Tuesday, 7 February 2017

Science of allergy

ഇപ്പൊ തുമ്മലിന്റെ കാലമാണല്ലോ... എല്ലാവര്ക്കും ജലദോഷവും തുമ്മലും,.. തുമ്മുന്നവനൊക്കെ തുമ്മലിനെ കുറിച്ച് ആധികാരികമായാണ് സംസാരിക്കുന്നത്. വാളെടുത്തവൻ എല്ലാം വെളിച്ചപ്പാട് എന്ന് പറയുന്ന പോലെ തുമ്മുന്നവനെല്ലാം തുമ്മൽ വിദഗ്ധൻ, ഇത് മുങ്ങൽ വിദഗ്ധൻ പോലെ
ഉള്ള ഒരു സാധനം അല്ല... തുമ്മുന്ന കാര്യത്തിൽ അല്ല വൈദഗ്ധ്യം, ഓരോ രണ്ട് തുമ്മലുകൾക്കിടയിലും തുമ്മലിനെ കുറിച്ച് ആധികാരിക ശാസ്ത്രീയ പ്രബന്ധങ്ങൾ അവതരിപ്പിക്കലാണ് പരിപാടി, തുമ്മൽ ഒരു പ്രതിരോധമാണ്, തുമ്മുന്നത് നല്ലതാണ്, തുമ്മിയില്ലെങ്കിൽ ആണ് പ്രശ്നം, തുമ്മുന്നത് ശുദ്ധീകരണ മാർഗമാണ്, തുമ്മുമ്പോൾ ഒരു സെക്കന്റ് ഹൃദയം നിലക്കും, തുമ്മുന്നത് ദൈവത്തിന്റെ അനുഗ്രഹമാണ്, തുമ്മിയാൽ ദൈവത്തെ സ്തുതിക്കണം ... ഇങ്ങനെ പോകുന്നു ബഡായികൾ...
അപ്പൊ ശരിക്കും എന്താണ് തുമ്മൽ എന്നതിന്റെ വിശദാംശത്തിലേക്കു ഊളിയിട്ട് ചേറ് വാരാൻ പോവുകയാണ്. ആധുനിക ശാസ്ത്രം പറഞ്ഞു പതിവുപോലെ ഞാൻ നിങ്ങളെ വെറുപ്പിച്ചു, പ്രകോപിപ്പിച്ച്, ബോർ അടിപ്പിച്ച് പണ്ടാരം അടക്കാൻ പോകുന്നു... തളിർ ഹൃദയ ധാരികൾ അപ്പുറത്തെ കവി/കവയത്രി കലാ വല്ലഭത്തുങ്ങളുടെ പ്രൊഫൈലിലേക്ക് എത്രയും പെട്ടെന്ന് ചേക്കേറണം എന്ന് വിനയ പുരസ്സരം അറിയിക്കുന്നു... (മുഴുവൻ കാര്യങ്ങളും ഇപ്പൊ പറയുന്നില്ല... ഒരുപാട് പറയാനുള്ള വിഷയമാണ്... ഒരു കാൽവെപ്പ് മാത്രം.. ബാക്കി ഒക്കെ എൻ്റെ മടി അനുസരിച്ച് പോസ്റ്റ് ചെയ്യപ്പെട്ടില്ലെന്ന് വന്നേക്കാം)
കൺക്ലൂഷൻ ആദ്യമേ പറയാം... basically sneezing is a bodily reaction. ശാരീരിക പ്രതികരണം. അതറിയണമെങ്കിൽ ജലദോഷം ഒന്നും ഇല്ലാത്ത സമയത്ത് (ഉള്ളപ്പോഴും) മൂക്കിൽ ഒരു ചകിരി നാര് ഇട്ടു നോക്കിയാൽ മതി. അപ്പൊ മനസിലാവും. ഈ പ്രതികരണം ചില സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം അൽപ്പം ഓവറാവുന്നതിന്റെ റെയ്ഞ്ച് അനുസരിച്ച് ജലദോഷം മുതൽ ആസ്തമ വരെ നീണ്ടു കിടക്കുന്നു.
തലയിൽ മഴ നനഞ്ഞാൽ ജലദോഷം വരും എന്ന് പറയുന്നതിന് ശാസ്ത്രീയമായി അടിത്തറയൊന്നും ഇല്ല. പക്ഷെ എം.ബി.ബി.എസ് കഴിഞ്ഞു വീടിന്റെ മൂലയിൽ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർ അണ്ണന്മാർ പോലും തല നന്നായി തോർത്താൻ ആണ് ഉപദേശിക്കുന്നത്. തലയിലൂടെ ഒന്നും താഴോട്ടിറങ്ങാൻ സാധ്യമല്ല. തലയിൽ മാത്രമല്ല സ്കിന്നിൽ മൊത്തം 3 ലിപിഡ് ലയറുകൾ ഉണ്ട്. അത് വെള്ളമോ ഓയിലോ എയറോ ഒന്നും കടത്തി വിടുകയില്ല. തലയിൽ നനയുന്ന ഈ വെള്ളമാണ് മൂക്കിലൂടെ ഒഴുകി വരുന്നത് എന്ന പ്രാകൃതമായ യുക്തി അനുസരിച്ച്ചാണ് തല നനയരുത് എന്നും നനഞ്ഞാൽ ഉടനെ തുടക്കണം എന്നുമുള്ള പൊതുബോധം ശക്തിപ്പെട്ടത്. ദയവായിയും കൂട്ടരും അനുഭവ സാക്ഷ്യം കൊണ്ട് വരരുത്... dont bring knife tip to gun fight. അപ്പൊ അത് കഴിഞ്ഞു.
അപ്പൊ പിന്നെ എന്താണ് കാര്യം...? ഹിസ്റ്റീയോസൈറ്റുകൾ (histiocytes) എന്ന് പറയപ്പെടുന്ന ചില വെളുത്ത രക്ത കോശങ്ങൾ ഉണ്ട് (white blood cells) രക്ത കുഴലുകളിലും നാഡി ഞരമ്പുകളിലും പിന്നെ സ്കിന്നിന്റെ താഴെയുമാണ് ഇവന്മാർ കൂട്ടമായി താമസിക്കുന്നത്. കാണുന്ന പോലെ അല്ല.. ഓരോരുത്തരും ഓരോ പവനായിമാർ ആണ്. ഇവന്മാരുടെ പെട്ടിയിൽ മലപ്പുറം കത്തി മുതൽ ആറ്റം ബോംബ് വരെ ഉണ്ട്. എതിരാളിക്ക് അനുസരിച്ച് ആയുധം ചൂസ് ചെയ്യും. തൽക്കാലം ഇവയെ മാസ്റ്റ് സെല്ലുകൾ എന്ന് വിളിക്കുകയാണ്. മെഡിക്കൽ സ്റ്റുഡൻസ് തർക്കിക്കാൻ വന്നാൽ ടെക്നിക്കലി ചെറിയ വത്യാസം ഉണ്ടെന്ന് സമ്മതിച്ചു തരാൻ ഞാൻ ഒരുക്കമാണ് ;)
മാസ്റ്റ് സെല്ലുകൾ, സൂര്യ പ്രകാശം മുതൽ സ്നേയ്ക് വെനം വരെയുള്ള പലതരം ഫോറിൻ വസ്തുക്കളാൽ ആക്ടിവേറ്റ് ചെയ്യപ്പെട്ടേക്കാം. ഇവന്മാർ നേരിട്ട് ഇറങ്ങി കളിക്കുകയോ നുമ്മ വല്യേട്ടൻ പറഞ്ഞ പോലെ ഇട്ടിക്കണ്ടപ്പൻമാരെ ഇറക്കി വിടുകയോ ചെയ്തെന്നു വരും. ദാസനോട് അച്ഛൻ പറഞ്ഞ പോലെ അതിൻറേതായ സമയമുണ്ടെന്ന് മാത്രം.
ഇനി വളരെ ശ്രദ്ധിച്ച് വായിക്കണം... ഒരുപാട് സാങ്കേതിക പദങ്ങളും വളരെ ഉള്ളിലേക്ക് ഇറങ്ങി കൊണ്ടുള്ള വിശദീകരണങ്ങളും ആണ് പറയാൻ പോകുന്നത്.
അലർജികൾ പല തരത്തിൽ ഉണ്ട്... എളുപ്പത്തിന് വേണ്ടി പൊടിഅലർജി ആണെന്നിരിക്കട്ടെ നമ്മുടെ വിഷയം... നിങ്ങൾ പഴയ കൊറേ പുസ്തകങ്ങൾ എടുത്ത് മറിച്ച് നോക്കുന്നു. അതെ സമയം നിങ്ങൾ ശ്വാസം വലിക്കുമ്പോൾ പുസ്തകത്തിലെ പൊടി കണികകൾ ശ്വാസത്തിലൂടെ മൂക്കിലേക്ക് കയറുന്നു (അത്തരം പണികൾ ഒരു തൂവാല കൊണ്ട് മൂക്ക് പൊത്തിയ ശേഷം ചെയ്യുക... ഫ്രീ ഉപദേശം). മൂക്കിലെ വളരെ മൃദുലമായ സ്കിന്നിലെ വഴുവഴുപ്പുള്ള ദ്രാവകത്തിൽ (mucus.... നാടൻ ഭാഷയിൽ മൂക്കള എന്നും മൂക്കട്ട എന്നും വിളിക്കപ്പെടുന്ന ലവൻ തന്നെ) ഡിസോൾവ് ചെയ്യും. എന്നിട്ട് ചർമ്മത്തിന്റെ പ്രതലത്തിൽ എത്തുന്നു. അവിടെയുള്ള മാക്ക്രോഫേജ് (macrophages) സെല്ലുകൾ ഈ സാധനത്തെ വിഴുങ്ങുന്നു. വിഴുങ്ങിയ സാധനത്തെ ഒന്ന് അടിച്ച് പരത്തി നോത്ത് എടുത്ത ശേഷം ആൾ നേരെ ചര്മത്തിന് കീഴെയുള്ള രക്തക്കുഴലിലേക്കു പോകും. അവിടെ മാനേജിംഗ് ഡയറക്ടർ ആയിട്ടുള്ള T-lymphocytes or in general T-cells ഇരിപ്പുണ്ട്. മാക്രോഫേജ് സെല്ലുകൾ അവിടെ ചെന്ന് "ദേ... ഈ #!&^()*മോൻ അതിക്രമിച്ച് കടക്കാൻ നോക്കി" എന്നും പറഞ്ഞു പൊടി കണികയുടെ പിരടിക്ക് പിടിച്ച് മാനേജർ സാറിന്റെ മേശപ്പുറത്തേക്ക് തള്ളിയിടും.... സിനിമയിൽ ഒക്കെ ഉള്ള പോലെ ;)
പൊടി കണികയെ ഒന്നു തൊട്ടുനോക്കി "എന്തോ പന്തികേടുണ്ടല്ലോ" എന്ന ഭാവത്തിൽ ടി - സെൽ ചില പ്രത്യേക കെമിക്കലുകൾ പുറത്ത് വിട്ട് ശരീരത്തിന്റെ പ്രധിരോധ സേനയിലെ സാക്ഷാൽ മേജർ മഹാദേവൻ ആയിട്ടുള്ള ബി-സെല്ലുകളെ (B-lymphocytes) വിളിപ്പിക്കും. ഇങ്ങേര് കൊറേ ഇമ്മ്യൂണോ ഗ്ലോബുലിനുകളെ നിർമ്മിച്ച് രക്തത്തിൽ എത്തിക്കും. ഈ ഇമ്മ്യൂണോ ഗ്ലോബുലിനുകൾ നമ്മൾ നേരത്തെ പറഞ്ഞു വച്ച മാസ്റ്റ് സെല്ലുകളെ വിളിച്ചു കൊണ്ട് വരും. അവന്മാർ വന്നാൽ പിന്നെ യുദ്ധമാ യുദ്ധം... പെട്ടിയിലുള്ള മലപ്പുറം കത്തിയും അമ്പും വില്ലും, ബോംബും എല്ലാം കൂടെ എടുത്ത് ആകെ മൊത്തം അങ്ങ് എരപ്പാക്കി കളയും...
ഈ വാരി വിതറുന്ന കെമിക്കലുകളിൽ ഹിസ്റ്റമിൻ (histamine) എന്ന് പറയുന്ന ഒരു സാധനം ഉണ്ട്. ഓൻ കേട്ടറിവിനെക്കാട്ടിലും ബല്യ സത്യാണ്. കൂടാതെ ലൂക്കോട്രയീനുകൾ (leukotrienes), ബ്രാഡികൈനിനുകൾ (bradykinins) എല്ലാം ഈ മാസ്റ്റ് കോശങ്ങളുടെ രാസ യുദ്ധത്തിലെ ആയുധങ്ങളാണ്. ഹിസ്റ്റമിൻ "എന്നെക്കാളും" വലിയ വെറുപ്പിക്കലാണെന്നാണ് എൻ്റെ അഭിപ്രായം. ആ മഹാ പാപി നേരെ പോയി വണ്ണം കുറഞ്ഞ രക്തകുഴലുകൾ ഒക്കെ അങ്ങ് വണ്ണം കൂട്ടും. അതോടെ അവയുടെ ഭിത്തിയിലെ കുഞ്ഞു സുഷിരങ്ങൾ വലുതാകും. ബലൂൺ വീർപ്പിക്കുമ്പോൾ അതിലെ പുള്ളികൾ വലുതാവുന്ന പോലെ. അപ്പോൾ ആ തുളയിലൂടെ മറ്റു ഇനത്തിൽ പെട്ട ധാരാളം വെളുത്ത ബ്ലഡ് സെല്ലുകൾ ഇറങ്ങി വന്ന് നേരെ സൈക്കിളും എടുത്ത് പൊടികണികയെ മാക്രോഫേജ് വിഴുങ്ങിയെന്ന് റിപ്പോർട്ട് ചെയ്ത സ്ഥലത്തേക്ക് കൂട്ടത്തോടെ കുതിക്കുന്നു. ലോഡ്ജിൽ അനാശാസ്യം എന്ന് കേട്ടാൽ പോലീസ് കാർ ഓടി വരുന്ന പോലെ (അതിന് ഭയങ്കര താല്പര്യം ആണല്ലോ). അവിടെ ചെന്ന് ഈ ഊളകൾ പൊടികണികയെ വിഴുങ്ങാൻ ഉള്ള പലപല ഉഡായിപ്പും കാണിച്ചുകൊണ്ടേ ഇരിക്കും.
ഈ ഉടായിപ്പ് വേലത്തരങ്ങൾ മൂക്കിലെ ചര്മത്തില് നീർക്കെട്ടുണ്ടാകും... ഹിസ്റ്റമിൻ കാരണം വണ്ണം കൂടിയ രക്തക്കുഴലുകളിൽ നിന്നും ചര്മത്തിലേക്ക് കൂടുതൽ ജലം ഒഴുകുന്നു. അത് നീർക്കെട്ടിന്‌ ആക്കം കൂട്ടുന്നു. രക്തക്കുഴലുകളിലെ കുഞ്ഞു തുളകളിലൂടെ പുറത്തേക്ക് കിനിഞ്ഞൊഴുകുന്ന ഈ ജലമാണ് ജലദോഷത്തിന്റെ ആദ്യദിവസം തനി പച്ചവെള്ളം പോലെ പുറത്തേക്ക് ഒഴുകുന്ന മൂക്കൊലിപ്പ് (അൽപ്പം ഉപ്പ് രുചി ഉണ്ടാവും). ചര്മത്തിനടിയിലെ രക്തകുഴലുകൾ വികസിച്ച് ഇരിക്കുന്നതിനാൽ ചർമം നല്ല ചുവ ചുവന്നിരിക്കും. ഡോക്ടർ മൂക്കിലേക്ക് ടോർച് അടിച്ച് നോക്കുന്നത് എന്തിനാണെന്ന് മനസിലായി എന്ന് കരുതുന്നു. മാത്രമോ..? ചുറ്റിനുമുള്ള ചർമം നീർക്കെട്ട് വന്ന് വീർക്കുന്ന കാരണം മൂക്കിന്റെ ശ്വാസനാളം അടഞ്ഞു പോവും. ഇതാണ് മൂക്കടപ്പ്. അല്ലാതെ "ചീരാപ്പ്" ഒഴുകിപ്പോവാതെ കെട്ടിക്കിടന്ന് അടയുന്നതല്ല. അതുകൊണ്ട് ശക്തിയായി മൂക്ക് ചീറ്റി അടഞ്ഞ മൂക്ക് തുറക്കാം എന്ന ചിന്തയൊക്കെ വെറും വ്യാമോഹം മാത്രമാണ്. ഡോക്ടറുടെ പ്രിസ്‌ക്രിപ്‌ഷൻ പ്രകാരം നാസൽ ഡ്രോപ്‌സ് ഉപയോഗിക്കാവുന്നതാണ്.
തലയോട്ടിയിൽ നെറ്റിയിലും കവിളിലും ഒക്കെയായി കാണുന്ന വായു അറകളാണ് സൈസസുകൾ (sinuses ) തലയോട്ടിയുടെ ഭാരം കുറയലും നമ്മുടെ ശബ്ദത്തിന് ബാസ് നൽകലും ഒക്കെയാണ് ഇവന്മാരുടെ പണി. ഗിറ്റാറിൻറെ ശബ്ദത്തിന് ബാസ് കൊടുക്കുന്ന വായു അറ കണ്ടു കാണും എന്ന് കരുതുന്നു. സൈനസുകളിൽ സാധാരണയായി ഒഴുകി ഉണ്ടാകുന്ന ദ്രാവകങ്ങളും അഴുക്കുകളും ചെറിയ തുളകൾ വഴി മൂക്കിലേക്കാണ് പോകുന്നത്. കണ്ണിലെ കണ്ണുനീര് സ്ഥിരമായി അങ്ങനെ കെട്ടിക്കിടക്കുകയല്ല. അത് തുടർച്ചയായി മാറ്റപ്പെട്ടു കൊണ്ടിരിക്കുന്നു. യൂസ് ചെയ്ത കണ്ണുനീർ സാധാരണ ഒരു ഡ്രെയിനേജ് സിസ്റ്റം വഴി മൂക്കിലേക്ക് തന്നെയാണ് പോകുന്നത്. ജലദോഷം, മൂക്കടപ്പ് എന്നിവയുണ്ടാകുമ്പോള്‍ നേരത്തെ പറഞ്ഞ ഹിസ്റ്റമീനിന്റെ പ്രവര്‍ത്തനം മൂലമുള്ള നീര്‍ക്കെട്ട് മൂക്കിനുള്ളിലെ ചര്‍മ്മത്തില്‍ വ്യാപിക്കുന്നു. അതോടെ സൈനസുകളുടെയും കണ്ണുനീരിന്റെയുമൊക്കെ നാച്വറല്‍ തുളകള്‍ താല്‍ക്കാലികമായെങ്കിലും അടഞ്ഞു പോകുന്നു. അതോടെ കണ്ണുനീർ ഡ്രെയിനേജ് ബ്ലോക് ആവുന്നു. കണ്ണുനീർ നിറഞ്ഞു കവിയുന്നു. വാഷ് ബേസിൽ നിറഞ്ഞു കവിയുന്ന പോലെ. അങ്ങനെയാണ് ജലദോഷം ഉണ്ടാകുമ്പോൾ കണ്ണിൽ നിന്ന് വെള്ളം വരുന്നത്. തീർന്നില്ല... സൈനസുകളിൽ വെള്ളവും പഴുപ്പും അഴുക്കും എല്ലാം ഒഴുകി പോവാതെ കെട്ടിക്കിടന്ന് അവിടെ ബാക്ടീരിയ കയറി ഇൻഫെക്ഷൻ ഉണ്ടാക്കുന്നു. ഇതാണ് സൈനസൈറ്റിസ് എന്ന് ചിലരൊക്കെ അഭിമാനത്തോടെ പറയുന്ന അസുഖം. അസഹ്യമായ തലവേദനയാണ് പ്രധാന ലക്ഷണം. ജലദോഷവുമായി ഡോക്ടറെ കാണാൻ പോയാൽ നെറ്റിയിലും കവിളിലും ഞെക്കി നോക്കുന്നത് ഇതറിയാനാണ്. സാധാരണ ജലദോഷത്തിനും പനിക്കും ആന്റി ബയോട്ടിക് ആവശ്യമില്ല, ആവശ്യമില്ലെന്ന് മാത്രമല്ല അത് റെസിസ്റ്റൻസ് ആവാനും സാധ്യതയുണ്ട്. പക്ഷേ സൈനസൈറ്റിസ് ആയി കഴിഞ്ഞാൽ പിന്നെ ആന്റി ബയോട്ടിക് വേണ്ടി വരും.
ശക്തമായ അലര്‍ജികളിലും , ആസ്മ യിലുമൊക്കെ സ്രവിക്കുന്ന ഹിസ്റ്റമീന്‍ ശരീരത്തില്‍ ഒട്ടനവധിയിടങ്ങളില്‍ പോയി പ്രശ്നങ്ങളുണ്ടാക്കാറുണ്ട്. മാസ്റ്റ് കോശങ്ങള്‍ പുറത്തേക്കുവിടുന്ന ല്യൂക്കോട്രയീനുകളും മറ്റും പോയി വേറെയും 'ഭൂതഗണങ്ങളെ'രംഗത്തെയ്ക്ക് വിളിച്ചോണ്ടുവരും. ന്യൂട്രോഫില്‍ കോശങ്ങള്‍, ബേസോഫില്‍ കോശങ്ങള്‍, ഇയോസിനോഫില്‍ കോശങ്ങള്‍ എന്നിങ്ങനെ കുറേ കോശങ്ങള്‍ കൂടി വന്ന് സംഭവസ്ഥലത്ത് 'അടിയന്തരാവസ്ഥ' പ്രഖ്യാപിക്കും. അതോടെ കാര്യങ്ങള്‍ ജംഗ ജഗജഗാ...

3 comments:

  1. This comment has been removed by the author.

    ReplyDelete
  2. ഓരാളെ നോക്കി അയാളെ പറ്റി എന്തെങ്കിലും ചിന്തിക്കുകയോ പറയുകയോ
    ചെയ്യുമ്പോഴും, അല്ലെങ്കിൽ ദൂരെ ഉള്ള ഒരാളെ പറ്റി എന്തെങ്കിലും ചിന്തിക്കുകയോ പറയുകയോ ചെയ്യുമ്പോൾ അവർ തുമ്മുന്നു ഇതിൽ വല്ല ശാസ്ത്രീയതയും ഉണ്ടോ?

    ReplyDelete