Sunday, 23 April 2017

പരസിറ്റാമോളും എലിവിഷവും

പാരസിറ്റാമോളും സിങ്ക് ഫോസ്ഫയിഡും പിന്നെ എന്റെ സത്യന്യേഷണ പരീക്ഷണങ്ങളും....
കഴിഞ്ഞ ദിവസം ജേക്കബ് വടക്കുഞ്ചേരിയുടെ ഒരു 5 മിനിറ്റ് വീഡിയോ
ക്ലിപ്പ് വാട്സാപ്പില്‍ കിട്ടിയിരുന്നു. പാരസിറ്റാമോള്‍ ഒരു മൂന്നെണ്ണം പൊടിച്ച് ചോറില്‍ കുഴച്ച് എലിശല്യം ഉള്ളിടത്ത് വച്ചാല്‍ എല്ലാം ചത്ത് കിട്ടും പോലും. എന്തോ വലിയ കണ്ടു പിടുത്തം പോലെ ആര്‍ക്ക് വേണമെങ്കിലും പരീക്ഷിക്കാം എന്നൊക്കെ അലറി അട്ടഹസിക്കുന്നുണ്ട്.
so what is the moral of the story ?
പാരസിറ്റാമോള്‍ അസ്സല്‍ എലിവിഷം ആണ്. ഈ എലിവിഷം ആണ് ഡോക്ടര്‍മാര്‍ നമുക്ക് പനി മാറാന്‍ ആണെന്നും പറഞ്ഞു തരുന്നത്. മരുന്നുകള്‍ എല്ലാം വിഷമാണ്. എങ്ങനുണ്ട് തിയറി..? ;)
ഇതാണ് ഈ പ്രകൃതി അണ്ണന്മാരുടെ ഒരു ക്വാളിറ്റി, ഒരു കാര്യം കണ്ട ഉടനെ അങ്ങ് തിയറയിസ് ചെയ്തു കളയും. നമ്മളെ പോലെ ഈ തിയറിക്ക് മുന്നറിവുകളുമായി ഒത്തുപോക്ക് (correspondence) ഉണ്ടോ എന്നോ വരാനിരിക്കുന്ന ഒരു പരീക്ഷണത്തിന്റെ ഫലത്തെ കുറിച്ച് പ്രവചന ശേഷി (predictability) ഉണ്ടോ എന്നൊന്നും ഇവര്‍ക്കൊരു പ്രശ്നമേ അല്ല.
എന്താണ് പാരസിറ്റാമോള്‍..? (കൂടുതല്‍ ചികയാന്‍ നില്‍ക്കുന്നില്ല, ഇവിടത്തെക്ക് ആവശ്യമുള്ളത് മാത്രം പറയാം, കൂടുതല്‍ ചികയാനുള്ള വിവരവും എനിക്കില്ല, ഞാന്‍ മെഡിക്കല്‍ ഫീല്‍ഡില്‍ അല്ല, ഇനി ഉണ്ടെങ്കിലും അതിന്റെ ആഴവും വ്യാപ്തിയും അറിയാന്‍ അല്ല നിങ്ങള്‍ ഇത് വായിക്കുന്നത് എന്ന് എനിക്ക് നല്ല ബോധ്യം ഉണ്ട്)
അസിറ്റൊമിനോഫെന്‍ (acetaminophen) എന്ന് പറയുന്ന ഒരു രാസവസ്തുവാണ്
പാരസിറ്റമോള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ഇത് ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന antipyretic and analgesic മരുന്നാണ്. United states department of food and drug administration (FDA) പാരസിട്ടാമോളിനെ over-the-counter (OTC) വിഭാഗത്തില്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡോക്ടറുടെ പ്രിസ്ക്രിപ്ക്ഷന്‍ ഇല്ലാതെ തന്നെ മെഡിക്കല്‍ ഷോപ്പില്‍ പോയി വാങ്ങി കഴിക്കാവുന്ന വളരെ സെയ്ഫ് ആയിട്ടുള്ള ഒരു മെഡിസിന്‍ ആണ് പാരസിറ്റാമോള്‍. കൂടുതല്‍ ബിര്യാണി കഴിച്ചു വയര്‍ വേദന വന്നാല്‍ ആരും ഡോക്ടറെ കാണാറില്ല. ഡയിജീന്‍, ജൂലുസില്‍, റാനിറ്റിഡിന്‍, അതും അല്ലെങ്കില്‍ സാന്‍ടാക് ഇതില്‍ ഏതെങ്കിലും ഔ ഗുളിക വാങ്ങിച്ചു കഴിക്കും. ഇതുപോലെ പ്രത്യേകിച്ച് പകര്‍ച്ച പനി ഒന്നും ഇല്ലാത്ത അവസരങ്ങളില്‍ മഞ്ഞുകൊണ്ടു ബൈക്കില്‍ യാത്ര ചെയ്ത് പനി വന്നാല്‍ വേണമെങ്കില്‍ ഡോക്ടറെ കാണാതെ തന്നെ രണ്ടു മൂന്ന് ഡോസ് പാരസിറ്റാമോള്‍ പരീക്ഷിക്കാവുന്നതാണ്. (not recommended )
ഇത്രക്ക് പാവം പിടിച്ച മാടപ്രാവാണ് പാരസിറ്റമോള്‍ എങ്കില്‍ പിന്നെ എലി ചത്തതോ..? എന്നായിരിക്കും ഇപ്പൊ നിങ്ങള്‍ മനസ്സില്‍ വിചാരിക്കുന്നത്. ഒരു കാര്യം ആദ്യമേ പറയാം. എലി ചാവും, അതില്‍ സംശയം ഒന്നും വേണ്ട. പക്ഷെ എലിയെ കൊല്ലാന്‍ ആണെങ്കില്‍ അതിനേക്കാള്‍ നല്ലത് സിങ്ക്ഫോസ്ഫയിഡ് ആണ്.
നമ്മള്‍ പാരസിറ്റമോള്‍ കഴിച്ചാല്‍ ഉടനെ ദഹിച് വിവിധ ഘടകങ്ങള്‍ ആയി അമിനോഫിനോള്‍ amino-phenol) എന്ന ജാതിയില്‍ പെടുന്ന ഒരു കെമിക്കല്‍ ഉണ്ടാവുകയാണ് ചെയ്യുന്നത്. ഇത് വെള്ളത്തില്‍ ലയിക്കുന്ന തന്മാത്രകള്‍ ആണ്. സൊ രക്തത്തില്‍ അലിഞ്ഞ് വൃക്കയില്‍ വച്ച് അരിച്ചു മാറ്റി മൂത്രത്തിലൂടെ പുറം തളളും. ആവശ്യം കഴിയുന്നതും ആളെ ഉടന്‍ ചവിട്ടി പുറത്താക്കും എന്ന് സാരം.
എന്നാല്‍ എലികളില്‍ ഈ പറഞ്ഞ അമിനോഫിനോള്‍ ആക്കി മാറ്റുന്ന എന്സയിം ഇല്ല. സൊ ഇത് ശരീരത്തില്‍ നിന്ന് പുറം തള്ളപ്പെടുന്നില്ല, അതുകൊണ്ട് തന്നെ വളരെ ചെറിയ അളവില്‍ പോലും അവരുടെ ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ തകരാറിലാവും. മനുഷ്യര്‍ക്ക് സാധാരണ കൊടുക്കുന്നത് 500mg - 650mg(Dolo) 3-4 times per day ആണ്. ഇതൊക്കെ വിഷം വളരെ വളരെ കുറഞ്ഞ ഡോസ് ആണ്. സ്ഥിരമായി ടാബ്ലെറ്റ് കഴിക്കുകയും അതോടൊപ്പം ഇന്‍ജക്ഷന്‍ എടുക്കുകയും എല്ലാം കൂടെ ചെയ്യുന്നവരില്‍ ലിവറിന്റെ കാര്യം അല്‍പ്പം കഷ്ടത്തില്‍ ആവാറുണ്ട്, അത് ഗുളിക നിര്‍ത്തി രണ്ടാഴ്ച കഴിഞ്ഞാല്‍ നോര്‍മല്‍ ആവും, പാരസിറ്റമോള്‍ ഓവര്‍ ഡോസ് കഴിച് ഡയാലിസിസ് ഒക്കെ വേണ്ടി വരുന്നത് 10g-12g (20 - 24 tablets) ഒറ്റയടിക്ക് ഉള്ളില്‍ ചെല്ലണം. 30g പാരസിറ്റമോള്‍ കഴിച്ചാല്‍ മരണം സംഭവിക്കാം എന്ന് പറയുമ്പോള്‍ അതിന്റെ വലിപ്പം മെഡിക്കല്‍ ഫീല്‍ഡില്‍ ഉള്ളവര്‍ പോലും പലപ്പോഴും ഓര്‍ക്കാറില്ല. ചായപ്പൊടിയുടെയോ കാപ്പിപ്പോടിയുടെയോ അളവല്ല നമ്മള്‍ ഇവിടെ പറയുന്നത്. 30g എന്ന് വച്ചാല്‍ 60 tablets ആണ്. തലയ്ക്കു വെളിവുള്ള ആരും അത്രയും കഴിക്കാറില്ല.
ജീവികളിലെ ജൈവ രാസ പ്രവര്‍ത്തനങ്ങള്‍ ഓരോ ജീവിക്കും സൂക്ഷ്മ തലത്തിലും ചിലപ്പോഴൊക്കെ സ്ഥൂല തലത്തില്‍ തന്നെയും വളരെ വത്യസ്തമാണ്. അതുകൊണ്ട് പുറത്തു നിന്ന് ഒരു വസ്തു ഒരു ജീവിയുടെ ശരീരത്തില്‍ കയറിയാല്‍ അത് ഈ പറഞ്ഞ രാസ പ്രവര്‍ത്തനത്തില്‍ ഇടപെട്ടെക്കാം, അത് ഗുണകരമോ ദോഷകരമോ ആവാം, ഒരു ജീവിക്ക് ദോഷകരം ആവുന്നത് വേറെ ജീവിയെ ഒന്നും ചെയ്തില്ലെന്ന് വരാം. തിരിച്ചും സംഭവിക്കാം. പറഞ്ഞു വന്നത് വിഷങ്ങള്‍ എന്ന് പറയുന്നത് പ്രത്യേക ലാബല്‍ ഉള്ള ദിവ്യ വസ്തുക്കള്‍ അല്ല.
ഒന്ന് രണ്ടു ഉദാഹരങ്ങള്‍ കൂടെ പറഞ്ഞിട്ട് നിര്‍ത്താം.
മനുഷ്യന്‍ കറിയിലും ചമ്മന്തിയിലും, പപ്പടത്തിലും, മോരിലും, അചാരിലും ഇട്ട് ദിവസം സ്പൂണ്‍ കണക്കിന് കഴിക്കുന്ന ഉപ്പ് ഒരു നുള്ള് മണ്ണിരയുടെ ശരീരത്തില്‍ ഇട്ടാല്‍ അത് പിടഞ്ഞു ചാവും. അതിന്റെ തൊലിയിലെ ജലാംശത്തില്‍ ഉപ്പ് ലയിക്കുമ്പോള്‍ അവിടെ ജലത്തിന്റെ ഗാഡത (concentration) കുറഞ്ഞ് ഉള്ളിലെ ജലം വൃതിവ്യാപനം (osmosis) വഴി പുറത്തു വരികയാണ് ചെയ്യുന്നത്. സ്കിന്നിലെ ജലാംശത്തില്‍ ലയിക്കുന്ന ഓക്സിജന്‍ ശ്വസിക്കുന്ന ഈ ജീവി ശ്വാസം മുട്ടിയാണ് മരിക്കുന്നത്. അപ്പൊ നാളെ മുതല്‍ ഉപ്പ് കഴിപ്പ്‌ നിര്‍ത്തിയാലോ..?
നമ്മുടെ കിണറ്റിലെ അണുക്കളെ ഒക്കെ കൊന്നു വെള്ളം ശുദ്ധി ആക്കാന്‍ ഉപയോഗിക്കുന്ന ബ്ലീച്ചിംഗ് പൌഡര്‍ അല്‍പ്പം എടുത്ത് അക്വേറിയത്തില്‍ കലക്കി നോക്കിയാല്‍ ഇതുപോലെ മറ്റൊരു ഉദാഹരണം കിട്ടും. ഗപ്പി ഒക്കെ ആണെങ്കില്‍ കലക്കിയാല്‍ മതി, വില കൂടിയ മീന്‍ ആണെങ്കില്‍ വെറുതേ പരീക്ഷിച് കാശ് കളയരുത്.
നമ്മുടെ കുട്ടികള്‍ ബാര്‍ കണക്കിന് ഇരുന്ന് അകത്താക്കുന്ന ഗാലക്സി ഫ്രൂട്ട് ആന്‍ഡ്‌ നട്സ് ചോക്കലേറ്റ് (ഒരു പഞ്ചിന് പറഞ്ഞെന്നെ ഒള്ളൂ, ഏത് ചോക്കലേറ്റ് ആണെങ്കിലും അതേ) ഒരു കഷ്ണം (>50g) അകത്തു പോയാല്‍ ഒരു അല്ഷേസ്യന്‍ പട്ടി വായില്‍ നിന്ന് രക്തവും നുരയും പതയും വന്ന് പിടഞ്ഞു ചാവും. സൊ കുട്ടികള്‍ ഒക്കെ ഉള്ള വീട്ടില്‍ ശ്രദ്ധിക്കുക, അവര്‍ സ്നേഹം കാരണം വായില്‍ വച്ച് കൊടുക്കും, മധുരം കാരണം പട്ടി അപ്പോഴേ അത് വിഴുങ്ങുകയും ചെയ്യും. ചോക്കലേറ്റ്ലെ കൊക്കോയില്‍ അടങ്ങിയിട്ടുള്ള തിയോബ്രോമിന്‍, കഫീന്‍ (കാപ്പിക്കുരുവില്‍ ഉള്ള ആല്‍ക്കലൊയിഡ്) ദഹിപ്പിച്ച് ശരീരത്തില്‍ നിന്ന് വെളിയില്‍ തള്ളാന്‍ ഉള്ള മെക്കാനിസം പട്ടിയുടെ ശരീരത്തില്‍ ഇല്ല. സൊ ഈ സാധനങ്ങള്‍ ശരീരത്തില്‍ കെട്ടിക്കിടന്ന് അപസ്മാരമോ ഹാര്‍ട്ട് അറ്റാക്കോ ഉണ്ടാക്കി പട്ടിയെ കൊല്ലും. പട്ടിയുടെ ഹൃദയം കേടാക്കുന്ന ഇതേ തിയോബ്രോമിന്‍ മനുഷ്യരില്‍ ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണെന്ന് പഠനങ്ങള്‍ കാണിക്കുന്നു. ചായയും കാപ്പിയും കുടിക്കുമ്പോള്‍ ഈ ഘടകങ്ങള്‍ തലച്ചോറില്‍ ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ വഴിയാണ് ഉന്മേഷം തോന്നുന്നത്. നാളെ കാലത്ത് ഉറക്കം എണീറ്റ് വാട്സപ്പ് നോക്കുമ്പോള്‍ മലയാളി കാലത്തെ കുടിക്കുന്നത് പട്ടി വിഷമാണ് എന്ന വീഡിയോ ക്ലിപ്പ് കാണേണ്ടി വരുമോ...?
കലികാലം തന്നെ.

ഹാസ്യ നിരൂപണങ്ങള്‍ - 2

പോസ്റ്റിന്റെ ആദ്യ ഭാഗം ഇവടെ വായിക്കാം... ഹാസ്യ നിരൂപണങ്ങൾ

ഈ പോസ്റ്റില്‍ നമ്മള്‍ ചര്‍ച്ച ചെയ്യാന്‍ പോകുന്നത് മലയാളത്തിലെ സുപ്പര്‍ താരങ്ങൾ ആയ മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ഓരോ സൂപ്പർ ചിത്രങ്ങൾ ആണ്. THE GREAT FATHER and 1971 BEYOND BORDERS

1) THE GREAT FATHER

ദ ഗ്രേറ്റ് ഫാദർ... (spoiler alert)
സപ്ത സാഗരങ്ങളെ പോലെ പരന്ന് സ്ലോമോഷനിൽ ആർത്തിരമ്പുന്ന ഗ്രേറ്റ് ഫാദറിനെ നിരൂപിക്കാൻ മുൻ കൈകൾ എടുക്കുമ്പോൾ എൻ്റെ മുന്നിലും പിന്നിലും സൈഡിലും ഉണ്ടായിരുന്ന ഏറ്റവും വലിയ ചോദ്യം എവിടെ നിന്ന് ആരംഭിക്കും എന്നതാണ്. അതിന് ഉത്തരം കണ്ടെത്തുക എന്ന വലിയ പ്രോബ്ലം അപ്രോക്‌സിമെറ്റ് ചെയ്ത് ഒരു താൽക്കാലിക സൊല്യൂഷൻ ഉണ്ടാക്കി അവതരിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്. തെറ്റുകളും പോരായ്മകളും മാന്യ വായനക്കാർ കാര്യമായിട്ടെടുക്കില്ല എന്ന പ്രതീക്ഷയോടെ ആരംഭിക്കട്ടെ.
ഗ്രേറ്റ് ഫാദർ സിനിമയിൽ മമ്മൂട്ടി, ആര്യ, സ്നേഹ, മിയ തുടങ്ങി താര പരിവേഷം ഉള്ളവരും കൂടാതെ പ്രത്യേകിച്ച് പരി ഒന്നും ഇല്ലാത്ത കൊറേ വേഷങ്ങളും ഉണ്ട്. ഹനീഫ് അദനി ആണത്രേ സംവിധാനം ചെയ്തേക്കുന്നത്. അപ്പൊ പ്രാഥമിക വിവരങ്ങൾ കഴിഞ്ഞു. പ്രധാന ഭാഗത്തേക്ക് കടക്കാം.
സിനിമയുടെ ഏബീസീഡി പോയിട്ട് അആഇഈ പോലും അറിയാത്ത ചില നിരൂപകർ സിനിമയുടെ ഫസ്റ്റ് വളരെ മനോഹരം ആണെന്നും എന്നാൽ സെക്കൻഡ് ഹാൽഫ്‌ കേവലമായ ഫാൻസിന്റെ തൃപ്തിക്ക് വേണ്ടി ഉണ്ടാക്കിയ ക്ളീഷേ ഷോസ് ആണെന്നും നിരൂപിക്കുന്നത് കണ്ടു. ഫാൻസിനു എന്താണ് കുഴപ്പം..? തലക്ക് വെളിവില്ലായ്മ ഒരു കുറ്റമല്ലല്ലോ അതൊരു അവസ്ഥയല്ലേ..? ശല്യം സഹിക്കാൻ വയ്യാതെ ആധുനിക സമൂഹം അകറ്റി നിർത്തിയ ഇക്കൂട്ടർക്ക് വേണ്ടി കുറച്ച സീനുകൾ ഉൾപ്പെടുത്തിയത് അഭിനന്ദനം അർഹിക്കുന്ന ഒരു സാമൂഹ്യ പ്രവർത്തനം ആയി ഈയുള്ളവൻ കാണുന്നു. യദാർത്ഥത്തിൽ, ഫാൻസ്‌ അല്ലാത്തവരും അതിന്റെ ഗുണഭോക്താക്കൾ ആണ് എന്നാണു എന്റെ അഭിപ്രായം. വളരെ മനോഹരമായ സിനിമ കാണുന്നതിന്റെ ഇടയിൽ ഉറക്കത്തിലേക്ക് വഴുതി വീഴുന്നവരെ ഫാൻസ്‌ ആർത്തും ഒച്ചയിട്ടും കൂവിയും ഉണർത്തി തരും. അതുകൊണ്ട് അത്തരം സീനുകൾക്ക് അതിന്റേതായ പ്രാധാന്യം ഉണ്ടെന്നും അതുകൊണ്ടു ഒരു സിനിമ കൂടുതൽ നന്നാവുകയാണ് ചെയ്യുന്നത് എന്നുമാണ് ഞാൻ സൂചിപ്പിച്ചത്.
മറ്റൊരു കാര്യം എന്താണെന്ന് വച്ചാൽ.. പലരും മനസിലാക്കി വച്ച പോലെ സിനിമയുടെ പ്രധാന ഭാഗം ഫസ്റ്റ് ഹാഫ് അല്ല. അത് സെക്കൻഡ് ഹാഫ് ആണ്. അതെ.. നിങ്ങൾ വിശ്വസിച്ചേ പറ്റൂ... അതിനു മുന്നേ നായകൻ, സഹ നടൻ, വില്ലൻ ഇവരെ കുറിച് രണ്ടു വാക്ക് പറയാം.
നായകൻ ഡേവിഡ് നൈനാൻ എന്ന കഥാപാത്രത്തെ മമ്മൂട്ടി ആണ് ചെയ്യുന്നത്. ലോക സിനിമയിൽ തന്നെ ഇന്ന് വരെ വന്നിട്ടില്ലാത്ത ഒരു പുതു പുത്തൻ ആശയം ആണ്. തന്റെ മകളെ റേപ് ചെയ്ത റേപ്പിസ്റ്റിനെ പോലീസിനോ നിയമത്തിനോ വിട്ടു കൊടുക്കാതെ അവരെയൊക്കെ തോൽപ്പിച്ചു തനിക്ക് കൊല്ലണം എന്ന ആശയവുമായി ജാക്കറ്റിട്ട്, കൂളിംഗ് ഗ്ളാസ് വച്ച്, ഷൂസിട്ട് കഷ്ടപ്പെട്ട് സ്ലോ മോഷനിൽ നടക്കുന്നു. ഇയാളുടെ സ്ലോ മോഷനിൽ ഉള്ള നടത്തം കാരണം രണ്ടു തവണയാ വില്ലൻ ഓടി രക്ഷപ്പെട്ടത്.
ഇനി സഹ നടൻ ആര്യ... പോലീസ് ഓഫിസർ ആണ്. രഹസ്യാന്വേഷണ വിഭാഗത്തിൽ ആയതുകൊണ്ട് യൂണിഫോം ഇടേണ്ട കാര്യമില്ല. പക്ഷെ പുള്ളി ആ അവസരം നന്നായിട്ടങ്ങു മുതലാക്കുന്നുണ്ട്. മൈക്കലാഞ്ചലോയുടെ ഡേവിഡ് സ്റ്റാച്ച്യൂ കഴിഞ്ഞാൽ പിന്നെ പുരുഷ സൗന്ദര്യത്തിന്റെ ഏറ്റവും ഉദാത്തമായ മാതൃകയായി പുള്ളി അണിഞ്ഞൊരുങ്ങി നടക്കുന്നു. വില്ലനെ മമ്മൂട്ടിക്കു വിട്ടു കൊടുക്കാതെ പൊക്കി നിയമത്തിന് മുന്നിൽ ഹാജരാക്കാൻ ഒക്കെ ആയിരിക്കണം ലക്‌ഷ്യം. പെട്ടെന്ന് ഊഹിക്കാൻ കഴിഞ്ഞത് വളരെ പുതുമയുള്ള ഒരു ആശയം ആയത് കൊണ്ടാണ്.
ഇനി വില്ലൻ... വില്ലന് മുഖമില്ല എന്നൊക്കെ ചിലർ പറയുന്നത് കണ്ടു, അത് വസ്തുത വിരുദ്ധമാണ്, ആക്ച്വലി മുഖം ഉണ്ട്. അതിന്റെ മുകളിൽ ഏതോ കിഡ്സ് കാർണിവൽ കാണാൻ പോയപ്പോ 20 രൂപക്ക് മേടിച്ച ഒരു മുഖം മൂടി വച്ചിട്ടുണ്ട്. അത്കൊണ്ട് മുഖം നമുക്ക് കാണാൻ കഴിയാത്തതാണ്. പിന്നെ ഒരു മഞ്ഞ റെയിൻ കൊട്ട് ഇട്ട് സിംപ്ലിസിറ്റിയുടെ പര്യായമായ ഒരു വില്ലൻ ആണ്. വില്ലന്റെ പേരാണ് ഏറ്റവും അടിപൊളി. ജോക്കർ. വില്ലൻ ഒരു പീഡോഫൈൽ ആണ്. പിന്നെ ജോലി ഒക്കെ കഴിഞ്ഞു ചുമ്മാ ഇരിക്കുമ്പോ സീരിയൽ ഒക്കെ കണ്ടു കഴിഞ്ഞ ശേഷം ഒരു ഹോബി എന്ന നിലക്ക് സൈഡ് ആയിട്ട് സീരിയൽ കില്ലിംഗ് ഒക്കെ ഉണ്ട്. കൂടാതെ കില്ലിങിന്റെ വിശദാംശങ്ങൾ പോലിസിനേം മമ്മൂട്ടീനേം പിന്നെ ഒരു പത്രക്കാരനേം ഒക്കെ വിളിച്ചു പറയും. അങ്ങേർക്ക് ഫെയ്മസ് ആവാനാണ് ആഗ്രഹം, വേദനിക്കുന്ന കോടീശ്വരൻ ആണെന്ന് തോന്നുന്നു. ഇതൊക്കെ വായിക്കുമ്പോൾ തന്നെ ആ ഒരു പുതുമ നിങ്ങൾക്ക് ഫീൽ ചെയ്യുന്നില്ലേ.. അതാണ്.. അതാണ് കാര്യം.
ഈ മൂന്നു കഥാപാത്രങ്ങളുടെയും വിവരണം കേട്ടപ്പോൾ മലയാളം സിനിമയോട് ബഹുമാനം ഇല്ലാത്ത ചിലർക്കൊക്കെ നോളന്റെ ഡാർക് നൈറ്റിലെ ബ്രൂസ് വെയിൻ, ഹാർവി ഡെന്റ, ജോക്കർ എന്നീ കഥാപാത്രങ്ങളിലേക്ക് മാപ്പ് ചെയ്യാൻ തോന്നുന്നു എങ്കിൽ അത് നിങ്ങൾക്ക് മലയാള സിനിമയോടുള്ള അസൂയ കൊണ്ട് മാത്രമാണെന്ന് ഞാൻ പറയും. നിങ്ങളെ പോലുള്ളവരെ കൊണ്ടാണ് മലയാള സിനിമയിൽ നല്ല കഥാപാത്രങ്ങൾ ഉണ്ടാവാത്തത്. നിങ്ങൾ ഒക്കെ ഒന്ന് വായടച്ചിരുന്നാൽ നമ്മുടെ കഥ കൃത്തുക്കൾ നല്ല അസ്സലായി കോപ്പി അടിച്ചു മലയാള സിനിമയുടെ നിലവാരം എന്നെ ഉയർത്തിയേനെ.
സിനിമ തുടങ്ങുമ്പോൾ മമ്മൂട്ടിയുടെ മകൾ അച്ഛനെ പറ്റി കൊറേ പൊക്കുന്നു... ഇത് തന്നെയല്ലേടേ ഡാഡി കൂളിൽ ഉള്ളത് എന്ന് ദയവായി ചോദിക്കരുത്. അതിൽ ആൺ കുട്ടിയാണ് ഇതിൽ പെൺകുട്ടിയാണ്. മുദ്ര ശ്രദ്ധിക്കണം. ഇത് വളരെ പുതുമയുള്ള സിനിമയാണ്. പക്ഷെ മമ്മൂട്ടി ആ പറയുന്നതൊന്നും അല്ല വളരെ സാധാരണക്കാരന് ആണെന്ന് തെളിയിക്കുന്ന സീൻ ആണ് ഇൻട്രോ സീൻ. അതിൽ ഒരു കിടിലം കാറും കൊണ്ട് പറപ്പിച്ചു വന്ന് പാവം സ്‌കൂൾ കുട്ടികൾ പോകുന്ന ബസ്സിനെ വട്ടം വച്ച് നിർത്തി കൊച്ചുങ്ങളെ മുഴുവൻ പേടിപ്പിച്ചതും പോരാഞ്ഞിട്ട് ഒരു ബനിയനും അതിനുമുകളിൽ ടീഷർട്ടും, അതിനു മുകളിൽ ഒരു ചോന്ന ജാക്കറ്റും, ഒരു ജെട്ടിയും (അങ്ങനെ കരുതുന്നു) ജീൻസ് പാന്റും, സോക്‌സും ഷൂവും എല്ലാം കൂടെ ദേഹത്ത് വച്ച് കെട്ടി പൊരി വെയിലത്ത് കൊടും ചൂടത്ത് ഇറങ്ങി നിൽക്കുന്ന ആ ഒരു നിൽപ്പ് ഉണ്ടല്ലോ... അത് കണ്ടാൽ ആരായാലും ചോദിച്ച് പോകും ഏതാടാ ഈ വേട്ടാവളിയനെന്ന്. അത്രക്ക് കിടു ആണ്. ഹെയർ സ്റ്റയിൽ ആണ് എടുത്ത് പറയേണ്ടത്. ഞാൻ വിശദീകരിക്കാൻ ശ്രമിക്കാം. മമ്മൂട്ടി ചൂട് കാരണം മൊത്തം ട്രിം ചെയ്യാൻ വേണ്ടി ബാർബർ ഷോപ്പിൽ പോയതായിരുന്നു. രണ്ടു സൈഡ് ട്രിം ചെയ്ത് കഴിഞ്ഞപ്പോ ട്രിമ്മറിലെ ബാറ്ററി ചാർജ് തീർന്നു എന്ന് സങ്കൽപ്പിക്കുക. അപ്പൊ എങ്ങനെയുണ്ടാകും..? അതെന്നെ.
പിന്നെ മമ്മൂട്ടിയുടെ മകൾ റേപ് ചെയ്യപ്പെടുന്ന അവസരത്തിലെ അഭിനയം കണ്ടപ്പോൾ ആണ് ഇക്കയുടെ അഭിനയ മികവ് എനിക്ക് ശരിക്കും മനസിലായത്. ആദ്യമൊക്കെ നമുക്ക് തോന്നും റേപ്പ് ഒക്കെ ഇങ്ങേർക്ക് വെറും നിസാരമാണെന്ന് പിന്നെയാണ് മനസിലായത് അദ്ദേഹം ഉള്ളിലുള്ള ദുഃഖം പ്രേക്ഷകരായ നമ്മളെ പോലും അറിയിക്കാതെ എല്ലാം ഉള്ളിൽ സ്വയം കടിച്ചമർത്തി കഷ്ടപ്പെട്ട് അഭിനയിക്കുകയായിരുന്നു എന്ന്. വല്ലാത്ത ഒരു ഇഷ്ടം തോന്നി. സൊ ഇനി മമ്മൂട്ടി എന്ന് വിളിക്കുകയില്ല, ഇക്ക എന്നെ വിളിക്കൂ...
ഫസ്റ്റ് ഹാഫ് ഇത്രോയെക്കെയേ ഒള്ളൂ മ്മക്ക് സെക്കൻഡ് ഹാഫിലേക്ക് പോവാം. അവിടെ ഇക്കയുടെ തനി നിറം പുറത്ത് വരുന്നു, ഒരു സെക്യൂരിറ്റി കാരന്റെ മൂക്കിടിച്ചു പരത്തുന്നു, അയാളുടെ അളിയനെ അടിച്ചു ചമ്മന്തി ആക്കുന്നു, ഒരു മഞ്ഞ ലേഖകന്റെ കയ്യിൽ ഗുണ്ട് വച്ചു പൊട്ടിക്കുന്നു, ഇതൊക്കെ നാടിന്റെ നന്മക്ക് വേണ്ടി ആണല്ലോ എന്നാലോചിക്കുമ്പോഴാ ഒരു ആശ്വാസം.
ആര്യയും ഇക്കയും കണ്ടു മുട്ടുന്നു, ഇക്ക കിടു ആണെന്ന് ഇക്ക തന്നെ പറയുന്നു, എനിക്ക് വേണ്ടി തള്ളാൻ ഒരു മൂപ്പന്റെയും ആവശ്യമില്ലടാ കിഴങ്ങന്മാരെ ഞാൻ തന്നെ തള്ളും എന്ന് പ്രഖ്യാപനം നടത്തി കൊണ്ട് ഇക്ക മാതൃകയാവുന്നു.
ഒരു പെടോഫൈലിനെ ആര്യ പോകുന്നു. അദ്ദേഹം അതിൽ ഒരു തെറ്റും ഇല്ലെന്നു വാദിക്കുന്നു. തെറ്റും ശരിയും തീരുമാനിക്കാൻ മനുഷ്യർ ആരാണെന്ന നിഷേയുടെ പോസ്റ്റ് മോഡേൺ ഫിലോസഫി അവതരിപ്പിക്കുന്നു. ഉടനെ തന്നെ ആധുനികതയുടെ വക്താവായ ആര്യ അങ്ങേരുടെ കാൽ വിടർത്തി വച്ച് ചുക്കാമണി ചവിട്ടി പൊട്ടിക്കുന്നു. നല്ല നീതിന്യായം തന്നെ ല്ലേ..? പിന്നെ രണ്ടു പേരുടെ ചുക്കാമണി ഇക്ക തല്ലി പൊട്ടിക്കുന്നുണ്ട്
പക്ഷെ ഇത് കേവലമായ വയലൻസ് ആയി കാണുന്നത് ശരിയല്ല. ആധുനികതയുടെ വരവോട് അതിനെ ചോദ്യം ചെയ്തുകൊണ്ട് ശരി, തെറ്റ് എന്നൊന്നും ഇല്ലെന്നും നമ്മൾ പവർ ഉപയോഗിച്ച് എന്ത് വേണമെങ്കിലും ചെയ്യാമെന്നുമുള്ള ഉത്തരാധുനിക യൂറോപ്യൻ ചിന്തകൾ അവിടെ ഫാസിസവും നാസിസവും പിറവിയെടുക്കുന്നതിന് കാരണം ആയെങ്കിലും രണ്ടാം ലോക മഹാ യുദ്ധത്തോടെ അതെല്ലാം അവസാനിച്ചു. പക്ഷെ അതെ കാലത്ത് ഇന്ത്യ പോലുള്ള ജ്ഞാനോദയം പൂർത്തിയാകാത്ത മൂന്നാം ലോക രാജ്യത്ത് ആധുനികതക്ക് വിലങ്ങു തടിയായി നിൽക്കുന്ന ഒരു കാൻസർ ആയ ഈ ഉത്തരാധുനികതയെ ഉന്മൂലനം ചെയ്യണം എന്നാണ് ഓപ്പറേഷൻ ചുക്കാമണി ചവിട്ടി പൊട്ടിക്കലിലൂടെ സംവിധായകൻ മെറ്റഫോറിക്കളി കൺവെ ചെയ്യാൻ ഉദ്ദേശിക്കുന്ന ആശയം. മനസിലായി കാണുമെന്ന് കരുതുന്നു.
പിന്നെ ഇക്ക സ്വന്തം നിലക്ക് അന്വേഷിക്കുന്നു, വില്ലനെ പൊക്കുന്നു, വില്ലൻ ഇക്കയുടെ മണ്ടക്ക് പൊട്ടിക്കുന്നു, കൈകൾ കെട്ടിയിട്ട് ഒരു മലയുടെ പീക്കിൽ കൊണ്ട് പോയി പൊതിരെ തല്ലുന്നു. അടി കൊണ്ട് അവശനായ ഇക്ക പെട്ടെന്ന് സട കുടഞ്ഞ് എഴുന്നേൽക്കുന്നു, ഇത് തന്നെ അല്ലെടേ തുപ്പാക്കിയിലെ ക്ളൈമാക്സില് വിജയ് ചെയ്യുന്നത് എന്നൊന്നും ചോദിക്കരുത്, അത് രാജ്യത്തിനു വേണ്ടിയാണ്, ഇത് സംസ്ഥാനത്തിന് വേണ്ടിയാണ്. വളരെ വലിയ വത്യാസം ഉണ്ട്. എന്തായാലും വല്യ കാര്യത്തിൽ മുഖം കാണിക്കാതെ ഒളിപ്പിച്ചു വച്ചിട്ട് അവസാനം കാണിച്ചപ്പോ രണ്ടു സീനിൽ പോലും തികച്ചു കാണിക്കാത്ത ഒരു പാവത്തിനെ ആയിരിന്നു എന്ന കാരണം കൊണ്ട് ഞാൻ ഞെട്ടി പണ്ടാരടങ്ങി മൂന്ന് കപ്പ് വെള്ളം കുടിച്ചു.
വളരെ നല്ല ഒരു സിനിമ... എന്റെ റേറ്റിങ് 5/5 ഫാൻസ്‌ ഇല്ലാത്ത തിയേറ്റർ ആയിരുന്നെങ്കിൽ 4.5/5 കൊടുക്കാൻ പറ്റൂ... കാരണം ഉണർത്താൻ അവർ ഇല്ലായിരുന്നെങ്കിൽ ഉറങ്ങി പല നല്ല ഭാഗങ്ങളും കാണാൻ കഴിയുമായിരുന്നില്ല. കാണാതെ എങ്ങനെ മാർക്ക് ഇടാനാ..? അതും എന്നെ പോലെ നീതിമാനായ ഒരു റിവ്യൂർ. കഴിയില്ല. ഇതിനെ ഒരു ടോറന്റ് ഹിറ്റ് ആക്കരുത് എന്ന് അപേക്ഷ.


2) 1971 BEYOND BORDERS


1971 beyond borders...
ആമസോണ്‍ കാടുകളിലെ വൃക്ഷ ലതാതികള്‍ മുഴുവന്‍ പേനകളാവുകയും അറ്റ്ലാന്റിക് സമുദ്രത്തിലെ വെള്ളം മുഴുവന്‍ മഷിയാവുകയും സഹാറാ മരുഭൂമി മുഴുവന്‍ പേപ്പര്‍ ആവുകയും ചെയ്‌താല്‍ പോലും യുഗയുഗാന്തരങ്ങള്‍ കൊണ്ട് വര്‍ണിച്ചു തീര്‍ക്കാന്‍ കഴിയാത്ത ഒരു ഗാലക്സിയാണ് 1971.
സിനിമയുടെ സംവിധായകന്‍ മേജര്‍ രവി സാറിനെ എല്ലാവര്ക്കും അറിയാമല്ലോ. ഇന്ത്യക്കാരുടെ രോമാഞ്ച, മുടിയാഞ്ച, മീശാഞ്ച, താടിയാഞ്ച, (എന്തോ ഒന്ന് വിട്ടു പോയല്ലോ... ആ! എന്ത് പണ്ടാരമെങ്കിലും ആവട്ടെ) കഞ്ചുകമാണ് രവിസാർ. കീർത്തിചക്ര, കുരുക്ഷേത്ര, പിക്കറ്റ് 43 തുടങ്ങിയ വളരെ വളരെ വെത്യസ്തമായ ചിത്രങ്ങൾ തന്റെ സംവിധാന മികവിൽ നിന്നും അടർന്നു വീഴുന്നതിലൂടെ വത്യസ്തത എന്ന വാക്കിനെ പോലും വെത്യസ്തമായ അർത്ഥ തലങ്ങളിലൂടെ കൊണ്ട് പോവുകയായിരുന്നു ആ മഹാ പ്രതിഭ. രവിസാറിനെ പറ്റി പറയാൻ ആണെങ്കിൽ ഇനിയുമുണ്ട്. നമുക്ക് സിനിമയിലേക്ക് കടക്കാം.
പ്രത്യേകിച്ച് ലാറ്റിറ്റ്യൂടോ ലോങ്ങിറ്റിയൂടോ ഇല്ലാത്ത ഒരു സ്ഥലം, കിടിലം ലാൻഡ്സ്കേപ് വ്യൂസ് ഒക്കെ കാണിക്കുന്നു. കൊറേ മഞ്ഞൊക്കെ ഉണ്ട്, അവിടെ UN ന്റെ കൊറേ വണ്ടി വരുന്നു. എങ്ങും ശാന്തം. ഇരുട്ടിൽ അതാ ഒരാൾ... ഒരു ബോംബ്, രണ്ടു ബോംബ്, ചറ പറ ബോംബ്, പിന്നെ വെടി, പൊക.. ആരൊക്കെയോ വെടി വെക്കുന്നു, അതിൽ ഒരു പട്ടാളക്കാരനെ വെടി വെടിവെക്കാൻ നിൽക്കുന്ന ഒരു പാവം തീവ്രവാദി പെട്ടെന്ന് എവിടുന്നോ വെടി കൊണ്ട് മറിഞ്ഞു വീഴുന്നു. വീഴുമ്പോൾ പുറകിൽ ലാലേട്ടൻ കൊച്ചു പിള്ളേർ ക്രിക്കറ്റ് കളിക്കുമ്പോൾ നമ്മുടെ വിക്കറ്റ് എടുത്താൽ ഉണ്ടാക്കുന്ന ആ ഭാവവുമായി വിശ്വവിഖ്യാതമായ കുമ്പയും പിന്നെ ഒരു തോക്കും താങ്ങി നിൽക്കുന്നു. ലോക സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്ത വളരെ പുതുമയാർന്ന ഈ ഇൻട്രോ സീൻ അവതരിപ്പിക്കുന്നതിലൂടെ രവിസാർ ഇത് എന്നാ ഭാവിച്ചാണാവോ. പിന്നെ കൊറേ പേരെ തുരുതുരാ വെടി വെക്കുന്നു, ലാലേട്ടൻ വെടി വച്ചാൽ ഒരു മരണം ഉറപ്പ്. വേറെ ആർക്കും ഈ ഒരു പ്രിവിലേജ് ഇല്ല. അങ്ങനെ ഇന്ത്യൻ ആർമി പാക്കിസ്ഥാൻ ആർമിയുടെ കൂടെ 1971 ലെ അവരുമായുള്ള ഇന്ത്യയുടെ വിജയം ആഘോഷിക്കുന്നു. അവിടെ വച്ച് എല്ലാരും സെന്റി അടിക്കുന്നു. ലാലേട്ടന്‍ പാകിസ്ഥാൻ പട്ടാളക്കാരെ കൊണ്ട് "ക്ഷ" വരപ്പിച്ച വീര ശൂര പരാക്രമിയായ തൻ്റെ അച്ഛൻ മേജർ സഹദേവനെ കുറിച്ച് പറഞ്ഞു കൊണ്ട് പ്രേക്ഷകരിൽ "ദേവ്യേ..." എന്ന ഒരു ഫീലിംഗ് ഉണ്ടാക്കുന്നു. നമ്മൾ എല്ലാവരും സ്നേഹത്തിൽ ആണെന്നും ശത്രുത ഉണ്ടാക്കുന്നത് ഒർടേഴ്‌സ് ആൻഡ് ബോർഡേഴ്സ് ആണെന്നും ലാലേട്ടൻ പറഞ്ഞപ്പോൾ സ്പന്ദിക്കുന്ന ഹൃദയമുള്ള ആരുടേയും നയനങ്ങൾ നനഞ്ഞു പോകും.
പിന്നെ നേരെ വയസായി പേരമക്കളുടെ കൂടെ പട്ടാള ബഡായി അടിക്കുന്ന മേജർ സഹദേവൻ അപ്പൂപ്പനെ കാണിക്കുന്നു. പുള്ളി കൊന്ന പാകിസ്ഥാൻ പട്ടാളക്കാരനു വേണ്ടി പുഷ്പാർചന നടത്തുന്നു. ഒന്നും മനസിലാവാത്ത പിള്ളാര്ക്ക് സഹദേവൻ അപ്പൂപ്പൻ തന്റെ പഴയ കല പട്ടാള കഥകൾ പറഞ്ഞു കൊടുക്കുന്നു. അപ്പൂപ്പന്റെ കാര്യമായി ഒരു കുഴപ്പവും ഇല്ലാത്തത് കൊണ്ട് കാണിക്കാൻ ഇരിക്കുന്ന യുദ്ധത്തിൽ മേജർ സഹദേവന് ഒന്നും പറ്റാന്‍ പോകുന്നില്ല എന്ന വാഗ്ദാനം ആണ് രവിസാർ നമുക്ക് നൽകുന്നത്. "മേജർ സഹദേവൻ സെയിഫ് ആണ്... ധൈര്യമായി സിനിമ കണ്ടു കൊള്ളുക" അതാണ് ഒരു ഡയറക്സ്റ്റർക്ക് ഫാൻസിനോടുള്ള സ്നേഹം എന്നൊക്കെ പറയുന്നത്.
അങ്ങനെ പഴയ കാലം... ലാലേട്ടൻ ലീവിൽ നാട്ടിൽ വന്ന സമയം. ടീഷർട്, മുണ്ട്, കുറി, നാട്, നാട്ടുകാർ, അമ്പലം, ഒരു രാജ്യസ്നേഹി മത സൗഹാർദ്ദ മുസ്ലിം ഫ്രണ്ട്, ഭാര്യ, മകൻ, തമാശകൾ, കള്ളുകുടി, അടി, അലമ്പ്, ബഹളം, ആകെ മൊത്തം ഒരു ഫീൽ ഗുഡ്. ഇമ്മാതിരി പുതുമകൾ ഒക്കെ എടുക്കുമ്പോ ഒരു സൂചന താരമായിരുന്നു രവിസാറെ.. മനുഷ്യന്മാർ പേടിച്ചു പോവില്ലേ..? ഒരു സീൻ ഞാൻ ഒന്ന് വിവരിക്കാം... ലാലേട്ടൻ കടുത്ത മതേതരവാദി ആണ്. സുലൈമാനെ അമ്പലത്തിലേക്ക് വിളിക്കുന്നു അന്നേരം ഒരു കീഴാള കഥാപാത്രം അതിനെ എതിർക്കുന്നു. അപ്പൊ ലാലേട്ടൻ പറയുന്ന ഒരു ഡയലോഗ് ഉണ്ട്.."ഇന്നലെ മുണ്ടുടുത്ത് കുറി തൊട്ട് അമ്പലത്തിൽ കയറിയ നീ ഒന്നും ഇവിടെ അഭിപ്രായം പറയണ്ട" (ആശയം ഇതാണ്) "caste is the reality ind india, religion is virtual" എന്ന ബാബാസാഹിബ് അംബേദ്‌കറിന്റെ സാമൂഹ്യ ശാസ്ത്ര സിദ്ധാന്തത്തെ അടിമേലെ മറിച്ചു വെച്ച് കൊണ്ട്, ഇവിടെത്തെ അപ്പർ കാസ്റ്റ്, ഹിന്ദുത്വ, എലൈറ്റിസ്റ് ഊളകളുടെ അന്തഃകരണങ്ങളിൽ പൂത്തിരി കത്തിക്കുന്നതിൽ രവിസാർ കാഴ്ച വച്ചത് ഒരു പരിപൂർണ വിജയമാണ് എന്ന് പറയാതെ വയ്യ.
പിന്നെ യുദ്ധം പ്രഖ്യാപിക്കുന്നു. ലാലേട്ടൻ അതിർത്തിയിലേക്ക് യാത്രയാവുന്നു. എന്നിട്ട് ഒരു വലിയ പതാകയുടെ അടിയിൽ നിന്നും കരയിലേക്ക് കപ്പൽ കയറി വരും പോലെ ലാലേട്ടൻ യൂണിഫോമിൽ പ്രത്യക്ഷപ്പെടുന്നു. ബാക് ഗ്രൗണ്ടിൽ ദേശീയഗാനം. സരിഗഗഗഗഗഗരിഗമ ഗാഗഗ രീരിരി നിരിസാ... ഹോ രജ്യസ്നേഹം സിരകളിലേക്ക് പടർന്നു കയറുന്ന സുന്ദരമായ മുഹൂർത്തം. എന്നിട്ട് ലാലേട്ടന്റെ ഒരു കിടിലം ഡയലോഗ്. "we dont die... മരിക്കുന്നെങ്കില്‍ അത് ശത്രുക്കള്‍ ആയിരിക്കും" രാജ്യസ്നേഹം തൊട്ടു മുന്നേ ഫുൾ ചാർജ് ആയോണ്ട് ട്രോൾ ആണോ എന്ന സംശയം ഉണ്ടായില്ല. അതാണ് രവിസാറിന്റെ സംവിധാന മികവ്. പിന്നെയും എന്തൊക്കെയോ ആ മലയാളം അറിയാത്ത പാവങ്ങളെ പൊരി വെയിലത്ത് വരിവരിയായി നിർത്തി മലയാളത്തിൽ കണ്ണിൽ ചോരയില്ലാതെ വെച്ച് കാച്ചുന്നുണ്ട്. ഒരു പട്ടാളക്കാരൻ എന്തും സഹിക്കാനും മനസിലാക്കാനും കഴിവുള്ളവൻ ആയിരിക്കണം എന്നാണു അതിലൂടെ രവിസാർ ഉദ്ദേശിച്ചത്.
മറ്റു പട്ടാള സിനിമകളിൽ നിന്നും 1971 നെ വത്യസ്തമാക്കുന്ന നിരവധി എലമെന്റ്കളിൽ പ്രധാനമായ ഒന്ന് ഇത് തന്നെ ആണ്. രാജ്യത്തിനു വേണ്ടി മരിക്കാൻ തയ്യാറാവുക എന്നൊക്കെ എല്ലാരും പറയുന്നതാണ്. അതിൽ കാര്യമില്ല, രാജ്യത്തിനു വേണ്ടി മരിച്ചാൽ യുദ്ധം ജയിക്കാൻ കഴിയില്ലെന്നും, ശത്രുവിനെ അവന്റെ രാജ്യത്തിനു വേണ്ടി മരിക്കാൻ അനുവദിച്ചു നമ്മൾ മരിക്കാതെ തിരിച്ചു വന്നു വിജയം ആഘോഷിക്കണം എന്നും ഉപദേശിക്കുന്നതിലൂടെ ഒരു പട്ടാളക്കാരന്റെ ധർമത്തെ കുറിച്ച് ഉണ്ടായിരുന്ന പാരമ്പര്യ സമൂഹത്തിന്റെ (traditional society) ധാരണകളെ ഒറ്റയടിക്ക് അട്ടി മറിക്കുകയും പുതിയ പാരമ്പര്യാനന്തര (post traditional) വൈജ്ഞാനിക മണ്ഡലത്തിലേക്ക് നമ്മുടെ ലോക വീക്ഷണത്തെ (world view) വലിച്ചിഴച്ചു കൊണ്ട് പോവുകയുമാണ് രവിസാർ ചെയ്യുന്നത്. "അപ്പൊ ഇതുപോലെ ശത്രുക്കളും വിചാരിച്ചാൽ നമ്മൾ തേഞ്ഞു റൊട്ടി ആവില്ലേ സേട്ടാ.." എന്നാരേലും ചോദിച്ചിരുന്നേൽ ലാലേട്ടൻ പ്ലിങ്ങി പോയേനെ.
ലാലേട്ടന് പാകിസ്ഥാൻ പട്ടാളക്കാരോട് ശത്രുതയൊന്നും ഇല്ല. പട്ടാളക്കാർ വളരെ മാന്യന്മാർ ആണ്. അവർ യുദ്ധ മുഖത്ത് മാത്രമേ നമ്മളെ ശത്രുക്കളായി കാണുന്നുള്ളൂ. അതും അവൻ്റെ ഡ്യൂട്ടി നിർവഹണം മാത്രമാണ്. അവർ ഓർഡറുകൾ അനുസരിക്കുക മാത്രമാണ് ചെയ്യുന്നത്. തുടങ്ങിയ വളരെ മനോഹരമായ ചിന്തകൾ ആണ് രവിസാർ സിനിമയിലൂടെ അവതരിപ്പിക്കുന്നത്. പാകിസ്ഥാൻ പട്ടാളത്തിൽ മാത്രം കണ്ടു വരുന്ന ചില പട്ടാള നാമധാരികളോടാണ് ലാലേട്ടന് കലിപ്പ്. അവർ ധീരന്മാർ അല്ല എന്നാണു പ്രധാന അതിനുള്ള പ്രധാന കാരണം. അവർ നേർക്കുനേരെ യുദ്ധം ചെയ്യുന്നതിന് പകരം ചതി പ്രയോഗിക്കുമത്രേ. പിന്നെ പിടിക്കപ്പെട്ട പട്ടാളക്കാരെ ബഹുമാനിക്കില്ല, അവരെ ടോർച്ചർ ചെയ്യും പോലും, മൃദദേഹത്തിന്റെ പോലും മുഖം വികൃതമാക്കും. ഇങ്ങനെയുള്ള നാമധാരികളോടാണ് ലാലേട്ടന് കലിപ്പ്. പാക്കിസ്ഥാൻ പട്ടാളത്തിലെ തന്നെ ഇടതുപക്ഷ പട്ടാളക്കാർ ഈ കാര്യത്തിൽ ലാലേട്ടനോട് യോചിക്കുന്നുണ്ട്.
ഇന്ത്യക്കാർ ഒരിക്കലും യുദ്ധം ആഗ്രഹിക്കുന്നില്ല, ലാലേട്ടൻ ബൈബിളിലെ "കൊല്ലരുത്" എന്ന ആശയത്തിൽ അടിയുറച്ച വിശ്വസിക്കുന്ന ഒരാളാണ്. കൊല്ലുക എന്നത് അദ്ദേഹത്തിന്റെ പേഴ്‌സണൽ എത്തിക്സിന് പൂർണമായും എതിരാണ്. പക്ഷെ ഒരു പട്ടാളക്കാരൻ എന്ന നിലക്ക് തന്റെ പ്രൊഫഷണൽ എത്തിക്സ് പ്രകാരം തന്റെ മുന്നിലുള്ള ശത്രുവിനെ കൊല്ലേണ്ടി വരുന്നു. കേവലം അത് മാത്രമാണ് നമ്മൾ ചെയ്യുന്നതെന്നും ലാലേട്ടൻ പല കുറി വ്യക്തമാക്കുന്നു. തടവുകാരെ ടോർച്ചർ ചെയ്യുന്നത് ഭാരത സംസ്കാരത്തിന് എതിരാണ്. നമ്മുടെ സംസ്കാരം "അതിഥി ദേവോ ഭവ:" എന്നാണെന്നും ലാലേട്ടൻ കൂട്ടാളികളെ ഉണർത്തുന്നു. പക്ഷേ ഇന്ത്യൻ പട്ടാള തടവുകാരെ പാകിസ്ഥാന്‍ പട്ടാള നാമധാരികൾ ടോർച്ചർ ചെയ്യുന്നുണ്ട്. എന്നിട്ട് ആ ടോർച്ചർ ചെയ്യുന്നവരെ പോലും ടോർച്ചർ ചെയ്യാതെ കൊന്ന് ലാലേട്ടൻ മാതൃകയാവുന്നു. ഇവിടെ പെഴ്സണല്‍ എത്തിക്സും പ്രൊഫഷണല്‍ എത്തിക്സും തമ്മിലുള്ള ബൌണ്ടറി ലൈനിന്റെ ഫെതെര്‍ കുറച്ചു ഷാര്‍പ്പ് ആക്കി ആധുനിക എത്തിക്കല്‍ ഫിലോസഫിയില്‍ ഗ്രൌണ്ട് ചെയ്യുകയാണ് രവിസര്‍ ചെയ്യുന്നത്.
പിന്നെ കൊറേ പട്ടാളക്കാർ അവിടെന്നും ഇവിടെന്നും വരുന്നു, യുദ്ധ മുഖത്ത് നാടും വീടും സകലതും മറന്നു ശത്രുവിനെ മാത്രമേ ശ്രധിക്കാവൂ എന്ന് ലാലേട്ടൻ പറയുന്നു. "നാടിനു വേണ്ടി എല്ലാം മറന്ന ധീര നായകരെ..." ഒരു കമ്മ്യൂണിസ്റ്റ് പാട്ട് അല്ലായിരുന്നെങ്കിൽ ഇവിടേക്ക് മാച്ച് ആവുമായിരുന്നു. കൊറേ പേര് ഗീത വായിച്ചു ധൈര്യം സംഭരിക്കുന്നു.... "മാഫലേഷു കണകുണാ..." യുദ്ധം തുടങ്ങുന്നു, പിന്നെ കുറെ വെടി, പീരങ്കി, ഗ്രനൈഡ്‌, ബോംബ്, ലാലേട്ടൻ കൊറേ പേരെ വെടി വച്ച് കൊല്ലുന്നു, വെടി വെച്ചിട്ട് ചാവാത്തവരെ തോക്ക് കൊണ്ട് തല്ലി കൊല്ലുന്നു. അങ്ങനെ എന്തൊക്കെയോ നടക്കുന്നു.
കിട്ടിയ ഗ്യാപ്പിൽ ഒരു ദേശസ്നേഹം ഇല്ലാത്ത ഊച്ചാളി മേലുദ്യോഗസ്ഥൻ വന്ന് യുദ്ധം നിർത്താൻ പറയുന്നു, പ്രേക്ഷകരായ നമ്മൾ പോലും ആകെ കലി തുള്ളുന്നു. ലാലേട്ടൻ നല്ല ചുട്ട മറുപടി കൊടുത്തു അയാളെ രാജ്യസ്നേഹം പഠിപ്പിച്ചു വിടുന്നു, പിന്നല്ല... ലാലേട്ടനോടാ കളി. ഇതൊക്കെ വേറെ വല്ല സിനിമയിലും കണ്ടു എന്നത് ഒരു വലിയ കുറ്റമായി നിങ്ങൾ കണ്ടു പിടിക്കുകയാണെങ്കിൽ രാജ്യസ്നേഹം എല്ലായിടത്തും ഒന്നാണെടാ എന്നാണു എനിക്കതിനു പറയാനുള്ള മറുപടി.
പിന്നെ പട്ടാളത്തിലെ ലാലേട്ടന്റെ ഇഷ്ടക്കാരൻ ആയ ഒരു തമിഴൻ ചെക്കന് കൊറേ ലവ് ലെറ്റർ വരുന്നു, അവൻ അതൊക്കെ വായിക്കുന്നു, ആ സമയത്ത് നാട്ടിലെ കാമുകിയുടെ കൂടെയുള്ള പ്രണയ നിമിഷങ്ങൾ കോർത്തിണക്കിയ ഒരു പാട്ട്. പാട്ട് കഴിഞ്ഞ ഉടനെ വാർ പുനർ ആരംഭിക്കുന്നു. ആ യുദ്ധത്തിൽ മ്മടെ ചെക്കൻ വെടി കൊണ്ട് മരിക്കുന്നു. ഇതൊക്കെ കീർത്തിചക്രയിൽ കണ്ടതല്ലേടേ എന്നാണു നിങ്ങൾക്ക് ചോദിക്കാൻ ഉള്ളതെങ്കിൽ മനുഷ്യന്റെ കഥ എല്ലാ കാലത്തും ഒന്നാണെടാ എന്നാണു എനിക്കതിനു മറുപടിയായി പറയാൻ ഉള്ളത്.
അങ്ങനെ നമ്മുടെ ചെക്കന്റെ ചിത കത്തിക്കാൻ സമയം ഒരു വൈകുന്നരം ആയതു കൊണ്ട് ലാലേട്ടൻ കത്തിക്കാൻ വിസമ്മതിക്കുന്നു. അവൻ യാത്രയാകേണ്ടത് അസ്തമയ സൂര്യനോടൊപ്പമല്ല ഉദയ സൂര്യനോടൊപ്പം ആയിരിക്കണം അതോണ്ട് ആണത്രേ അങ്ങനെ. അങ്ങനെ ലാലേട്ടൻ ചിത കത്തിക്കാൻ ഉള്ള കോൽ അവിടെ കുത്തി നാട്ടി, അത് അണയാതെ നോക്കാൻ ആളെ ഏൽപ്പിച്ചു അവന്മാരെ തീർത്തു നാളെ രാവിലെ കൊളുത്താം എന്നും പറഞ്ഞു പോകുന്നു.
എന്നിട്ടെന്താ അവരെ തീർത്തു രാവിലെ തന്നെ വന്നു തീ കൊളുത്തുന്നു. വളരെ മനോഹരമായ നന്മയുള്ള ഒരു സിനിമ. ഇത് മിസ് ചെയ്യരുതേ എന്ന് അപേക്ഷ.