ഒരു കഥ...!
"ഒരു ദിവസം ഗാന്ധിജി വാരണാസിയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം പ്രയാഗിലേക്ക് യാത്ര പോവുകയായിരുന്നു. (നോര്‍ത്ത് ഇന്ത്യയിലെ സ്ഥലങ്ങള്‍ ആവുമ്പോ ഒരു പഞ്ച്കിട്ടും.. അയിനാണ്.) സൌരോഷ്ണം ശക്തമായിരുന്നു. ക്ഷീണവും ദാഹവും സഹിക്കാനാവാതെ ബുദ്ധിയില്ലാത്തവര്‍ പോലും വളരെ അധികം ബുദ്ധിമുട്ടിക്കൊണ്ടിരുന്നു. ആ സമയത്ത് ഗാന്ധിജിയുടെ കയ്യില്‍ അല്‍പ്പം വെള്ളമുണ്ടായിരുന്നു. എന്നാല്‍ ആ മഹാത്മാവിന്റെ ശ്രദ്ധ പോയത് ഒരു സഹജീവിയുടെ നൊമ്പരത്തിലേക്കാണ്. ട്രെയിനില്‍ ഒരു താടിയും ഒരു തൊപ്പിയും വച്ച ഒരു വൃദ്ധന്‍ വളരെ അസ്വസ്ഥനായി കാണപ്പെട്ടു.
ഗാന്ധിജി: എന്താണ് താങ്കളുടെ ദുഃഖം...?
അപ്പോള്‍ വൃദ്ധന്‍: എനിക്ക് മൂത്രമൊഴിക്കാന്‍ മുട്ടുന്നുണ്ട്.
അപ്പോള്‍ ഗാന്ധിജി: എങ്കില്‍ പോയി മൂത്രമൊഴിച്ചിട്ട് വരൂ സുഹൃത്തേ..!
അപ്പോള്‍ വൃദ്ധന്‍: ഞാന്‍ ഒരു മുസല്‍മാനാണ്. എന്റെ മതത്തില്‍ മൂത്രമൊഴിച്ചാല്‍ കഴുകണം. ട്രെയിനില്‍ ആണെങ്കില്‍ വെള്ളവുമില്ല.
കരളലിയിപ്പിക്കുന്ന ആ വാക്കുകള്‍ ആ മഹാത്മാവിന്റെ നെഞ്ചിലൂടെ ഒരു ശരം പായുന്ന പോലെ തോന്നിപ്പിച്ചു. (ആര്‍ക്കെങ്കിലും ഈ കഥ ഷോര്‍ട്ട്ഫിലിം എടുക്കാന്‍ ഉദ്ദേശം ഉണ്ടെങ്കില്‍ ഈ സീന്‍ ഏറ്റവും നന്നായി ഷൂട്ട് ചെയ്യാന്‍ ഞാന്‍ സഹായിക്കാം)
അങ്ങനെ ആ മഹാത്മാവ് കുടിക്കാന്‍ വച്ചിരുന്ന വെള്ളമെടുത്ത് ആ വൃദ്ധന് മനോരിക്കാന്‍ (അങ്ങനെ ഒരു വാക്ക് കേട്ടിട്ടുണ്ട്) കൊടുത്ത് മാതൃകയായി.
എന്താണ് ഈ കഥയുടെ പ്രത്യേകത..? ഇതൊരു നടന്ന കഥയേ അല്ല. ഈ കഥയും പറഞ്ഞ് കൊണ്ട് ഞാനും ഹമീദ് മാഷും (യുക്തിയുഗം മാസികയുടെ മാനേജര്‍) കൂടെ കോഴിക്കോട് ടൌണിലൂടെ നടന്നിട്ടുണ്ട് എന്നതൊഴിച്ചാല്‍...! നല്ല നട്ടാല്‍ കുരുക്കാത്ത ഒന്നാംതരം പച്ചക്കള്ളം. പക്ഷേ ഞാന്‍ ഒന്ന് ചളി ഒക്കെ ഒഴിവാക്കി എഴുതിയിരുന്നേല്‍ പലരും ഇത് വിശ്വസിച്ചേക്കും. പലരും ഒന്ന് ഗൂഗിള്‍ ചെയ്തു നോക്കുക പോലും ചെയ്യില്ല. ഗാന്ധിയുടെ ആത്മകഥയില്‍ ഉണ്ടെന്നു ഒരു തളളും കൂടെ തള്ളിയാള്‍ പിന്നെ പറയേം വേണ്ട. 1000 പരിശുദ്ധിയുള്ള സത്യം. (916 അത്ര പരിശുദ്ധമാണെന്ന് എനിക്ക് തോന്നിയിട്ടില്ല). അധികം ആരും ഗാന്ധിയുടെ ആത്മകഥയില്‍ പോലും പരിശോധിക്കില്ല. ഇനി അതില്‍ ഉണ്ടെങ്കില്‍ തന്നെ സംഭവം സത്യമാവണം എന്ന് നിര്ബന്ധം ഇല്ലല്ലോ..!
പിന്നെ ഞാന്‍ ഗാന്ധിയെ മോശമാക്കിയില്ലല്ലോ, നല്ല ഒരു കാര്യമല്ലേ പറഞ്ഞത്. അതുകൊണ്ട് അധികപേരും അതിന് തെളിവൊന്നും ചോദിക്കില്ല. നല്ല കാര്യങ്ങളെ എന്തിനാ എതിര്‍ക്കുന്നത് എന്ന ഒരു സ്വാഭാവിക ചിന്ത. അതായത് നിങ്ങള്ക്ക് എന്തിനെയെങ്കിലും പുകഴ്ത്താന്‍ വേണ്ടിയാണെങ്കില്‍ എന്ത് പച്ചക്കള്ളവും ഒരു ഉളുപ്പുമില്ലാതെ തട്ടിവിടാം.. അതിനുള്ള ലൈസന്‍സ് സമൂഹം തന്നിട്ടുണ്ട്.
ചന്ദ്രനെ നിന്ന നില്‍പ്പില്‍ പിളര്‍ത്തി, വടി പാമ്പാക്കി, കന്യക പ്രസവിച്ചു, വെള്ളം വീഞ്ഞാക്കി, വെള്ളത്തിനു മുകളിലൂടെ നടന്നു. ചത്തവനെ എണീപ്പിച്ചു. കുരുടന് കാഴ്ച കൊടുത്ത്, പ്രാചീന ഭാരതത്തില്‍ പുഷ്പകവിമാനം ഉണ്ടായിരുന്നു, ഋഷിമാര്‍ കാളന്‍ നെല്ലാക്കിയിരുന്നു, യോഗ ചെയ്‌താല്‍ നല്ല ശോധന കിട്ടും, നോമ്പ് പിടിച്ചാല്‍ ആരോഗ്യം മെച്ചപ്പെടും,... കോപ്പ്
"പഠിച്ചിട്ട് പുകയ്തൂ ശൂര്‍ത്തേ.." എന്നും പറഞ്ഞ് ആരും ആക്രമിക്കാന്‍ വരില്ല. പക്ഷെ വിമര്‍ശിക്കാന്‍ ആണെങ്കില്‍ നിങ്ങള്‍ അങ്ങേയറ്റം ജ്ഞാനി ആയേ പറ്റൂ... നാക്ക്പ്പിഴയിലും അക്ഷരത്തെറ്റിലും വരെ കയറിപ്പിടിക്കാന്‍ ആളുകള്‍ കാണും. അതുകൊണ്ട് പുകഴ്തലുകാരും സ്തുതിപാടകരും എണ്ണത്തില്‍ കൂടുതല്‍ ആകുന്നതില്‍ വല്യ അത്ഭുതമൊന്നുമില്ല. അതൊരു സെയിഫ് സോണ്‍ ആണ്. വിമര്‍ശനം കഠിനമാണ്. മിക്കപ്പോഴും തിരിച്ചു കിട്ടുന്നത് ചീഞ്ഞ തക്കാളിയും തേഞ്ഞ ചെരിപ്പുമായിരിക്കും...
No comments:
Post a Comment