Friday, 4 November 2016

മുലപ്പാലിന്റെ പ്രാധാന്യം..!


02/11/2016 ന് മീഡിയ വൺ ടി.വി ചാനലിലും, തുടർന്ന് അവരുടെ യൂറ്റൂബ് ചാനലിലും റിപ്പോർട് ചെയ്യുകയും ശേഷം അവരുടെ ഓൺലൈൻ ന്യൂസ് പോർട്ടലിൽ ( ലിങ്ക് ഇവിടെ ) പബ്ലിഷ് ചെയ്യുകയും ചെയ്ത ഒരു ന്യൂസ് ആണ് ഈ പോസ്റ്റിന്റെ അടിസ്ഥാനം.


ന്യൂസ് താഴെ ചേര്‍ക്കുന്നു...



"നവജാതശിശുവിന് മുലപ്പാല്‍ നല്‍കുന്നതിന് പിതാവിന്റെ വിലക്ക്. കോഴിക്കോട് മുക്കം ഓമശ്ശേരി സ്വദേശി അബൂബക്കറാണ് കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നതില്‍ നിന്ന് മാതാവിനെ വിലക്കിയത്. അഞ്ചുതവണ ബാങ്ക് വിളിച്ച ശേഷം മാത്രം മുലപ്പാല്‍ നല്‍കിയാല്‍ മതിയെന്ന കളംതോട് സ്വദേശിയായ തങ്ങളുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മുലപ്പാല്‍ നല്‍കാതിരുന്നതെന്ന് അബൂബക്കര്‍ പറഞ്ഞു.
ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഓമശ്ശേരി സ്വദേശി അബൂബക്കറിന്റെ ഭാര്യ ഹഫ്സത്ത് ആണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. നിസ്കാര സമയം അറിയിക്കുന്നതിനുള്ള ബാങ്ക് അഞ്ചുതവണ വിളിക്കാതെ കുഞ്ഞിന് മുലപ്പാലോ വെള്ളമോ നല്‍കാന്‍ പാടില്ലെന്ന് പിതാവ് നിര്‍ബന്ധം പിടിച്ചു. അങ്ങനെയെങ്കില്‍ ഇരുപത്തിനാല് മണിക്കൂര്‍ കാത്തിരിക്കേണ്ടി വരും. ഇത്രയും നേരം കുഞ്ഞിന് മുലപ്പാല്‍ നല്‍കാതിരിക്കുന്നത് കുട്ടിയുടെ ജീവന്‍ അപകടത്തിലാക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും പിതാവും ബന്ധുക്കളും വഴങ്ങിയില്ല. ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി അബൂബക്കറുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല.
കളംതോടുള്ള ഹൈദ്രോസ് തങ്ങളുടെ നിര്‍ദേശപ്രകാരമാണ് മുലപ്പാല്‍ നല്‍കാതിരിക്കുന്നത്. പകരം കുഞ്ഞിന് തേനും വെള്ളവും നല്‍കുന്നുണ്ടെന്നും തന്റെ മൂത്തമകനും മുലപ്പാല്‍ നല്‍കിയിട്ടില്ലെന്നുമാണ് അബൂബക്കറിന്റെ ന്യായീകരണം. മുലപ്പാല്‍ നല്‍കാതിരിക്കുന്നത് കുട്ടികളില്‍ നിര്‍ജ്ജലീകരണമുണ്ടാക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
അബൂബക്കര്‍ വാശി തുടര്‍ന്നതോടെ ഇവരെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു."

എത്രമാത്രം നമ്മുടെ സമൂഹം അധപ്പതിച്ചു എന്ന് ആലോചിച്ച് നോക്കൂ. യഥാർത്ഥത്തിൽ ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണമായ ഖുർആനോ സുന്നത്തോ ഒന്നും നോക്കിയാൽ ഇത്രയും വിചിത്രവും പ്രാകൃതവുമായ ഒരു ആചാരം കാണാൻ കഴിയില്ല. പക്ഷേ ഇവിടെയുള്ള പരമ്പരാഗത മുസ്ലിംകൾക്ക് വളരെ സ്വീകാര്യനായ കളം തോട് തങ്ങൾ ആണ് ഈ ബുദ്ധി ഉപദേശിച്ച് കൊടുത്തിരിക്കുന്നത്. അതുകൊണ്ട് മുസ്ലിം സമുദായത്തിന് "പുസ്തകത്തിൽ ഇല്ല" എന്ന പറഞ്ഞു പൂർണമായും ഉത്തരവാദിത്വം ഒഴിയാൻ സാധ്യമല്ല. ഖുർആനും സുന്നത്തും എല്ലാം നോക്കേണ്ടത് അതനുസരിച്ച് മാത്രം മുസ്ലിംകൾ ജീവിക്കുന്ന സ്ഥലങ്ങളിൽ ആണ്. കേരളത്തിലെ മുസ്ലിംകളിൽ പൂരിഭാഗവും പാരമ്പര്യ സുന്നികൾ ആണ്. അവരിൽ കൂടുതൽ പേരും ഖുർആൻ ഒരു തവണ പോലും വായിച്ചവർ പോലുമല്ല. ഖുർആൻ പോലും അവർ മനസിലാക്കുന്നത് ഇമ്മാതിരി തങ്ങന്മാരുടെയും മോല്യാന്മാരുടെയും വാക്ക് കേട്ട് കൊണ്ടാണ്. അവർ വെള്ളം ചേർത്താൽ കണ്ടു പിടിക്കാൻ പോലും അവർക്ക് കഴിയില്ല. അപ്പൊ പറഞ്ഞു വന്നത് പ്രമാണങ്ങളിൽ എന്താണ് ഉള്ളത് എന്നതിൽ വലിയ പ്രസക്തി ഒന്നും ഇല്ല. മുസ്ലിംകൾ എന്ന് സ്വയം അവകാശപ്പെടുന്നവർ എന്ത് പറയുന്നു എന്ത് ചെയ്യുന്നു എന്നതാണ് ഇവിടെ വിഷയം.. അതുകൊണ്ട് ഇതൊന്നും ഖുർആനിൽ ഇല്ല എന്നും പറഞ്ഞോണ്ട് ആരും ചാടി വീഴണമെന്നില്ല.

ഒരു ഉദാഹരണം വച്ച് വ്യക്തമാക്കാം...

ഈ വിഷയം വാർത്തയായതോടെ ഫെയ്‌സ്ബുക്കിൽ നിരവധി ട്രോളുകളും ചർച്ചകളും നടക്കുകയുണ്ടായി. ആ സമയത്ത് ഈ വക ആചാരങ്ങൾ ഒന്നും ഖുർആനിലോ ഹദീസിലോ ഇല്ലാതിരുന്നിട്ട് പോലും ആ വിവരക്കേട് ചെയ്തത് ഒരു മുസ്ലിം ആയത് കൊണ്ടും ആ വിവരക്കേടിന് മൊത്തത്തിൽ ഒരു ഇസ്‌ലാമിക മുഖച്ഛായ  ഉള്ളത് കൊണ്ടും ഒരു പ്രഖ്യാപിത മുസ്ലിം വന്ന് സപ്പോർട്ട് ചെയ്യുന്നത് നോക്കൂ...


ഇതാണ് മുസ്ലിം ബ്രദര്‍ ഹുഡ് എന്ന് പറയുന്നത്. നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിക്കുക എന്നത് കൊലക്കുറ്റത്തിന് സമാനമായ ക്രിമിനല്‍ ആക്ടാണ്. അതുപോലും നമ്മുടെ കൂട്ടത്തില്‍ ഉള്ളവന്‍ ചെയ്യുമ്പോള്‍ എങ്ങനെയെങ്കിലും ന്യായീകരിച്ച് വെളുപ്പിച്ച് എടുക്കാന്‍ ഉള്ള ഒരു ത്വര.

എന്തായാലും ഞാന്‍ ഒരു പോസ്റ്റിലെ കമന്റുകള്‍ ഓടിച്ച് വായിക്കുന്നതിന്റെ ഇടയില്‍ ആണ് ഈ കമന്റ് കണ്ടത്. ഉടനെ ഒരു സ്‌കീൻ ഷോട്ട് എടുത്ത് വച്ച്  ഫെയ്‌സ്ബുക്കിൽ ഇതിന് ഒരു റിപ്ലൈ പോസ്റ്റ് എഴുതി. ഒരു പൊളിച്ചടുക്കൽ... വളരെ വിജ്ഞാനപ്രദമായ പോസ്റ്റ് ആയിരുന്നു എന്ന് നിരവധി പേർ അഭിപ്രായപ്പെട്ട പ്രകാരം ഇവിടേക്ക് എടുത്ത് പോസ്റ്റ് ചെയ്യുന്നു.

പോസ്റ്റ്‌ താഴെ ചേര്‍ക്കുന്നു. (ഫെയ്സ്ബുക്ക് ഭാഷയില്‍ ആണ് എഴുതിയിരിക്കുന്നത്)


ഈ വക ഊളത്തരങ്ങള്‍ കാണുമ്പോള്‍ ഫെയ്സ്ബുക്കില്‍ നിന്നും ഇറങ്ങി ഓടാന്‍ തോന്നും. പിന്നെ ഓടിയിട്ട് എങ്ങോട്ടാണെന്നും അവിടെ എന്തൊക്കെയാണ് കാണേണ്ടി വരുക എന്നും ആലോചിക്കുമ്പോള്‍ ഓടിയിട്ട് കാര്യമില്ലെന്ന് മനസിലാവും. അപ്പൊ പിന്നെ ഇതിനെയൊക്കെ അങ്ങ് പൊളിച്ചടുക്കാം എന്നും വിചാരിച്ച് മടങ്ങി വരും. പ്യാവം ഞാന്‍ .
ഡോക്റ്ററെക്കാളും പോലിസിനെക്കാളും ഒക്കെ ആരോഗ്യകാര്യങ്ങളില്‍ വിവരമുള്ളവര്‍ അഞ്ചാം ക്ലാസ് പോലും പാസാവാത്ത ഇവന്മാരൊക്കെയാണ് എന്ന അഹങ്കാരത്തിനാണ് ഇവിടെ നൂര്‍ മാര്‍ക്ക് കൊടുക്കേണ്ടത്.
വിവരത്തിന്റെയും അഹങ്കാരത്തിന്റെയും അടിസ്ഥാനത്തില്‍ ആളുകളെ നാലായി തിരിക്കാം.
1) വിവരമുണ്ട് അതിന്‍റെ അഹങ്കാരമില്ല.
2) വിവരമില്ല എന്നാല്‍ വിവരമില്ല എന്ന വിവരമുള്ളത് കൊണ്ട് അഹങ്കാരമില്ല.
ഇത് രണ്ടും അന്ഗീകരിക്കാവുന്ന വളരെ നല്ല പൊസിഷനുകള്‍ ആണ്. വിവരമില്ലായ്മ ഒരു തെറ്റായി കാണുന്നതും അതിന്‍റെ അടിസ്ഥാനത്തില്‍ ആളുകളെ ജഡ്ജ് ചെയ്യുന്നതും ഒരു മാന്യമായ പ്രവര്‍ത്തി ആയി ഞാന്‍ കാണുന്നില്ല.
3) വിവരമുണ്ട് അതിന്റെ അഹങ്കാരവും ഉണ്ട്.
ഇവരാണ് ഒരു കൃത്രിമ വ്യക്തിത്വം ഉണ്ടാക്കി സാധാരണക്കാരില്‍ നിന്നും ഒരു 10 ഫീറ്റ്‌ വിട്ട് നില്‍ക്കുന്നവര്‍. ഡോക്ടര്‍മാരില്‍ ഒരു ചെറിയ വിഭാഗം (അതോ വലുതാണോ..?) ഇങ്ങനെ പെരുമാറുന്നത് കൊണ്ട് ഹോമിയോ, യൂനാനി, പ്രകൃതി പോലുള്ള കപട ശാസ്ത്രങ്ങളില്‍ ആളുകള്‍ എത്തി പെടുന്നതിന് വഴിവേക്കുന്നുണ്ട് എന്ന് പറയാതെ വയ്യ.
4) 10 പൈസയുടെ വിവരം ഇല്ലെങ്കിലും അഹങ്കാരമെന്ന് വച്ചാല്‍ എജ്ജാതി അഹങ്കാരം .
ഇതാണ് ഒരു നിലക്കും അംഗീകരിച്ച് കൊടുക്കാന്‍ തോന്നാത്ത അവസ്ഥ. ഇമ്മാതിരി ആളുകളുടെ അറിയാത്ത കാര്യങ്ങളില്‍ കയറിയുള്ള അഭിപ്രായം പറയല്‍ കൊണ്ട് സമൂഹത്തിന് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ചില്ലറയൊന്നും അല്ല. പ്രത്യേകിച്ച് ശാസ്ത്രബോധം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരു സമൂഹത്തില്‍.
കൊച്ച് മരിക്കുന്നത് നിര്‍ജലീകരണം കൊണ്ടും ഗ്ലൂക്കോസിന്റെ കമ്മി കൊണ്ടും ആണെന്നും അത് പരിഹരിക്കാന്‍ തേനും പച്ച വെള്ളവും കൊടുത്തിട്ടുണ്ട് എന്നും എത്ര ആധികാരികമായാണ് ഇവനൊക്കെ തള്ളുന്നത്. കുറച്ചു ചോറും മീന്‍കറിയും കൂടെ കൊടുക്കാമായിരുന്നു. പാല്‍ കൊടുക്കുന്നത് തല്‍ക്കാലം മതപരമായ പ്രശ്നമാണ് അതില്‍ ഇടപെടണ്ട എന്നാണ് ധ്വനി. ഏത്... നിങ്ങള്‍ക്കൊക്കെ എവിടുന്നെങ്കിലും ഗ്ലൂക്കോസ് കിട്ടിയാല്‍ പോരേ എന്ന്.
അപ്പൊ പേരെഴുതി കാണിക്കല്‍ കഴിഞ്ഞു, പടം തുടങ്ങാം... ആര്‍ട്ട് ഫിലിം ആണ് ശ്രദ്ധിച്ച് കാണണം എങ്കിലേ ക്ലൈമാക്സ് പിടി കിട്ടൂ.
അതായത് കുഞ്ഞു ജനിച്ച് 5 ബാങ്കുകള്‍ പോയിട്ട് ഒരു ബാങ്കിലും പോയി സമയം കളയാതെ ഹോസ്പിറ്റലില്‍ വച്ച് തന്നെ ആദ്യ ഒരു മണിക്കൂറിനകം നിര്‍ബന്ധമായും മുലപ്പാല്‍ കൊടുത്തിരിക്കണം. അത് കുഞ്ഞിന്‍റെ അവകാശമാണ്. അല്ലാതെ നിന്റെയോന്നും ഔദാര്യമല്ല.
മുല'പ്പാല്‍' എന്നൊക്കെ പറയുമെങ്കിലും ആദ്യത്തെ ബ്രസ്റ്റ്ഫീഡിംഗില്‍ കുഞ്ഞിന് ലഭിക്കുന്നത് പ്രഗ്നന്സിയുടെ അവസാന സമയത്ത് മാമറി ഗ്ലാന്റ്റ് പ്രൊഡ്യൂസ് ചെയ്യുന്ന കൊളോസ്ട്രം (colostrum) എന്ന ഒരു ദ്രാവകമാണ്.

colostrum and milk

ഇത് പാലിനേക്കാള്‍ അല്‍പ്പം നിറവത്യാസം ഉള്ളതും, വളരെ കട്ടി കൂടിയതും, ധാരാളം കൊഴുപ്പും പ്രോടീനുകളും അടങ്ങിയിട്ടുള്ളതുമാണ്. ഇത് പ്രധിരോധ സെല്ലുകളില്‍ കൂടുതലായി കാണപ്പെടുന്നുണ്ട്. ഇതില്‍ അടങ്ങിയിട്ടുള്ള ആന്‍റിബോഡികളും, പ്രൊട്ടക്ടീവ് പ്രോടീനുകളും ആണ് കുഞ്ഞിനെ പല രോഗങ്ങളില്‍ നിന്നും രക്ഷിക്കുന്നത്. മാത്രമല്ല, ആജീവനാന്ത രോഗപ്രധിരോധ ശേഷിയുടെ വികാസത്തിന് ഇത് ആദ്യ ഒരുമണിക്കൂറിനകം കിട്ടിയിരിക്കേണ്ടത് അത്യാവശ്യമാണ്.
2006ല്‍ പബ്ലിഷ് ചെയ്ത Pediatrics എന്ന ജേണലിലെ ഒരു പഠന പ്രകാരം ജനിച്ച് ഒരു മാസത്തിനകം സംഭവിക്കുന്ന ശിശു മരണങ്ങളില്‍ 41% ആദ്യ മണിക്കൂറിലെ ബ്രസ്റ്റ്ഫീഡിംഗ് കൊണ്ട് തടയാമായിരുന്നു എന്നാണ് കാണുന്നത്.
കൊളോസ്ട്രത്തില്‍ അടങ്ങിയിട്ടുള്ള വളര്‍ച്ച ഘടകങ്ങള്‍ ആണ് കുഞ്ഞിന്‍റെ കുടലിന്റെ പെട്ടെന്നുള്ള വികാസത്തിന് സഹായിക്കുന്നത്. അപ്പൊ പറഞ്ഞു വന്നത് മര്യാദക്ക് കുടല്‍ വര്‍ക്കിംഗ് അല്ലാത്ത സമയത്ത് തേനും വയമ്പും അങ്ങോട്ട്‌ തള്ളി കയറ്റിയിട്ട് കാര്യമില്ല. മാത്രമല്ല സൂക്ഷ്മ ജീവികളും അലര്‍ജി ഉണ്ടാക്കുന്ന സാധനങ്ങളും കുഞ്ഞിന്‍റെ ശരീരത്തില്‍ കയറാതെ നോക്കാനും കൊളോസ്ട്രം സഹായിക്കും.
കൊളോസ്ട്രത്തില്‍ ധാരാളം വൈറ്റമിന്‍ A അടങ്ങിയിട്ടുണ്ട്. അത് കുഞ്ഞിന്‍റെ കണ്ണിന്റെ ആരോഗ്യത്തിനു അത്യാവശ്യമാണ്.
ഇനിയും കൊറേ ഉണ്ട് പുരാണം... തല്‍ക്കാലം ഈ സെക്ഷന്‍ അവസാനിപ്പിക്കുന്നു.
ഇതൊക്കെ കുഞ്ഞിന് നിഷേധിക്കപ്പെട്ടെങ്കിലും കുഞ്ഞിന് തേന്‍ കൊടുത്തിട്ടുണ്ട് എന്നാണ് വലിയ അവകാശവാദം. തേന്‍ ദഹിപ്പിച്ച് ഗ്ലൂക്കോസ് ഉണ്ടാക്കി ഊര്‍ജോല്‍പ്പാദനം നടത്താന്‍ കുഞ്ഞിന്‍റെ ദഹന വ്യവസ്ഥ പര്യാപ്തമായിട്ടില്ല എന്ന് നേരത്തെ പറഞ്ഞു. ഇനി പറയാന്‍ പോകുന്നത് മറ്റൊരു കാര്യമാണ്. 24 മണിക്കൂര്‍ സമയത്തേക്ക് മുലപ്പാല്‍ നിഷേധിച്ചതിലും ഗുരുതരമായ തെറ്റാണ് കുഞ്ഞിന് തേന്‍ കൊടുത്തത്. തെളിയിച്ച് തരാം...
തേനില്‍ ധാരാളം ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ട്. ഭക്ഷ്യ വിഷബാധക്ക് കാരണമാകുന്ന ഭീകരമായ ഒരു ബാക്ടീരിയയാണ് clostridium botulinum. ഇത് ഉണ്ടാക്കുന്ന വിഷമാണ് botulin. ഇത് കാരണം ഉണ്ടാകുന്ന വിഷബാധ (botulinism) കാരണം കൊച്ച് തട്ടിപ്പോകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഡോക്ടര്‍ ആവശ്യപ്പെട്ടാല്‍ അല്ലാതെ കൊച്ചിന് അമ്മയുടെ പാല്‍ അല്ലാതെ വേറെ ഒന്നും കൊടുക്കരുത്. മുതിര്‍ന്ന കുട്ടികളില്‍ മെച്ചപ്പെട്ട ഇമ്മ്യൂണ്‍ സിസ്റ്റം ഉള്ളത് കൊണ്ട് തേന്‍ കൊടുക്കാവുന്നതാണ്.
വെള്ളം തൊട്ടു കൊടുക്കല്‍, മധുരം കൊടുക്കല്‍ തുടങ്ങിയ വളരെ പവിത്രമാണെന്ന് പറയപ്പെടുന്ന മതാചാരങ്ങള്‍ എല്ലാം കുഞ്ഞിന്‍റെ ആരോഗ്യത്തിന് അപകടമാണ്. പൊക്കിള്‍ കൊടിയില്‍ ഗോമാതാവിന്റെ വിശുദ്ധ ചാണകം പുരട്ടുന്ന ഒരു ഏര്‍പ്പാടും ഉണ്ട്. അതിനെകുറിച്ച് ഇപ്പൊ ഒന്നും പറയുന്നില്ല, പറഞ്ഞാല്‍ ഇത്തിരി കൂടിപ്പോവും. ഞാന്‍ ഒന്ന് തണുക്കട്ടെ.
conclusion: Breastfeeding in not only necessary but also sufficient for newborn baby. കണ്ണില്‍ കണ്ടതൊക്കെ എടുത്ത് കുഞ്ഞിന്‍റെ അണ്ണാക്കില്‍ തള്ളരുത് എന്ന് സാരം.


പിന്‍കുറിപ്പ് : ആദ്യ മുലയൂട്ടലിലെ മഞ്ഞ നിറത്തിലുള്ള പാല്‍ ചീത്തയാണെന്ന് കരുതി പിഴിഞ്ഞ് കളയുന്ന അമ്മമാര്‍ ഇപ്പോഴും ഉണ്ട്. ഒരു കാരണവശാലും അങ്ങനെ ചെയ്യരുത്. വെള്ള പാലിനേക്കാള്‍ അത്യാവശ്യമായി കുഞ്ഞിന് കിട്ടിയിരിക്കേണ്ടതാണ് മഞ്ഞപ്പാല്‍. 

No comments:

Post a Comment