പാരസിറ്റാമോളും സിങ്ക് ഫോസ്ഫയിഡും പിന്നെ എന്റെ സത്യന്യേഷണ പരീക്ഷണങ്ങളും....
കഴിഞ്ഞ ദിവസം ജേക്കബ് വടക്കുഞ്ചേരിയുടെ ഒരു 5 മിനിറ്റ് വീഡിയോ
ക്ലിപ്പ് വാട്സാപ്പില്‍ കിട്ടിയിരുന്നു. പാരസിറ്റാമോള്‍ ഒരു മൂന്നെണ്ണം പൊടിച്ച് ചോറില്‍ കുഴച്ച് എലിശല്യം ഉള്ളിടത്ത് വച്ചാല്‍ എല്ലാം ചത്ത് കിട്ടും പോലും. എന്തോ വലിയ കണ്ടു പിടുത്തം പോലെ ആര്‍ക്ക് വേണമെങ്കിലും പരീക്ഷിക്കാം എന്നൊക്കെ അലറി അട്ടഹസിക്കുന്നുണ്ട്.
so what is the moral of the story ?
പാരസിറ്റാമോള്‍ അസ്സല്‍ എലിവിഷം ആണ്. ഈ എലിവിഷം ആണ് ഡോക്ടര്‍മാര്‍ നമുക്ക് പനി മാറാന്‍ ആണെന്നും പറഞ്ഞു തരുന്നത്. മരുന്നുകള്‍ എല്ലാം വിഷമാണ്. എങ്ങനുണ്ട് തിയറി..?
;)

ഇതാണ് ഈ പ്രകൃതി അണ്ണന്മാരുടെ ഒരു ക്വാളിറ്റി, ഒരു കാര്യം കണ്ട ഉടനെ അങ്ങ് തിയറയിസ് ചെയ്തു കളയും. നമ്മളെ പോലെ ഈ തിയറിക്ക് മുന്നറിവുകളുമായി ഒത്തുപോക്ക് (correspondence) ഉണ്ടോ എന്നോ വരാനിരിക്കുന്ന ഒരു പരീക്ഷണത്തിന്റെ ഫലത്തെ കുറിച്ച് പ്രവചന ശേഷി (predictability) ഉണ്ടോ എന്നൊന്നും ഇവര്‍ക്കൊരു പ്രശ്നമേ അല്ല.
എന്താണ് പാരസിറ്റാമോള്‍..? (കൂടുതല്‍ ചികയാന്‍ നില്‍ക്കുന്നില്ല, ഇവിടത്തെക്ക് ആവശ്യമുള്ളത് മാത്രം പറയാം, കൂടുതല്‍ ചികയാനുള്ള വിവരവും എനിക്കില്ല, ഞാന്‍ മെഡിക്കല്‍ ഫീല്‍ഡില്‍ അല്ല, ഇനി ഉണ്ടെങ്കിലും അതിന്റെ ആഴവും വ്യാപ്തിയും അറിയാന്‍ അല്ല നിങ്ങള്‍ ഇത് വായിക്കുന്നത് എന്ന് എനിക്ക് നല്ല ബോധ്യം ഉണ്ട്)
അസിറ്റൊമിനോഫെന്‍ (acetaminophen) എന്ന് പറയുന്ന ഒരു രാസവസ്തുവാണ്
പാരസിറ്റമോള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ഇത് ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന antipyretic and analgesic മരുന്നാണ്. United states department of food and drug administration (FDA) പാരസിട്ടാമോളിനെ over-the-counter (OTC) വിഭാഗത്തില്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡോക്ടറുടെ പ്രിസ്ക്രിപ്ക്ഷന്‍ ഇല്ലാതെ തന്നെ മെഡിക്കല്‍ ഷോപ്പില്‍ പോയി വാങ്ങി കഴിക്കാവുന്ന വളരെ സെയ്ഫ് ആയിട്ടുള്ള ഒരു മെഡിസിന്‍ ആണ് പാരസിറ്റാമോള്‍. കൂടുതല്‍ ബിര്യാണി കഴിച്ചു വയര്‍ വേദന വന്നാല്‍ ആരും ഡോക്ടറെ കാണാറില്ല. ഡയിജീന്‍, ജൂലുസില്‍, റാനിറ്റിഡിന്‍, അതും അല്ലെങ്കില്‍ സാന്‍ടാക് ഇതില്‍ ഏതെങ്കിലും ഔ ഗുളിക വാങ്ങിച്ചു കഴിക്കും. ഇതുപോലെ പ്രത്യേകിച്ച് പകര്‍ച്ച പനി ഒന്നും ഇല്ലാത്ത അവസരങ്ങളില്‍ മഞ്ഞുകൊണ്ടു ബൈക്കില്‍ യാത്ര ചെയ്ത് പനി വന്നാല്‍ വേണമെങ്കില്‍ ഡോക്ടറെ കാണാതെ തന്നെ രണ്ടു മൂന്ന് ഡോസ് പാരസിറ്റാമോള്‍ പരീക്ഷിക്കാവുന്നതാണ്. (not recommended )
ഇത്രക്ക് പാവം പിടിച്ച മാടപ്രാവാണ് പാരസിറ്റമോള്‍ എങ്കില്‍ പിന്നെ എലി ചത്തതോ..? എന്നായിരിക്കും ഇപ്പൊ നിങ്ങള്‍ മനസ്സില്‍ വിചാരിക്കുന്നത്. ഒരു കാര്യം ആദ്യമേ പറയാം. എലി ചാവും, അതില്‍ സംശയം ഒന്നും വേണ്ട. പക്ഷെ എലിയെ കൊല്ലാന്‍ ആണെങ്കില്‍ അതിനേക്കാള്‍ നല്ലത് സിങ്ക്ഫോസ്ഫയിഡ് ആണ്.
നമ്മള്‍ പാരസിറ്റമോള്‍ കഴിച്ചാല്‍ ഉടനെ ദഹിച് വിവിധ ഘടകങ്ങള്‍ ആയി അമിനോഫിനോള്‍ amino-phenol) എന്ന ജാതിയില്‍ പെടുന്ന ഒരു കെമിക്കല്‍ ഉണ്ടാവുകയാണ് ചെയ്യുന്നത്. ഇത് വെള്ളത്തില്‍ ലയിക്കുന്ന തന്മാത്രകള്‍ ആണ്. സൊ രക്തത്തില്‍ അലിഞ്ഞ് വൃക്കയില്‍ വച്ച് അരിച്ചു മാറ്റി മൂത്രത്തിലൂടെ പുറം തളളും. ആവശ്യം കഴിയുന്നതും ആളെ ഉടന്‍ ചവിട്ടി പുറത്താക്കും എന്ന് സാരം.
എന്നാല്‍ എലികളില്‍ ഈ പറഞ്ഞ അമിനോഫിനോള്‍ ആക്കി മാറ്റുന്ന എന്സയിം ഇല്ല. സൊ ഇത് ശരീരത്തില്‍ നിന്ന് പുറം തള്ളപ്പെടുന്നില്ല, അതുകൊണ്ട് തന്നെ വളരെ ചെറിയ അളവില്‍ പോലും അവരുടെ ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ തകരാറിലാവും. മനുഷ്യര്‍ക്ക് സാധാരണ കൊടുക്കുന്നത് 500mg - 650mg(Dolo) 3-4 times per day ആണ്. ഇതൊക്കെ വിഷം വളരെ വളരെ കുറഞ്ഞ ഡോസ് ആണ്. സ്ഥിരമായി ടാബ്ലെറ്റ് കഴിക്കുകയും അതോടൊപ്പം ഇന്‍ജക്ഷന്‍ എടുക്കുകയും എല്ലാം കൂടെ ചെയ്യുന്നവരില്‍ ലിവറിന്റെ കാര്യം അല്‍പ്പം കഷ്ടത്തില്‍ ആവാറുണ്ട്, അത് ഗുളിക നിര്‍ത്തി രണ്ടാഴ്ച കഴിഞ്ഞാല്‍ നോര്‍മല്‍ ആവും, പാരസിറ്റമോള്‍ ഓവര്‍ ഡോസ് കഴിച് ഡയാലിസിസ് ഒക്കെ വേണ്ടി വരുന്നത് 10g-12g (20 - 24 tablets) ഒറ്റയടിക്ക് ഉള്ളില്‍ ചെല്ലണം. 30g പാരസിറ്റമോള്‍ കഴിച്ചാല്‍ മരണം സംഭവിക്കാം എന്ന് പറയുമ്പോള്‍ അതിന്റെ വലിപ്പം മെഡിക്കല്‍ ഫീല്‍ഡില്‍ ഉള്ളവര്‍ പോലും പലപ്പോഴും ഓര്‍ക്കാറില്ല. ചായപ്പൊടിയുടെയോ കാപ്പിപ്പോടിയുടെയോ അളവല്ല നമ്മള്‍ ഇവിടെ പറയുന്നത്. 30g എന്ന് വച്ചാല്‍ 60 tablets ആണ്. തലയ്ക്കു വെളിവുള്ള ആരും അത്രയും കഴിക്കാറില്ല.
ജീവികളിലെ ജൈവ രാസ പ്രവര്‍ത്തനങ്ങള്‍ ഓരോ ജീവിക്കും സൂക്ഷ്മ തലത്തിലും ചിലപ്പോഴൊക്കെ സ്ഥൂല തലത്തില്‍ തന്നെയും വളരെ വത്യസ്തമാണ്. അതുകൊണ്ട് പുറത്തു നിന്ന് ഒരു വസ്തു ഒരു ജീവിയുടെ ശരീരത്തില്‍ കയറിയാല്‍ അത് ഈ പറഞ്ഞ രാസ പ്രവര്‍ത്തനത്തില്‍ ഇടപെട്ടെക്കാം, അത് ഗുണകരമോ ദോഷകരമോ ആവാം, ഒരു ജീവിക്ക് ദോഷകരം ആവുന്നത് വേറെ ജീവിയെ ഒന്നും ചെയ്തില്ലെന്ന് വരാം. തിരിച്ചും സംഭവിക്കാം. പറഞ്ഞു വന്നത് വിഷങ്ങള്‍ എന്ന് പറയുന്നത് പ്രത്യേക ലാബല്‍ ഉള്ള ദിവ്യ വസ്തുക്കള്‍ അല്ല.
ഒന്ന് രണ്ടു ഉദാഹരങ്ങള്‍ കൂടെ പറഞ്ഞിട്ട് നിര്‍ത്താം.
മനുഷ്യന്‍ കറിയിലും ചമ്മന്തിയിലും, പപ്പടത്തിലും, മോരിലും, അചാരിലും ഇട്ട് ദിവസം സ്പൂണ്‍ കണക്കിന് കഴിക്കുന്ന ഉപ്പ് ഒരു നുള്ള് മണ്ണിരയുടെ ശരീരത്തില്‍ ഇട്ടാല്‍ അത് പിടഞ്ഞു ചാവും. അതിന്റെ തൊലിയിലെ ജലാംശത്തില്‍ ഉപ്പ് ലയിക്കുമ്പോള്‍ അവിടെ ജലത്തിന്റെ ഗാഡത (concentration) കുറഞ്ഞ് ഉള്ളിലെ ജലം വൃതിവ്യാപനം (osmosis) വഴി പുറത്തു വരികയാണ് ചെയ്യുന്നത്. സ്കിന്നിലെ ജലാംശത്തില്‍ ലയിക്കുന്ന ഓക്സിജന്‍ ശ്വസിക്കുന്ന ഈ ജീവി ശ്വാസം മുട്ടിയാണ് മരിക്കുന്നത്. അപ്പൊ നാളെ മുതല്‍ ഉപ്പ് കഴിപ്പ് നിര്‍ത്തിയാലോ..?
നമ്മുടെ കിണറ്റിലെ അണുക്കളെ ഒക്കെ കൊന്നു വെള്ളം ശുദ്ധി ആക്കാന്‍ ഉപയോഗിക്കുന്ന ബ്ലീച്ചിംഗ് പൌഡര്‍ അല്‍പ്പം എടുത്ത് അക്വേറിയത്തില്‍ കലക്കി നോക്കിയാല്‍ ഇതുപോലെ മറ്റൊരു ഉദാഹരണം കിട്ടും. ഗപ്പി ഒക്കെ ആണെങ്കില്‍ കലക്കിയാല്‍ മതി, വില കൂടിയ മീന്‍ ആണെങ്കില്‍ വെറുതേ പരീക്ഷിച് കാശ് കളയരുത്.
നമ്മുടെ കുട്ടികള്‍ ബാര്‍ കണക്കിന് ഇരുന്ന് അകത്താക്കുന്ന ഗാലക്സി ഫ്രൂട്ട് ആന്‍ഡ് നട്സ് ചോക്കലേറ്റ് (ഒരു പഞ്ചിന് പറഞ്ഞെന്നെ ഒള്ളൂ, ഏത് ചോക്കലേറ്റ് ആണെങ്കിലും അതേ) ഒരു കഷ്ണം (>50g) അകത്തു പോയാല്‍ ഒരു അല്ഷേസ്യന്‍ പട്ടി വായില്‍ നിന്ന് രക്തവും നുരയും പതയും വന്ന് പിടഞ്ഞു ചാവും. സൊ കുട്ടികള്‍ ഒക്കെ ഉള്ള വീട്ടില്‍ ശ്രദ്ധിക്കുക, അവര്‍ സ്നേഹം കാരണം വായില്‍ വച്ച് കൊടുക്കും, മധുരം കാരണം പട്ടി അപ്പോഴേ അത് വിഴുങ്ങുകയും ചെയ്യും. ചോക്കലേറ്റ്ലെ കൊക്കോയില്‍ അടങ്ങിയിട്ടുള്ള തിയോബ്രോമിന്‍, കഫീന്‍ (കാപ്പിക്കുരുവില്‍ ഉള്ള ആല്‍ക്കലൊയിഡ്) ദഹിപ്പിച്ച് ശരീരത്തില്‍ നിന്ന് വെളിയില്‍ തള്ളാന്‍ ഉള്ള മെക്കാനിസം പട്ടിയുടെ ശരീരത്തില്‍ ഇല്ല. സൊ ഈ സാധനങ്ങള്‍ ശരീരത്തില്‍ കെട്ടിക്കിടന്ന് അപസ്മാരമോ ഹാര്‍ട്ട് അറ്റാക്കോ ഉണ്ടാക്കി പട്ടിയെ കൊല്ലും. പട്ടിയുടെ ഹൃദയം കേടാക്കുന്ന ഇതേ തിയോബ്രോമിന്‍ മനുഷ്യരില്‍ ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണെന്ന് പഠനങ്ങള്‍ കാണിക്കുന്നു. ചായയും കാപ്പിയും കുടിക്കുമ്പോള്‍ ഈ ഘടകങ്ങള്‍ തലച്ചോറില്‍ ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ വഴിയാണ് ഉന്മേഷം തോന്നുന്നത്. നാളെ കാലത്ത് ഉറക്കം എണീറ്റ് വാട്സപ്പ് നോക്കുമ്പോള്‍ മലയാളി കാലത്തെ കുടിക്കുന്നത് പട്ടി വിഷമാണ് എന്ന വീഡിയോ ക്ലിപ്പ് കാണേണ്ടി വരുമോ...?
കലികാലം തന്നെ.
Hi Nishad Sir,
ReplyDeleteHope you're doing well! I’m Anugrah James—we met briefly after a class day during the KEAM Crash program at Eduport Malappuram Campus. I had shared a bit about my project College Concierge with you back then.
Just wanted to follow up and ask if you had any thoughts on the idea? I haven’t made any major developments yet, but I’d really value your feedback on the concept itself.
Thanks in advance for your time, Sir!
LinkedIn: https://www.linkedin.com/in/anugrah-james
College Concierge: https://www.linkedin.com/company/collegeconcierge/