ജേക്കബ് വടക്കാഞ്ചേരി: രക്തത്തിലേക്ക് നേരിട്ട് ഒരു വസ്തുവും കടത്താന്‍ പാടില്ല, ചോറ് കഴിക്കാം പക്ഷെ ചോറ് എടുത്ത് രക്തത്തില്‍ കുത്തിവച്ചാല്‍ മരിച്ച് പോകും. അത് തന്നെയല്ലേ വാക്സിന്‍..?
ഇതാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചോദ്യം...! ഒരു തല മുതല്‍ തുടങ്ങാം..!
1. ഈ കാരണം കൊണ്ടാണ് വാക്സിനെ എതിര്‍ക്കുന്നതെങ്കില്‍ ഓറല്‍ വാക്സിനെ എതിര്‍ത്തത് എന്തിനാണെന്ന് മനസിലായില്ല.
2. ഈ സാധനം മൊത്തത്തില്‍ ഒരു സ്ട്രോമാന്‍ ആര്ഗുമെന്റ്റ് ആണ്. അതായത് ചോറോ കഞ്ഞി വെള്ളമോ സിറിഞ്ചില്‍ എടുത്ത് കുത്താന്‍ ആരും പറയുന്നില്ല. അത് പണി കിട്ടും എന്ന്‍ എല്ലാവര്ക്കും അറിയാം. വായിലൂടെ വേണ്ടത് വായിലൂടെ സിറിഞ്ചിലൂടെ വേണ്ടത് സിറിഞ്ചിലൂടെ
3. രക്തത്തിലേക്ക് ഒന്നും നേരിട്ട് കുത്തി വെക്കരുത് എന്ന വാദം അബദ്ധമാണ്. ഇത് ദഹന വ്യവസ്ഥയുടെ ആവശ്യകതയെ കുറിച്ച് ധാരണയില്ലാത്തത് കൊണ്ടാണ്. നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ 60% അന്നജവും 30% പ്രോടീനും ആണുള്ളത്. ഇതില്‍ അന്നജം ഗ്ലുക്കോസ് തന്മാത്രകളുടെ പോളിമര്‍ ആണ് പ്രോടീന്‍ ഇരുപത് അമിനോ ആസിടുകളുടെ പല വിധത്തില്‍ ഉള്ള പോളിമറുകളും ആണ്. ഈ പോളിമേറുകള്‍ (വലിയ തന്മാത്രകള്‍) നേരിട്ട് രക്തത്തില്‍ എത്തിയാല്‍ അതിന്‍റെ സ്വഭാവം അനുസരിച്ച് ചിലപ്പോള്‍ പണി കിട്ടും. ദഹന വ്യവസ്ഥയില്‍ സംഭവിക്കുന്നത് ഈ പോളിമറുകളെ ഘടക തന്മാത്രകള്‍ ആയി ബ്രെയ്ക്ക് ചെയ്യുകയാണ്. ശേഷം രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. ഇതാണ് ശരീരത്തിന്റെ പല ഭാഗങ്ങളില്‍ ഒഴുകി എത്തി ഊര്‍ജ നിര്‍മാണത്തിനും മറ്റും ഉപയോഗിക്കുന്നത്. ഇങ്ങനെ ദഹനത്തിലൂടെ രക്തത്തില്‍ എത്തുന്ന തന്മാത്രകളെ കൃത്രിമമായി ഉണ്ടാക്കി രക്തത്തിലേക്ക് നേരിട്ട് കടത്തിയാല്‍ ദഹനം വഴി ലഭിച്ചതോ അതോ കുത്തി വച്ചതോ എന്ന് തിരിച്ചറിയാന്‍ പോലും പറ്റാത്ത വിധം സാധാരണ വിധത്തില്‍ ശരീരം അത് ഉപയോഗിക്കും. ഗ്ലൂക്കോസ് ലായനി ട്രിപ്പ് ആയി കയറ്റി ക്ഷീണം മാറ്റാന്‍ കഴിയുന്നത് ഇത് കൊണ്ടാണ്.
4. എന്നാല്‍ രക്തത്തില്‍ പ്രോടീന്‍ രൂപത്തില്‍ തന്നെ ആവശ്യമായ ധാരാളം പ്രോട്ടീനുകള്‍ ഉണ്ട്. എന്‍സൈമുകള്‍ എല്ലാം ആ വിഭാഗത്തില്‍ പെടുന്നു, ഹോര്‍മോണുകളും. ഇവ അമിനോ ആസിഡ് രൂപത്തില്‍ രക്തത്തില്‍ എത്തിയിട്ട് കാര്യമില്ല. അതുകൊണ്ട് തന്നെ അത്തരം പ്രോടീനുകള്‍ ശരീരത്തില്‍ ഉത്പാദനം കുറഞ്ഞു പോയാല്‍ അത് വായിലൂടെ ഒഴിച്ചിട്ട് കാര്യമില്ല. കാരണം അത് ദഹന വ്യവസ്ഥയില്‍ ചെന്ന് അടിസ്ഥാന തന്മാത്രകള്‍ ആയ അമിനോ ആസിഡുകള്‍ ആയിരിക്കും രക്തത്തില്‍ എത്തി ചേരുക. അത് കൊണ്ട് ഒരിക്കലും നമ്മുടെ ആവശ്യം നടക്കില്ല. ഇതിന് ഏറ്റവും നല്ല ഉദാഹരണം ആണ് ഇന്‍സുലിന്‍. ഇത് ഒരു പ്രോടീന്‍ ആയത് കൊണ്ടാണ് ഇതിന്‍റെ ടാബ്ലെറ്റ് ലഭ്യമല്ലാത്തത്. രക്തത്തിലേക്ക് കുത്തി വെക്കുക തന്നെ വേണം. ഇതൊന്നും പ്രകൃതിപരം (പ്രാകൃതം) അല്ല എന്ന് സമ്മതിക്കുന്നു. പക്ഷെ ശാസ്ത്രീയമാണ്.
5. വാക്സിനിലും ഇത് തന്നെയാണ് പ്രശ്നം. രോഗാണുവിന്റെ അപകടം അനുസരിച്ച് നേര്പ്പിച്ച്ചോ അല്ലാതെയോ ശരീരത്തില്‍ എത്തിച്ച് "ഇങ്ങനെയൊരാള്‍ ചിലപ്പോ വന്നേക്കും അപ്പൊ കരുതിയിരുന്നോ അടിച്ചോടിച്ചെക്കണം" എന്ന് പറഞ്ഞു പരിചയപ്പെടുത്തുകയാണ് വാക്സിനേഷന്‍ എന്ന്‍ പറയാം.ബോധപൂര്‍വം രോഗാണുവിനെ ഇട്ട് കൊടുത്ത് ശരീരത്തിന്റെ സ്വാഭാവികമായ പ്രധിരോധ ശേഷിയെ മെച്ചപ്പെടുത്തി എടുക്കുന്നു. അപ്പോള്‍ ചില വാക്സിനുകളിലെ സെല്ലുകള്‍ അതെ പടി രക്തത്തില്‍ എത്തിയേ പറ്റൂ അല്ലെങ്കില്‍ നമ്മള്‍ നേരത്തെ പറഞ്ഞ ദഹനത്തിന്റെ പ്രശ്നം വരും. മരുന്നാണോ വാക്സിനാണോ ഭക്ഷണമാണോ എന്ന് തിരിച്ചറിയാനുള്ള ഇന്റെലിജെന്‍സ് ഒന്നും ദഹന വ്യവസ്ഥക്ക് ഇല്ലെന്ന്‍ ചുരുക്കം. എന്നാല്‍ ഈ പ്രശ്നം ഇല്ലാത്ത വാക്സിനുകളും ഉണ്ടാകാം. അത് വായിലൂടെ തന്നെ കൊടുക്കുന്നുണ്ടല്ലോ.. ഉദാ: പോളിയോ വാക്സിന്‍. 3 തുള്ളി കൊണ്ട് പോളിയോ എന്ന ദുരിതത്തെ ഭൂമുഖത്ത് നിന്ന് ഉന്മൂലനം ചെയ്ത ചരിത്രം നമ്മള്‍ മറന്ന് പോകരുത്.
6. എന്നാലും വൈദ്യ ശാസ്ത്രത്തിന്റെ പത്തൊന്‍പതാം നൂറ്റാണ്ടിലെ എടുത്തു ചാട്ടം ആയി തന്നെ പറയാവുന്ന Hypodermic needle കുത്തുന്നത് കമ്പിപ്പാര കൊണ്ടുള്ള കുത്താക്കി കളഞ്ഞ സാറേ... ഉള്ളില്‍ സങ്കടം ഉണ്ട് ട്ടോ...
No comments:
Post a Comment