Saturday, 22 October 2016

പേടിപ്പിക്കുന്ന കെമിക്കലുകള്‍

ഈ ലേഖനം 21/10/16ന് ഫെയ്സ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത് തുടര്‍ന്ന് നാരദ ന്യൂസ് പബ്ലിഷ് ചെയ്തതാണ് തുടര്‍ന്ന് വന്ന ചര്‍ച്ചകളുടെ സഹായത്തോടെ എഡിറ്റ്‌ ചെയ്ത് ഇവിടെ ഉപ്പിലിട്ട് വെക്കുന്നു :)

അജിനോമോട്ടോ...!


ആളുകൾ ഇടിമിന്നലിനേക്കാളും പേടിക്കുന്ന ഒരു സാധനം ആണിത്.

കണ്ടതും കേട്ടതും എല്ലാം വിശ്വസിക്കുകയും പേടിക്കുകയും ചെയ്യുന്നതാണ് ശാസ്ത്ര ബോധമില്ലാത്ത ഒരു സമൂഹത്തിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്ന്. ചാത്തനും മറുതയും ജിന്നും മാലാഖയും ഒക്കെ ഉണ്ടെന്ന് വിശ്വസിക്കാൻ ഉള്ള അതേ കാരണം തന്നെയാണ് അജിനോമോട്ടോ പേടിയുടെയും, ആന്റി ബയോട്ടിക് പേടിയുടെയും, കീടനാശിനി പേടിയുടെയും, മൊബൈൽ ടവർ പേടിയുടെയും എല്ലാം പുറകിൽ ഉള്ളത്. അന്വേഷണ ത്വരയുടെ കമ്മി.


"അജിനോമോട്ടോ ഒക്കെ ചേർത്തത് ആയിരിക്കും അധികം കഴിക്കണ്ട...", "ഞങ്ങൾ അതൊന്നും വീട്ടിൽ ഉപയോഗിക്കാറില്ല...", "പരമാവധി അജിനോമോട്ടോ ഒക്കെ ചേർത്ത ഫുഡ് ഒഴിവാക്കും..." ഒരു ടിപ്പിക്കൽ മലയാളി അഭിമാനത്തോടെ, അവന്റെ/അവളുടെ ആരോഗ്യത്തെ കുറിച്ച് അവർ വളരെയധികം ബോധവാന്മാർ ആണ് എന്ന ആത്മവിശ്വാസത്തോടെ എടുക്കുന്ന നിലപാടുകൾ ആണിതെല്ലാം. ആരോഗ്യത്തെ കുറിച്ച് ഇത്രയധികം കോൺഷ്യസ് ആയ സമൂഹങ്ങൾ വിരളമാണ്. നമുക്ക് ഡസൻ കണക്കിന് ആരോഗ്യ മാസികകൾ ഉണ്ട്. പക്ഷേ ഇവയെല്ലാം തന്നെ ഒരേ രോഗത്തിന് ഒരു ആയുർവേദ ലേഖനവും, ഒരു ഹോമിയോ ലേഖനവും, ഒരു മോഡേൺ മെഡിസിൻ ലേഖനവും എല്ലാം ഒരേ പ്രാധാന്യത്തോടെ വച്ച് ഒരു പോസ്റ്റ് മോഡേൺ മസാലക്കൂട്ട് ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഇത്തരം പേടികൾ പടച്ചു വിടുന്നതിൽ അവർ ആരും തന്നെ ഒട്ടും പുറകിലല്ല. മലയാളിക്ക് പിന്നെ അച്ചടിച്ച് വന്നാൽ മതി, അത് മഹത്തായ സത്യമായി. ചില ഹോട്ടലുകൾ "അജിനോമോട്ടോ പോലുള്ള രാസവസ്തുക്കൾ ഈ സ്ഥാപനത്തിൽ ഉപയോഗിക്കുന്നില്ല" എന്ന് A4 പേപ്പറിൽ പ്രിന്റ് ചെയ്ത് എന്തോ വല്യ സംഭവം ആണെന്ന നിലക്ക് പുറത്ത് ഒട്ടിച്ച് വെക്കും. "ഞങ്ങൾ ക്ളീനാണ്" എന്ന ഒരു ധ്വനി.


അജിനോമോട്ടോക്ക് എതിരെ വായ തുറക്കുന്ന പലരോടും ഞാൻ ചോദിച്ചിട്ടുണ്ട് എന്താണ് അതുകൊണ്ടുള്ള കുഴപ്പമെന്ന്., അതാർക്കും അറിയില്ല. മറുപടി ഇങ്ങനെയൊക്കെ ആണ്... "അത് കെമിക്കൽ ആണല്ലോ... അപ്പൊ അത് ആരോഗ്യത്തിന് നല്ലതല്ലല്ലോ.." ഇന്ന് സമൂഹം നേരിടുന്ന വലിയ ഒരു പ്രശ്നം കീമോഫോബിയയാണ്. കെമിക്കൽ ആണ് എന്ന കാരണം കൊണ്ട് ഒരു വസ്തുവിനോടുള്ള ഭയം. മറ്റൊരു മറുപടി "കാൻസർ" ആണ്. മലയാളിക്ക് പിന്നെ മിണ്ടിയാൽ അപ്പൊ കാൻസർ ആണ്. കൃത്യമായ ഉത്തരം അറിയാത്ത പ്രശ്നങ്ങൾക്ക് ഒക്കെ പണ്ട് ഉത്തരം ദൈവം ആയിരുന്നു. ഇപ്പൊ പ്രകൃതി വാദികളുടെ ദൈവമായി കാൻസർ മാറിയിരിക്കുന്നു. കാൻസർ എന്ന് പറയുന്ന സാധനം മിനിഞ്ഞാന്ന് ഉണ്ടായതല്ല. 65 മില്യൺ വര്ഷങ്ങള്ക്കു മുന്നേ എക്സ്റ്റിങ്റ്റ് ആയി പോയ ഭൂമിയിലെ സുൽത്താന്മാർ ആയിരുന്ന ദിനോസറുകളുടെ ഫോസിലിൽ നിന്ന് കാൻസർ കണ്ട് കിട്ടിയിട്ടുണ്ട്. 350 മില്യൺ വർഷങ്ങൾ പഴക്കമുള്ള ഒരു മീനിന്റെ ഫോസിലിന്റെ വായയിൽ ആണ് നമുക്ക് കിട്ടിയിട്ടുള്ള ഏറ്റവും പഴക്കമുള്ള കാൻസർ സെല്ലുകൾ ഉള്ളത്. കാൻസർ സങ്കീർണ ഘടനയുള്ള ബഹുകോശ ജീവികളുടെ കൂടപ്പിറപ്പാണ്.

അപ്പൊ പിന്നെ ഈ പൊടി എന്തൂട്ടാണ്...?


കൺക്ലൂഷൻ ആദ്യമേ അങ്ങ് പറയാം.. എന്നിട്ട് വേണമെങ്കിൽ വായിച്ചാൽ മതി.


1) അജിനോമോട്ടോ വളരെ സെയിഫ് ആണ്. അതിൽ വളരെ അധികം ഗവേഷണങ്ങൾ നടന്നിട്ടുണ്ട്. 1958ൽ U.S. Food and drug administration (FDA) യുടെ ക്ളാസിഫിക്കേഷൻ പ്രകാരം ഏറ്റവും സെയ്ഫ് ആയിട്ടുള്ള GRAS വിഭാഗത്തിൽ ആണ് ഇത് ഉൾപ്പടുത്തിയിട്ടുള്ളത്. 1987ൽ joint expert committee on food additives (JECFA) പരമാവധി ഒരു ദിവസം കഴിക്കാവുന്ന അജിനോമോട്ടോയുടെ അളവ് ( acceptable daily intake - ADI ) "not specified" എന്നാണ് തന്നെക്കുന്നത്. 1992ല്‍ അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ സെയ്ഫ് ആണെന്ന് അംഗീകരിച്ചു. പിന്നെ യൂറോപ്യന്‍ യൂണിയന്‍ ഒക്കെ അംഗീകരിച്ചിട്ടുണ്ട്.. അതിലേക്കൊന്നും പോകുന്നില്ല.. തല്‍ക്കാലം ഇത് മതി.


2) അജിനോമോട്ടോയില്‍ ആരോപിക്കപ്പെട്ടിരുന്ന പ്രശ്നം ശക്തമായ തലവേദനയും അസ്വസ്ഥതയും ലക്ഷണങ്ങള്‍ ആയിട്ടുള്ള "ചൈനീസ് റെസ്ട്ടോറന്റ്റ് സിണ്ട്രോം" എന്ന ഒരു നിസാര അസുഖം ആയിരുന്നു. (അല്ലാതെ കാന്‍സര്‍ ഒന്നും അല്ല). എന്നാല്‍ അതിന് തന്നെ അജിനോമോറ്റൊയുമായി ബന്ധമില്ലെന്ന് പിന്നീട് ഡബിള്‍ ബ്ലയിണ്ടഡ് പ്ലാസിബോ കണ്ട്രോള്‍ഡ് ട്രയല്‍ വഴി തെളിയിക്കപ്പെട്ടിട്ടുണ്ട്.

ഇനി തുടങ്ങാം ശരിക്കുള്ള കഥ.


ഗ്ലൂട്ടമിക് ആസിഡ് (glutamic acid) എന്നൊരു അമിനോ ആസിഡ് ഉണ്ട്. (-NH2, -COOH ഗ്രൂപ്പുകൾ ഒരുമിച്ച് വരുന്ന ഓർഗാനിക് സംയുക്തങ്ങൾ ആണ് അമിനോ ആസിഡുകൾ) ഇതിൽ ഇരുപത് എണ്ണം നമ്മുടെ ശരീരത്തിലെ പ്രോടീൻ നിർമാണത്തിന് ആവശ്യമുള്ളതാണ് ഇതില്‍ 9 എണ്ണം ശരീരത്തിന് സ്വയം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയില്ല. അവ ഭക്ഷണത്തിലൂടെ ലഭിക്കുക തന്നെ വേണം ഇവയാണ് essential amino acids. ബാക്കി 11 എണ്ണം ശരീരം ഉണ്ടാക്കിക്കോളും. ഇവയാണ് nonessential amino acids. നമ്മുടെ ചങ്ങാതി രണ്ടാമത്തെ വിഭാഗത്തില്‍ ആണ് വരുന്നത്. എന്ന് വച്ചാല്‍ അത് നമ്മുടെ ശരീരത്തില്‍ തന്നെ
സ്വയം ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. പ്രോടീൻ ദഹിച്ച് ഉണ്ടാവുന്ന പ്രോഡക്ട് ആണ് അമിനോ ആസിഡ്. (സ്റ്റാർച് ദഹിച്ച് ഗ്ലൂക്കോസ്, ഫാറ്റ് ദഹിച്ച് ഫാറ്റി ആസിഡുകളും ഗ്ലിസറോളുകളും ആണ് ഉണ്ടാവുന്നത്). സോ ഇതിൽ നിന്നും ശരീരത്തിന് ഊർജോൽപ്പാദനം സാധ്യമാണ്. ഈ അമിനോ ആസിഡിന്റെ സോഡിയം സാൾട്ട് ആണ് മോണോ സോഡിയം ഗ്ലൂട്ടമേറ്റ് (MSG) ഇതാണ് അജിനോമോട്ടോ. ഇതിൽ ഉള്ളത് Na+ അയോണും ഗ്ലൂട്ടമേറ്റ്( - ) അയോണും ആണ്. അല്ലാതെ ഇതിൽ മനുഷ്യന്മാർക്ക് ഹാനികരമായ ഒന്നുമില്ല. ഇത് ആർടിഫിഷ്യൽ ആണ് എന്ന വാദം പൂർണമായും ശരിയല്ല. ഇത് ആർട്ടിഫിഷ്യൽ ആയി ഉണ്ടാക്കാൻ പറ്റും എന്നത് ശരിയാണ് പക്ഷേ ക്കാളിയിലും ചീസിലും എല്ലാം പ്രകൃതിദത്തമായി കാണപ്പെടുന്നുണ്ട്. ഇവിടെ മനസിലാക്കേണ്ടത് ആർട്ടിഫിഷ്യൽ ആയി ഉണ്ടാക്കിയതാണോ അല്ലയോ എന്നത് ഒരു കെമിക്കലിന്റെ ഭൗതിക ഗുണത്തെയോ രാസ ഗുണത്തെയോ തീരുമാനിക്കുന്നില്ല. നമ്മുടെ വയറ്റിൽ കിടക്കുന്ന അതേ HCl നമുക്ക് ലാബിൽ ഉണ്ടാക്കാം. ഓർഗാനിക് സംയുക്തങ്ങൾ സിന്തറ്റിക് ആയി ഉണ്ടാക്കാൻ കഴിയാത്ത കാലത്ത് ഇനോർഗാനിക് സംയുക്തങ്ങളിൽ ഇല്ലാത്ത ഒരു "വൈറ്റൽ ഫോഴ്സ്" ഉണ്ടെന്ന് 1806ൽ ബ്രസീലിയസ് പ്രൊപ്പോസ് ചെയ്തിരുന്നു. പിന്നീട് വൂളർ അമോണിയം സയനേറ്റ് ചൂടാക്കി ആദ്യ സിന്തറ്റിക് ഓർഗാനിക് കോമ്പൗണ്ട് ആയ യൂറിയ ലാബിൽ ഉണ്ടാക്കി. വൈറ്റൽ ഫോഴ്‌സ് തിയറി പൊളിച്ച് കളഞ്ഞ് ആധുനിക ഓർഗാനിക് കെമിസ്ട്രിക്ക് തുടക്കം കുറിച്ചു. ഈ കാടും പടലയും ഒക്കെ തല്ലിയത് കീമോഫോബിയ ഇല്ലാതാക്കാൻ ആണെന്ന് മനസിലായി കാണുമല്ലോ ല്ലേ..?

അജിനോമോട്ടോ ആദ്യമായി ഉണ്ടാക്കിയത് ഒരു ജാപ്പനീസ്
Kikunae Ikeda
ബയോകെമിസ്റ്റ് ആയിരുന്ന
"കികുനാ ഇക്കടാ" ആണ്. ഉമാമി (പ്രാഥമിക രുചികൾ നാലെണ്ണം അല്ല 5 എണ്ണം ഉണ്ട്.. മധുരം, പുളി, ഉപ്പ്, കയ്പ്പ്, ഉമാമി... എരിവ് ഒരു രുചിയല്ല അതറിയാൻ നാവ് തന്നെ വേണമെന്നും ഇല്ല) രുചി ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്ന "കോമ്പു" എന്ന കടൽ പായലിൽ നിന്നും എക്സ്ട്രാക്ട് ചെയ്യുകയാണ് അദ്ദേഹം ചെയ്തത്. പിന്നീട് ഡ്യൂപ്ലിക്കേറ് ചെയ്തു.

നിർമാണം: വെജിറ്റബിൾ പ്രോടീനുകളെ ബാക്ടീരിയകളെ കൊണ്ട് ഫെർമന്റയിസ്‌ ചെയ്യിക്കുന്നു. ഇത് സുർക്ക, തൈര് പോലെ തന്നെ പുളിയുള്ള ഒരു ആസിഡ് തരുന്നു. (രുചി മുകുളങ്ങളിൽ H+ അയോൺ വന്ന് നിറയുമ്പോൾ ആണ് പുളി അനുഭവപ്പെടുന്നത്. സോ ആസിഡുകൾ എല്ലാം പുളിരുചി ഉണ്ടാക്കും, വീര്യം കൂടിയ സ്ട്രോങ്ങ് ആസിഡ് ഒരു തവണയേ പുളി രുചി ഉണ്ടാക്കൂ.. ഒടുക്കത്തെ രുചി. രുചി മുകുളങ്ങളിൽ ആൽക്കലി മെറ്റൽ അയോൺ (Li+, Na+, K+, Rb+) വന്ന് നിറയുമ്പോള്‍ ആണ് ഉപ്പ് രുചി അനുഭവപ്പെടുന്നത്.) സോ ഈ പുളി ഒഴിവാക്കാനും പകരം ഉപ്പ് രുചി ഉണ്ടാക്കാനും വേണ്ടി സോഡിയം മെറ്റല്‍ (മെറ്റല്‍ എന്ന് കേള്‍ക്കുമ്പോള്‍ ഇരുമ്പ് പോലെ എന്നൊന്നും വിചാരിക്കണ്ട സോഡിയം സോപ്പ് പോലെ കത്തി കൊണ്ട് മുറിച്ചെടുക്കാം) ചേര്‍ത് ചൂടാക്കുകയോ അല്ലെങ്കില്‍ NaOH ചേർക്കുകയോ ചെയ്യാം.

ഇപ്പൊ പറഞ്ഞതിൽ നിന്നും ഇതൊരു ഉപ്പായി ഉപയോഗിക്കാം എന്ന് മനസിലായി കാണുമല്ലോ. ഗ്ലൂട്ടമേറ്റ് അയോൺ ആണ് ആ മനോഹരമായ രുചി എൻഹാൻസർ ആയി പ്രവർത്തിക്കുന്നത്. സോഡിയം അയോൺ ഉപ്പ് രുചിയും നൽകുന്നു.




അപ്പോൾ പിന്നെ എത്രയും കഴിക്കാമോ എന്ന ചോദ്യത്തിന് ഉത്തരം ദാ.. കയ്യിൽ കിട്ടി കഴിഞ്ഞു. പിടുത്തം ഗ്ലൂട്ടമേറ്റ്ൽ അല്ല. നമ്മുടെ സോഡിയത്തിൽ ആണ്. ആ തെണ്ടിക്ക് ഒരു കുഴപ്പമുണ്ട് അവൻ രക്തത്തിലൂടെ പോകുന്നിടത്തെല്ലാം കാൽസ്യത്തെയും ( Ca++ ) കൊണ്ട് പോകും. അവനാണെങ്കിൽ മസിലുകളുടെ അകത്ത് കയറി മസിലുകളെ കൊണ്ട് മസിൽ പിടിപ്പിക്കുന്ന ഒരു ഏർപ്പാടുണ്ട്. രക്തക്കുഴലുകളിലും ഉണ്ട് അമ്മാതിരി മസിലുകൾ അങ്ങനെ അവന്മാർ മസിൽ പിടിച്ച് രക്തക്കുഴലിന്റെ ഇലാസ്തികത പോയി വണ്ണം കുറഞ്ഞ് ഹൈപ്പർ ടെൻഷൻ എന്ന "ബീപ്പീടെ അസുഖം" വരും. ഇത് രോഗങ്ങളുടെ രാജാവാണ്. സോ വന്നവർക്ക് ഞാൻ KCl - പൊട്ടാസിയം ക്ളോറയിഡ് സജസ്റ്റ് ചെയ്യുന്നു. (ഇന്തുപ്പ് എന്ന് പറഞ്ഞാല്‍ കിട്ടും) വരാത്തവരുടെ കാര്യം നോക്കാം. ഒരാൾക്ക് ഒരു ദിവസം സെയിഫ് കഴിക്കാവുന്നത് 6 - 7 ഗ്രാം ഉപ്പാണ് ( നാച്വറൽ ആയി കിട്ടുന്ന ഭക്ഷ്യ വസ്തുക്കൾക്കും ADI ഒക്കെ ഉണ്ട്) എന്നാൽ ഒരു ശരാശരി സൗത്ത് ഇന്ത്യ കാരൻ പപ്പടം, അച്ചാർ, ഉപ്പിലിട്ടത്, മോര്, ഉണക്കമീൻ എല്ലാം കൂടെ അകത്താക്കുന്നത് ഒരു ദിവസം 14 -15 ഗ്രാം. ഇതിനൊന്നും ആര്‍ക്കും ഒരു പേടിയുമില്ല. അജിനോമോട്ടോ ആണ് വലിയ വില്ലന്‍.

MSG യുടെ മോളിക്കുലാർ മാസ് ഉപ്പിനെക്കാൾ വളരെ കൂടുതലാണ്. സോഡിയത്തിന്റെ മാസ്സ് പേഴ്സന്റെജ് സാധാരണ ഉപ്പിൽ 39% എന്നാൽ MSGയിൽ വെറും 12%. അതായത് മൂന്നിൽ ഒന്ന് പോലും ഇല്ല. അപ്പോൾ വളരെ സെയിഫ് ആയി ഒരു ദിവസം കഴിക്കുന്ന ഉപ്പിന്റെ മൂന്ന് മടങ്ങ് വരെ അജിനോമോട്ടോ ഭക്ഷണത്തിൽ ഉപയോഗിക്കാം (ഏകദേശം 20 ഗ്രാം - പിന്നെ ഉപ്പ് വേറെയും ഉപയോഗിച്ച് കളയരുത്). കറിയുപ്പിനേക്കാള്‍ രുചിയുള്ളതും ആരോഗ്യപ്രഥവുമാണ്. വില ഇത്തിരി കൂടും അതുകൊണ്ട് അത്ര ലാഭകരമല്ല.

1 comment:

  1. വളരെ നല്ല പോസ്റ്റ്. ആശംസകളോടെ ...

    ReplyDelete