ഈ അടുത്ത കാലത്തായി മലയാള സിനിമകളിൽ വല്ലാത്ത താല്പര്യം തോന്നുകയും അങ്ങനെ സുഹൃത്തുക്കളുടെ കൂടെ തിയേറ്ററിൽ പോയി കുറച്ചു മലയാള സിനിമകൾ കാണുകയും ചെയ്തു. അതിൽ എസ്ര, ഒരു മെക്സിക്കൻ അപാരത, അലമാര എന്നീ സിനിമകൾ നിലവാരം വല്ലാതെ കുറഞ്ഞു പോവുകയും അങ്ങനെ പൈസയും സമയവും പോയ കലിപ്പിൽ അതാത് സിനിമകൾ കണ്ട തൊട്ടടുത്ത ദിവസം അതിനെ പരിഹസിച്ച് കൊണ്ടുള്ള നിരൂപണങ്ങൾ ഞാൻ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ആ മൂന്ന് നിരൂപണങ്ങളും അതേപടി ഇങ്ങോട്ട് കോപ്പി ചെയ്ത് വെക്കുന്നു.
1) എസ്ര.... (watched on 28/02/17)
മലയാള ചലച്ചിത്രലോകം ഇക്കാലമത്രയും കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച മെറ്റാ ഫിസിക്കൽ ഹൊറർ ആൻഡ് ത്രില്ലെർ ആണ് ജയ്.കെ സംവിധാനം ചെയ്ത പൃഥ്വിരാജ് സുകുമാരനും, പ്രിയ ആനന്ദും, ടോവിനോ തോമസും, വിജയരാഘവനും ഉൾക്കൊള്ളുന്ന മുഖ്യധാരാ താര നിര അണിനിരക്കുന്ന എസ്ര എന്നാണ് എന്റെ പ്രാഥമിക വിലയിരുത്തൽ. ദ്വിതീയ വിലയിരുത്തൽ പുറകെ വരുന്നുണ്ട്.
ഒരു ഇൻറ്റർ റിലീജിയൻ പ്രണയ വിവാഹത്തിന് ശേഷം മുംബൈ മഹാ നഗരത്തിൽ അമ്മയുടെയും അച്ഛന്റെയും ഫ്രണ്ട്സിന്റെയും ഒരു വിളിപ്പാടകലെ ഭർത്താവൊത്ത് കഴിയുന്ന നായിക. ഭർത്താവിന്റെ പുതിയ ന്യൂക്ലിയർ വേസ്റ്റ് മാനേജ്‌മെന്റ് കമ്പനിയിലേക്കുള്ള ട്രാൻസ്ഫറിനെ തുടർന്ന് കൊച്ചിയിലേക്ക് പറിച്ചു നടാൻ പോവുകയാണ്. ഈ ദുഖകരമായ സാഹചര്യത്തിൽ "കൊച്ചി കണ്ടവന് അച്ചി വേണ്ട" എന്നത് കൊണ്ടൊന്നുമല്ല, മറിച്ച് പാരന്റ്സുമായി സ്പെയ്സിൽ അകലുമല്ലോ എന്ന വളരെ ഭൗതികമായ (physical) കാരണം കൊണ്ടാണെന്നും നായിക ചൂണ്ടി കാണിക്കുന്നു. ഇങ്ങനെ തുടർന്നും വളരെയധികം പുതുമയാർന്ന ദൃശ്യ വിസ്മയം ആണ് പ്രേക്ഷകരെ കാത്തിരിക്കുന്നത് എന്ന ഒരു "ഇത്" പ്രേക്ഷകന് നൽകി കൊണ്ടാണ് സിനിമയുടെ ആരംഭം.
വാഗ്ദാനങ്ങൾ തെറ്റിക്കാതെ സിനിമ മുന്നേറുകയാണ്. മലയാള സിനിമ പോയിട്ട് ലോക സിനിമ പോലും ഇന്നുവരെ കണ്ടിട്ടില്ലാത്ത വളരെ പുതുമയാർന്ന ഒരു തീം ആണ് ഇനി വരാൻ പോകുന്നത്. പെട്ടിക്കകത്ത് പ്രേതം.. വാവ്.. പട്ടണത്തിൽ ഭൂതം എന്ന ബ്രഹ്‌മാണ്ഡ സിനിമയിലെ കുപ്പിയിലെ ഭൂതത്തിന് നേരെ വലിച്ചറിഞ്ഞ ഒരു ചെരിപ്പായി ഈ പെട്ടിയിലെ പ്രേതത്തെ മെറ്റഫോറിക്കലി മനസിലാക്കാവുന്നതാണ്.
തുടർന്ന് ഒരു പാവം നിരപരാധിയെ തല്ലിക്കൊന്ന് പ്രേതം തന്റെ ഇൻട്രോ സീൻ പൊളിക്കുന്നു. പിന്നെ നായിക പെട്ടി കൈക്കലാക്കുന്നു. പ്രേതം ഒരു നീല വെളിച്ചത്തിന്റെ (lower wavelength, higher quantum energy) രൂപത്തിൽ നായികയിൽ പ്രവേശിക്കുന്നു. അതിന്റെ ആഘാതം താങ്ങാതെ നായിക രണ്ടു ദിവസത്തിനു ശേഷം വയറ്റിന്നു പോയ പോലെ ഒന്നങ്ങു കുഴയുന്നു എന്നിട്ട് തല പോകുമ്പോൾ ഐശ്വര്യ റായിയുടെ പോലത്തെ സുന്ദരമായ നീല കണ്ണുകൾ കാണിച്ച് നമ്മളെ പേടിപ്പിക്കുന്നു.
സിനിമയിലെ പുതുമകൾ ഇവിടെയും അവസാനിക്കുന്നില്ല തുടരുകയാണ്... അവിടെ പ്രേതം, ഇവിടെ പ്രേതം, പെട്ടെന്ന് പ്രേതം, തിരിഞ്ഞാൽ പ്രേതം, മറിഞ്ഞാൽ പ്രേതം, പ്രേതം, പ്രേതം, പ്രേതം. ഹോ പ്രേത സിനിമ തന്നെ. ഈ സമയത്ത് സംവിധായകൻ നമ്മളെ മുൾമുനയിൽ നിർത്തുകയാണ്, സിനിമ കാണാൻ പോകുന്നവർ മുള്ള് കൊണ്ടുപോവുകയാണെങ്കിൽ ഈ സീനുകൾ നന്നായി എക്സ്പീരിയൻസ് ചെയ്യാനുള്ള അവസരം ലഭിക്കും എന്നാണു എന്റെ ഒരിത്. നമ്മൾ പേടിച്ചു വയറിളകി ഇരിക്കുമ്പോഴും പുതുമകൾ തുടരുകയാണ്. കണ്ണാടിയിൽ നോക്കിയാൽ അതിൽ പ്രേതം തിരിഞ്ഞു പുറകിലേക്ക് നോക്കുമ്പോ അവിടെ പ്രേതമില്ല.. വാവ്.. എന്തൊരു പുതുമ ആഹഹാ ആഹഹാ.. സന്തോഷിച്ചാട്ടെ സന്തോഷിച്ചാട്ടെ...
നായിക പേടിച്ചു പണ്ടാരടങ്ങി നായകനോട് പറയുന്നു. പക്ഷെ നായകൻ വിശ്വസിക്കുന്നില്ല. സൊ സാഡ്. പക്ഷെ പ്രേതത്തിനു അത് ഇഷ്ടപ്പെട്ടില്ല കേട്ടോ.. ജെന്റർ ഇക്വാലിറ്റിയിൽ വിശ്വസിക്കുന്ന പ്രേതത്തെ അവതരിപ്പിക്കുന്നതിലൂടെ സംവിധായകന്റെ സാമൂഹിക പ്രതിബദ്ധത വെളിവാകുന്ന സീൻ ആണ് അടുത്തത്. അതായത് നായികക്ക് ആൾറെഡി പണി കൊടുത്താലോ. അതിനു ശേഷം നായകനും നായികയും ഉറങ്ങുമ്പോൾ പുതപ്പ് പൊക്കി മാറ്റുന്നു.. (അയ്യേ... ഇതൊക്കെ എഴുതാൻ തന്നെ നാണമായിട്ടു വയ്യ.) എന്നിട്ട് പ്രേക്ഷകർ ആയ നമ്മൾ പോലും ഉറക്കത്തിൽ നിന്ന് ഉണർന്ന് സിനിമകാണുന്ന മാതിരി ശബ്ദത്തിൽ അർനോഡ്ലിന്റെ ബൂട്ട് ഇട്ടു 3 /sec ഫ്രീക്വസിയിൽ ഡും ഡും എന്ന് നടന്ന് നായകനെ മാത്രം ഉണർത്തുന്നു. എന്നിട്ട് അവിടെ നോക്കുമ്പോ ഇവിടെ ശബ്ദം, ഇവിടെ നോക്കുമ്പോ അവിടെ ശബ്ദം... വളരെ വ്യത്യസ്തമായ തലങ്ങളിലേക്ക് പ്രേത സങ്കൽപ്പത്തെ വഴി നടത്തുകയാണ് ഇതിലൂടെ സംവിധായകൻ ചെയ്യുന്നത് എന്ന് ന്യായമായും ഊഹിക്കാം. അവസാനം നായകനെ മച്ചിൽ കയറ്റി താഴോട്ടിട്ടു പ്രേതം പണി കൊടുക്കുന്നു. ഇനി മേലാൽ ഭാര്യയെ അവിശ്വസിക്കരുത് എന്ന ഒരു താക്കീതായി ഇതിനെ മെറ്റഫോറിക്കലി കാണാം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഭാര്യ ഉണരാത്തതിന്റെ കാരണം, പ്രേതം തന്റെ പ്രത്യേക ശക്തി ഉപയോഗിച്ച് ഭാര്യക്ക് കേൾക്കാത്ത വിധം ശബ്ദം ഉണ്ടാക്കിയത് കൊണ്ടാണെന്നും അതല്ല തലേ ദിവസത്തെ പ്രേതവുമായുള്ള മീറ്റിങ്ങിൽ പേടിച്ച് വയറിളകി ക്ഷീണം കൊണ്ട് നന്നായി ഉറങ്ങി പോയത് കൊണ്ടാണെന്നും ആസ്വാദകന്റെ സ്വാതന്ത്ര്യത്തിന് വിട്ടുകൊടുക്കുന്ന വിശാല മനസ്കനായ ഒന്നിലധികം ശരികളെ, ശരികളായി ഉൾക്കൊള്ളുന്ന ഇടതുപക്ഷ ഉത്തരാധുനിക ജനാധിപത്യവാദിയെ സംവിധായകനിൽ കാണാവുന്നതാണ്.
അടുത്ത ദിവസം ടൊവീനോ തോമസിന്റെ കഥാപാത്രമായ പോലീസുകാരൻ അവിടെ വരുന്നു. പൃഥ്വിരാജ് ചേട്ടൻ ഈ പടം 100 തവണ കണ്ടപ്പോ ഒരു 50 തവണയെങ്കിലും അങ്ങേരും കണ്ടത് കൊണ്ടായിരിക്കണം പെട്ടെന്ന് തന്നെ അവിടെ ശബ്ദം കേട്ടത് മരപ്പട്ടിയോ വവ്വാലോ ആണെന്ന് അങ്ങേരു വേഗം അങ്ങ് നിഗമനിച്ചു കളഞ്ഞു. കാരണം ആ നടത്തത്തിന്റെ ഫ്രീക്വസി കേട്ടാൽ അത് മനുഷ്യൻ ആണെന്ന് കരുതാൻ അരിഭക്ഷണം കഴിക്കുന്ന ആർക്കും സാധ്യമല്ല.
പിന്നെ പുരോഹിതന്മാർ ഇടപെടുന്നു. ക്രിസ്ത്യാനിറ്റി, ജൂതായിസം മത സൗഹാർദ്ദം കാണിക്കുന്നു. സംവിധായകന്റെ മതേതര മുഖം ഒരുപാട് പ്രതീക്ഷകൾ നൽകുന്നു. പ്രേതത്തെ കുറിച്ച് പുസ്തകം വായിച്ച് പഠിക്കുന്നു. അത് ശരിയാണെന്ന് സെമിത്തേരിയിൽ പോയി ശാസ്ത്രീയമായി വെരിഫൈ ചെയ്യുന്നു.
പ്രേതം അങ്ങനെ ചുമ്മാ ആളുകളെ ഉപദ്രവിക്കുകയൊന്നുമല്ല മറിച്ച് അവന് അവന്റേതായ കാരണങ്ങൾ ഉണ്ടെന്നാണ് ഒരു ഫ്‌ളാഷ് ബാക്ക് സബ് കഥയിലൂടെ നമ്മളോട് പറയാൻ പോകുന്നത്.
വളരെയധികം പുതുമകൾ കണ്ടു കൊണ്ടിരിക്കുന്ന നമ്മളെ പെട്ടെന്ന് ഈ പഴയ ഫ്‌ളാഷ്ബാക്കിലേക്കു കൊണ്ട് വരുമ്പോൾ പുതുമയുടെ ഹാങ് ഓവറിൽ ഇതൊരു പഴയ കഥയാണ് എന്ന യാഥാര്ഥ്യം നമ്മൾ മറന്നു പോവാതിരിക്കാൻ നിരവധി പഴയകാല ക്ളീഷേകൾ സംവിധായകൻ നമുക്ക് വേണ്ടി അണിയിച്ചൊരുക്കിയിട്ടുണ്ട്. അന്യ മതക്കാരിയെ പ്രേമിക്കുന്നു... നായകൻ ദൂരെ ജോലിക്കു പോവുന്നു.. ക്യാഷ് ഉണ്ടാക്കുന്നു... പ്രണയ സമ്മാനമായി വിവാഹ വസ്ത്രം കൊടുക്കുന്നു... പ്രേമിക്കുന്നു.. പാറപ്പുറത്ത് പോയി ഇരിക്കുന്നു.. മഴ പെയ്യുന്നു... മഴ നനയാതെ ആരും ഇല്ലാത്ത ചരക്ക് തോണിയിൽ കയറുന്നു... പിന്നെ.. പിന്നെ... പിന്നെ... ഹയ്യട.. ലത് തന്നെ... ഒരു ടാപ് തുറന്നിട്ട സീൻ വേണമെങ്കിൽ കാണിക്കാമായിരുന്നു. എന്തായാലും ആ ഒരൊറ്റ സംഭോഗത്തിൽ സബ് കഥയിലെ നായിക പ്രഗ്നൻറ് ആവുന്നു... എന്താ ല്ലേ..?
കഴിഞ്ഞില്ല... നായകൻ അവളെ കെട്ടണമെന്ന് അപ്പനോട് പറയുന്നു.. ( ഹി ഹി ഹി മണ്ടൻ ആ കാലത്തെ സിനിമകൾ ഒന്നും കാണാറില്ലെന്നു തോന്നുന്നു.. സിനിമയിൽ ഒക്കെ ഏതെങ്കിലും അപ്പൻ സമ്മതിക്കുമോ ഹേ..? ) അങ്ങനെ സ്വപ്‌നങ്ങൾ പൊലിഞ്ഞ നായിക വിവാഹ വസ്ത്രം ധരിച്ച് ആത്മഹത്യ ചെയ്യുന്നു. നായകനെ നാട്ടു കാർ പോകുന്നു അടി കൊടുക്കുന്നു അങ്ങനെ അങ്ങനെ... അവിടെ ആണ് ട്വിസ്റ്റ്. നായികയുടെ അല്ല മരിച്ച നായകന്റെ പ്രേതമാണ് ഇവിടെ വന്നേക്കുന്നത്. എന്തായാലും കാണിക്കുന്നത് പഴയ കാലം ആണെന്ന് മറക്കാതിരിക്കാൻ ഈ ക്ളീഷേകൾ സഹായിച്ചു. അതുകൊണ്ടു ആ ക്ളീഷേകളെ പർപ്പസ്ഫുൾ ക്ളീഷേകൾ എന്ന് വിളിക്കാവുന്നതാണ്. അതിനെ മുൻനിർത്തി സിനിമ മൊത്തം ക്ളീഷേ ആണെന്ന് പറയുന്നതിനോട് എനിക്ക് യോചിപ്പില്ല. ഭയങ്കര പുതുമയുള്ള സിനിമയാണ്. സിനിമയെ ബഹുമാനിക്കാൻ പഠിക്കൂ ശൂർത്തുക്കളെ...
ഇനി ക്ളീഷേ കഴിഞ്ഞു പുതുമയിലേക്ക് മടങ്ങി വരുന്നു. പട്ടി പ്രേതത്തെ കണ്ടു കൊര കൊരോ കൊരക്കുന്നു. പ്രേതം ആ പട്ടിയുടെ തലയറുക്കുന്നു. എന്നിട്ട് മലയാള സിനിമകാലിൽ നിന്നും വളരെ വത്യസ്തമായി വെള്ള സാരിയും പുകയും റേഡിയോയും പാട്ടും എല്ലാം ഉപേക്ഷിച്ച് ഒരു ആധുനിക വേഷമായ നൈറ്റി പോലത്തെ എന്തോ ഒന്ന് ധരിച്ചു കൊണ്ട് നായിക നൈറ്റിൽ മതിലിനു മുകളൂടെ നടക്കുന്നു. പ്രേതങ്ങളുടെ വസ്ത്ര സ്വാതത്ര്യത്തെ അഡ്രെസ്സ് ചെയ്യാതെ ഈ കല രൂപത്തിന് ഇന് മുന്നോട്ടു പോവാൻ ആവില്ല എന്ന വിപ്ലവകരമായ ഒരു ജ്ഞാന മണ്ഡലത്തിലേക്കാണ്, പുതിയ ഒരു എത്തിക്കൽ ഫിലോസഫിയിലേക്കാണ് സിനിമ പ്രേക്ഷകരെ കൈപിടിച്ച് ആനയിക്കുന്നത് എന്ന് പറയാതെ വയ്യ.
അതിവിശാലമായ ഈ പ്രപഞ്ചത്തിൽ മോക്ഷം പോലും കിട്ടാതെ തൻ്റെ സ്വത്വത്തെ തിരിച്ചറിയാൻ പ്രയാസപ്പെടുന്ന പ്രേതത്തിന്റെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക തൊഴിൽ മണ്ഡലങ്ങളിൽ സമാന ദുഖങ്ങളോ അനുഭവങ്ങളോ ഉള്ളവരുമായി ഐക്യപ്പെട്ട് തന്റെ സ്വത്വത്തെ ഒരു സമൂഹത്തിന്റെ തിരിച്ചറിവെന്നൊനും തിരിച്ചറിയാൻ പ്രയാസപ്പെടുന്ന പ്രേതത്തെ ആധുനിക സമൂഹത്തിൽ ഐഡന്റിറ്റി പൊളിറ്റിക്സ് കാർ പറയുന്ന കാര്യങ്ങൾക്ക് നമ്മൾ ചെവി കൊടുക്കേണ്ടതുണ്ട് എന്ന ഒരു വലിയ മെസേജ് ആയി ഉത്തരാധുനിക ബുദ്ധിജീവികൾക്ക് വേണമെങ്കിൽ മനസിലാക്കാവുന്നതാണ്.
ക്ളൈമാക്സ് ആണ് ഏറ്റവും കിടു. ആഗോള തലത്തിൽ തന്നെ നമ്പർ വൺ ആണെന്നാണ് എന്റെ അഭിപ്രായം. സെക്കൻഡ് സിക്സ്ത് സെൻസിനാണോ അതോ ഷട്ടർ അയ്ലൻഡ്ന് ആണോ എന്ന കാര്യത്തിൽ മാത്രമേ തർക്കത്തിന് സ്കോപ് ഒള്ളൂ... ക്ളൈമാക്സ് കണ്ടിട്ട് "മാടമ്പള്ളിയിലെ യദാർത്ഥ മനോരോഗി ശ്രീദേവി അല്ല, ഗംഗയാണ്" എന്ന ഡോക്ടർ സണ്ണിയുടെ ഡയലോഗ് ഓര്മ വന്നാൽ തികസിച്ചും യാദൃശ്ചികം മാത്രം.
2)
ഒരു മെക്സിക്കൻ അപാരത... (watched on 08/03/17)
മലയാള സിനിമയിൽ എന്നല്ല ലോക സിനിമയിൽ തന്നെ എക്കാലത്തെയും മികച്ച വളരെ പുതുമയാർന്ന വളരെ സങ്കീർണമായ നിരവധി ഇടത് പക്ഷ രാഷ്ട്രീയ തത്വശാസ്ത്രപരമായ കാര്യങ്ങൾ ഏത് കൊച്ചു കുട്ടിക്കും മനസിലാവുന്ന തരത്തിലുള്ള ലളിതമായ ആവിഷ്കാരമാണ് ടോം ഇമ്മട്ടി സംവിധാനം ചെയ്ത ടോവിനോ തോമസ്, രൂപേഷ് പീതാമ്പരൻ, നീരജ് മാധവ്, ഗായത്രി സുരേഷ് എന്നിവർ തകർത്ത് അഭിനയിച്ച ഒരു മെക്സിക്കൻ അപാരത എന്നാണ് എന്റെ നിരീക്ഷണം.
വളരെ സങ്കീർണവും വിശാല തലത്തിൽ നിരൂപണം അർഹിക്കുന്നതുമായ ഈ സിനിമയെ ഒരു ഫെയ്‌സ് ബുക് പോസ്റ്റിൽ ഒതുക്കുക എന്നത് 100 കിലോ പഞ്ഞി ഒരു സാധാരണ തലയിണയുടെ അകത്ത് നിറയ്ക്കും പോലെ പ്രയാസമുള്ള കാര്യമാണ് എന്നറിഞ്ഞുകൊണ്ട് തന്നെയാണ് ഇതിന് മുന്നിട്ടിറങ്ങുന്നത്. തെറ്റുകളും പോരായ്മകളും മാന്യ വായനക്കാർ ക്ഷമിക്കും എന്ന പ്രതീക്ഷയോടെ ബൊളീവിയൻ കാടുകളിൽ വെന്നിക്കൊടി പറപ്പിച്ച വിപ്ലവ പോരാളി ചെഗുവേര അമ്മാവനെ മനസ്സിൽ ധ്യാനിച്ച് കൊണ്ട് ആരംഭിക്കട്ടെ.
സങ്കീർണ്ണത മറി കടക്കുന്നതിന് വേണ്ടി കുറച്ച് കഷ്ണങ്ങൾ ആക്കി മുറിച്ച് കൊണ്ടാണ് നിരൂപിക്കാൻ ഉദ്ദേശിക്കുന്നത്. സിനിമ തുടങ്ങുമ്പോൾ ഒരു ചുവന്ന ഷർട് ഇട്ട് ചുവന്ന ചോര ഒലിപ്പിച്ച് ഒരാൾ സ്ക്രീനിലേക്ക് കമിഴ്ന്നടിച്ച് വീഴുന്നു. എന്നിട്ട് അവിടെ കിടന്ന് ആർക്കും മനസിലാവാത്ത എന്തൊക്കെയോ ഫിലോസഫി പറയുന്നു. അങ്ങേർക്ക് എണീക്കണം എന്നിട്ട് എന്തൊക്കെയോ പണിയുണ്ട് എന്നാണ് അതിന്റെ രത്നച്ചുരുക്കം.
പിന്നെ അൽപ്പം ഫ്ലാഷ്ബാക്ക്... 1975 ലെ അടിയന്തരാവസ്ഥക്കാലം. പോലീസ് പാവപ്പെട്ടവരുടെ നെഞ്ചത്ത് കുച്ചിപ്പുടി കളിച്ചു കൊണ്ടിരിക്കുന്ന കാലം. ആ സമയത്ത് ടോവിനോ തോമസിനെ പോലെ ഒരാൾ ഒരു വിഗ്ഗും വച്ച് വന്നു കൊണ്ട് പൊലീസുകാരെ ഉന്തി തള്ളിയിട്ട് അങ്ങോട്ട് നടന്നു പോകും. പിറകെ കൊറേ പേര് ഫോളോ ചെയ്യും. എന്നിട്ട് അയാൾ സൂര്യൻ ഉദിക്കും മുന്നേ ഭൂമിയിൽ ഇരുട്ടായിരുന്നു എന്ന സത്യം ആ സമയത്ത് ഉറങ്ങുകയായിരുന്ന അനുയായികൾക്ക് പറഞ്ഞു കൊടുക്കും. സൂര്യൻ ചുവന്ന നിറത്തിൽ അഭിവാദ്യം ചെയ്യുന്നതിനെ കുറിച്ച് പറയുന്നുണ്ട്. വേവ് ലെങ്ത് കുറഞ്ഞ വയലറ്റ്, ഇൻഡിഗോ, ബ്ലൂ ഒക്കെ പെട്ടെന്ന് സ്കാറ്റർ ചെയ്തു പോകുന്നത് കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത് എന്ന് കൂടി തുടർന്ന് ക്ലാസ് എടുത്തുകാണും എന്ന് വേണമെങ്കിൽ ഊഹിക്കാം. ഒരു കമ്മ്യൂണിസ്റ്റ് കാരന് ശാസ്ത്ര ബോധം ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയാണ് സിനിമ വെളിപ്പെടുത്തുന്നത്.
പിന്നെ സഖാവ് കുഞ്ഞനിയൻ എന്ന അയാളെ ആരോ ഒറ്റുന്നു. പോലീസ് ഏമാൻ വന്ന് sfy രാജി വെക്കാൻ പറയുന്നു. അപ്പോൾ ജീവിതത്തിൽ നിന്ന് രാജി വെക്കാം എന്ന് പറയുന്നു. അപ്പോൾ അങ്ങേര് സർവീസ് റിവോൾവർ എടുത്ത് ചൂണ്ടിപിടിച്ച് നിന്ന് മുദ്രാവാക്യം വിളിക്കാൻ കണ്ണ് കൊണ്ട് കാണിച്ച് കൊണ്ട് അൽപ്പം സമയം കൊടുക്കുന്നു. അപ്പോൾ ആരും കേൾക്കാനില്ലാത്തയിടത്ത് സഖാവ് കുഞ്ഞനിയൻ ചങ്ക് പൊട്ടുന്ന ഉച്ചത്തിൽ ഇൻക്വിലാബ് സിംദാബാദ് എന്ന് അലറി വിളിക്കുന്നു. എന്നിട്ട് വെടി ഏറ്റു വാങ്ങുന്നു. കമ്മ്യൂണിസ്റ്റ് കാർ എല്ലാം രക്തസാക്ഷി സിൻഡ്രോം ബാധിച്ച ജീവിതത്തെ കുറിച്ച് ബോധമില്ലാത്ത പൊട്ടന്മാർ ആണെന്ന ഒരു ട്രോൾ ആയാണ് ആക്ച്വലി തിരക്കഥാകൃത്ത് ഇത് എഴുതിയത്, പക്ഷേ ബാക്ക് ഗ്രൗണ്ട് മ്യൂസിക് ചെയ്ത ആൾ ആകെ സെന്റി അടിച്ച് സീരിയസ് ആക്കി.
പിന്നെ കാമറ നേരെ എറണാകുളം മഹാരാജ കോളേജിലേക്ക് വരുന്നു. മലയാള സിനിമ എന്നിവരെ കണ്ടിട്ടില്ലാത്ത ഒരു ഹോസ്റ്റൽ തമാശയാണ് കാണിക്കുന്നത്. അതായത് രണ്ടു പേര് ഇരുന്ന് പഠിക്കുന്നു, ഒരാൾ വായിച്ചിട്ട് ഒന്നും മനസിലാകുന്നില്ലെന്നു പറയുന്നു. അപ്പൊ മറ്റെയാൾ ആ പുസ്തകം എടുത്ത് നോക്കുന്നു. എന്നിട്ട് ഏത് വിഷയം ആണ് പഠിക്കുന്നത് എന്ന് ചോദിക്കുന്നു, അപ്പോൾ ഫിസിക്സ് എന്ന് പറയുന്നു, അപ്പോൾ അത് എക്കണോമിക്സ് പുസ്തകം ആയിരുന്നു. ഹഹഹ... ശോഭ ചിരിക്കുന്നില്ലേ..?
നായകൻ നായികയെ കാണുന്നു, അവളുടെ പാട്ട് കേൾക്കുന്നു, ഇഷ്ട്ടപ്പെടുന്നു, നേരെ പോയി ഇഷ്ടമാണെന്ന് പറയുന്നു, നായിക അപ്പൊ തന്നെ "നിക്യൂഷ്ടാ" എന്ന് തൃശൂർ ഭാഷയിൽ ചുട്ട മറുപടി കൊടുക്കുന്നു. നായകൻ താജ്മഹൽ ഇഷ്ടാണെന്നാണോ പറഞ്ഞത് എന്ന് പ്രേക്ഷകർക്ക് തോന്നിപ്പോവും വിധം കാതടപ്പൻ മറുപടി. എന്തായാലും അത് ചുമ്മാ പറഞ്ഞതാണെന്ന് സിനിമ കാണുന്ന നമുക്ക് പോലും മനസിലായെങ്കിലും പൊട്ടൻ നായകന് മനസിലായില്ല. അവൻ കൊച്ചു പിള്ളാര് പുളിങ്ങ കട്ട് തിന്നിട്ട് ചിരിക്കുന്ന ചിരിയും ചിരിച്ചോണ്ട് സ്ലോ മോഷനിൽ നടന്ന് പോവുന്നു. നായിക ഫോണിൽ വിളിക്കുന്നു, നായകൻ ഇഷ്ടമുള്ള കളർ വയലറ്റ് ആണെന്ന് അവളോട് പറഞ്ഞു സെയിം പിഞ്ച് ആക്കുന്നു. അവൾ ആവശ്യപ്പെട്ട കാമറ നായകൻ സംഘടിപ്പിച്ച് കൊടുക്കുന്നു.
ജൂനിയേർ സീനിയർ ഹൈറാർക്കി വളരെ ശക്തമാണ്. ജൂനിയേഴ്‌സിന്റെ ചായയോ സർബത്തോ എന്തോ സീനിയർ ഓസിനു കുടിക്കുന്നു, ജൂനിയർ എന്തോ പറയുന്നു, സീനിയർ അവനോടു അമ്പത് തവണ പറയാൻ പറയുന്നു. ജൂനിയർ പറയില്ല. അങ്ങനെ അവരെ തല്ലുമെന്ന് സീനിയർ വെല്ലുവിളിക്കുന്നു, രാത്രി തല്ലാൻ വരുന്നു, തല്ലു തുടങ്ങുമ്പോ കറണ്ട് പോകുന്നു. നേരം വെളുത്തപ്പോ തല്ലാൻ വന്നവരും കൊള്ളാൻ വന്നവരും കെട്ടിപ്പിടിച്ച് ഉറങ്ങുന്ന സീൻ കാണിക്കുന്നു. കോളേജാണോ അതോ നേഴ്‌സറി സ്‌കൂൾ ആണോ എന്ന സംശയത്തിൽ പ്രേക്ഷകരെ ത്രിശങ്കുവിൽ ആക്കുന്ന സംവിധാന മികവാണ് സിനിമക്കുള്ളത് എന്നത് എടുത്ത് പറയേണ്ടി ഇരിക്കുന്നു.
പിന്നെ ഒരു വെള്ളയും വെള്ളയും ഇട്ട പെണ്ണ് ഒരു കാമ്പസ് ഇടതു പക്ഷ കവിയെ തേക്കുന്നു, പിന്നെ നായിക നായകനെ തേക്കുന്നു, പിന്നെ sfy കാരുടെ സഹായത്തോടെ മഹാത്മാഗാന്ധി സർവകലാശാലയിലെ കലോത്സവത്തിൽ പങ്കെടുത്ത് കലാതിലകമായ ഒരു പെണ്ണ് കപ്പ് കിട്ടിയ ഉടനെ കാൽ മാറി ksq വിൽ ചേരുന്ന് ആഹ്ലാദിച്ച് sfy കാരെ ശശി ആക്കുന്നു. അങ്ങനെ മൊത്തം മൂന്ന് പെണ്ണുങ്ങൾ രണ്ടു വ്യക്തികളെയും ഒരു പ്രസ്ഥാനത്തെയും തേക്കുന്നു. എന്ത് നല്ല പുരോഗമന സിനിമ ല്ലേ..?
കാമ്പസ് യൂണിയൻ ഭരിക്കുന്നത് ksq ആണ്, അവരുടെ ഗുണ്ടായിസം കണ്ടാൽ അവർ വിദ്ധ്യാര്തികൾ തന്നെയാണോ എന്നൊക്കെ തോന്നുമെങ്കിലും ഇടയ്ക്കിടെ കാമ്പസ് ബിൽഡിംഗ്, ഹോസ്റ്റൽ റൂം ഒക്കെ കാണിക്കുന്നത് കൊണ്ട് അവർ വിദ്ധ്യാര്തികൾ ആണെന്ന് നമുക്ക് ഓര്മ വരും. അവരുടെ ഗുണ്ടായിസം അവസാനിപ്പിച്ച് കാമ്പസിൽ സമാധാനം സ്ഥാപിക്കാൻ sfy അധികാരത്തിൽ വരണം അത് രക്തം ചിന്തിയിട്ടായാലും ജയിച്ചേ പറ്റൂ എന്ന് നീരജ് മാധവന്റെ കഥാപാത്രം പ്രതിജ്ഞ ചെയ്യുന്നു, കേട്ടാൽ ട്രോൾ ആണോ എന്ന് തോന്നും പക്ഷെ ബാക്ക് ഗ്രൗണ്ട് മ്യൂസിക് സീരിയസ് ആയത് കൊണ്ട് സീരിയസ് ആണെന്ന് മനസിലാവും. ഇതുപോലെ പല അവസരത്തിലും ബാക്ക് ഗ്രൗണ്ട് മ്യൂസിക് ഈ സിനിമയിൽ ഒരു സഹായകമാവുന്നുണ്ട്.
ഇനി പ്രധാന ഭാഗത്തേക്ക് കടക്കാം... ഒരു മുടിയനായ പുത്രനെ പോലീസ് തല്ലിയതിന്റെ പേരിൽ അവൻ പ്രശ്നം ഉണ്ടാക്കുന്നു, തുടർന്ന് കൊറേ മുടിയനായ പുത്രന്മാർ താടിയും മീശയും മുടിയും വളർത്തും എന്നൊക്കെ പറഞ്ഞു മനോഹരമായ ഒരു മനുഷ്യാവകാശ പ്രഖ്യാപന ഗാനം ആലപിക്കുന്നു, അത് കേട്ട് നായകൻ കമ്മ്യൂണിസ്റ്റ് ആവുന്നു. എന്താ ല്ലേ..?
പിന്നെ നായകനെ ചെയർമാൻ ആക്കാൻ sfy തീരുമാനിക്കുന്നു. അങ്ങനെ നോമിനേഷൻ കൊടുത്ത് ഇലക്ഷൻ പ്രചാരണം ആരംഭിക്കുന്നു. അപ്പൊ പണ്ട് തേച്ച നായിക വീണ്ടും കൊഞ്ചാൻ വരുന്നു. അന്നേരം നായകൻ അവളുടെ വോട്ട് പോലും വേണ്ടെന്ന് പറയുന്നു. ആകെ നാലും മൂന്നും 7 തല്ലുകൊള്ളി sfy കാർ ഉള്ള കാമ്പസിൽ ആണ് പ്രണയ നൈരാശ്യത്തിന്റെ പേരിൽ വിലപ്പെട്ട ഒരു വോട്ട് വേണ്ട എന്നൊക്കെ വെല്ലുവിളിക്കുന്നത്. ഭീകര ഡിപ്ലോമസി തന്നെ. നേരത്തെ പറഞ്ഞ പോലെ ട്രോൾ അല്ലെന്നു മനസ്സിലാവാൻ ബാക്ക് ഗ്രൗണ്ട് മ്യൂസിക് തന്നെ ആശ്രയം. ഇഷ്ടനിറം ഇപ്പൊ വയലറ്റ് അല്ലെന്നും ചുവപ്പാണെന്നും നായികയെ ഓർമ്മപ്പെടുത്തി നായകൻ നടന്നകലുന്നു. അതായത് ഉത്തമാ... നിന്നെ പോലെ കണ്ട ഊച്ചാളി പെണ്ണുങ്ങളുടെ പുറകെ നടക്കാനൊന്നും എനിക്കിപ്പോ സമയമില്ല ഹേ... ഞാനിപ്പോ കമ്മ്യൂണിസ്റ്റ് കാരൻ ആണ് ഹേ... അങ്ങനെ തേപ്പിനുള്ള മറുപടി കൊടുത്ത നായകൻ ആണുങ്ങളുടെ മുഴുവൻ മാനം കാക്കുന്നു. തൽക്കാലമെങ്കിലും ഈക്വൽ ഈക്വൽ ആവുന്നു. പുരോഗമന സിനിമ തന്നെ ല്ലേ..?
ഇനി പറയുന്നത് മാർക്സിസിറ്റ് പാർട്ടി ഇന്നുവരെ ഫെയ്‌സ് ചെയ്യേണ്ടി വന്നിട്ടില്ലാത്ത വളരെ പുതിയ ഒരു ഗംഭീര വിമർശനമാണ്. അതായത് പാർട്ടി മനപ്പൂർവം രക്തസാക്ഷികളെ ഉണ്ടാക്കുന്നു. ഹോ നമ്മൾ ആരും അറിഞ്ഞിരുന്നില്ല ല്ലേ..? ഈ സിനിമ ഉണ്ടായത് നന്നായി എന്ന് തോന്നിപ്പോയി. അങ്ങനെ പാർട്ടി നേതൃത്വം രക്തസാക്ഷിയായി നായകനെ ചൂസ് ചെയ്യുന്നു. അവനെ കൊല്ലാൻ പാർട്ടി തന്നെ ഗുണ്ടകളെ ഏർപ്പാടാക്കുന്നു. ksq കാരുടെ കൊടികൾ സൂക്ഷിച്ച മുറി രാത്രി പോയി കത്തിക്കുന്നു. അത് sfy യെ കരിവാരി തേക്കാൻ ksq കാർ തന്നെ ചെയ്തത് ആണെന്ന് പാവം നായകനെ കൊണ്ട് sfy കാർ തന്നെ പറയിപ്പിക്കുന്ന. എന്നിട്ട് സങ്കര്ഷം ഉണ്ടാവുമ്പോൾ പാർട്ടിക്കാർ ഏർപ്പാട് ചെയ്ത ഗുണ്ടകൾ തന്നെ നായകനെ കയറി തല്ലുന്നു. അതിനിടക്ക് ഏതോ ഒരു സഖാവ് മൈക് എടുത്ത് എല്ലാം വിളിച്ചു പറഞ്ഞത് കൊണ്ട് ജീവൻ ബാക്കി കിട്ടുന്നു. ഇങ്ങനെ സകല ചെറ്റത്തരവും പാർട്ടിയും sfy കാരും കൂടെ തന്നെ ചെയ്ത് സഹതാപ തരംഗം ഉണ്ടാക്കി ഇലക്ഷൻ ജയിക്കുന്നു. എനിക്ക് മനസിലാവാത്തത് ഇതൊക്കെ വച്ച് നോക്കുമ്പോൾ ksq കാർക്ക് ആക്ച്വലി എന്താണ് കുഴപ്പമെന്നാ.. അവർ എത്രയോ മാന്യന്മാർ ആണ്. ചിലപ്പോ കഥാകൃത്ത് അത് തന്നെ ആയിരിക്കും ഉദ്ദേശിച്ചത്. എഗൈൻ ബാക്ക് ഗ്രൗണ്ട് മ്യൂസിക് പ്രസക്തമാവുന്നു.
ഇലക്ഷൻ ജയിച്ച ഉടനെ നായകൻ തൂറാൻ മുട്ടിയ മുഖഭാവവും ആയിട്ട് കൊടിയും പിടിച്ച് എങ്ങോട്ടോ ഓടുന്നു. ആരൊക്കെയോ വന്ന് തല്ലുന്നു. വടി, ഇരുമ്പ് കമ്പി, ചങ്ങല എല്ലാം വച്ച പൊതിരെ തല്ലി പത്തിരി ആക്കുന്നു. എന്നിട്ട് പണ്ടെങ്ങാണ്ടോ ഒരു കൃഷ്ണനെ കൊന്നത് അവരാണെന്നു ksq കാർ പറയുന്നത് കേട്ടപ്പോ പത്തിരിയായ നായകൻ എണീറ്റ് ചെടിച്ചട്ടി എടുത്ത് ഒരുത്തന്റെ മണ്ടക്ക് പൊട്ടിക്കുന്നു. പിന്നെ കൊറേ പേരെ തല്ലി അവസാനം ആ കൊടി എവിടെയോ കുത്തി വെക്കുന്നു. വളരെ മനോഹരമായ ഒരു സിനിമ തന്നെ ല്ലേ..?
എന്നാലും എന്റെ abvp കാരേ.... അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുക എന്നൊക്കെ കേട്ടിട്ടേ ഒള്ളൂ... നിങ്ങക്കൊക്കെ ഒന്ന് പൊട്ടി കരഞ്ഞൂടെ ഗയ്‌സ്..?
3)
അലമാര... (watched on 17/03/17)
കട്ട സ്പോയിലർ റിവ്യൂ ആണ്. സ്വന്തം റിസ്കിൽ വായിച്ചോണം. അല്ലാണ്ട് സിനിമ കാണാതിരിക്കുന്ന അത്രയും കാലം അതിന്റെ കഥ അറിയാതെ ഇരിക്കാനുള്ള നിങ്ങളുടെ അവകാശത്തിനുമേൽ ഞാൻ കടന്നു കയറി എന്നും പറഞ്ഞു രാത്രി കയ്യും കഴുകി ഉണ്ണാൻ വന്നിരിക്കുമ്പൊ എൻ്റെ കഞ്ഞിയിൽ മണ്ണ് വാരി ഇടാൻ വന്നേക്കരുത്, പറഞ്ഞേക്കാം
:/
സിനിമ എന്ന മഹാസമുദ്രത്തിന്റെ ഓരത്തിരുന്നു അലകൾ എണ്ണാൻ പോലും യോഗ്യതയില്ലാത്ത ഒരു സാധാരണ പ്രേക്ഷകന് മറ്റൊരു സംവിധായകനും ഇന്ന് വരെ സമ്മാനിക്കാൻ കഴിയാത്ത അത്ര മനോഹരമായ ദൃശ്യവിരുന്നാണ് മിഥുൻ മാനുവൽ തോമസ് അലമാരക്കകത്ത് എടുത്ത് വച്ചിരിക്കുന്നത്. കൂടാതെ അലമാരക്കകത്ത് സണ്ണി വെയിൻ ഉണ്ട്, അജു വർഗീസ് ഉണ്ട്, രഞ്ജി പണിക്കർ ഉണ്ട്... കഴിച്ചോളൂ കഴിച്ചോളൂ...
കോമഡി ജോണറിൽ ആഗോള തലത്തിൽ തന്നെ കഴിഞ്ഞ ഒരു അമ്പത് വർഷമായി വന്നിട്ടുള്ളതിൽ ഏറ്റവും മികച്ച സിനിമയാണ് അലമാര എന്ന് പറയാതെ വയ്യ. സിനിമകളോട്, പ്രത്യേകിച്ച് മലയാളം സിനിമകളോട് പുച്ഛം മാത്രമുള്ള, സിനിമയെ ബഹുമാനിക്കാൻ അറിയാത്ത, കലാബോധം എന്ന് പറയുന്ന സാധനം ദൈവം തമ്പുരാൻ യോഗം വിളിച്ച് വീതം വെച്ചപ്പോ മൂത്രമൊഴിക്കാൻ പോയിരുന്ന ചില നിര്ഭാഗ്യവാന്മാർ അവസാനത്ത് നിന്ന് ഇങ്ങോട്ടാണ് ഏറ്റവും മികച്ച സിനിമ എന്നൊക്കെ ചളി പറയുമെങ്കിലും, അവന്മാരെ നമ്മൾ കാര്യമാക്കേണ്ടതില്ല, സിനിമകളെ മികവിന്റെ അടിസ്ഥാനത്തിൽ ഒരു രേഖയിലെ ബിന്ദുക്കളെ പോലെ കോർത്ത് വെക്കുമ്പോൾ സിനിമാ അപ്രേമികൾ പോലും രേഖയുടെ ഏതെങ്കിലും ഒരറ്റത്ത് സ്ഥാപിച്ചു എന്നത് തീർച്ചയായും അലമാരയുടെ ഒരു മികവായി കണക്കാക്കാവുന്നതാണ്.
സിനിമ തുടങ്ങുന്നത് മലയാള സിനിമയിൽ ഇന്നുവരെ ഒരു സംവിധായകനും കാണിക്കാൻ ധൈര്യം ഇല്ലാതിരുന്ന വളരെ പുതിയ ഒരു കാര്യത്തോടെയാണ്. അതായത് നായകൻറെ ആറ്റു നോറ്റ് ദിവസമെണ്ണി അവസാനം എത്തി ചേർന്ന വിവാഹ സുദിനത്തിന്റെ തലേ ദിവസം വധു മറ്റാരുടെയോ കൂടെ ഒളിച്ചോടുന്നു. ഈ പുതുമ കണ്ടിട്ട് എന്തെങ്കിലും ഒക്കെ പുതുമ നമ്മളും ചെയ്യണ്ടായോ എന്ന് വിചാരിച്ച് സീറ്റിൽ കുറച്ചു നേരം തലയും കുത്തി നിന്നാലോ എന്ന് വരെ ആലോചിച്ചു എന്ന് എന്നെ പോലെ മറ്റൊരു സിനിമാപ്രേമി ഇന്റർവൽ സമയത്ത് ഞാനുമായി നല്ല ഒരു സിനിമ കാണാൻ കഴിഞ്ഞതിന്റെ സന്തോഷം പരസ്പരം പങ്കു വെക്കുന്നതിന്റെ ഇടയിൽ പരാമർശിക്കുകയുണ്ടായി.
എന്നിട്ട് പുതുമകൾ തുടരുകയാണ്. നായകൻ ഡെസ്പ് ആവുന്നു നായകൻറെ 'അമ്മ ഡെസ്പ് ആവുന്നു, അച്ഛൻ ഡെസ്പ് ആവുന്നു, ആശ്വസിപ്പിക്കാൻ അമ്മാവൻ വരുന്നു. ദിവസം നാലെണ്ണം വച്ച് പെണ്ണ് കാണിക്കാം എന്നും പറഞ്ഞു അമ്മാവൻ ആശ്വസിപ്പിക്കുന്നത് കണ്ടപ്പോ ചിരിച്ച് തല ഭിത്തിൽ തല്ലാൻ തോന്നി. അതിനിടക്ക് നായകൻറെ കസിൻ അജു വർഗീസിന്റെ കഥാപാത്രം പെണ്ണ് കാണാൻ പോവുന്നു, പെണ്ണ് പൊക്കക്കുറവ് കാരണം പറ്റത്തില്ലെന്നു പറയുന്നു. അങ്ങനെ വിഷണ്ണനായി പയ്യൻ ബലൂണിൽ നിന്ന് കാറ്റുപോകുന്ന പോലെ ഒരു ആവേശക്കുറവ് അഭിനയിച്ച് കാണിക്കുന്നു. ശേഷം തൂറാൻ മുട്ടി ഓടി ചെന്നപ്പോ കക്കൂസിൽ ആളുണ്ടെങ്കിൽ ഉണ്ടാവുന്ന ആ ഭാവം അഭിനയിച്ച് കാണിക്കുന്നു, ഏതാണ്ട് ഒരു നങ്യാര്കൂത്ത് കാണുന്ന പോലെ തോന്നും, പക്ഷെ സിനിമയാണ്... അതാണ് അലമാര. മനസിലായല്ലോ. എന്നിട്ട് ശെരി എന്നും പറഞ്ഞു നേരെ തിരിഞ്ഞു ഡോറിൽ മുട്ടുന്നു. ഹ ഹ ഹ നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത പുതുപുത്തൻ തമാശ. എന്നിട്ട് ഡോർ ഇല്ലാത്ത ഭാഗത്തേക്ക് വഴി തെറ്റി പോകുന്ന പയ്യനെ പെൺകുട്ടി ശരിയായ ദിശയിൽ വഴി നടക്കാൻ സഹായിക്കുന്നു. ഹഹഹ എന്തൊരു തമാശ, എന്തൊരു തമാശ
പിന്നെ ഇവന്മാർ എല്ലാരും കൂടെ ബാംഗ്ലൂർ പോവുന്നു. അവിടെ നായകന് ബാങ്കിൽ ജോലിയാണ്. അവിടെ നടക്കുന്ന ഒരു ഗംഭീര തമാശ കൂടെ പറയാം. ഇത് കേട്ട് ചിരിച്ചു വയറിളകിയാൽ ഞാൻ ഉത്തരവാദി അല്ലെന്നു അറിയിക്കുന്നു. അതായത് ബാങ്കിൽ ഒരു ബോർഡ് മീറ്റിങ് നടക്കുന്നു. അവിടെ വച്ച് ബോസ് മൽസ്യ ബന്ധനത്തെ കുറിച്ച് എന്തോ ഉപമ ക്ലാസിൽ പറയുന്നു. "കാനയിൽ എടുത്ത് ചാടിയാലേ സ്രാവിനെ കിട്ടൂ".. അതായത് കുറച്ചയൊക്കെ റിസ്ക് എടുത്താലെ വിജയിക്കാൻ പറ്റൂ എന്നാണ് ഉദ്ദേശിച്ചതെന്ന് നമുക്ക് പോലും പോലും മനസിലായി. എന്നിട്ടും നായകൻ ചോദിക്കും കാനയിൽ ചാടിയാൽ സ്രാവിന് നമ്മളെ അല്ലെ കിട്ടുവാന്ന്. മനസിലായല്ലോ നായകന്റ ഹ്യൂമർ സെൻസ്. ഇത്രയും ഹ്യോഒമാർ സെന്സുള്ള നായകൻ ഉള്ള സിനിമ പിന്നെ കോമഡി സിനിമയിൽ ഒന്നാമത് അല്ലാതെ പിന്നെ എന്താണ് ഹേ..?
ഇനിയാണ് ശരിക്കുള്ള തമാശ. അജു വർഗീസിനെ അവഗണിച്ച നമ്മുടെ പെൺകുട്ടിയും കുടുംബവും ബാംഗ്ലൂർ വരുന്നു. ഈ പറയപ്പെട്ട പെൺകുട്ടി നായകന്റെ പെങ്ങളുടെ കൂടെ പഠിച്ചതാണ് പോലും. അവർ താമസം ഏർപ്പാടാക്കാൻ നായകന്റെ ഹെല്പ് ചോദിക്കുന്നു. അജു വർഗീസ് കലിപ്പ് കാണിക്കുമെങ്കിലും അത് അവഗണിച്ച് നായകൻ സഹായിക്കുന്നു. അപ്പൊ നായകന്റെ ഗുണങ്ങൾ വിരലിൽ എണ്ണം പിടിക്കാൻ മറക്കണ്ട.. ഒന്ന് ഹ്യോഒമാർ സെൻസ് രണ്ട് സഹായ മനസ്കത. വളരെ നന്മയുള്ള ഒരു കൊച്ചു സിനിമയാണ്.
എന്നിട്ട് ബാഗ്ലൂർ വന്ന് നായിക ഓട്ടോറിക്ഷയിൽ നിന്ന് ഇറങ്ങുന്നു. സംവിധായകൻ ഒരു സസ്പെൻസ് ആക്കാൻ വച്ച കാര്യം ആയിരുന്നു ഈ പെണ്ണിനെ ആണ് നായകൻ കെട്ടാൻ പോവുന്നതെന്ന്. പക്ഷേ അധിക പ്രസംഗികളായ ക്യാമറമാനും എഡിറ്ററും ബാക് ഗ്രൗണ്ട് മ്യൂസിക്ക് കാരനും കൂടെ നായിക ഓട്ടോറിക്ഷയിൽ നിന്ന് ഇറങ്ങുന്ന സീൻ ആകെ മൊത്തം അനാവശ്യമായി റൊമാന്റിക്ക് ആക്കി സസ്പെൻസ് പൊളിച്ചു കളഞ്ഞു തെണ്ടികൾ. അതെല്ലാം കൂടെ കണ്ടാൽ തന്നെ അരിഭക്ഷണം കഴിക്കുന്ന ഏതു അരിസ്റ്റോട്ടിലിനും മനസിലാവും ലവൻ ലവളെ കെട്ടുമെന്ന്. ഈ റിവ്യൂനേക്കാൾ വലിയ സ്പോയിലർ ആയിരുന്നു അത്. അതിനു സംവിധായകനെ കുറ്റം പറയാൻ പറ്റില്ല കേട്ടോ. അദ്ദേഹം കഴിവുള്ള ഒരു ഡയറക്ടർ ആണ്.
പിന്നെ നായകൻ പ്രൊപ്പോസ് ചെയ്യാൻ പോയിട്ട് മുഖത്ത് കൊറേ വെള്ളം കോരി ഒഴിച്ച് ടിഷ്യൂ പേപ്പർ എടുത്ത് തുടച്ചു കൊണ്ടേ ഇരുന്നു. പിന്നെ കൊറേ സമയം ഇ.എം.എസ് നമ്പൂരിപ്പാടിന്റെ വിക്ക് ഒക്കെ അനുകരിച്ച് കൊറേ സമയം മിമിക്രി കാണിക്കും. അങ്ങേര് പറഞ്ഞ അക്ഷരങ്ങൾ എല്ലാം കൂടെ പെറുക്കി എല്ലാ പെർമ്യൂട്ടേഷനും കോമ്പിനേഷനും എടുത്താൽ പോലും നായകൻ പ്രൊപ്പോസ് ചെയ്യാൻ ആണ് പോയിരിക്കുന്നത് എന്ന് നേരത്തെ അറിയാമായിരുന്ന നമുക്ക് പോലും അതൊരു പ്രൊപോസൽ ആയി തോന്നില്ല. പക്ഷെ നായികക്ക് കാര്യം മനസിലായി. അതാണ് പൊരുത്തം പൊരുത്തം എന്നൊക്കെ പറയുന്നത്. ഭാഷ കമ്മ്യൂണിക്കേഷൻ പോലും ആവശ്യമില്ലാത്ത അത്രയും മനപ്പൊരുത്തം ഉള്ള നായകനും നായികയും തമ്മിൽ പത്തിൽ അഞ്ചര പൊരുത്തം മാത്രേ ഒള്ളൂ എന്ന് നായകൻ പിന്നീട് വിലപിക്കുന്ന സീൻ ഈ ജാതകത്തിൽ ഒന്നും കാര്യമില്ല എന്ന സിനിമയുടെ ഒരു പ്രഖ്യാപനം ആയി നമുക്ക് വിലയിരുത്താവുന്നതാണ്. ആ നിലക്ക് ഇതൊരു ഒന്നാം തരം പുരോഗമന സിനിമ കൂടിയാണ്.
അങ്ങനെ കല്യാണം നിശ്ചയിക്കുന്നു. നായകന്റേം നായികയുടേം അമ്മമാർ തമ്മിൽ വാഴക്കാകുന്നു, കല്യാണം മുടക്കത്തിന്റെ വക്കത്ത് എത്തുന്നു, നായകൻ സമയത്ത് ഇടപെട്ട് കല്യാണം പെട്ടെന്ന് നടത്തുന്നു. ഇതുവരെ കണ്ടതൊന്നും ഒരു കളിയല്ല... ഇനിയാണ് കഥയിലേക്ക് അലമാര കടന്നു വരുന്നത്. നായികയുടെ അപ്പൻ വലിയൊരു അലമാരയും പൊക്കി നായകന്റെ വീട്ടിൽ വരുന്നു. അത് നായകന്റെ അമ്മയുടെ പാലിന്റെ കണക്കെഴുതി വച്ച കലണ്ടന്റെ മുന്നിൽ വെക്കുന്നു. അമ്മക്ക് അത് ഇഷ്ടായില്ല. പ്രശ്നങ്ങൾ ആരംഭിക്കുന്നു. നായകന്റെ അമ്മയും നായികയുടെ അമ്മയും തമ്മിൽ വഴക്ക്, നായികയും നായകന്റെ അമ്മയും തമ്മിൽ വഴക്ക്.. പഴമക്കാർ പറയാറില്ലേ "രണ്ട് മല തമ്മിൽ ചേർന്നാലും നാല് മുല തമ്മിൽ ചേരില്ല." പുരോഗമന സിനിമ കൂടെ ആണെന്ന് ഞാൻ നേരത്തെ പറഞ്ഞത് ഓർക്കുമല്ലോ ല്ലേ..?
അങ്ങനെ അവർ കല്യാണം കഴിഞ്ഞു ബാംഗ്ലൂർ പോകുന്നു. അലമാര അങ്ങോട്ട് കൊണ്ട് വരാൻ ആവശ്യപ്പെടാൻ വേണ്ടി നായികയുടെ അച്ഛനും അമ്മയും വണ്ടി വിളിച്ച് അവരെ കാണാൻ പോകുന്നു. എന്താ ല്ലേ...? പിന്നെ നായിക അലമാര അലമാര എന്നും പറഞ്ഞു നായകന്റെ സമാധാനം കളയുന്നു. കല്യാണം കഴിച്ച് മനസമാധാനം പോയി... ഞാൻ പറഞ്ഞല്ലോ പുരോഗമന സിനിമ ആണെന്ന് അത് മറക്കരുത്. പിന്നെ ഇതൊക്കെ നല്ല കോമഡി തന്നെ അല്ലെ..? ഈ സിനിമയുടെ ഡയറക്ടർ ഇജ്ജാതി പൊട്ടനാടാ എന്ന് വിചാരിച്ച് നമ്മളെ പൊട്ടി ചിരിപ്പിക്കുന്നതിൽ ഡയറക്ടർ വിജയിച്ചിരിക്കുന്നു. ജന്മനാ ഉള്ള കഴിവ് തന്നെ ആയിരിക്കും. അല്ലാതെ എന്ത് പറയാനാ...
അതിനിടക്ക് ഒരു പ്രധാന കാര്യം പറയാൻ മറന്നു പോയി. നായകനും ഫ്രണ്ട്സും കൂടെ ബാംഗ്ലൂർ കുറച്ചസ്ഥലം വാങ്ങിയിട്ടുണ്ട്. അതിനു പൊന്നും വില കിട്ടിയാൽ കൊടുത്ത് ഫ്‌ലാറ് വാങ്ങാൻ ആണ് പ്ലാൻ. പക്ഷെ ആ സ്ഥലം ഏതോ വലിയ ക്യാഷ് കാരൻ കയ്യേറുന്നു. ഇതൊക്കെ വളരെ പുതുമയാർന്ന ആശയങ്ങളാണ്. അതോടൊപ്പം വളരെ പ്രമാദമായ സാമൂഹ്യ ശാസ്ത്ര വിഷയങ്ങളും.
അലമാര കൊണ്ട് വന്നപ്പോൾ അത് അടയുന്നില്ല, സൊ തുടർന്ന് അതിന്റെ പേരിൽ നായിക നായകനെ ശല്യം ചെയ്യുന്നു. ഞാൻ ചിരിച്ചു ചത്തു
:D
:D കോമഡി സിനിമ തന്നെ. അവസാനം നായകൻ ദേശ്യം വന്ന് ഒരു ചവിട്ട് കൊടുത്തപ്പോ അലമാര ശരിയായി. നമ്മൾ നേരത്തെ പറഞ്ഞ സ്ഥലത്തിൻ്റെ രേഖകൾ അതിൽ വച്ച് അലമാര ഉദ്ഘാടനം ചെയ്യുന്നു. എന്നിട്ട് സൗന്ദര്യ പിണക്കം കാരണം നായികാ അലമാര പൂട്ടി ചാവിയും എടുത്ത് എങ്ങാണ്ടോ പോവും. അപ്പൊ തന്നെ ഡോക്യൂമെന്റസ് ആവശ്യം വരുന്നു. നായകൻ ഒരു കള്ളനെ കൊണ്ട് വന്ന് ലോക്ക് പൊട്ടിക്കുന്നു. നായിക അതിനും വഴക്കുണ്ടാക്കുന്നു. ഇത് ഏതെങ്കിലും സീരിയലുമായി സാദൃശ്യം തോന്നിയെങ്കിൽ അത് മനപ്പൂർവം ആയിരിക്കണം. അല്ലാതെ സീരിയൽ പോലെ ഉണ്ടെന്നു വച്ച് സ്ക്രിപ്ട് മോശമാണ് എന്നൊക്കെ പറയുന്നത് നമ്മുടെ ബയസ് ആണ്. അത് ശരിയല്ല. സീരിയൽ രൂപത്തിൽ ആണെങ്കിലും അവർ പറയുന്നത് നല്ല കോമഡി ആണെങ്കിൽ നമ്മൾ അത് അംഗീകരിക്കണം എന്നാണു എന്റെ പക്ഷം.
ഇതിന്റെ എഡിറ്റിങ് ആണ് ഏറ്റവും അധികം എടുത്ത് പറയേണ്ടത്. ഒരു സീനിൽ ഡയലോഗ് പറഞ്ഞു തീർന്ന ഉടനെ ഠപ്പേന്ന് അടുത്ത സീനും അതിലെ ആദ്യ ഡയലോഗും വരും. അത് നമുക്ക് അരോചകം ഉണ്ടാക്കും എങ്കിലും വളരെ ന്യൂതനമായ ഒരു എഡിറ്റിങ് ടെക്നിക് ആയി അതിനെ മനസിലാക്കാവുന്നതാണ്. തൂറാൻ മുട്ടിയ നേരത്ത് പോലും ഇതും കൂടെ ചെയ്ത് കഴിയട്ടെ എന്ന് വിചാരിച്ച് ഡെഡിക്കേഷനോടെ ചെയ്ത ഒരു എഡിറ്ററെ നമുക്ക് സിനിമയിൽ കാണാവുന്നതാണ്.
മറ്റൊന്ന് ബാക്ക് ഗ്രൗണ്ട് മ്യൂസിക് ആണ്. പല സങ്കടകരമായ മുഹൂര്തങ്ങളിലും നമ്മുടെ സങ്കടം അൽപ്പം കുറക്കാൻ വേണ്ടി മനപ്പൂർവം സന്ദര്ഭത്തിന് യോചിക്കാത്ത മ്യൂസിക്കുകൾ ഇട്ടത് പ്രശംസനീയമാണ്.
മലയാളത്തിൽ വര്ഷം തോറും 140നടുത്ത് സിനിമകൾ ഇറങ്ങുന്നു എങ്കിലും അതിൽ മനുഷ്യന് കാണാൻ കൊള്ളാവുന്നത് ആകെ വിരലിൽ എണ്ണാവുന്നത് മാത്രമേ ഒള്ളൂ എന്നാണു എന്റെ അഭിപ്രായം. മിക്കതും ക്ളീഷേ ആണ്. കൂടാതെ സ്ത്രീ വിരുദ്ധത, വംശീയത, ദളിദ് വിരുദ്ധത, ട്രാൻസ് വിരുദ്ധത, ഹോബോ ഫോബിയ തുടങ്ങിയ എലൈറ് ക്ലാസ് മലയാളിയുടെ എല്ലാ മനോ മാലിന്യങ്ങളുടെയും ഒരു പ്രതിഫലനം മാത്രമായി മലയാള സിനിമ മുന്നോട്ട് പോയി കൊണ്ടിരിക്കുകയാണ്. സിനിമ എന്നത് ആശയം പ്രകടിപ്പിക്കാൻ ഉള്ള ഒരു രീതി മാത്രമാണ്. ഒരു ആശയം ചുമ്മാ കുറിച്ച് വെക്കാം, കഥയായി എഴുതാം, നോവൽ ആയി എഴുതാം, കവിതയായി ചൊല്ലാം, പാട്ടായി പാടാം, പ്രസംഗിക്കാം, ചിത്രമായി വരക്കാം, കാർട്ടൂൺ ആയി വരക്കാം, നാടകമായി അഭിനയിക്കാം, സിനിമായായി ചിത്രീകരിക്കാം. ഇതെല്ലാം ആശയ പ്രകടന രീതികൾ മാത്രണ്. ഇവയൊന്നും സ്വന്തം നിലക്ക് നല്ലതോ ചീത്തയോ അല്ല. ഓരോരുത്തർക്കും ഇഷ്ടമുള്ള രീതി തിരഞ്ഞെടുക്കാം, ഒന്നും മറ്റൊന്നിനേക്കാൾ മികച്ചതോ ചോദ്യം ചെയ്യപ്പെടാനോ പരിഹസിക്കപ്പെടാനോ പാടില്ലാത്ത രീതികൾ അല്ല. പറഞ്ഞു വന്നത് സിനിമയ്ക്കോ കവിതക്കോ ഒന്നും സ്വന്തം നിലക്ക് ഒരു പ്രിവിലേജോ നന്മയോ ഇല്ല. മറ്റേതൊരു രീതി അവലംബിക്കുന്ന പോലെ തന്നെ അതിലൂടെ നിങ്ങൾ പറയുന്നത് നല്ലതാണെങ്കിൽ അത് നല്ലത്, മോശം ആണെങ്കിൽ അത് മോശം. അതെ.. ആശയമാണ് കാര്യം. അത് മോശമായാൽ എത്ര കാശ് മുടക്കി എത്ര നന്നാക്കി എടുത്തെങ്കിലും പോലും നല്ല പരിഹാസവും വിമര്ശനനവും അർഹിക്കുന്നു. അതായത് ഊള പടം എടുത്തിട്ട് കൊള്ളത്തില്ല എന്ന് പറയുമ്പോൾ അതിലെ എഡിറ്ററുടെ കഴിവോ കാമറ തൂക്കാൻ ഉപയോഗിച്ച ക്രെയിൻ ഉണ്ടാക്കാൻ ഉപയോഗിച്ച ലോഹ സങ്കരത്തിന്റെ ടെൻസയിൽ സ്ട്രെങ്തോ പൊക്കി പിടിച്ചു കൊണ്ട് വരണമെന്നില്ല...
ഇട്ട മുട്ട ചീഞ്ഞതാണെങ്കിൽ എത്ര മുക്കി ഇട്ടതാന്നെകിൽ പോലും കാര്യമില്ല. അത്ര തന്നെ
പോസ്റ്റിന്റെ രണ്ടാം ഭാഗം ഇവിടെ വായിക്കാം ഹാസ്യ നിരൂപണങ്ങള്‍ - 2
.