Thursday, 27 October 2016

വെള്ളത്തിന്റെ ശാസ്ത്രം

മുന്നേ റ് : അജിനോ മോട്ടോയെ കുറിച്ച് എഴുതിയ പേടിപ്പിക്കുന്ന കെമിക്കലുകള്‍ എന്ന പോസ്റ്റിന് ഫെയ്സ്ബുക്കില്‍ വന്ന ഒരു മറുചോദ്യം ആണ് ഇത്.

ഇതിനു ഫെയ്‌സ്ബുക്കിൽ കൃത്യമായ മറുപടി കൊടുത്തിരുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റുകളുടെ ഏറ്റവും വലിയ കുഴപ്പം അത് വല്ലാതെ വലുതായാൽ ആരും വായിക്കില്ല എന്നതാണ്. പിന്നെ സ്ക്രോൾ ചെയ്ത് പോകും. ഇവിടെ ആകുമ്പോൾ വായിക്കാൻ താല്പര്യം ഉള്ളവർ എന്തായാലും വായിക്കും. ബ്ലോഗ് ആർകിവ്സിൽ പോയാൽ വീണ്ടും കിട്ടാൻ എളുപ്പമാണ്. അതുകൊണ്ട് ഫെയ്‌സ്ബുക്കിൽ ഇട്ട മറുപടി പോസ്റ്റ് അൽപ്പം  കൂടെ വിപുലീകരിച്ച് ഇവിടെ പോസ്റ്റ് ചെയ്യുന്നു.


ആദ്യം ആ "മുതുവട്ട്" ഒന്ന് ക്ലിയര്‍ ചെയ്യാം. എന്നിട്ട് കാര്യത്തിലേക്ക് വരാം... ചുമ്മാ ഒരു കഥയാണ് കേട്ടുകൊണ്ട് ഇരുന്നാല്‍ മതി. കഥയിലൂടെ കാര്യങ്ങൾ അവതരിപ്പുന്നത് എന്റെ ഒരു രീതിയാണ്.
ഒരു നാട്ടുരാജ്യത്തെ രാജാവിന് പ്രചകള്‍ ആരും നികുതി (നെല്ലായിരിക്കും) കൊടുക്കാതെ ആയപ്പോള്‍ അവരെ എല്ലാവരെയും വട്ടന്മാര്‍ ആക്കി എളുപ്പത്തില്‍ ഭരിക്കാന്‍ വേണ്ടി അവര്‍ സ്ഥിരമായി ഉപയോഗിക്കുന്ന ജലാശയത്തില്‍ വട്ടാവാനുള്ള മരുന്ന് കലക്കി. (ഏതെങ്കിലും ഓപ്പിയോയിഡ് ആയിരിക്കും) അങ്ങനെ എല്ലാവര്ക്കും വട്ടായപ്പോള്‍ രാജാവ് അവരെ വട്ടന്മാര്‍ എന്ന് കളിയാക്കി... പക്ഷെ അവര്‍ ഒന്നിച്ച് നിന്ന് ഒറ്റ സ്വരത്തില്‍ പറഞ്ഞു... "ഞങ്ങള്‍ക്കല്ല, നിനക്കാണ് വട്ട്"
അപ്പൊ അതൊക്കെ കള... റലവന്റ് അല്ലാത്ത കാര്യങ്ങള്‍. നമുക്ക് കാര്യത്തിലേക്ക് വരാം... കുടിവെള്ള ക്ഷാമം ഉണ്ടാകുമ്പോള്‍ ഹൈഡ്രജനും ഓക്സിജനും തമ്മില്‍ കമ്പയിന്‍ ചെയ്ത് കൊണ്ട് തന്നെ വെള്ളം ഉണ്ടാക്കിവിതരണം ചെയ്യാത്തത് കൊണ്ട് ഹൈഡ്രജനും ഓക്സിജനും തമ്മില്‍ ചേര്‍ത്താല്‍ വെള്ളം ഉണ്ടാകും എന്ന ശാസ്ത്രത്തിന്റെ അവകാശ വാദം തെറ്റാണ് എന്ന വളരെ വിചിത്രമായ ഒരു വാദത്തെ ആണ് ഞാന്‍ അഡ്രസ് ചെയ്യുന്നത് എന്നും അങ്ങനെ ശാസ്ത്രത്തിന്‍റെ വില കളയാന്‍ പോവുകയാണ് എന്നും ഞാന്‍ വ്യാസനസമേതം മനസിലാക്കുന്നു. പക്ഷെ ഇത് ഇഗ്നോര്‍ ചെയ്‌താല്‍ ഈ ചോദ്യം ബില്യണ്‍ ഡോളര്‍ ആണെന്ന ആത്മവിശ്വാസം അവര്‍ക്ക് ഉണ്ടാകാന്‍ കാരണമാകും എന്നത് കൊണ്ട് പതിയെ തുടങ്ങാം...

1766ല്‍ കാവണ്ടിഷ് ആണ് ഹൈഡ്രജന്‍ കണ്ടെത്തിയത്. ഒരു
Henry Cvendish
inflammable gas (കത്തുന്ന വാതകം) എന്ന നിലക്കാണ് അദ്ദേഹം അതിനെ തിരിച്ചറിയുന്നത്.
ഹൈഡ്രജന്‍ വളരെ നന്നായി കത്തും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടാകാന്‍ വഴിയില്ലല്ലോ...
അപ്പൊ എന്താണ് ഈ കത്തല്‍..? കത്തല്‍ എന്ന് വച്ചാല്‍ ഒക്സിജനുമായുള്ള കോമ്പിനേഷന്‍ രാസപ്രവര്‍ത്തനം ആണ്. കാര്‍ബണ്‍ കത്തുമ്പോള്‍ കാര്‍ബണിന്റെ ഓക്സയിഡ്കള്‍ കിട്ടും (പൂര്‍ണ ജ്വലനം ആണെങ്കില്‍ CO2 അപൂര്‍ണ ജ്വലനം ആണെങ്കില്‍ CO, രണ്ടും നിറമോ മണമോ ഇല്ലാത്ത ഗ്യാസുകളാണ്), മെഗ്നീഷ്യം റിബ്ബണ്‍ കത്തിച്ചാല്‍ MgO കിട്ടും, ഇതൊരു വെളുത്ത പൊടി ആണ്. ഹൈഡ്രജന്‍ കത്തിച്ചാല്‍ ഹൈഡ്രജന്റെ ഓക്സയിഡ് ആയ വെള്ളം കിട്ടും.

പില്‍കാലത്ത് ഹൈഡ്രജനെ കയറി "ഹൈഡ്രജനേ..." എന്ന് വിളിച്ചത്
ലാവോസിയര്‍ ആണ്. ഹൈഡ്രോ എന്നാല്‍ വെള്ളം (കേട്ടിട്ടില്ലേ ഹൈഡ്രോ തെറാപ്പി (തട്ടിപ്പാണ്), ഹൈഡ്രോ ഫോബിയ എന്നൊക്കെ..?) ജീന്‍ എന്നാല്‍ പ്രൊഡ്യൂസര്‍ എന്നാണ് അര്‍ത്ഥം. അപ്പോള്‍ ഹൈഡ്രജന്‍ എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ വെള്ളം ഉണ്ടാക്കുന്ന "ആള്‍" എന്നാണ്.

ഗവണ്‍മെന്‍റ് സ്കൂളില്‍ 7ആം ക്ലാസിലെ ശാസ്ത്ര മേളയില്‍ ഒക്കെ കുട്ടികള്‍ക്ക് നേര്‍പ്പിച്ച ഹൈഡ്രോ ക്ലോറിക് ആസിഡില്‍ സിങ്ക് ഇട്ട് ഹൈഡ്രജന്‍ ഉണ്ടാക്കി കാണിച്ച് കൊടുക്കാറുണ്ട്. ഉണ്ടായത് ഹൈഡ്രജന്‍ ആണെന്ന് ഉറപ്പിക്കാന്‍ ബലൂണില്‍ നിറച്ച് പറപ്പിച്ച് വിടും അല്ലെങ്കില്‍ കത്തിച്ച് കാണിച്ച് കൊടുക്കും "ഡപ്പ്" എന്ന ഒറ്റ ശബ്ദത്തോടെ ടെസ്റ്റ്‌ ട്യൂബിലെ മുഴുവന്‍ ഹൈഡ്രജനും കത്തി തീരും. അത്രക്കാന് അതിന്റെ കംബഷന്‍ റേയ്റ്റ്. അപ്പൊ പറഞ്ഞു വന്നത് ഈ റേയ്റ്റ് കണ്ട്രോള്‍ ചെയ്ത് ഒരു ഫ്യുവല്‍ എന്ന നിലക്കാണ് നമ്മള്‍ ഹൈഡ്രജന്‍ കത്തിക്കുന്നതിനെ പറ്റി ആലോചിക്കേണ്ടത്. ഒരു ഇന്ധനം എന്ന നിലക്ക് ഹൈഡ്രജൻ ഉപയോഗിക്കുന്നത് കൊണ്ട് ഫോസിൽ ഫ്യുവലുകളെ അപേക്ഷിച്ച് പരിസ്ഥിതി മലിനീകരണം വളരെ കുറവാണ്* പരിസ്ഥിതി മലിനീകരണം വളരെ  സകല ഊര്‍ജ പ്രതിസന്ധിയും മറികടക്കാന്‍ അതിനാവും. എന്നതായാലും അങ്ങനെ കത്തിയപ്പോ ഉണ്ടായത് വെള്ളം തന്നെയാണ്.
*ഇനി വെള്ളം ഉണ്ടാക്കാന്‍ ആണെങ്കില്‍ ശുദ്ധമായ ഹൈഡ്രജന്‍ പോലും കത്തിക്കനമെന്നില്ല. ഹൈഡ്രജന്‍ ആറ്റങ്ങള്‍ അടങ്ങിയിട്ടുള്ള ഹൈഡ്രോ കാര്‍ബണുകള്‍ (മണ്ണണ്ണ, പെട്രോള്‍, എല്‍.പി.ജി, മെഴുക് etc.) കത്തുമ്പോള്‍ ഉണ്ടാവുന്നത് കാര്‍ബണ്‍ ഡയോക്സയിഡും വെള്ളവും ആണ്.

(ഓഫ് ടോപ്പിക്.... നാച്ച്വറൽ ഗ്യാസ്, പെട്രോളിയം പ്രോഡക്റ്റുകൾ എല്ലാം ഹൈഡ്രോ കാര്ബണുകൾ ആണ്. നാച്വറൽ ഗ്യാസിൽ 80% മീഥേൻ , 7% ഈഥേയ്ൻ, 6% പ്രൊപെയ്ൻ, 4% ബ്യൂട്ടയിൻ, 3% പെന്റയിൻ  എന്നിങ്ങനെ ആണ്. അതിൽ മീഥേനും ഈതെയ്നും അല്ലാത്തത് എല്ലാം ഇങ്ങ്  വേർതിരിച്ച് എടുത്ത് ഉന്നത  പ്രഷറിൽ സിലിണ്ടറിൽ ദ്രാവകാവസ്ഥയിൽ ആക്കി എടുക്കുന്നതാണ് liquefied petroleum gas (LPG) അതിലെ പ്രധാന കണ്ടന്റ്  ബ്യൂട്ടയിൻ ആണ്. ബാക്കി  വരുന്നതാണ് നാച്വറൽ ഗ്യാസ് എന്നപേരിൽ വിൽക്കുന്നത്. അതിലെ  പ്രധാന  കണ്ടന്റ് മീഥേൻ ആണ്. 6 മുതൽ 12 വരെ കാര്‍ബണ്‍ ആറ്റങ്ങള്‍ ഉള്ള ഹൈഡ്രോകാര്ബണുകൾ ആണ് പെട്രോൾ. പ്രധാനമായും 6,7,8 ഇവയുടെ ഒരു മിശ്രിതമാണ്. 13 കാർബൺ ആറ്റങ്ങൾ ഉള്ള ഹൈഡ്രോ കാർബൺ ആണ് മണ്ണണ്ണ. 14, അതില്‍  കൂടുതല്‍... ഡീസല്‍ ഓയില്‍. വളരെ മോളിക്കുലാർ മാസ് കൂടിയതൊക്കെ പിന്നെ റൂം താപനിലയിൽ (25degree C) ഖരായവസ്ഥയിൽ കാണപ്പെടും അതാണ് വാക്സ്. )

ഹൈഡ്രജന്‍ ആണ് ഏറ്റവും ചെറിയ മൂലകം (53 pm ആരം ) ഓക്സിജനും
കാര്യമായി വലിപ്പം ഒന്നും ഇല്ല. (60 pm ആരം ) സൊ ഇത്രയും കുഞ്ഞി ആറ്റങ്ങള്‍ അടുത്തടുത്ത് വന്ന് ബോണ്ട്‌ ഉണ്ടാക്കുന്ന പരിപാടി അത്ര സുഖമുള്ളതല്ല. റിലീസ് ആവുന്ന എനെര്‍ജി നമുക്ക് താങ്ങാന്‍ ആവുന്നതിലും അധികമാണ്.


ഇതിന്‍റെ ഏറ്റവും വലിയ ഉദാഹരണം ആണ് 1937ല്‍ നടന്ന Hindenburg Disaster.
LZ 129 എന്ന ജര്‍മന്‍ പാസഞ്ചര്‍ എയര്‍ ഷിപ്‌ ഒരു ഇലക്ട്രിക് സ്പാര്‍കിലൂടെ തീ പിടിച്ചു. തുടര്‍ന്ന് അന്തരീക്ഷത്തില്‍ ഉള്ള കണക്കില്ലാത്ത ഓക്സിജനും എയര്‍ ഷിപ്പില്‍ സംഭരിച്ച് വച്ചിരുന്ന ഹൈഡ്രജനും തമ്മില്‍ തുരുതുരാ കൂടി ചേര്‍ന്ന് (കത്തി.. അയിനാണ്) ധാരാളം കൃത്രിമ വെള്ളം തനിയെ ഉണ്ടായി.

വ്യാവസായികമായി വെള്ളം ഉണ്ടാക്കാന്‍ ഈ മാര്‍ഗം സ്വീകരിക്കാത്തതിന്റെ കാര്യം മനസിലായല്ലോ. ഇത്രയും എനെര്‍ജി പുറത്ത് വിട്ട് ഉണ്ടാകുന്ന വെള്ളം നീരാവി രൂപത്തില്‍ ആണ്. അത് കളക്റ്റ് ചെയ്ത് വെള്ളം ആക്കാന്‍ വീണ്ടും ബുദ്ധിമുട്ടാണ്. ഇതൊക്കെ ചെയ്യാന്‍ പറ്റിയ ഒരു ലാബ് സെറ്റ് ചെയ്യാന്‍ ഒരുപാട് പണവും അനാവശ്യ അദ്ധ്വാനവും സമയവും പോവും എന്നത് തന്നെ കാര്യം.
പിന്നെ ഭൂമിയില്‍ ജീവിക്കുന്ന നമുക്ക് വെള്ള ക്ഷാമം പരിഹരിക്കാന്‍ ഹൈഡ്രജന്‍ തന്നെ കത്തിക്കേണ്ട ആവശ്യമുണ്ടോ..?



ഭൂമിയില്‍ 2/3 ഭാഗം ജലമാണ്. അതില്‍ 97% കുടിക്കാന്‍ പറ്റില്ല. ബാക്കി 3% ഉള്ളതില്‍ 2% ആർട്ടിക്, അന്റാർട്ടിക്  ധ്രുവങ്ങളിലും ഹിമാലയം പോലുള്ള മഞ്ഞു മലകളിലും ആണ്. ബാക്കി 1% ആണ്. നമ്മുടെ കിണറുകളിലും പുഴകളിലും കായലുകളിലും തടാകങ്ങളിലും എല്ലാം കൂടെ കാണുന്നത്. ഇതും കൂടെ മലിനമാകുന്നതാണ് നമ്മുടെ പ്രതിസന്ധി എന്ന് പറയുന്നത്. മനസിലായല്ലോ.. ഇവിടെ വെള്ളം ഉണ്ടാക്കേണ്ട കാര്യം ഇല്ല. ഉള്ള വെള്ളം കുടിക്കാന്‍ പറ്റുന്ന കോലത്തിലേക്ക് ആക്കിയാല്‍ മതി. അതിന് റിവേഴ്സ് ഓസ്മോസിസ് പോലുള്ള പ്യൂരിഫിക്കേഷന്‍ ടെക്നിക്സ് ഉപയോഗിക്കാം.


ഇനി മറ്റൊരു ഐഡിയ... തണുത്ത വെള്ളം നിറച്ച ഗ്ലാസിന്‍റെ പുറത്ത് വെള്ളത്തുള്ളികള്‍ കിനിഞ്ഞ് വരുന്നത് കണ്ടിട്ടുണ്ടോ..? ഈ വെള്ളം എവിടെ നിന്ന് വന്നു..?


അന്തരീക്ഷത്തില്‍ ഉള്ള ജലബാഷ്പം തണുത്ത ഗ്ലാസില്‍ തട്ടി തണുത്ത് വെള്ളമായതാണ് അവിടെ സംഭവിച്ചത്. ഈ ഒരു പ്രതിഭാസം ഉപയോഗിച്ച് ആവശ്യത്തിനുള്ള വെള്ളം അന്തരീക്ഷത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കാന്‍ വേണ്ടി വികസിപ്പിച്ച് എടുത്തതാണ് Whisson Windmill. ഒരു ദിവസം കൊണ്ട് 2600 ഗാലന്‍ വരെ വെള്ളം ഇത്തരത്തില്‍ ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള മെഷീനുകള്‍ നമ്മള്‍ ഉണ്ടാക്കി എടുത്തിട്ടുണ്ട്.

അപ്പൊ കാര്യങ്ങള്‍ അങ്ങനെയൊക്കെ ആണ് എന്ന സ്ഥിതിക്ക് ചോദ്യം ചോദിച്ച ആ മഹാന്‍ ശാസ്ത്രത്തിന്റെ പോരായ്മകൾ കണ്ടെത്താൻ കാണിക്കുന്ന മിടുക്കിന്റെ പതിനായിരത്തിൽ ഒരംശം തൻ്റെ മത പുസ്തകത്തിൽ ഉപയോഗിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. എത്ര സുന്ദരമായ നടക്കാത്ത സ്വപ്‌നങ്ങൾ...


പിന്നേറ്:  ഈ പോസ്റ്റ് ഏതെങ്കിലും വ്യക്തിയെ അധിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെ അല്ല. ആ വ്യക്തി ആരാണെന്നു പോലും എനിക്കറിയില്ല. എനിക്കെതിരെ വന്ന ഒരു കമന്റ് ആയത് കൊണ്ട് ഞാൻ തന്നെ മറുപടി പറയുന്നു. "മുതുവട്ട്" പ്രയോഗം ഉള്ളത് കൊണ്ട് അദ്ദേഹത്തിന്റെ പേര്  മറക്കാൻ ഉള്ള മാന്യത ഞാൻ കാണിക്കേണ്ട കാര്യം ഇല്ല എന്ന് ഞാൻ കരുതുന്നു. 
സംഭവം ഒരു പൊട്ടത്തരത്തിന് മറുപടി പറഞ്ഞത് ആണെങ്കിലും ഈ വക ചോദ്യങ്ങൾ ശാസ്ത്രത്തിനെ ചൊറിയാൻ നടക്കുന്ന പലരും ഉന്നയിക്കുന്നതാണ്. അപ്പൊ അതിനുള്ള ഒരു ഉത്തരമായി ഇതിവിടെ ഇരിക്കട്ടെ... ഒരുപാട് പേർക്ക് ഉപകാരമാവും എന്ന് ആശിക്കുന്നു. 

Saturday, 22 October 2016

പേടിപ്പിക്കുന്ന കെമിക്കലുകള്‍

ഈ ലേഖനം 21/10/16ന് ഫെയ്സ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത് തുടര്‍ന്ന് നാരദ ന്യൂസ് പബ്ലിഷ് ചെയ്തതാണ് തുടര്‍ന്ന് വന്ന ചര്‍ച്ചകളുടെ സഹായത്തോടെ എഡിറ്റ്‌ ചെയ്ത് ഇവിടെ ഉപ്പിലിട്ട് വെക്കുന്നു :)

അജിനോമോട്ടോ...!


ആളുകൾ ഇടിമിന്നലിനേക്കാളും പേടിക്കുന്ന ഒരു സാധനം ആണിത്.

കണ്ടതും കേട്ടതും എല്ലാം വിശ്വസിക്കുകയും പേടിക്കുകയും ചെയ്യുന്നതാണ് ശാസ്ത്ര ബോധമില്ലാത്ത ഒരു സമൂഹത്തിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്ന്. ചാത്തനും മറുതയും ജിന്നും മാലാഖയും ഒക്കെ ഉണ്ടെന്ന് വിശ്വസിക്കാൻ ഉള്ള അതേ കാരണം തന്നെയാണ് അജിനോമോട്ടോ പേടിയുടെയും, ആന്റി ബയോട്ടിക് പേടിയുടെയും, കീടനാശിനി പേടിയുടെയും, മൊബൈൽ ടവർ പേടിയുടെയും എല്ലാം പുറകിൽ ഉള്ളത്. അന്വേഷണ ത്വരയുടെ കമ്മി.


"അജിനോമോട്ടോ ഒക്കെ ചേർത്തത് ആയിരിക്കും അധികം കഴിക്കണ്ട...", "ഞങ്ങൾ അതൊന്നും വീട്ടിൽ ഉപയോഗിക്കാറില്ല...", "പരമാവധി അജിനോമോട്ടോ ഒക്കെ ചേർത്ത ഫുഡ് ഒഴിവാക്കും..." ഒരു ടിപ്പിക്കൽ മലയാളി അഭിമാനത്തോടെ, അവന്റെ/അവളുടെ ആരോഗ്യത്തെ കുറിച്ച് അവർ വളരെയധികം ബോധവാന്മാർ ആണ് എന്ന ആത്മവിശ്വാസത്തോടെ എടുക്കുന്ന നിലപാടുകൾ ആണിതെല്ലാം. ആരോഗ്യത്തെ കുറിച്ച് ഇത്രയധികം കോൺഷ്യസ് ആയ സമൂഹങ്ങൾ വിരളമാണ്. നമുക്ക് ഡസൻ കണക്കിന് ആരോഗ്യ മാസികകൾ ഉണ്ട്. പക്ഷേ ഇവയെല്ലാം തന്നെ ഒരേ രോഗത്തിന് ഒരു ആയുർവേദ ലേഖനവും, ഒരു ഹോമിയോ ലേഖനവും, ഒരു മോഡേൺ മെഡിസിൻ ലേഖനവും എല്ലാം ഒരേ പ്രാധാന്യത്തോടെ വച്ച് ഒരു പോസ്റ്റ് മോഡേൺ മസാലക്കൂട്ട് ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഇത്തരം പേടികൾ പടച്ചു വിടുന്നതിൽ അവർ ആരും തന്നെ ഒട്ടും പുറകിലല്ല. മലയാളിക്ക് പിന്നെ അച്ചടിച്ച് വന്നാൽ മതി, അത് മഹത്തായ സത്യമായി. ചില ഹോട്ടലുകൾ "അജിനോമോട്ടോ പോലുള്ള രാസവസ്തുക്കൾ ഈ സ്ഥാപനത്തിൽ ഉപയോഗിക്കുന്നില്ല" എന്ന് A4 പേപ്പറിൽ പ്രിന്റ് ചെയ്ത് എന്തോ വല്യ സംഭവം ആണെന്ന നിലക്ക് പുറത്ത് ഒട്ടിച്ച് വെക്കും. "ഞങ്ങൾ ക്ളീനാണ്" എന്ന ഒരു ധ്വനി.


അജിനോമോട്ടോക്ക് എതിരെ വായ തുറക്കുന്ന പലരോടും ഞാൻ ചോദിച്ചിട്ടുണ്ട് എന്താണ് അതുകൊണ്ടുള്ള കുഴപ്പമെന്ന്., അതാർക്കും അറിയില്ല. മറുപടി ഇങ്ങനെയൊക്കെ ആണ്... "അത് കെമിക്കൽ ആണല്ലോ... അപ്പൊ അത് ആരോഗ്യത്തിന് നല്ലതല്ലല്ലോ.." ഇന്ന് സമൂഹം നേരിടുന്ന വലിയ ഒരു പ്രശ്നം കീമോഫോബിയയാണ്. കെമിക്കൽ ആണ് എന്ന കാരണം കൊണ്ട് ഒരു വസ്തുവിനോടുള്ള ഭയം. മറ്റൊരു മറുപടി "കാൻസർ" ആണ്. മലയാളിക്ക് പിന്നെ മിണ്ടിയാൽ അപ്പൊ കാൻസർ ആണ്. കൃത്യമായ ഉത്തരം അറിയാത്ത പ്രശ്നങ്ങൾക്ക് ഒക്കെ പണ്ട് ഉത്തരം ദൈവം ആയിരുന്നു. ഇപ്പൊ പ്രകൃതി വാദികളുടെ ദൈവമായി കാൻസർ മാറിയിരിക്കുന്നു. കാൻസർ എന്ന് പറയുന്ന സാധനം മിനിഞ്ഞാന്ന് ഉണ്ടായതല്ല. 65 മില്യൺ വര്ഷങ്ങള്ക്കു മുന്നേ എക്സ്റ്റിങ്റ്റ് ആയി പോയ ഭൂമിയിലെ സുൽത്താന്മാർ ആയിരുന്ന ദിനോസറുകളുടെ ഫോസിലിൽ നിന്ന് കാൻസർ കണ്ട് കിട്ടിയിട്ടുണ്ട്. 350 മില്യൺ വർഷങ്ങൾ പഴക്കമുള്ള ഒരു മീനിന്റെ ഫോസിലിന്റെ വായയിൽ ആണ് നമുക്ക് കിട്ടിയിട്ടുള്ള ഏറ്റവും പഴക്കമുള്ള കാൻസർ സെല്ലുകൾ ഉള്ളത്. കാൻസർ സങ്കീർണ ഘടനയുള്ള ബഹുകോശ ജീവികളുടെ കൂടപ്പിറപ്പാണ്.

അപ്പൊ പിന്നെ ഈ പൊടി എന്തൂട്ടാണ്...?


കൺക്ലൂഷൻ ആദ്യമേ അങ്ങ് പറയാം.. എന്നിട്ട് വേണമെങ്കിൽ വായിച്ചാൽ മതി.


1) അജിനോമോട്ടോ വളരെ സെയിഫ് ആണ്. അതിൽ വളരെ അധികം ഗവേഷണങ്ങൾ നടന്നിട്ടുണ്ട്. 1958ൽ U.S. Food and drug administration (FDA) യുടെ ക്ളാസിഫിക്കേഷൻ പ്രകാരം ഏറ്റവും സെയ്ഫ് ആയിട്ടുള്ള GRAS വിഭാഗത്തിൽ ആണ് ഇത് ഉൾപ്പടുത്തിയിട്ടുള്ളത്. 1987ൽ joint expert committee on food additives (JECFA) പരമാവധി ഒരു ദിവസം കഴിക്കാവുന്ന അജിനോമോട്ടോയുടെ അളവ് ( acceptable daily intake - ADI ) "not specified" എന്നാണ് തന്നെക്കുന്നത്. 1992ല്‍ അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ സെയ്ഫ് ആണെന്ന് അംഗീകരിച്ചു. പിന്നെ യൂറോപ്യന്‍ യൂണിയന്‍ ഒക്കെ അംഗീകരിച്ചിട്ടുണ്ട്.. അതിലേക്കൊന്നും പോകുന്നില്ല.. തല്‍ക്കാലം ഇത് മതി.


2) അജിനോമോട്ടോയില്‍ ആരോപിക്കപ്പെട്ടിരുന്ന പ്രശ്നം ശക്തമായ തലവേദനയും അസ്വസ്ഥതയും ലക്ഷണങ്ങള്‍ ആയിട്ടുള്ള "ചൈനീസ് റെസ്ട്ടോറന്റ്റ് സിണ്ട്രോം" എന്ന ഒരു നിസാര അസുഖം ആയിരുന്നു. (അല്ലാതെ കാന്‍സര്‍ ഒന്നും അല്ല). എന്നാല്‍ അതിന് തന്നെ അജിനോമോറ്റൊയുമായി ബന്ധമില്ലെന്ന് പിന്നീട് ഡബിള്‍ ബ്ലയിണ്ടഡ് പ്ലാസിബോ കണ്ട്രോള്‍ഡ് ട്രയല്‍ വഴി തെളിയിക്കപ്പെട്ടിട്ടുണ്ട്.

ഇനി തുടങ്ങാം ശരിക്കുള്ള കഥ.


ഗ്ലൂട്ടമിക് ആസിഡ് (glutamic acid) എന്നൊരു അമിനോ ആസിഡ് ഉണ്ട്. (-NH2, -COOH ഗ്രൂപ്പുകൾ ഒരുമിച്ച് വരുന്ന ഓർഗാനിക് സംയുക്തങ്ങൾ ആണ് അമിനോ ആസിഡുകൾ) ഇതിൽ ഇരുപത് എണ്ണം നമ്മുടെ ശരീരത്തിലെ പ്രോടീൻ നിർമാണത്തിന് ആവശ്യമുള്ളതാണ് ഇതില്‍ 9 എണ്ണം ശരീരത്തിന് സ്വയം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയില്ല. അവ ഭക്ഷണത്തിലൂടെ ലഭിക്കുക തന്നെ വേണം ഇവയാണ് essential amino acids. ബാക്കി 11 എണ്ണം ശരീരം ഉണ്ടാക്കിക്കോളും. ഇവയാണ് nonessential amino acids. നമ്മുടെ ചങ്ങാതി രണ്ടാമത്തെ വിഭാഗത്തില്‍ ആണ് വരുന്നത്. എന്ന് വച്ചാല്‍ അത് നമ്മുടെ ശരീരത്തില്‍ തന്നെ
സ്വയം ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. പ്രോടീൻ ദഹിച്ച് ഉണ്ടാവുന്ന പ്രോഡക്ട് ആണ് അമിനോ ആസിഡ്. (സ്റ്റാർച് ദഹിച്ച് ഗ്ലൂക്കോസ്, ഫാറ്റ് ദഹിച്ച് ഫാറ്റി ആസിഡുകളും ഗ്ലിസറോളുകളും ആണ് ഉണ്ടാവുന്നത്). സോ ഇതിൽ നിന്നും ശരീരത്തിന് ഊർജോൽപ്പാദനം സാധ്യമാണ്. ഈ അമിനോ ആസിഡിന്റെ സോഡിയം സാൾട്ട് ആണ് മോണോ സോഡിയം ഗ്ലൂട്ടമേറ്റ് (MSG) ഇതാണ് അജിനോമോട്ടോ. ഇതിൽ ഉള്ളത് Na+ അയോണും ഗ്ലൂട്ടമേറ്റ്( - ) അയോണും ആണ്. അല്ലാതെ ഇതിൽ മനുഷ്യന്മാർക്ക് ഹാനികരമായ ഒന്നുമില്ല. ഇത് ആർടിഫിഷ്യൽ ആണ് എന്ന വാദം പൂർണമായും ശരിയല്ല. ഇത് ആർട്ടിഫിഷ്യൽ ആയി ഉണ്ടാക്കാൻ പറ്റും എന്നത് ശരിയാണ് പക്ഷേ ക്കാളിയിലും ചീസിലും എല്ലാം പ്രകൃതിദത്തമായി കാണപ്പെടുന്നുണ്ട്. ഇവിടെ മനസിലാക്കേണ്ടത് ആർട്ടിഫിഷ്യൽ ആയി ഉണ്ടാക്കിയതാണോ അല്ലയോ എന്നത് ഒരു കെമിക്കലിന്റെ ഭൗതിക ഗുണത്തെയോ രാസ ഗുണത്തെയോ തീരുമാനിക്കുന്നില്ല. നമ്മുടെ വയറ്റിൽ കിടക്കുന്ന അതേ HCl നമുക്ക് ലാബിൽ ഉണ്ടാക്കാം. ഓർഗാനിക് സംയുക്തങ്ങൾ സിന്തറ്റിക് ആയി ഉണ്ടാക്കാൻ കഴിയാത്ത കാലത്ത് ഇനോർഗാനിക് സംയുക്തങ്ങളിൽ ഇല്ലാത്ത ഒരു "വൈറ്റൽ ഫോഴ്സ്" ഉണ്ടെന്ന് 1806ൽ ബ്രസീലിയസ് പ്രൊപ്പോസ് ചെയ്തിരുന്നു. പിന്നീട് വൂളർ അമോണിയം സയനേറ്റ് ചൂടാക്കി ആദ്യ സിന്തറ്റിക് ഓർഗാനിക് കോമ്പൗണ്ട് ആയ യൂറിയ ലാബിൽ ഉണ്ടാക്കി. വൈറ്റൽ ഫോഴ്‌സ് തിയറി പൊളിച്ച് കളഞ്ഞ് ആധുനിക ഓർഗാനിക് കെമിസ്ട്രിക്ക് തുടക്കം കുറിച്ചു. ഈ കാടും പടലയും ഒക്കെ തല്ലിയത് കീമോഫോബിയ ഇല്ലാതാക്കാൻ ആണെന്ന് മനസിലായി കാണുമല്ലോ ല്ലേ..?

അജിനോമോട്ടോ ആദ്യമായി ഉണ്ടാക്കിയത് ഒരു ജാപ്പനീസ്
Kikunae Ikeda
ബയോകെമിസ്റ്റ് ആയിരുന്ന
"കികുനാ ഇക്കടാ" ആണ്. ഉമാമി (പ്രാഥമിക രുചികൾ നാലെണ്ണം അല്ല 5 എണ്ണം ഉണ്ട്.. മധുരം, പുളി, ഉപ്പ്, കയ്പ്പ്, ഉമാമി... എരിവ് ഒരു രുചിയല്ല അതറിയാൻ നാവ് തന്നെ വേണമെന്നും ഇല്ല) രുചി ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്ന "കോമ്പു" എന്ന കടൽ പായലിൽ നിന്നും എക്സ്ട്രാക്ട് ചെയ്യുകയാണ് അദ്ദേഹം ചെയ്തത്. പിന്നീട് ഡ്യൂപ്ലിക്കേറ് ചെയ്തു.

നിർമാണം: വെജിറ്റബിൾ പ്രോടീനുകളെ ബാക്ടീരിയകളെ കൊണ്ട് ഫെർമന്റയിസ്‌ ചെയ്യിക്കുന്നു. ഇത് സുർക്ക, തൈര് പോലെ തന്നെ പുളിയുള്ള ഒരു ആസിഡ് തരുന്നു. (രുചി മുകുളങ്ങളിൽ H+ അയോൺ വന്ന് നിറയുമ്പോൾ ആണ് പുളി അനുഭവപ്പെടുന്നത്. സോ ആസിഡുകൾ എല്ലാം പുളിരുചി ഉണ്ടാക്കും, വീര്യം കൂടിയ സ്ട്രോങ്ങ് ആസിഡ് ഒരു തവണയേ പുളി രുചി ഉണ്ടാക്കൂ.. ഒടുക്കത്തെ രുചി. രുചി മുകുളങ്ങളിൽ ആൽക്കലി മെറ്റൽ അയോൺ (Li+, Na+, K+, Rb+) വന്ന് നിറയുമ്പോള്‍ ആണ് ഉപ്പ് രുചി അനുഭവപ്പെടുന്നത്.) സോ ഈ പുളി ഒഴിവാക്കാനും പകരം ഉപ്പ് രുചി ഉണ്ടാക്കാനും വേണ്ടി സോഡിയം മെറ്റല്‍ (മെറ്റല്‍ എന്ന് കേള്‍ക്കുമ്പോള്‍ ഇരുമ്പ് പോലെ എന്നൊന്നും വിചാരിക്കണ്ട സോഡിയം സോപ്പ് പോലെ കത്തി കൊണ്ട് മുറിച്ചെടുക്കാം) ചേര്‍ത് ചൂടാക്കുകയോ അല്ലെങ്കില്‍ NaOH ചേർക്കുകയോ ചെയ്യാം.

ഇപ്പൊ പറഞ്ഞതിൽ നിന്നും ഇതൊരു ഉപ്പായി ഉപയോഗിക്കാം എന്ന് മനസിലായി കാണുമല്ലോ. ഗ്ലൂട്ടമേറ്റ് അയോൺ ആണ് ആ മനോഹരമായ രുചി എൻഹാൻസർ ആയി പ്രവർത്തിക്കുന്നത്. സോഡിയം അയോൺ ഉപ്പ് രുചിയും നൽകുന്നു.




അപ്പോൾ പിന്നെ എത്രയും കഴിക്കാമോ എന്ന ചോദ്യത്തിന് ഉത്തരം ദാ.. കയ്യിൽ കിട്ടി കഴിഞ്ഞു. പിടുത്തം ഗ്ലൂട്ടമേറ്റ്ൽ അല്ല. നമ്മുടെ സോഡിയത്തിൽ ആണ്. ആ തെണ്ടിക്ക് ഒരു കുഴപ്പമുണ്ട് അവൻ രക്തത്തിലൂടെ പോകുന്നിടത്തെല്ലാം കാൽസ്യത്തെയും ( Ca++ ) കൊണ്ട് പോകും. അവനാണെങ്കിൽ മസിലുകളുടെ അകത്ത് കയറി മസിലുകളെ കൊണ്ട് മസിൽ പിടിപ്പിക്കുന്ന ഒരു ഏർപ്പാടുണ്ട്. രക്തക്കുഴലുകളിലും ഉണ്ട് അമ്മാതിരി മസിലുകൾ അങ്ങനെ അവന്മാർ മസിൽ പിടിച്ച് രക്തക്കുഴലിന്റെ ഇലാസ്തികത പോയി വണ്ണം കുറഞ്ഞ് ഹൈപ്പർ ടെൻഷൻ എന്ന "ബീപ്പീടെ അസുഖം" വരും. ഇത് രോഗങ്ങളുടെ രാജാവാണ്. സോ വന്നവർക്ക് ഞാൻ KCl - പൊട്ടാസിയം ക്ളോറയിഡ് സജസ്റ്റ് ചെയ്യുന്നു. (ഇന്തുപ്പ് എന്ന് പറഞ്ഞാല്‍ കിട്ടും) വരാത്തവരുടെ കാര്യം നോക്കാം. ഒരാൾക്ക് ഒരു ദിവസം സെയിഫ് കഴിക്കാവുന്നത് 6 - 7 ഗ്രാം ഉപ്പാണ് ( നാച്വറൽ ആയി കിട്ടുന്ന ഭക്ഷ്യ വസ്തുക്കൾക്കും ADI ഒക്കെ ഉണ്ട്) എന്നാൽ ഒരു ശരാശരി സൗത്ത് ഇന്ത്യ കാരൻ പപ്പടം, അച്ചാർ, ഉപ്പിലിട്ടത്, മോര്, ഉണക്കമീൻ എല്ലാം കൂടെ അകത്താക്കുന്നത് ഒരു ദിവസം 14 -15 ഗ്രാം. ഇതിനൊന്നും ആര്‍ക്കും ഒരു പേടിയുമില്ല. അജിനോമോട്ടോ ആണ് വലിയ വില്ലന്‍.

MSG യുടെ മോളിക്കുലാർ മാസ് ഉപ്പിനെക്കാൾ വളരെ കൂടുതലാണ്. സോഡിയത്തിന്റെ മാസ്സ് പേഴ്സന്റെജ് സാധാരണ ഉപ്പിൽ 39% എന്നാൽ MSGയിൽ വെറും 12%. അതായത് മൂന്നിൽ ഒന്ന് പോലും ഇല്ല. അപ്പോൾ വളരെ സെയിഫ് ആയി ഒരു ദിവസം കഴിക്കുന്ന ഉപ്പിന്റെ മൂന്ന് മടങ്ങ് വരെ അജിനോമോട്ടോ ഭക്ഷണത്തിൽ ഉപയോഗിക്കാം (ഏകദേശം 20 ഗ്രാം - പിന്നെ ഉപ്പ് വേറെയും ഉപയോഗിച്ച് കളയരുത്). കറിയുപ്പിനേക്കാള്‍ രുചിയുള്ളതും ആരോഗ്യപ്രഥവുമാണ്. വില ഇത്തിരി കൂടും അതുകൊണ്ട് അത്ര ലാഭകരമല്ല.

മൈദയും പൊറോട്ടയും പിന്നെ ആലോക്സാനും

ഈ ലേഖനം 06/10/2016ന് ഫെയ്സ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തതിനെ തുടര്‍ന്ന് ഡൂൾ ന്യൂസ്, നാരദ ന്യൂസ്, ന്യൂസ് മൊമെന്റ്സ് എന്നീ ഓൺലൈൻ പോർട്ടലുകൾ പബ്ലിഷ് ചെയ്യുകയും തുടർന്ന് നിരവധി ചർച്ചകൾക്ക് വഴി വെക്കുകയും ചെയ്തിരുന്നു. അങ്ങനെ ചർച്ചകളിൽ ഉയർന്ന് വന്ന സംശയങ്ങൾക്കുള്ള മറുപടികളും കൂടെ ചേർത്ത് പരിഷ്കരിച്ച രൂപമാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത് :)


"എഡേയ്... ശരിക്കും ഈ പൊറോട്ട നല്ലതാണോഡേയ്..?"


ഇത് പൊറോട്ട ഇഷ്ടമുള്ളവര്‍ക്കും അത് ധാരാളമായി കഴിച്ച് ആരോഗ്യത്തോടെ ജീവിക്കുന്നവര്‍ക്ക് പോലും ഉള്ള സംശയമാണ്. ബയോളജി അദ്ധ്യാപകര്‍ പോലും പൊറോട്ട കഴിക്കരുത് എന്നാണ് പഠിപ്പിച്ചു കൊടുക്കുന്നത്. ശാസ്ത്ര അവബോധം ഇല്ലാത്തതുകൊണ്ട് ഇതൊക്കെ സമൂഹത്തില്‍ ഇപ്പോഴും നന്നായി വിറ്റഴിയുന്നു... സൊ ഞാന്‍ പുരാണംതുടങ്ങാം. ബോര്‍ അടിച്ചാല്‍ വേഗം അങ്ങ് വായന നിര്‍ത്തുന്നതാ നല്ലത്. ആ സമയം കൊണ്ട് എത്ര നല്ല നല്ല നോവലോ കവിതയോ വായിക്കാം.

മൈദപ്പൊടി സിനിമാ പോസ്റ്റര്‍ ഒട്ടിക്കാന്‍ ഉള്ളതാണ് കഴിക്കാന്‍ ഉള്ളതല്ല എന്നാണ് സാധാരണ കേള്‍ക്കുന്ന വാദം. പൊറോട്ട കുടലില്‍ ഒട്ടിപ്പിടിച്ച് അള്‍സറായി കേന്‍സര്‍ ആവും എന്നൊക്കെയാണ് ചില പ്രകൃതിവാദികള്‍ തട്ടി വിടുന്നത്. ചൂടുവെള്ളം കൊണ്ട് വെന്ത മൈദ കൊണ്ട് ഒട്ടിക്കുന്ന പോലെ പൊറോട്ട കൊണ്ടോ ബ്രഡ് കൊണ്ടോ കേക്ക് കൊണ്ടോ എന്നും പോസ്റ്റര്‍ ഒട്ടിക്കാന്‍ പറ്റില്ല എന്ന് പോലും ആലോചിക്കാതെ ഇതൊക്കെ ആളുകള്‍ തൊണ്ട തൊടാതെ വിഴുങ്ങും. കുടലിനകത്തൊക്കെ വല്ലാത്ത ലുബ്രിക്കേഷന്‍ ആണ് ബ്രോ.. അവിടെ ഒന്നും അങ്ങനെ പറ്റിപ്പിടിക്കാന്‍ ഒന്നും പറ്റൂല്ല. പിന്നെ ഒട്ടുന്നത് സ്റ്റാര്‍ച്ചിന്റെ ഒരു പ്രോപ്പര്‍ട്ടി ആണ്. വെന്ത അരികൊണ്ട് (വറ്റ്) ചെറിയ കുട്ടികള്‍ കടലാസ് തമ്മില്‍ ഒട്ടിക്കുന്നത് കണ്ടിട്ടില്ലേ..? എന്ന് വച്ച് ചോറ് വയറ്റില്‍ ഒട്ടിപ്പിടിച്ച് അള്‍സര്‍ ഉണ്ടാവും എന്നും ചോറ് നിരോധിക്കണം എന്നും പറഞ്ഞാലോ..?


എന്തെരെടെയ് ഈ ഗോതമ്പിനകത്തോക്കെ ഒള്ളത്..?


മൈദ ഉണ്ടാക്കുന്നത് ഗോതമ്പിന്റെ നല്ലതൊക്കെ എടുത്ത് ബാക്കി വരുന്ന വേസ്റ്റ് കൊണ്ട് പോയി പൊടിച്ചിട്ടാണ്, അതുകൊണ്ട് തന്നെ മൈദ ശരീരത്തിന് ഒരു ഗുണവും ചെയ്യുന്നില്ല എന്നാണ് മറ്റൊരു വാദം. എന്നാല്‍ ഇത് ഒരു വിത്തിന്റെ ഘടനയെ പറ്റി യാതൊരു ധാരണയും ഇല്ലാത്തത് കൊണ്ട് പറഞ്ഞു പോവുന്നതാണ്. വിവരമില്ലല്ലോ...

ഗോതമ്പ് വിത്തിനെ ചെടി ഉണ്ടാക്കുന്നത് നമുക്ക് തിന്നാന്‍ അല്ല, അതിലെ എനെര്‍ജി അതിന്റെ ആവശ്യത്തിനുള്ളതാണ്. അതുകൊണ്ട് തന്നെ ഗോതമ്പ് എന്ന് മാത്രമല്ല ഒരു വിത്തിലും വേസ്റ്റ് ആയി ഒരു ഭാഗവും ഇല്ല. ഗോതമ്പ് വിത്തിന് മൂന്ന് ഭാഗങ്ങള്‍ ഉണ്ട് ആദ്യം അതിന്റെ ഷര്‍ട്ട് (തവിട് - bran), ഇത് അല്‍പ്പം കട്ടിയുള്ള ഒരു ഭാഗമാണ്. വിത്തിനെ ബാഹ്യ ക്ഷതങ്ങളില്‍ നിന്ന് സംരക്ഷിക്കല്‍ തന്നെയാണ് പ്രധാന ജോലി. ഇതില്‍ ധാരാളം ഫൈബറുകള്‍ അടങ്ങിയിരിക്കുന്നു എന്നത് ശരിയാണ്. പിന്നെ ജേം, (germ) ഇവനാണ് നമ്മുടെ ഭാവിയുടെ വാഗ്ദാനം. ഇവന്‍ മുളച്ച് ചെടിയായി മുകളിലേക്ക് വരും. പിന്നെയുള്ള ഒരു ഭാഗമാണ് എന്‍ഡോസ്പേം (endosperm) ഇവനാണ് ഒരു ധാന്യത്തിന്റെ കേന്ദ്രഭാഗം. നേരത്തെ പറഞ്ഞ ജേം മുളച്ച് ചെടിയായി മുകളിലേക്ക് പോയി പച്ച ഇലകള്‍ വന്ന് ഫോടോസിന്തസിസ് നടന്ന് എനെര്‍ജി ഉണ്ടാവും വരെ ആ ചെടിക്ക് ആവശ്യമായ എനര്‍ജി മുഴുവനും സ്റ്റാര്‍ച്ച് രൂപത്തില്‍ സ്റ്റോര്‍ ചെയ്ത് വച്ചിരിക്കുന്ന ഭാഗമാണ് എന്‍ഡോസ്പേം. വിത്തില്‍ അടങ്ങിയിട്ടുള്ള മൊത്തം സ്റ്റാര്‍ച്ചിന്റെ 85% ഇവിടെയാണ്‌ കിടക്കുന്നത്. ഈ എന്‍ഡോസ്പേം മാത്രം വേര്‍തിരിച്ച് പൊടിച്ചെടുക്കുന്ന ഒന്നാം തരം ഗ്ലൂക്കോസ് സോഴ്സ് ആണ് മൈദ. ഗോതമ്പ് എടുത്ത് ചുമ്മാ വായില്‍ ഇട്ട് ചവച്ചാല്‍ ഈ പശ നിങ്ങള്‍ക്ക് കിട്ടും. അതോണ്ടാണ് അത് വേസ്റ്റ് ആണെന്ന് ഈ അന്തംകമ്മികള്‍ ധരിച്ചത്. ബ്രാന്‍ നീക്കം ചെയ്യുമ്പോള്‍ ഫൈബറുകളുടെ 80% നീക്കം ചെയ്യപ്പെടുന്നു എന്നത് സത്യം തന്നെ. പക്ഷേ അതുകൊണ്ടൊന്നും മൈദ കൊണ്ട് ഒരു ഗുണവുമില്ല എന്ന് വരുന്നില്ല. സൊ ഗോ ഈറ്റ് പൊറോട്ട. ദിവസവും ഒരു നേരം എങ്കിലും പൊറോട്ട കഴിക്കുന്ന കേരളത്തിലെ ചുമട്ടു തൊഴിലാളികള്‍ ഒക്കെ തമിഴ് നാട്ടിലെ ഇഡലി - വട കഴിക്കുന്ന തൊഴിലാളികളെക്കാള്‍ ആരോഗ്യവാന്മാര്‍ ആണെന്ന് തോന്നിയിട്ടുണ്ട്. ഭാരമുള്ള ജോലി എടുക്കുന്നവര്‍ക്ക് കുറഞ്ഞ വിലക്ക് കിട്ടാവുന്ന വളരെ ആരോഗ്യപ്രധമായ ഒരു ഭക്ഷണമാണ് പൊറോട്ട.

ഗോതമ്പിലെ ഈ വേസ്റ്റ് നമ്മളെ കൊണ്ട് തീറ്റിക്കാനുള്ള സാമ്രാജ്യത്വ തന്ത്രം ആണെന്നും ചില അണ്ണന്മാര്‍ തട്ടിവിടുന്നത് കണ്ടിരുന്നു. അത് യൂറോപ്യന്മാരുടെ ഭക്ഷണരീതിയെ കുറിച്ച് ധാരണയില്ലാത്തത് കൊണ്ടാണ്.
ഫൈബറുകള്‍ ഇല്ലെങ്കില്‍ ദഹനമേ നടക്കില്ല എന്നതൊക്കെ വെറും തള്ളല്‍ മാത്രമാണ്. ഫൈബറുകള്‍ ചിലത് ലായകത്വ സ്വഭാവം (water soluble) ഉള്ളവ വന്‍കുടലില്‍ കിടന്നു പുളിച്ച് (fermentation) അസിഡിറ്റി ഉണ്ടാക്കുന്നത് ആ ഭാഗത്തെ പൊതു ആരോഗ്യത്തിനു നല്ലതാണ്. പിന്നെ രക്തത്തില്‍ ഗ്ലൂക്കോസ് പെട്ടെന്ന് ഉയരാതെ ഇരിക്കാന്‍ നല്ലതാണ്. ഭക്ഷണത്തിന്റെ മുമ്പോട്ടുള്ള നീക്കത്തെ സഹായിക്കുന്നും ഉണ്ട്. അത്രേ ഒള്ളൂ.. അല്ലാതെ ദഹന പ്രശ്നം അല്ല. അതിനുള്ള ഫൈബര്‍ കിട്ടാന്‍ നമ്മള്‍ മൈദ അല്ലാത്ത എന്തെങ്കിലും ഒക്കെ കഴിക്കുമല്ലോ അതിലൊക്കെ കാണും.


മൈദയിലെ മ്യാരക കെമിക്കലുകള്‍..!

ആലോക്സാന്‍... (Alloxan) പേടിച്ചില്ലേ..? ഇത് പാന്‍ക്രിയാസിലെ ബീറ്റ സെല്ലുകളെ നശിപ്പിക്കുമെന്നും അങ്ങനെഇന്‍സുലിന്‍ ഉല്‍പ്പാദനം നിലക്കുമെന്നുംഅങ്ങനെ ഡയബെട്ടിക്സ് -1 വരുമെന്നും അങ്ങനെ എലികളില്‍ തെളിയിച്ചിട്ടുണ്ട് എന്നും തള്ളല്‍ ഉണ്ട്. ഇതില്‍ എലികളില്‍ തെളിയിച്ചു എന്നത് സത്യമാണ്. മനുഷ്യരില്‍ സാഹചര്യം വളരെ സെയിഫ് ആണ്. പിന്നെ ആലോക്സാന്‍ വച്ച് ഒന്നും ബ്ലീച് ചെയ്യാന്‍ കഴിയില്ല. അങ്ങനെ ഒരു പ്രോപ്പര്‍ട്ടി അതിനില്ല. മൈദയില്‍ ക്സന്തോഫില്‍ (xanthophyll) എന്ന പിഗ്മന്റ്റ്‌ ആണ് മഞ്ഞ നിറം നല്‍കുന്നത്. മൈദയെ ബ്ലീച്ച് ചെയ്യുന്നത് ഈ ക്സന്തോഫിൽ പിഗ്മെന്റുകൾ ഓക്സിഡയിസ്‌ ചെയ്ത് കൊണ്ടാണ്. അങ്ങനെ ഉണ്ടാകുന്ന കെമിക്കൽ ആണ് അലോക്സൻ. അതായത് ഗോതമ്പ് പൊടിച്ച് ചാക്കിലാക്കി വീട്ടിൽ കൊണ്ട് വന്ന് വച്ചാലും എയറുമായി കോണ്ടാക്റ്റിൽ വരുമ്പോൾ അൽപ്പം അലോക്‌സാൻ ഉണ്ടാവുന്നുണ്ട്. അല്ലാതെ ആളുകളെ പ്രമേഹ രോഗികള്‍ ആക്കി കൊല്ലാന്‍ വേണ്ടി ക്യാഷ് കൊടുത്ത് വാങ്ങി അതില്‍ ചേര്‍ക്കുന്നതല്ല. ബ്ലീച്ച് ചെയ്യാന്‍ ഉപയോഗിക്കുന്നത് ബെന്സോയിക് പെറോക്സയിട്, നൈട്രജന്‍ പെരോക്സയിട് ക്ലോറിന്‍ ഒക്സയിടുകള്‍, ക്ലോറിന്‍ ഒക്കെയാണ്. ഇതൊക്കെ അനുവദിനീയമായ അളവില്‍ മാത്രമേ ഉപയോഗിക്കുന്നോള്ളൂ. ബെന്സോയില്‍ പെറോക്സയിട് ഭയങ്കര അസ്ഥിരമാണ്. ചൂട് തട്ടിയാല്‍ അപ്പോള്‍ തന്നെ ബെന്സോയിക് ആസിഡ് ആയിക്കോളും. അത് സാധാരണ ഒരു ഭക്ഷ്യയോഗ്യമായ ആസിഡ് ആണ്. ആസിഡ് എന്ന് കേള്‍ക്കുമ്പോള്‍ പേടിക്കണ്ട. നിരവധി ആസിഡുകള്‍ നാം കഴിക്കുന്നുണ്ട്.. സിട്രിക് ആസിഡ് (ചെറുനാരങ്ങ, ഓറഞ്ച്, മൊസമ്പി etc.) ആസ്കൊര്ബിക് ആസിഡ് അഥവാ വൈറ്റമിന്‍ സി (നെല്ലിക്ക, നാരങ്ങ,). ടാടാറിക്ക് ആസിഡ് (വാളം പുളി), ലാക്ടിക് ആസിഡ് (പാല്‍, മോര്), അസറ്റിക് ആസിഡ് (സുര്‍ക്ക), മാലിക് ആസിഡ് (ആപ്പിള്‍). ഓക്സാലിക് ആസിഡ് (തക്കാളി) ഇപ്പോള്‍ ആസിഡ് പേടി മാറിയെന്ന് കരുതുന്നു.
മൈദയിൽ ഉള്ള അലോക്‌സാൻ എന്തുകൊണ്ട് ഭയക്കേണ്ടതില്ല എന്ന് ചോദിച്ചാൽ ഇത്രേ ഒള്ളൂ ഉത്തരം. അലോക്സാൻ എലികളിൽ പരീക്ഷണാർത്ഥം പ്രമേഹം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന രാസപദാർത്ഥമാണ്. എലികളുടേ ആഗ്നേയ (പാൻക്രിയാസ്) ഗ്രന്ഥിയിലെ ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്ന ബീറ്റാ കോശങ്ങളെ നശിപ്പിക്കാൻ കഴിവുള്ളതു കൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഇതിനായി ഉപയോഗിക്കുന്ന തോതിനേക്കാൾ വളരെ വളരെ വളരെ കുറഞ്ഞ തോതിൽ അലോക്സാൻ മൈദയിൽ ഉണ്ട്. പക്ഷെ വളരെ കുറഞ്ഞ തോത് ആയതു കൊണ്ടു തന്നെ പൊറോട്ട ഭക്ഷിക്കാൻ കൊടുത്ത് നിങ്ങൾക്ക് എലികളിൽ പോലും പ്രമേഹം ഉണ്ടാക്കാൻ പറ്റില്ല, പിന്നെയല്ലേ മനുഷ്യരിൽ (ബോഡി വെയിറ്റിൽ ഉള്ള അനുപാതം നോക്കണം) അതു മാത്രമല്ല, അലോക്സാൻ എത്ര ഉയർന്ന ഡോസ് ആണെങ്കിൽ പോലും മനുഷ്യന്റെ പാൻക്രിയാസിലെ ബീറ്റാ കോശങ്ങളെ കേടു വരുത്തുന്നില്ല. പൊറോട്ടയിലെ അലോക്സാനെ പറ്റി ഭീതി പടർത്തുന്നവർ പറയുന്നതു ശുദ്ധ മണ്ടത്തരമാണെന്നർത്ഥം.

പിന്നെ ബ്ലീച് ചെയ്യുന്നത് കളര്‍ വീണ്ടെടുക്കാന്‍ മാത്രമല്ല. പൊടിയുടെ മൃദുത്വം :)
കോഴിക്കോടന്‍ ഹല്‍വ
കൂട്ടാനും കൂടിയാണ്. മൈദ നല്ല സോഫ്റ്റ്‌ ആയി ഇരിക്കണം എന്നാലേ കാര്യമോള്ളൂ.. ബ്രഡ്, കേക്ക് ഒക്കെ ഉണ്ടാക്കുമ്പോള്‍ നന്നായി പതഞ്ഞു പൊങ്ങി വരണം മാത്രമല്ല ആ പത പോവും മുന്നേ സെറ്റ് ആവുകയും വേണം. ബിസ്കറ്റ്, ഹല്‍വ ഒക്കെ വേറെ ഒരു പ്രോസസ് ആണ്. അതുപോലെ പല ബാക്കറികള്‍ ഉണ്ടാക്കാനും മൈദ അത്യുത്തമമാണ്.

ഈ ലേഖനം ഏതെങ്കിലും ഭക്ഷ്യ സംസ്കാരത്തെ പുഷ് ചെയ്യുക എന്ന ലക്ഷ്യത്തോടെ എഴുതിയതല്ല. സമൂഹത്തിലെ അശാസ്ത്രീയ പ്രചാരണങ്ങള്‍ എത്ര തന്നെ നിസാരമാനെങ്കില്‍ പോലും അതിനെ ആധുനിക ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ തുറന്ന്  കാണിക്കുകയും അങ്ങനെ കണ്ടതും കേട്ടതും വെള്ളം തൊടാതെ വിഴുങ്ങുന്ന ഒരു സമൂഹത്തെ ശാസ്ത്ര ബോധത്തിലേക്കും അന്വേഷണ ത്വരയിലെക്കും നയിക്കുക എന്നത് മാത്രമാണ് ലക്ഷ്യം.