Tuesday, 8 November 2016

ബര്‍മുഡ ട്രയാംഗിളില്‍ എന്ത് സംഭവിക്കുന്നു..?!


ബര്‍മുഡ ട്രയാംഗിളില്‍ വച്ച് 75ഓളം വരുന്ന വിമാനങ്ങളും നൂറ് കണക്കിന് കപ്പലുകളും കാണാതായിട്ടുണ്ട്. അതോടൊപ്പം ആയിരക്കണക്കിന് ആളുകള്‍ മരിച്ചിട്ടുണ്ട്. അതിന്‍റെ കാരണം ഇപ്പോഴും ശാസ്ത്രത്തിന് വിശദീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. അത് ശാസ്ത്രത്തിന്‍റെ ഒരു പരിമിതിയാണ്. അതൊകൊണ്ട് സത്യം കണ്ടെത്താന്‍ ശാസ്ത്രം മാത്രം മതി എന്ന വാദം തെറ്റാണ്. ശാസ്ത്രത്തിന് വിശദീകരിക്കാന്‍ കഴിയാത്ത പലതും ഉണ്ട്... എന്നൊക്കെ കൊറേ പോസ്റ്റ്‌ മോഡേണ്‍ ബുദ്ധിജീവികള്‍ പറഞ്ഞു നടക്കുന്നത് കൊണ്ടാണ് ഈ ലേഖനം എഴുതാന്‍ തീരുമാനിച്ചത്
ഒരു 6 കൊല്ലം മുന്നേ നമ്മുടെ മഴത്തുള്ളി ഉസ്താദ് ഞാന്‍ ഈ മുകളില്‍ എഴുതിയ അതേ ടയിറ്റിലില്‍ ഒരു അര മണിക്കൂര്‍ (അതോ അതില്‍ കൂടുതലോ..?) പ്രഭാഷണം നടത്തിയിട്ടുണ്ട്. അവിടത്തെ ജിന്നുകള്‍ റാഞ്ചി കൊണ്ട് പോകുന്നതാണ് അതിന് കാരണം എന്നാണ് മൂപ്പരുടെ വിശദീകരണം. പറന്നു വരുന്ന അമേരിക്കന്‍ വിമാനം ബര്‍മുഡ ട്രയാംഗിളില്‍ കടന്നതും വിമാനത്തിന്റെ കണ്ട്രോള്‍ റൂമിലെ കമ്പ്യൂട്ടര്‍ സ്ക്രീനുകള്‍ ഓഫ് ആയി പോവുകയും ആ വിമാനം കാണാതാവുകയും വലിയ വിവരമുള്ള ശാസ്ത്രജ്ഞന്മാര്‍ നിസഹായരായി നോക്കി നിക്കേണ്ടി വരികയും ചെയ്തു എന്നൊക്കെ തള്ളുന്നുണ്ട്. ഇതൊക്കെ എപ്പോ സംഭവിച്ചു, ഏത് മീഡിയ പബ്ലിഷ് ചെയ്തു എന്നൊന്നും ചോദിക്കാന്‍ വിവരം ഉള്ള ഒറ്റ ഒരുത്തനും മുന്നില്‍ ഇരിപ്പില്ലാത്തത് കൊണ്ട് ഇതൊക്കെ ആവാം. നഷ്ടപ്പെട്ട കപ്പലുകളുടെ ഒരു "സ്ക്രൂ" പോലും കണ്ടു പിടിക്കാന്‍ ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല എന്നൊക്കെ പരിഹസിക്കുന്നത് കേട്ടു. അതിവിശാലമായ സമുദ്രത്തില്‍ "സ്ക്രൂ" കണ്ടുപിടിക്കാന്‍ കപ്പല്‍ കണ്ടു പിടിക്കുന്നതിലും ബുദ്ധിമുട്ടാണ് എന്ന് ആ അന്തം കമ്മിക്ക് ആരെങ്കിലും ഒന്ന് പറഞ്ഞുകൊടുത്താല്‍ നന്നായിരുന്നു. ഓരോരോ തോല്‍വികള്‍. എന്തായാലും ആ പ്രസംഗം കേട്ട് ഒരു ഗള്‍ഫുകാരന്‍ എന്റെ അടുക്കല്‍ കൊറേ മുന്നേ ഒരു വെല്ലുവിളി നടത്തിയിരുന്നു. അന്ന് അവോയിഡ് ചെയ്തെങ്കിലും അയാള്‍ക്കും കൂടെ ഉള്ള മറുപടിയായി ഇതിനെ കാണാവുന്നതാണ്.
ജിന്ന് വാദത്തിന് പ്രത്യേകിച്ച് തെളിവൊന്നും വേണമെന്നില്ല. അതിന്റെ ആകെയുള്ള തെളിവായി ചൂണ്ടി കാണിക്കുന്നത് യദാര്‍ത്ഥ കാരണം ശാസ്ത്രത്തിന് വിശദീകരിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് മാത്രമാണ്. ശരിയായ കാരണം നിങ്ങള്‍ കണ്ടെത്തിയില്ലെങ്കില്‍ ഞങ്ങള്‍ വായില്‍ തോന്നിയത് പറയും അത്ര തന്നെ. ശാസ്ത്രം ഇതുപോലെ മറ്റൊരു കഥ (ഒരു കാക്രി പൂക്രിയാണ് കപ്പല്‍ റാഞ്ചുന്നത്) പറഞ്ഞാല്‍ ഇവര്‍ ഭീകര യുക്തിവാദികള്‍ ആവും. അതിന് തെളിവ് ചോദിക്കും, അനാലിസിസ് നടത്തും, പരിഹസിക്കും. എല്ലാം ചെയ്യും. അതായത് ശാസ്ത്രം വളരെ ക്ലീന്‍ ആയിരിക്കണം. ഞങ്ങള്‍ പല കഥകളും പറയും അതൊക്കെ വിശ്വസിക്കും, ഞങ്ങള്‍ പണ്ടേ അങ്ങനെയാണ്. നിങ്ങള്‍ അങ്ങനെ ആവരുത്. ശരിയാണ് തീര്‍ച്ചയായും അങ്ങനെ ആവരുത്. അങ്ങനെ അല്ല, ആയിട്ടുമില്ല. അതുകൊണ്ട് ശാസ്ത്രം അങ്ങനെ ഒരു ഇല്ലാ കഥ പറയുന്നും ഇല്ല.
ഉത്തര അത്ലാണ്ടിക് സമുദ്രത്തില്‍ പടിഞ്ഞാര്‍ ഭാഗത്ത് ഫ്ലോറിഡ, പ്യുവര്ട്ടോ റിക്കോ, ബര്‍മുഡ എന്നീ സ്ഥലങ്ങള്‍ ചേര്‍ത്ത് വരക്കാവുന്ന ത്രികോണാകൃതിയില്‍ ഏകദേശം 8 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ച് കിടക്കുന്ന ഒരു സമുദ്ര ഭാഗമാണ് ബര്‍മുഡ ട്രയാംഗിള്‍. ചെകുത്താന്റെ ത്രികോണം (devil's triangle) എന്നും വിളിപ്പേരുണ്ട്
ഇവിടെ നടക്കുന്ന അപകടങ്ങള്‍ വിശദീകരിക്കാന്‍ അല്‍പ്പമൊക്കെ ശാസ്ത്രീയം എന്ന് തോന്നിപ്പിക്കും വിധം കൊറേ സയന്‍സ് വാക്കുകള്‍ ഒക്കെ വച്ച് കളിക്കുന്ന ധാരാളം തിയറികള്‍ നിലവിലുണ്ട്. മനുഷ്യ ഭാവനക്ക് അതിരുകള്‍ ഇല്ലല്ലോ. ചിലതൊക്കെ താഴെ പറയാം.
ക) ബര്‍മുഡ ട്രയാംഗിലിന്റെ അന്തര്‍ ഭാഗത്ത് "അത്ലാന്റിസ്" എന്ന് പേരുള്ള ഒരു നഗരം ഉണ്ട് പോലും. അതില്‍ നിന്നും വരുന്ന "ക്രിസ്റ്റല്‍" എനര്‍ജിയാണ് കപ്പലുകളെ മുക്കുന്നത്, വിമാനങ്ങളെ താഴെ തള്ളിയിടുന്നത്.
ഖ) പ്രപഞ്ചമാകെ വ്യാപിച്ച് കിടക്കുന്ന സ്ഥലകാലത്തിലെ (space-time) വിള്ളലുകള്‍ ആവുന്ന "ടൈം പോര്ടലുകള്‍" (time portals) ആ ഭാഗത്ത് ഉണ്ട്, അവിടെ അന്യ ഗ്രഹ ജീവികള്‍ വന്ന് പോവുന്നുണ്ട്.
കേള്‍ക്കുമ്പോള്‍ എന്തോ ശാസ്ത്രീയമായി തോന്നുന്നുണ്ട് പിന്നെ എന്താണ് ഈ വിശദീകരണങ്ങളുടെ കുഴപ്പം..? ഇതില്‍ ഒരു നിഘൂടതക്ക് പകരം മറ്റൊരു നിഘൂടത വെക്കുക മാത്രമാണ് ചെയ്യുന്നത്. നാറാണത്ത് ഭ്രാന്തന്റെ കഥയില്‍ പറയുന്ന പോലെ ഇടത് കാലിലെ മന്ത് വലതു കാലിലേക്ക് മാറ്റി. സാര്‍വത്രികമായ ഒരു സത്യം (absolute truth) എല്ലാത്തിനും ഉണ്ടെന്നും അത് നമുക്ക് കണ്ടെത്താന്‍ കഴിയും എന്നതാണ് ശാസ്ത്രം മാനവ കുലത്തിന് സമ്മാനിച്ച മെറ്റാഫിസിക്കല്‍ ഫിലോസഫി (meta physics). സകല നിഘൂടതകളെയും വസ്തു നിഷ്ടമായി പൊളിച്ചെഴുതല്‍ തന്നെയാണ് അതിന്റെ ലക്ഷ്യം. സോ പൂര്‍ണമായും കണ്ടെത്താന്‍ കഴിയില്ല എന്ന വിശദീകരണം ശാസ്ത്രത്തിന് സ്വീകാര്യമല്ല. ശാസ്ത്രത്തിനെ എപിസ്റ്റമോളജി (epistemology) നിരീക്ഷണവും അതിന് മുകളില്‍ ചെലുത്തുന്ന യുക്തി അതിഷ്ടിതമായ ചിന്തയുമാണ്. അതുകൊണ്ട് തന്നെ നിഷ്ക്രിയമായി ഒരിടത്ത് ഇരുന്ന് ഭാവന ചെയ്ത് ഉണ്ടാക്കുന്ന ആം ചെയര്‍ ഫിലോസഫികള്‍ ശാസ്ത്രത്തിന് സ്വീകാര്യമല്ല.
പലരും പല വിശ്വാസങ്ങള്‍ കൊണ്ട് നടക്കുന്നു എന്നത് കൊണ്ട് ഓരോ കഥകളും അവരവര്‍ക്ക് ശരിയാണ് എന്ന വാദം ശാസ്ത്രത്തിന് സ്വീകാര്യമല്ല. എല്ലാവരുടെയും എല്ലാത്തരം വിശ്വാസങ്ങൾക്കും ഉപരിയായി തെളിവുകളുടെ അടിസ്ഥാനത്തില്‍ ഒരു യാദാര്‍ത്ഥ്യം (reality) ഉണ്ട് എന്നും. അത് മനുഷ്യന്റെ ബുദ്ധി ഉപയോഗിച്ച് പൂര്‍ണമായും കണ്ടെത്താന്‍ കഴിയും എന്നും. അങ്ങനെ കണ്ടെത്തിയ സത്യം (truth) എല്ലാവര്ക്കും ഒരുപോലെ സാർവത്രികമായും (universality) വസ്തു നിഷ്ടമായി (objective ratification) ബാധകമാണ് എന്നും, അത് എല്ലാവരും നിര്‍ബന്ധമായും അന്ഗീകരിക്കണം എന്നും, ലോകം അതനുസരിച്ച് മുമ്പോട്ട്‌ പോകണം എന്നും തന്നെയാണ് ആധുനികതയുടെ (modernity) കാഴ്ചപ്പാട്.
ആകാശത്തെ മഴവില്ല് മനോഹാരിത ആസ്വദിക്കാനും കവിതകള്‍ രജിക്കാനും മാത്രം ഉപയോഗിച്ചിരുന്ന ഒരു സമൂഹത്തിന്റെ മുന്നില്‍ ഒരു ഗ്ലാസ് പ്രിസത്തിലൂടെ ധവള പ്രകാശം കടത്തി വിട്ട് ആകാശത്ത് ഉള്ളതിനേക്കാള്‍ വ്യക്തവും മനോഹരവുമായ മഴവില്ല് ലാബില്‍ കൃത്രിമമായി ഉണ്ടാക്കി കാണിച്ച് കൊടുത്ത് മഴവില്ലിന്റെ കവിതകളെ മുഴുവന്‍ ഒരു ഗ്ലാസ് പ്രിസത്തിലേക്ക് ചുരുക്കി കളയുക തന്നെയാണ് തന്നെയാണ് ഐസക് ന്യൂട്ടന്‍ ചെയ്തിട്ടുള്ളത്. അങ്ങനെ എല്ലാ താരം മഴവില്ലുകളുടെയും നൂലിഴകളെ അഴിച്ചെടുത്ത് (unweaving the rainbow) നിഘൂടതകള്‍ ഇല്ലാതാക്കല്‍ തന്നെയാണ് ശാസ്തത്തിന്റെ ജോലി. സോ കവിതകള്‍ എഴുതിക്കോളൂ, വായിച്ചോളൂ, ആസ്വദിച്ചോളൂ.. പക്ഷെ ആ കവിതകളാണ് മഴവില്ലിന്റെ ശരിയായ വിശദീകരണം എന്നോ അല്ലെങ്കില്‍ അതും ശരിയാണ് എന്നോ അല്ലെങ്കില്‍ അതാണ്‌ ഞങ്ങളുടെ ശരി എന്നോ പറഞ്ഞ് ഈ വഴിക്ക് കണ്ടു പോകരുത്.
ജനാധിപത്യം (democracy) എന്നാല്‍ പൂരിപക്ഷ ആധിപത്യമല്ല. അത് ആധുനികതയുടെ ഒരു പ്രോഡക്റ്റ് ആണ്. പൂരിപക്ഷം പേര്‍ പറഞ്ഞത് കൊണ്ട് അത് ശരിയാണ് എന്ന് മനസിലാക്കി അതനുസരിച്ച് മുന്നോട്ട് പോകുന്ന ഒന്നല്ല ജനാധിപത്യം. ഒരു കാര്യം മുന്നോട്ട് വെക്കുന്നത് ഒറ്റയാള്‍ മാത്രമാണെങ്കിലും അത് ശാസ്ത്രീയമായി ശരിയാണെന്ന് തെളിയിക്കാന്‍ അയാള്‍ക്ക്‌ സാധിച്ചാല്‍ ബാക്കി അതിനെതിരെ പറഞ്ഞ എല്ലാവരും സഹിഷ്ണുതയോടെ അത് അംഗീകരിക്കുന്ന വ്യവസ്ഥയാണ്‌ ജനാധിപത്യം.
ഗ) ബര്‍മുഡ ട്രയാംഗിള്‍ ഭാഗത്ത് ധാരാളം പ്രകൃതി വാതകം (natural gas) ഉണ്ട്. ഇത് കത്തുന്ന വാതകമാണ് (മീഥേന്‍). വല്ല ഇടിമിന്നലോ ഇലക്ട്രിക് സ്പാര്‍ക്കോ കാരണം ഇതിന് തീ പിടിക്കാം. അങ്ങനെ സംഭവിക്കുന്നത് കപ്പലിന്റെ അടുത്ത് ആണെങ്കില്‍ അപകടം ഉണ്ടാവാം.
ഇത് അല്‍പ്പം കൂടെ യുക്തിഭാദ്രം ആണെങ്കിലും തള്ളി കളയാതെ നിവൃത്തി ഇല്ല. കാരണം ശാസ്ത്രത്തിന്റെ വിശദീകരണത്തില്‍ ഒരു തെളിവ് ആവശ്യമായ തെളിവ് (necessary evidence) ആയാല്‍ മാത്രം പോര ഉറപ്പിക്കാന്‍ മതിയായ തെളിവ് (sufficient evidence) കൂടി ആകണം. ഭൂമി കറങ്ങുന്നത് കൊണ്ടാണ് രാവും പകലും ഉണ്ടാകുന്നത് എന്ന വാദത്തിന് തെളിവായി ഭൂമി കറങ്ങുന്നു എന്ന് കാണിച്ചാല്‍ മാത്രം പോര. രാവും പകലും ഉണ്ടാവുന്നത് മറ്റു കാരണങ്ങള്‍ കൊണ്ടൊന്നും അല്ല എന്ന് കൂടി തെളിയിക്കേണ്ടതുണ്ട്. അതാണ്‌ ഇവിടെ പ്രശ്നം. ഈ വിശദീകരണം അംഗീകരിച്ചാല്‍ പ്രകൃതി വാതകം ഉള്ള മറ്റു സ്ഥലങ്ങളിലും എന്തുകൊണ്ട് ഇതുപോലെ സംഭവിക്കുന്നില്ല എന്ന് വിശദീകരിക്കേണ്ടി വരും. സൊ അതും സ്വാഹ.
അപ്പോള്‍ മനസിലായല്ലോ... വളരെ വലിയ ഒരു പ്രശ്നമാണ് നമ്മള്‍ സോള്‍വ് ചെയ്യാന്‍ പോകുന്നത്. ഇതൊരു അസാധാരണ അവകാശവാദമാണ് അതുകൊണ്ട് അസാധാരണമായ തെളിവുകളും ആവശ്യമാണ്‌.
"An extra ordinary claim requires extra ordinary evidence" - Richard Feynman
അതുകൊണ്ട് അസാധാരണമായ കാരണങ്ങള്‍ തേടി പോകും മുന്നേ അസാധാരണമായ അവകാശ വാദം ശരിയാണോ എന്ന് നോക്കേണ്ടതുണ്ട്. അത് ശരിയാണെങ്കില്‍ മാത്രം ബാക്കി പണി നോക്കിയാല്‍ മതിയല്ലോ. ശരിയല്ലെങ്കില്‍ അവിടെ വച്ചു തന്നെ ഉപേക്ഷിക്കാം. രോഗം ഇല്ലെന്ന് തീര്ച്ചപ്പെടുത്തിയാല്‍ രോഗ കാരണം കണ്ടെത്തലും തുടര്‍ന്ന് ചികിത്സയും ഒന്നും പിന്നീട് ആവശ്യമായി വരുന്നില്ലല്ലോ. കാസര്‍ഗോട്ടെ പുല്ലൂര്‍ ഗ്രാമത്തില്‍ ഉണ്ടായ ജനിതക വൈകല്യങ്ങളുടെ കാരണം എന്‍ഡോ സള്‍ഫാന്‍ ആണോ അല്ലെയോ എന്ന് വിശദീകരിക്കാന്‍ തുടങ്ങും മുന്നേ അവിടെ വിശദീകരിക്കപ്പെടെണ്ട വിധം പ്രശ്നം ഉണ്ടോ എന്ന് പഠനം വല്ലതും നടന്നിരുന്നോ..?
ഒരു കാര്യം തീര്‍ച്ചപ്പെടുത്താന്‍ മതിയായ തെളിവ് വേണം എന്ന് നേരത്തെ സൂചിപ്പിച്ചല്ലോ...
അങ്ങനെ വരുമ്പോള്‍ കാസര്‍ഗോട്ടെ വിഷയത്തില്‍ ചില ചോദ്യങ്ങള്‍ ബാക്കിയാകുന്നു.
1) കാസര്‍ഗോഡ് കൂടാതെ എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ച മറ്റു സ്ഥലങ്ങളില്‍ ഇതുപോലെ ജനിതക വൈകല്യം ഉണ്ടോ..? അതിനെ കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ..? ഇല്ലെങ്കില്‍ എന്‍ഡോസള്‍ഫാന്‍ തന്നെയാണ് കാരണം എന്ന് എങ്ങനെ ഉറപ്പിച്ചു..?
ഇതിനെ ഞാന്‍ വിളിക്കുന്നത് Mulla's gold coin fallacy എന്നാണ്. മുല്ലാ നസരുദ്ധീന്‍ ഒരു ദിവസം രാത്രി ഒരു വിലക്ക് കാലിന്റെ താഴെ എന്തോ തിരയുന്നതായി കണ്ട് അതുവഴി വന്നവര്‍ കാര്യം തിരക്കി. അപ്പോള്‍ മുല്ല: "എന്റെ ഒരു ഗോള്‍ഡ്‌ കോയിന്‍ കളഞ്ഞു പോയി" അങ്ങനെ അവരും കൂടെ തിരയാന്‍ കൂടി. കൊറേ തിരഞ്ഞിട്ടും കിട്ടിയില്ല. അപ്പോള്‍ അവര്‍ "ഇവിടെ തന്നെയാണോ പോയത്" എന്ന് ചോദിച്ചു. അന്നേരം മുല്ല പറഞ്ഞു ആ കാര്യം ഉറപ്പില്ലെന്ന്. അപ്പോള്‍ അവര്‍ ദേഷ്യപ്പെട്ടു. അപ്പോള്‍ മുല്ല വളരെ നിഷ്കളങ്കമായി പറഞ്ഞു: "ഇവിടെ നല്ല വെളിച്ചം ഉള്ളത് കൊണ്ട് തിരയാന്‍ എളുപ്പമാണല്ലോ"
അതായത് ഉത്തരം കിട്ടാന്‍ സാധ്യതയുള്ള വിശാലമായ അന്യെഷനത്തിനു പകരം സൂത്രത്തില്‍ എളുപ്പമുള്ളയിടത്ത് മാത്രം അന്യെഷിക്കുന്നു. ഇതൊരു ശാസ്ത്രീയമായ രീതിയല്ല.
2) കശുവണ്ടി തോട്ടത്തില്‍ നിന്നുമുള്ള അകലം കുറയും തോറും അതിന്റെ എഫെക്റ്റ് കുറഞ്ഞു കുറഞ്ഞു വരണമല്ലോ... അത് അങ്ങനെത്തന്നെ ആണോ..? പഠനം നടത്തിയിട്ടുണ്ടോ..? ഉണ്ടെങ്കില്‍ എവിടെ..?
3) മനുഷ്യരില്‍ ജനിതക വൈകല്യം കാണണമെങ്കില്‍ അവിടെയുള്ള മറ്റു ജീവികളിലും പ്രത്യേകിച്ച് മറ്റു മാമലുകളില്‍ അതുപോലെ കാണണമല്ലോ. അവര്‍ക്കും പൂരിഭാഗവും മനുഷ്യര്‍ക്ക് ഉള്ള ജീനുകള്‍ തന്നെ ആണല്ലോ.
പൂച്ച മനുഷ്യരുമായി 90% ജീനുകള്‍ പങ്കിടുന്നു, പശു 80% (ഗോമാതാ വാദികള്‍ക്ക് ഒരു തുറുപ്പ് ചീട്ടും കൂടെ വച്ചോളൂ), എലി 75% (മനുഷ്യര്‍ക്ക് വേണ്ടി ഉണ്ടാക്കുന്ന മരുന്നുകള്‍ എലികളില്‍ പരിശോധിക്കുന്നതിന്റെ കാര്യം മനസിലായല്ലോ), കോഴി 60%. അപ്പൊ ഈ ജീവികളില്‍ ഉള്ള ഈ കോമണ്‍ ജീനുകളെ ഒന്നും ബാധിക്കാതെ ഈ "വിഷം" എന്തുകൊണ്ട് മനുഷ്യരെ മാത്രം ബാധിക്കുന്നു..?ശാസ്ത്രീയമായി ഒരു കാരണം പറഞ്ഞു കഴിഞ്ഞാല്‍ അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അതുകൊണ്ട് വിശദീകരിക്കാന്‍ കഴിയണം. ഒരു പ്രത്യേക അവസരത്തില്‍ മാത്രം ബാധകം ആവുന്നതിനെ ശാസ്ത്രീയമായി അംഗീകരിക്കാന്‍ കഴിയില്ല. ശാസ്ത്രം സാര്‍വത്രികം (universality) ആയിരിക്കണം. ആവര്‍ത്തന ക്ഷമതയും ഉണ്ടായിരിക്കണം (repeatability).
അപ്പൊ പറഞ്ഞു വന്നത് നാളെ മുതല്‍ തന്നെ എന്‍ഡോസള്‍ഫാന്‍ ബാന്‍ നീക്കി തളി തുടങ്ങണം എന്നൊന്നും അല്ല. കാസര്‍ഗോട്ടെ പ്രശ്നത്തിന് കാരണം എന്‍ഡോ സള്‍ഫാന്‍ ആണെന്ന നിഗമനത്തില്‍ എത്താന്‍ മതിയായ തെളിവ് പോയിട്ട് ആവശ്യമായ തെളിവ് പോലും പൂര്‍ണമായും കിട്ടിയിട്ടില്ല. അങ്ങനെ ശാസ്ത്രീയമായി തീരുമാനിക്കുന്നതിന് പകരം ആളുകളുടെ വികാരം മാനിച്ച് തീരുമാനങ്ങള്‍ എടുക്കുന്നതിലൂടെ ശരിയായ കാരണം കണ്ടെത്താനുള്ള വാതിലുകള്‍ ആണ് എന്നെന്നേക്കുമായി നിങ്ങള്‍ കൊട്ടി അടക്കുന്നത്.
വിഷയത്തിലേക്ക് മടങ്ങി വരാം.... ഇതുപോലെ, അവകാശ വാദത്തില്‍ എത്ര കണ്ട് ശരിയുണ്ട് എന്നാണ് നമ്മള്‍ നോക്കാന്‍ പോകുന്നത്.
ആദ്യം അല്‍പ്പം ചരിത്രം. നാവികരുമായി ബന്ധപ്പെട്ട കാര്യം ആയത്കൊണ്ട്‌ കൊളംമ്പസില്‍ നിന്ന് തന്നെ തുടങ്ങാം. പണ്ട് പണ്ട്... 1492 ഒക്ടോബർ മാസം എട്ടാം തീയതി കൊളമ്പസ് ആണ് ആദ്യമായി ഈ പ്രസ്തുത സ്ഥലത്ത് ഒരു പ്രശ്നമുണ്ട് എന്ന് ആദ്യമായി നിരീക്ഷിക്കുന്നത്. അവിടെ വച്ച് അദ്ദേഹത്തിന്റെ വടക്ക് നോക്കിയന്ത്രം വിചിത്രമായി പെരുമാറി എന്നതാണ് ആ ഒബ്‌സർവേഷൻ. അതിന്റെ കാരണം വിശദീകരിക്കുന്നതിനാണ് യദാർത്ഥത്തിൽ ആദ്യ കാലത്ത് ചെകുത്താൻ പോലുള്ള ശാസ്ത്രത്തിന് വിശദീകരിക്കാൻ കഴിയാത്ത പലതും അവിടെയുണ്ട് എന്ന് പലരും പറഞ്ഞു പരത്താൻ തുടങ്ങിയത്. അല്ലാതെ കപ്പൽ റാഞ്ചലും വിമാനം റാഞ്ചലും ഒന്നുമായും കഥയുടെ പ്രാരംഭ കാലത്ത് ബന്ധമില്ല. അതൊക്കെ വരുന്നത് പിന്നെയും കൊറേ കഴിഞ്ഞാണ്. അതായത് വിമാനം കാണാതാവുന്നതിന് മുന്നേയും അവിടെ സാത്താൻ ഉണ്ടായിരുന്നു എന്ന് സാരം.
അത് പിന്നീട് ശാസ്ത്രീയമായി ഭൌമ കാന്തികതയില്‍ ഭൂമിയുടെ ചില ഭാഗത്ത് വരുന്ന വ്യതിയാനം കൊണ്ടാണെന്നും, അത് സ്ഥിരമായി ഒരിടത്ത് തന്നെ കാണണം എന്നില്ലെന്നും നമ്മള്‍ വിശദീകരിച്ചു. പത്തൊന്‍പതാം നൂറ്റാണ്ടിന് ശേഷം ബര്‍മുഡ ട്രയാംഗിളില്‍ ആ പ്രശ്നം കാണാനില്ലെന്ന് അമേരിക്കന്‍ നാവിക സേന വ്യക്തമാക്കിയിട്ടുണ്ട്.
പക്ഷെ ഈ കഥ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് പോന്നു കൊണ്ടേ ഇരുന്നു. നാലര നൂറ്റാണ്ടുകള്‍ക്ക് ശേഷം 1950ൽ അസോസിയേറ്റ് പ്രസ്സ് പ്രസിദ്ധീകരിച്ച എഡ്വേഡ് വാൻ വിങ്കിളിന്റെ ഒരു റിപ്പോർട്ട് ആണ് ആധുനിക "ബർമുഡ ട്രയാംഗിൾ" നിഘൂടതക്ക് തുടക്കം കുറിക്കുന്നത്. 1945 നു ശേഷം അമേരിക്കൻ നാവികസേനയുടെ ബോംബറുകൾ ഉൾപ്പടെ നിരവധി കപ്പലുകൾ അവിടെ കാണാതായി എന്നും 135 പേരെയും കാണാതായി എന്നുമാണ് അതിൽ ഉണ്ടായിരുന്നത്. അതോടെ സംഗതി ഒന്ന് കൊഴുത്തു.
1964ൽ "ആർഗോസി" മാഗസിൻ വിൻസന്റ് എച്. ഗഡ്‍ഡിസ് ആണ് ആദ്യമായി "ബർമുഡ ട്രയാംഗിൾ" എന്ന പ്രയോഗം നടത്തുന്നത്. ആയിരത്തിലധികം പേരെ അവിടെ കാണാതായി എന്നായിരുന്നു അതിലെ അവകാശവാദം. വെറും 14 വര്ഷം കൊണ്ട് 135 ൽ നിന്നും ആയിരത്തിൽ അധികമായി.
1974ൽ "അറ്ലാന്റിസ്" എന്ന സമുദ്രാന്തര നഗരം ഒരു യാഥാർഥ്യമാണ് എന്ന് അവകാശപ്പെട്ടുകൊണ്ട് ബിർലിറ്റ്സ്ന്റെ "ബർമുഡ ട്രയാംഗിൾ" എന്ന പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടു. അതൊരു ബേസ്ഡ് സെല്ലെർ ആയിരുന്നു. അങ്ങനെ ആ ഭൂലോക ഉടായിപ്പ് ലോകത്ത് നല്ല ഒരു ശതമാനം ആളുകൾ വല്യ കാര്യത്തിൽ തലയിൽ ഏറ്റി കൊണ്ട് നടന്നു. ബർമുഡ ട്രയാംഗിൾ ചെകുത്താന്റെ ത്രികോണം തന്നെയാണെന്ന പൊതുബോധം ശക്തിപ്പെട്ടു. ഓരോരുത്തരുടെയും താല്പര്യങ്ങളും ഭാവനയും അനുസരിച്ച് വന്യമായ പല സിദ്ധാന്തങ്ങളും ആവിഷ്കരിക്കപ്പെട്ടു, നിരവധി ലേഖനങ്ങൾ അത്തരത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ലോകം മുഴുവന്‍ ഈ അസാധാരണമായ അവകാശ വാദത്തെ വിശദീകരിക്കാന്‍ അസാധാരണമായ കഥകള്‍ മെനയുന്നതില്‍ ശ്രദ്ധ ചെലുത്തിയപ്പോള്‍. ഈ അവകാശവാദം ശരിയാണോ എന്ന് ശാസ്ത്രീയമായി പഠനം നടത്തിയ ഒരാളാണ് "ലാറി കൂസ്ച്ചേ" അദ്ദേഹം 1975 ല്‍ "The Bermuda triangle mystery: solved" എന്ന പേരില്‍ ഒരു പുസ്തകമെഴുതി. ബർമുഡ ട്രയാംഗിളുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന സകല അവകാശ വാദങ്ങളും പൊളിച്ചടുക്കാൻ അക്കാലത്ത് തന്നെ ആ പുസ്തകത്തിന് കഴിഞ്ഞു. പക്ഷേ ഇപ്പോഴും പല പൊട്ട കിണറ്റിലെ തവളകളും ബർമുഡ തലയിലിട്ട് നടക്കുന്നുണ്ട്.

കപ്പലുകൾ സ്ഥിരമായി സഞ്ചരിക്കുന്ന തിരക്കേറിയ മറ്റു സ്ഥലങ്ങളിൽ ഉണ്ടാകുന്നത്തിൽ കൂടുതൽ അപകടം ഒന്നും ബർമുഡ ട്രയാംഗിളിൽ ഉണ്ടാകുന്നില്ലെന്ന് കൂസ്ചെയുടെ അന്വേഷണം തെളിയിച്ചു. വേറെ സ്ഥലങ്ങളിൽ നടന്ന അപകടങ്ങൾ പോലും നിഘൂടതക്കു ആക്കം കൂട്ടാൻ വേണ്ടി ബർമുഡ ട്രയാംഗിളിന്റെ തലയിൽ വച്ച് കെട്ടുകയായിരുന്നു എന്നും അതിന്റെ ഉദാഹരണങ്ങളും അദ്ദേഹം കണ്ടെത്തി. അവിടെ സംഭവിച്ച അപകടങ്ങൾ നടന്ന ദിവസങ്ങളിൽ ആ ഭാഗത്ത് ഉണ്ടായ ചുഴലിക്കാറ്റ് ബോധപൂർവം മറച്ചു വച്ചത് ആണെന്നും, നിഘൂടതക്കു ആക്കം കൂട്ടാൻ വേണ്ടി ആ ദിവസങ്ങളിൽ കടൽ ശാന്തമായിരുന്നു എന്ന് തട്ടി വിട്ടതാണെന്നും അദ്ദേഹം തെളിവ് സഹിതം സമർത്ഥിച്ചു.


പറഞ്ഞു വന്നത്, 1975ല്‍ തന്നെ ശാസ്ത്രമോ തിയോളജിയോ ആരും ഒന്നും വിശദീകരിച്ച് കഷ്ടപ്പെടേണ്ടതില്ല എന്ന് ശാസ്ത്രീയമായ പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ട ഒരു കെട്ടുകഥ മാത്രമാണ് ബർമുഡ ട്രയാംഗിൾ. 40 കൊല്ലം മുന്നേ ചത്ത് ചീഞ്ഞു നാറുന്ന പുലിയെ ആയിരുന്നു ഞാന്‍ ഇത്രയും നേരം തല്ലി കൊന്നു കൊണ്ടിരുന്നത് എന്ന് സാരം. ആ പുലിയെ കറന്ന് പാലെടുത്തു എന്നൊക്കെ വീരവാദം മുഴക്കുന്ന അയ്യപ്പന്മാര്‍ ഉള്ളിടത്ത് വേറെ നിവൃത്തി ഇല്ല. ഗതികേട്...!

Friday, 4 November 2016

മുലപ്പാലിന്റെ പ്രാധാന്യം..!


02/11/2016 ന് മീഡിയ വൺ ടി.വി ചാനലിലും, തുടർന്ന് അവരുടെ യൂറ്റൂബ് ചാനലിലും റിപ്പോർട് ചെയ്യുകയും ശേഷം അവരുടെ ഓൺലൈൻ ന്യൂസ് പോർട്ടലിൽ ( ലിങ്ക് ഇവിടെ ) പബ്ലിഷ് ചെയ്യുകയും ചെയ്ത ഒരു ന്യൂസ് ആണ് ഈ പോസ്റ്റിന്റെ അടിസ്ഥാനം.


ന്യൂസ് താഴെ ചേര്‍ക്കുന്നു...



"നവജാതശിശുവിന് മുലപ്പാല്‍ നല്‍കുന്നതിന് പിതാവിന്റെ വിലക്ക്. കോഴിക്കോട് മുക്കം ഓമശ്ശേരി സ്വദേശി അബൂബക്കറാണ് കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നതില്‍ നിന്ന് മാതാവിനെ വിലക്കിയത്. അഞ്ചുതവണ ബാങ്ക് വിളിച്ച ശേഷം മാത്രം മുലപ്പാല്‍ നല്‍കിയാല്‍ മതിയെന്ന കളംതോട് സ്വദേശിയായ തങ്ങളുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മുലപ്പാല്‍ നല്‍കാതിരുന്നതെന്ന് അബൂബക്കര്‍ പറഞ്ഞു.
ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഓമശ്ശേരി സ്വദേശി അബൂബക്കറിന്റെ ഭാര്യ ഹഫ്സത്ത് ആണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. നിസ്കാര സമയം അറിയിക്കുന്നതിനുള്ള ബാങ്ക് അഞ്ചുതവണ വിളിക്കാതെ കുഞ്ഞിന് മുലപ്പാലോ വെള്ളമോ നല്‍കാന്‍ പാടില്ലെന്ന് പിതാവ് നിര്‍ബന്ധം പിടിച്ചു. അങ്ങനെയെങ്കില്‍ ഇരുപത്തിനാല് മണിക്കൂര്‍ കാത്തിരിക്കേണ്ടി വരും. ഇത്രയും നേരം കുഞ്ഞിന് മുലപ്പാല്‍ നല്‍കാതിരിക്കുന്നത് കുട്ടിയുടെ ജീവന്‍ അപകടത്തിലാക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും പിതാവും ബന്ധുക്കളും വഴങ്ങിയില്ല. ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി അബൂബക്കറുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല.
കളംതോടുള്ള ഹൈദ്രോസ് തങ്ങളുടെ നിര്‍ദേശപ്രകാരമാണ് മുലപ്പാല്‍ നല്‍കാതിരിക്കുന്നത്. പകരം കുഞ്ഞിന് തേനും വെള്ളവും നല്‍കുന്നുണ്ടെന്നും തന്റെ മൂത്തമകനും മുലപ്പാല്‍ നല്‍കിയിട്ടില്ലെന്നുമാണ് അബൂബക്കറിന്റെ ന്യായീകരണം. മുലപ്പാല്‍ നല്‍കാതിരിക്കുന്നത് കുട്ടികളില്‍ നിര്‍ജ്ജലീകരണമുണ്ടാക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
അബൂബക്കര്‍ വാശി തുടര്‍ന്നതോടെ ഇവരെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു."

എത്രമാത്രം നമ്മുടെ സമൂഹം അധപ്പതിച്ചു എന്ന് ആലോചിച്ച് നോക്കൂ. യഥാർത്ഥത്തിൽ ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണമായ ഖുർആനോ സുന്നത്തോ ഒന്നും നോക്കിയാൽ ഇത്രയും വിചിത്രവും പ്രാകൃതവുമായ ഒരു ആചാരം കാണാൻ കഴിയില്ല. പക്ഷേ ഇവിടെയുള്ള പരമ്പരാഗത മുസ്ലിംകൾക്ക് വളരെ സ്വീകാര്യനായ കളം തോട് തങ്ങൾ ആണ് ഈ ബുദ്ധി ഉപദേശിച്ച് കൊടുത്തിരിക്കുന്നത്. അതുകൊണ്ട് മുസ്ലിം സമുദായത്തിന് "പുസ്തകത്തിൽ ഇല്ല" എന്ന പറഞ്ഞു പൂർണമായും ഉത്തരവാദിത്വം ഒഴിയാൻ സാധ്യമല്ല. ഖുർആനും സുന്നത്തും എല്ലാം നോക്കേണ്ടത് അതനുസരിച്ച് മാത്രം മുസ്ലിംകൾ ജീവിക്കുന്ന സ്ഥലങ്ങളിൽ ആണ്. കേരളത്തിലെ മുസ്ലിംകളിൽ പൂരിഭാഗവും പാരമ്പര്യ സുന്നികൾ ആണ്. അവരിൽ കൂടുതൽ പേരും ഖുർആൻ ഒരു തവണ പോലും വായിച്ചവർ പോലുമല്ല. ഖുർആൻ പോലും അവർ മനസിലാക്കുന്നത് ഇമ്മാതിരി തങ്ങന്മാരുടെയും മോല്യാന്മാരുടെയും വാക്ക് കേട്ട് കൊണ്ടാണ്. അവർ വെള്ളം ചേർത്താൽ കണ്ടു പിടിക്കാൻ പോലും അവർക്ക് കഴിയില്ല. അപ്പൊ പറഞ്ഞു വന്നത് പ്രമാണങ്ങളിൽ എന്താണ് ഉള്ളത് എന്നതിൽ വലിയ പ്രസക്തി ഒന്നും ഇല്ല. മുസ്ലിംകൾ എന്ന് സ്വയം അവകാശപ്പെടുന്നവർ എന്ത് പറയുന്നു എന്ത് ചെയ്യുന്നു എന്നതാണ് ഇവിടെ വിഷയം.. അതുകൊണ്ട് ഇതൊന്നും ഖുർആനിൽ ഇല്ല എന്നും പറഞ്ഞോണ്ട് ആരും ചാടി വീഴണമെന്നില്ല.

ഒരു ഉദാഹരണം വച്ച് വ്യക്തമാക്കാം...

ഈ വിഷയം വാർത്തയായതോടെ ഫെയ്‌സ്ബുക്കിൽ നിരവധി ട്രോളുകളും ചർച്ചകളും നടക്കുകയുണ്ടായി. ആ സമയത്ത് ഈ വക ആചാരങ്ങൾ ഒന്നും ഖുർആനിലോ ഹദീസിലോ ഇല്ലാതിരുന്നിട്ട് പോലും ആ വിവരക്കേട് ചെയ്തത് ഒരു മുസ്ലിം ആയത് കൊണ്ടും ആ വിവരക്കേടിന് മൊത്തത്തിൽ ഒരു ഇസ്‌ലാമിക മുഖച്ഛായ  ഉള്ളത് കൊണ്ടും ഒരു പ്രഖ്യാപിത മുസ്ലിം വന്ന് സപ്പോർട്ട് ചെയ്യുന്നത് നോക്കൂ...


ഇതാണ് മുസ്ലിം ബ്രദര്‍ ഹുഡ് എന്ന് പറയുന്നത്. നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിക്കുക എന്നത് കൊലക്കുറ്റത്തിന് സമാനമായ ക്രിമിനല്‍ ആക്ടാണ്. അതുപോലും നമ്മുടെ കൂട്ടത്തില്‍ ഉള്ളവന്‍ ചെയ്യുമ്പോള്‍ എങ്ങനെയെങ്കിലും ന്യായീകരിച്ച് വെളുപ്പിച്ച് എടുക്കാന്‍ ഉള്ള ഒരു ത്വര.

എന്തായാലും ഞാന്‍ ഒരു പോസ്റ്റിലെ കമന്റുകള്‍ ഓടിച്ച് വായിക്കുന്നതിന്റെ ഇടയില്‍ ആണ് ഈ കമന്റ് കണ്ടത്. ഉടനെ ഒരു സ്‌കീൻ ഷോട്ട് എടുത്ത് വച്ച്  ഫെയ്‌സ്ബുക്കിൽ ഇതിന് ഒരു റിപ്ലൈ പോസ്റ്റ് എഴുതി. ഒരു പൊളിച്ചടുക്കൽ... വളരെ വിജ്ഞാനപ്രദമായ പോസ്റ്റ് ആയിരുന്നു എന്ന് നിരവധി പേർ അഭിപ്രായപ്പെട്ട പ്രകാരം ഇവിടേക്ക് എടുത്ത് പോസ്റ്റ് ചെയ്യുന്നു.

പോസ്റ്റ്‌ താഴെ ചേര്‍ക്കുന്നു. (ഫെയ്സ്ബുക്ക് ഭാഷയില്‍ ആണ് എഴുതിയിരിക്കുന്നത്)


ഈ വക ഊളത്തരങ്ങള്‍ കാണുമ്പോള്‍ ഫെയ്സ്ബുക്കില്‍ നിന്നും ഇറങ്ങി ഓടാന്‍ തോന്നും. പിന്നെ ഓടിയിട്ട് എങ്ങോട്ടാണെന്നും അവിടെ എന്തൊക്കെയാണ് കാണേണ്ടി വരുക എന്നും ആലോചിക്കുമ്പോള്‍ ഓടിയിട്ട് കാര്യമില്ലെന്ന് മനസിലാവും. അപ്പൊ പിന്നെ ഇതിനെയൊക്കെ അങ്ങ് പൊളിച്ചടുക്കാം എന്നും വിചാരിച്ച് മടങ്ങി വരും. പ്യാവം ഞാന്‍ .
ഡോക്റ്ററെക്കാളും പോലിസിനെക്കാളും ഒക്കെ ആരോഗ്യകാര്യങ്ങളില്‍ വിവരമുള്ളവര്‍ അഞ്ചാം ക്ലാസ് പോലും പാസാവാത്ത ഇവന്മാരൊക്കെയാണ് എന്ന അഹങ്കാരത്തിനാണ് ഇവിടെ നൂര്‍ മാര്‍ക്ക് കൊടുക്കേണ്ടത്.
വിവരത്തിന്റെയും അഹങ്കാരത്തിന്റെയും അടിസ്ഥാനത്തില്‍ ആളുകളെ നാലായി തിരിക്കാം.
1) വിവരമുണ്ട് അതിന്‍റെ അഹങ്കാരമില്ല.
2) വിവരമില്ല എന്നാല്‍ വിവരമില്ല എന്ന വിവരമുള്ളത് കൊണ്ട് അഹങ്കാരമില്ല.
ഇത് രണ്ടും അന്ഗീകരിക്കാവുന്ന വളരെ നല്ല പൊസിഷനുകള്‍ ആണ്. വിവരമില്ലായ്മ ഒരു തെറ്റായി കാണുന്നതും അതിന്‍റെ അടിസ്ഥാനത്തില്‍ ആളുകളെ ജഡ്ജ് ചെയ്യുന്നതും ഒരു മാന്യമായ പ്രവര്‍ത്തി ആയി ഞാന്‍ കാണുന്നില്ല.
3) വിവരമുണ്ട് അതിന്റെ അഹങ്കാരവും ഉണ്ട്.
ഇവരാണ് ഒരു കൃത്രിമ വ്യക്തിത്വം ഉണ്ടാക്കി സാധാരണക്കാരില്‍ നിന്നും ഒരു 10 ഫീറ്റ്‌ വിട്ട് നില്‍ക്കുന്നവര്‍. ഡോക്ടര്‍മാരില്‍ ഒരു ചെറിയ വിഭാഗം (അതോ വലുതാണോ..?) ഇങ്ങനെ പെരുമാറുന്നത് കൊണ്ട് ഹോമിയോ, യൂനാനി, പ്രകൃതി പോലുള്ള കപട ശാസ്ത്രങ്ങളില്‍ ആളുകള്‍ എത്തി പെടുന്നതിന് വഴിവേക്കുന്നുണ്ട് എന്ന് പറയാതെ വയ്യ.
4) 10 പൈസയുടെ വിവരം ഇല്ലെങ്കിലും അഹങ്കാരമെന്ന് വച്ചാല്‍ എജ്ജാതി അഹങ്കാരം .
ഇതാണ് ഒരു നിലക്കും അംഗീകരിച്ച് കൊടുക്കാന്‍ തോന്നാത്ത അവസ്ഥ. ഇമ്മാതിരി ആളുകളുടെ അറിയാത്ത കാര്യങ്ങളില്‍ കയറിയുള്ള അഭിപ്രായം പറയല്‍ കൊണ്ട് സമൂഹത്തിന് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ചില്ലറയൊന്നും അല്ല. പ്രത്യേകിച്ച് ശാസ്ത്രബോധം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരു സമൂഹത്തില്‍.
കൊച്ച് മരിക്കുന്നത് നിര്‍ജലീകരണം കൊണ്ടും ഗ്ലൂക്കോസിന്റെ കമ്മി കൊണ്ടും ആണെന്നും അത് പരിഹരിക്കാന്‍ തേനും പച്ച വെള്ളവും കൊടുത്തിട്ടുണ്ട് എന്നും എത്ര ആധികാരികമായാണ് ഇവനൊക്കെ തള്ളുന്നത്. കുറച്ചു ചോറും മീന്‍കറിയും കൂടെ കൊടുക്കാമായിരുന്നു. പാല്‍ കൊടുക്കുന്നത് തല്‍ക്കാലം മതപരമായ പ്രശ്നമാണ് അതില്‍ ഇടപെടണ്ട എന്നാണ് ധ്വനി. ഏത്... നിങ്ങള്‍ക്കൊക്കെ എവിടുന്നെങ്കിലും ഗ്ലൂക്കോസ് കിട്ടിയാല്‍ പോരേ എന്ന്.
അപ്പൊ പേരെഴുതി കാണിക്കല്‍ കഴിഞ്ഞു, പടം തുടങ്ങാം... ആര്‍ട്ട് ഫിലിം ആണ് ശ്രദ്ധിച്ച് കാണണം എങ്കിലേ ക്ലൈമാക്സ് പിടി കിട്ടൂ.
അതായത് കുഞ്ഞു ജനിച്ച് 5 ബാങ്കുകള്‍ പോയിട്ട് ഒരു ബാങ്കിലും പോയി സമയം കളയാതെ ഹോസ്പിറ്റലില്‍ വച്ച് തന്നെ ആദ്യ ഒരു മണിക്കൂറിനകം നിര്‍ബന്ധമായും മുലപ്പാല്‍ കൊടുത്തിരിക്കണം. അത് കുഞ്ഞിന്‍റെ അവകാശമാണ്. അല്ലാതെ നിന്റെയോന്നും ഔദാര്യമല്ല.
മുല'പ്പാല്‍' എന്നൊക്കെ പറയുമെങ്കിലും ആദ്യത്തെ ബ്രസ്റ്റ്ഫീഡിംഗില്‍ കുഞ്ഞിന് ലഭിക്കുന്നത് പ്രഗ്നന്സിയുടെ അവസാന സമയത്ത് മാമറി ഗ്ലാന്റ്റ് പ്രൊഡ്യൂസ് ചെയ്യുന്ന കൊളോസ്ട്രം (colostrum) എന്ന ഒരു ദ്രാവകമാണ്.

colostrum and milk

ഇത് പാലിനേക്കാള്‍ അല്‍പ്പം നിറവത്യാസം ഉള്ളതും, വളരെ കട്ടി കൂടിയതും, ധാരാളം കൊഴുപ്പും പ്രോടീനുകളും അടങ്ങിയിട്ടുള്ളതുമാണ്. ഇത് പ്രധിരോധ സെല്ലുകളില്‍ കൂടുതലായി കാണപ്പെടുന്നുണ്ട്. ഇതില്‍ അടങ്ങിയിട്ടുള്ള ആന്‍റിബോഡികളും, പ്രൊട്ടക്ടീവ് പ്രോടീനുകളും ആണ് കുഞ്ഞിനെ പല രോഗങ്ങളില്‍ നിന്നും രക്ഷിക്കുന്നത്. മാത്രമല്ല, ആജീവനാന്ത രോഗപ്രധിരോധ ശേഷിയുടെ വികാസത്തിന് ഇത് ആദ്യ ഒരുമണിക്കൂറിനകം കിട്ടിയിരിക്കേണ്ടത് അത്യാവശ്യമാണ്.
2006ല്‍ പബ്ലിഷ് ചെയ്ത Pediatrics എന്ന ജേണലിലെ ഒരു പഠന പ്രകാരം ജനിച്ച് ഒരു മാസത്തിനകം സംഭവിക്കുന്ന ശിശു മരണങ്ങളില്‍ 41% ആദ്യ മണിക്കൂറിലെ ബ്രസ്റ്റ്ഫീഡിംഗ് കൊണ്ട് തടയാമായിരുന്നു എന്നാണ് കാണുന്നത്.
കൊളോസ്ട്രത്തില്‍ അടങ്ങിയിട്ടുള്ള വളര്‍ച്ച ഘടകങ്ങള്‍ ആണ് കുഞ്ഞിന്‍റെ കുടലിന്റെ പെട്ടെന്നുള്ള വികാസത്തിന് സഹായിക്കുന്നത്. അപ്പൊ പറഞ്ഞു വന്നത് മര്യാദക്ക് കുടല്‍ വര്‍ക്കിംഗ് അല്ലാത്ത സമയത്ത് തേനും വയമ്പും അങ്ങോട്ട്‌ തള്ളി കയറ്റിയിട്ട് കാര്യമില്ല. മാത്രമല്ല സൂക്ഷ്മ ജീവികളും അലര്‍ജി ഉണ്ടാക്കുന്ന സാധനങ്ങളും കുഞ്ഞിന്‍റെ ശരീരത്തില്‍ കയറാതെ നോക്കാനും കൊളോസ്ട്രം സഹായിക്കും.
കൊളോസ്ട്രത്തില്‍ ധാരാളം വൈറ്റമിന്‍ A അടങ്ങിയിട്ടുണ്ട്. അത് കുഞ്ഞിന്‍റെ കണ്ണിന്റെ ആരോഗ്യത്തിനു അത്യാവശ്യമാണ്.
ഇനിയും കൊറേ ഉണ്ട് പുരാണം... തല്‍ക്കാലം ഈ സെക്ഷന്‍ അവസാനിപ്പിക്കുന്നു.
ഇതൊക്കെ കുഞ്ഞിന് നിഷേധിക്കപ്പെട്ടെങ്കിലും കുഞ്ഞിന് തേന്‍ കൊടുത്തിട്ടുണ്ട് എന്നാണ് വലിയ അവകാശവാദം. തേന്‍ ദഹിപ്പിച്ച് ഗ്ലൂക്കോസ് ഉണ്ടാക്കി ഊര്‍ജോല്‍പ്പാദനം നടത്താന്‍ കുഞ്ഞിന്‍റെ ദഹന വ്യവസ്ഥ പര്യാപ്തമായിട്ടില്ല എന്ന് നേരത്തെ പറഞ്ഞു. ഇനി പറയാന്‍ പോകുന്നത് മറ്റൊരു കാര്യമാണ്. 24 മണിക്കൂര്‍ സമയത്തേക്ക് മുലപ്പാല്‍ നിഷേധിച്ചതിലും ഗുരുതരമായ തെറ്റാണ് കുഞ്ഞിന് തേന്‍ കൊടുത്തത്. തെളിയിച്ച് തരാം...
തേനില്‍ ധാരാളം ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ട്. ഭക്ഷ്യ വിഷബാധക്ക് കാരണമാകുന്ന ഭീകരമായ ഒരു ബാക്ടീരിയയാണ് clostridium botulinum. ഇത് ഉണ്ടാക്കുന്ന വിഷമാണ് botulin. ഇത് കാരണം ഉണ്ടാകുന്ന വിഷബാധ (botulinism) കാരണം കൊച്ച് തട്ടിപ്പോകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഡോക്ടര്‍ ആവശ്യപ്പെട്ടാല്‍ അല്ലാതെ കൊച്ചിന് അമ്മയുടെ പാല്‍ അല്ലാതെ വേറെ ഒന്നും കൊടുക്കരുത്. മുതിര്‍ന്ന കുട്ടികളില്‍ മെച്ചപ്പെട്ട ഇമ്മ്യൂണ്‍ സിസ്റ്റം ഉള്ളത് കൊണ്ട് തേന്‍ കൊടുക്കാവുന്നതാണ്.
വെള്ളം തൊട്ടു കൊടുക്കല്‍, മധുരം കൊടുക്കല്‍ തുടങ്ങിയ വളരെ പവിത്രമാണെന്ന് പറയപ്പെടുന്ന മതാചാരങ്ങള്‍ എല്ലാം കുഞ്ഞിന്‍റെ ആരോഗ്യത്തിന് അപകടമാണ്. പൊക്കിള്‍ കൊടിയില്‍ ഗോമാതാവിന്റെ വിശുദ്ധ ചാണകം പുരട്ടുന്ന ഒരു ഏര്‍പ്പാടും ഉണ്ട്. അതിനെകുറിച്ച് ഇപ്പൊ ഒന്നും പറയുന്നില്ല, പറഞ്ഞാല്‍ ഇത്തിരി കൂടിപ്പോവും. ഞാന്‍ ഒന്ന് തണുക്കട്ടെ.
conclusion: Breastfeeding in not only necessary but also sufficient for newborn baby. കണ്ണില്‍ കണ്ടതൊക്കെ എടുത്ത് കുഞ്ഞിന്‍റെ അണ്ണാക്കില്‍ തള്ളരുത് എന്ന് സാരം.


പിന്‍കുറിപ്പ് : ആദ്യ മുലയൂട്ടലിലെ മഞ്ഞ നിറത്തിലുള്ള പാല്‍ ചീത്തയാണെന്ന് കരുതി പിഴിഞ്ഞ് കളയുന്ന അമ്മമാര്‍ ഇപ്പോഴും ഉണ്ട്. ഒരു കാരണവശാലും അങ്ങനെ ചെയ്യരുത്. വെള്ള പാലിനേക്കാള്‍ അത്യാവശ്യമായി കുഞ്ഞിന് കിട്ടിയിരിക്കേണ്ടതാണ് മഞ്ഞപ്പാല്‍.