ഇതൊക്കെ തുടങ്ങിയോ എന്നറിയാൻ ആരും ആകാശം നോക്കാറില്ല കലണ്ടർ ആണ്‌ നോക്കുന്നത്‌. ചന്ദ്ര മാസത്തിന്‌ കൊമ്പൊന്നും ഇല്ല. റമളാൻ, ശവ്വാൽ ഒക്കെ ആയോ എന്നറിയാനും ശാസ്ത്രീയമായി തയാറാക്കിയ ഒരു കലണ്ടർ തന്നെ മതിയാകും.
"പെരുന്നാൾ നാളെയോ മറ്റന്നാളോ ആയിരിക്കും" , "ഒമാൻ ഒഴികെയുള്ള രാജ്യങ്ങളിൽ നാളെ റംസാൻ ആരംഭം" , "കേരളത്തിൽ മടവൂർ വിഭാഗം മുജാഹിദിന്‌ നാളെ പെരുന്നാൾ ഉണ്ടായിരിക്കുന്നതല്ല" ഇതൊക്കെ സാമാന്യം നല്ല അസംബന്ധങ്ങളാണ്‌. ഒരു ജനതയുടെ മൊത്തം ശാസ്ത്ര ബോധത്തിന്റെ കമ്മിയാണ്‌ ഇതിലൂടെയൊക്കെ തെളിഞ്ഞ്‌ കാണുന്നത്‌

Thursday, 14 July 2016

സാക്കിർ നായിക്‌

സാക്കിർ നായിക്‌ തീവ്രവാദി അല്ലത്രേ... തീർച്ചയായും ആ പറഞ്ഞത്‌ വളരെ ശരിയാണ്‌. പക്ഷേ അതുകൊണ്ട്‌ ആയില്ലല്ലോ....!!
തിരിച്ചും മറിച്ചും തോന്നിയപോലെ ഉപയോഗിച്ച്‌ കൺഫ്യൂഷനാക്കിയ വാക്കുകളാണ്‌ തീവ്രവാദവും വർഗ്ഗീയവാദവും മൗലികവാദവും എല്ലാം. സോ ആദ്യം ഒരു ക്ലാരിഫിക്കേഷൻ ആവാം.
തീവ്രവാദം (fanaticism) എന്നാൽ തന്റെ മതത്തിൽ ഉള്ളവരോട്‌ ഒരു അതിരു കവിഞ്ഞ സ്നേഹവും മറ്റു മതസ്തരോട്‌ അകാരണമായ വെറുപ്പും ആണ്‌ ഇതിന്റെ പ്രാധമിക ലക്ഷണം. (അപകട മരണങ്ങളുടെ വാർത്ത വായിക്കുമ്പോൾ ഞമ്മന്റെ ആളാണ്‌ മരിച്ചതെങ്കിൽ ഇത്തിരി സങ്കടം അധികം ഉണ്ടെങ്കിൽ നിങ്ങളും ഒരു തീവ്രവാദി ആണ്‌ ) ഇതൊരു ഗോത്രീയ ചിന്താരീതി ആണെന്ന് പറയാം. ശത്രുക്കളെ പ്രയോരിറ്റി അനുസരിച്ച്‌ അക്കമിട്ട്‌ ഇവർ ചൂണ്ടിക്കാണിക്കും. ശത്രുക്കളെ കൊന്ന് കളയലും നാട്‌ കടത്തലും ശത്രുവിനെ വക വരുത്തുന്നതിനുള്ള മാർഗ്ഗമായി സ്വീകരിക്കും.
Eg: RSS, ISIS, താലിബാൻ, അൽഖ്വൈദ, etc.
വർഗ്ഗീയവാദം (communalism) തീവ്രവാദവുമായി വളരെ അടുത്ത്‌ നിൽക്കുന്ന ഒരു ആശയം തന്നെയാണ്‌. ഇവിടെയും സ്വന്തം പക്ഷത്തോടുള്ള സ്നേഹവും അപരരോടുള്ള ശത്രുതയും തന്നെയാണ്‌ പ്രവർത്തിക്കുന്നത്‌. ഈ രണ്ട്‌ കൂട്ടരും സ്വന്തം മതക്കാർ തങ്ങളുടെ മതത്തിന്റെ മൂല്യങ്ങൾ അനുസരിച്ച്‌ തന്നെയാണോ ജീവിക്കുന്നത്‌ എന്നൊന്നും നോക്കാറില്ല. എന്തോ അവർക്കവരെ ഇഷ്ടമാണ്‌. അവർക്ക്‌ ശത്രുത അന്യരോട്‌ മാത്രമാണ്‌. കാര്യങ്ങളെ ദൈവശാസ്ത്രം എന്നതിൽ ഉപരി രാഷ്ട്രീയമായാണ്‌ ഇവർ നോക്കിക്കാണുന്നത്‌. (ശശികല ടീച്ചറുടെ പ്രസംഗം കേട്ടാൽ മനസിലാകും) വർഗ്ഗീയവാദത്തിന്‌ തീവ്രവാദവുമായുള്ള വത്യാസം പ്രവർത്തന രീതിയിൽ (execution) മാത്രമാണ്‌. ഇവിടെ കൊല്ലുന്നതിനും നാട്‌ കടത്തുന്നതിനും പകരം നില നിൽക്കുന്ന വ്യവസ്ഥ ഉപയോഗിച്ച്‌ കൊണ്ട്‌ അവരുടെ മേൽ അധികാരം നേടി എടുക്കലാണ്‌ പരിപാടി. അതിന്‌ വേണ്ടി വർഗ്ഗീയ ധ്രുവീകരണവും പ്രീണനവും വേണ്ടി വന്നാൽ അത്യാവശ്യം കൊലയും കൊലവിളിയും ഒക്കെ ആകാം. Its more dangerous than fanaticism.
Eg: BJP, SDPI (എന്തിനോ വേണ്ടി തിളക്കുന്ന സാംബാർ :p), വെൽഫയർ പാർട്ടി (എന്തിനോ............................... രസം :p) പിന്നെ സസികല മിസ്‌, ഷാജ്യേട്ടൻ, മോഡി etc.
മൗലികവാദം (fundamentalism), ഇതൊരു കിടിലൻ സാധനമാണ്‌. തീവ്രവാദത്തിൽ നിന്നും ഭീകരവാദത്തിൽ നിന്നും വത്യസ്തമായി ഇവർ സ്വന്തം വിഭാഗത്തിന്റെ നേരെയാണ്‌ ക്യാമറ തിരിച്ച്‌ വച്ചിരിക്കുന്നത്‌. സ്വന്തം വിഭാഗം ആണ്‌ അവരുടെ ശത്രുക്കൾ. അവരെ യഥാർത്ഥ മതത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ (fundamentals) അനുസരിപ്പിച്ച്‌ നല്ല കുട്ടികളാക്കി നേർവഴിക്ക്‌ നടത്തുന്നതിൽ ആണ്‌ അവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌. (സദാചാര ഗുണ്ടായിസം ഇതിന്റെ പ്രോഡക്റ്റ്‌ ആണ്‌). സാധാരണ നമ്മുടെ നാട്ടിൽ നടക്കുന്ന ഇസ്ലാം മത പ്രഭാഷണങ്ങൾ എല്ലാം തന്നെ മൗലിലവാദ പരമാണ്‌. ഓർമ്മയുള്ള ഒരു ടൈറ്റിൽ ഞാൻ പറയാം. "അധാർമ്മികത ; മത ബോധമാണ്‌ പരിഹാരം". ചില പ്രസംഗ ശകലങ്ങൾ ഓർത്തെടുത്ത്‌ നോക്കാം... " തട്ടമിടാതെ ലിപ്സ്റ്റിക്‌ പുരട്ടി കല്യാണത്തിന്‌ പോയി കാമറമാന്റെ മുന്നിൽ ഇളിച്ച്‌ നിൽക്കുന്ന നാണമില്ലാത്ത പെണ്ണേ...." മുസ്ലിം സമുദായം ഏറ്റവും അധികം സമ്പത്തും ഊർജ്ജവും സമയവും ചിലവഴിച്ചിട്ടുല്ലത്‌ മുസ്ലിം സ്ത്രീകളെ നിലക്ക്‌ നിർത്തുക എന്ന മൗലികവാദപരമായ പ്രവർത്തനത്തിനാണ്‌. ഇതിൽ മുജാഹിദ്‌കൾ എന്നും പൂർവ്വികരുടെ പാത പിൻപറ്റുന്നവർ എന്ന് അർത്ഥം വരുന്ന സലഫികൾ എന്നും സ്വയം പറയുന്ന വഹാബിയൻ ആശയക്കാരാണ്‌ മുൻപന്തിയിൽ. അവർ ഏറ്റവും അധികം നെഞ്ചത്ത്‌ കുതിര കയറിയിട്ടുള്ളത്‌ പാവം പിടിച്ച സുന്നികൾ എന്ന് സ്വയം പറയുകയും എന്നാൽ ധാരാളം ശിയാ വിശ്വാസങ്ങൾ അവർ പോലും അറിയാതെ വച്ച്‌ പുലർത്തുകയും ചെയ്യുന്ന ഇവിടത്തെ പാരമ്പര്യ മുസ്ലിംകളെയാണ്‌. (നാദാപുരം ഗൺധനം വീഡിയോ യൂറ്റൂബിൽ കിട്ടും. അൽപ്പം പോലും നിലവാരവും അച്ചടക്കവും ഇല്ലാതെ പരസ്പരം ചളി വാരി എറിയുകയാണ്‌).
കേരളത്തിലെ സുന്നികൾ മര്യാദക്കാരായിരുന്നു. അവർ പാതിരാ വഅളുകൾ വെക്കും, ബദ്‌റിന്റെ കഥ പറയും, പ്രവാചകന്റെ കല്യാണത്തിന്റെ കഥ പറയും, അതെല്ലാം അവരുടെ ലോകത്തായിരുന്നു. അത്പോലെ തന്നെ അന്യ മതസ്തരെ സ്നേഹസംവാദം എന്ന പേരിൽ സ്റ്റേജിൽ കയറ്റി അവരുടെ മതത്തിനെ ഇകഴ്തി നാറ്റിച്ച്‌ കോപ്രായം കാണിക്കലിൽ ഒന്നും അവർക്ക്‌ താൽപര്യമില്ലായിരുന്നു. ഈ വക വൃത്തികേടുകൾ എല്ലാം തുടങ്ങിയത്‌ മുജാഹിദുകൾ ആണ്‌. പ്രത്യേകിച്ച് അള്ളാഹു അക്ബറിന്റെയും മുകളിലുള്ള ആ ആക്ബർ ഉണ്ടല്ലോ എം എം അക്ബർ, പിന്നെ അങ്ങേരുടെ നിച്‌ ഓഫ്‌ ട്രൂത്തും. അവർ സുന്നികളേയും കേട്‌ വരുത്തി. അക്ബറാക്കയും പിന്നെ അന്യമത ആരാധനാലയങ്ങൾ കള്ള്‌ ശാപ്പിനോടും വേശ്യാലയത്തിനോടും ഉപമിച്ച മുജാഹിദ്‌ ബാലുശ്ശേരിയും ഇപ്പോഴും ഒരു ഉളുപ്പുമില്ലാതെ മൗലികവാദ വിഷം ചീറ്റി നടക്കുന്നു. അപ്പൊ പറഞ്ഞ്‌ വന്നത്‌ എന്താന്ന് വച്ചാ... ഈ മതമൗലികവാദത്തിന്റെ ഒരു ഇന്റർനാഷണൽ അംബാസിഡറാണ്‌ നമ്മടെ സാക്കിർ നായിക്‌. തീവ്രവാദവും വർഗീയ വാദവും അടിസ്ഥാന പരമായി മതത്തിന്റെ പേരിൽ ആയിരിക്കെ സാക്കിർ നായിക്കും അദ്ധേഹത്തിന്റെ വഹാബിയൻ മത മൗലികവാദ പ്രസംഗങ്ങളും പ്രതിസ്ഥാനത്ത്‌ തന്നെയാണ്‌.