Tuesday, 2 August 2016

ഹോബ്സണ്‍'സ് ചോയിസും ഇസ്ലാം മതവും

Thomas Hobson
                  ഇംഗ്ലണ്ടിലെ കാംബ്രിട്ജ്  സ്വദേശി ആയിരുന്നു തോമസ്‌ ഹോബ്സണ്‍ (thomas hobson (1544 - 1631)  ). അദ്ദേഹം ഒരു കുതിര കച്ചവടക്കാരന്‍ ആയിരുന്നു. അദ്ദേഹത്തിന്റെ അടുക്കല്‍ കുതിരയെ വാങ്ങാന്‍ വരുന്നവര്‍ക്ക് സ്വതന്ത്രമായ തിരഞ്ഞെടുപ്പിനുള്ള അവസരം (free choice) നല്‍കുന്നുണ്ടെന്നാണ് അവകാശ വാദം. എന്നാല്‍ അവസാനം എടുക്കേണ്ട കുതിര ഏതാണെന്ന് നേരത്തെ തീരുമാനിച്ചു വച്ചിട്ടുണ്ട്. അത് വാതിലിന്റെ അടുക്കല്‍ കെട്ടിയ കുതിരയാണ്. അത് ചാവാറായത് ആണെങ്കിലും മുടന്തുള്ളത് ആണെങ്കിലും കൊണ്ട് പൊക്കോണം...!! അതാണത്രേ ഹോബ്സണ്‍സ് ചോയിസ്. അപ്പൊ കഥയുടെ മോറല്‍ എന്താന്ന് വച്ചാ,  ഒന്നിലധികം സാധ്യതകള്‍ ഇല്ലെങ്കില്‍ തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യം എന്നത് ഉണ്ടയില്ലാത്ത വെടിയാണ്. അത്കൊണ്ട് വല്യ ഗുണമൊന്നും ഇല്ല.

 ഹോബ്സണിന്റെ കഥ ഇപ്രകാരമാണ് സി. രവിചന്ദ്രന്‍റെ "ബുദ്ധനെ എറിഞ്ഞ കല്ല്‌" എന്ന പുസ്തകത്തില്‍ "കൃഷ്ണനും ഹോബ്സണും" എന്ന അദ്ധ്യായത്തില്‍ കാണുന്നത്. ഈ കഥ ഇങ്ങനെ പറയുന്നതിന്റെ കുഴപ്പം അതിന്‍റെ ആശയം മാറി പോകുന്നത് കൊണ്ടല്ല. ഏത് കോലത്തില്‍ പറഞ്ഞാലും മോറല്‍ ഓഫ് ദ സ്റ്റോറി ചോയിസ് ഇല്ലായ്മയില്‍ ഉള്ള ചോയിസ് തന്നെയാണ്. പക്ഷേ കുഴപ്പം എന്താണെന്ന് വച്ചാല്‍ ഈ കഥ കേള്‍ക്കുന്നയാള്‍ക്ക് ഹോബ്സണ് എന്തോ ബ്രാന്താണെന്നേ തോന്നൂ. ഒരു മാതിരി കോത്താഴത്തെ നിയമം വച്ച് ആളുകളെ ഫൂളാക്കുന്ന ഒരു വട്ടന്‍. ഹോബ്സണ്‍ എന്തുകൊണ്ട് ഇങ്ങനെ ഒരു നിയമം നിര്‍മിച്ചു, അതിനുള്ള സാഹചര്യങ്ങള്‍ എന്തായിരുന്നു എന്ന പശ്ചാത്തല വിവരണം ഒന്നുമില്ലാതെ നേരിട്ട് ഹോബ്സണ്‍ ചോയിസ് പറയുന്നത് കൊണ്ട് വായുവില്‍ നിന്ന്‍ ആപ്പിളും മുന്തിരിയും ഒക്കെ എടുക്കുന്ന ഒരു എഫെക്റ്റ് വരുന്നതാണ് ഇവിടത്തെ പ്രശ്നം.

എന്താണ് യദാര്‍ത്ഥത്തില്‍ കഥ...?! കാംബ്രിട്ജില്‍ കുതിരപ്പുറത്ത് സഞ്ചരിച്ച് ആളുകളെയും കത്തുകളും പാര്സലുകളും ലക്ഷ്യസ്ഥാനത്ത് എത്തിച്ചിരുന്ന ഒരു ജോലിക്കാരന്‍ ആയിരുന്നു ഹോബ്സണ്‍. അതിന് അദ്ദേഹത്തിന്റെ കയ്യില്‍ ധാരാളം കുതിരകള്‍ ഉണ്ടായിരുന്നു. അവയില്‍ അദ്ദേഹം ഉപയോഗിക്കാത്ത കുതിരകളെ യൂനിവേര്‍സിറ്റിയിലെ വിദ്ധ്യാര്‍ത്ഥികള്‍ക്ക് വാടകക്ക് കൊടുത്തിരുന്നു. വിദ്യാര്‍ത്ഥികള്‍ എപ്പോഴും അവരവരുടെ ഫാവറയിറ്റ് കുതിരകളെ മാത്രം തിരഞ്ഞെടുക്കുന്നത് കൊണ്ട് ചില കുതിരകള്‍ മാത്രം കൂടുതലായി വര്‍ക്ക് ചെയ്യേണ്ടി വന്നു. ആ പ്രശ്നം പരിഹരിക്കാന്‍ വേണ്ടി ഒരു റൊട്ടേഷന്‍ സിസ്റ്റം ആയിരുന്നു  യദാര്‍ത്ഥത്തില്‍ ഹോബ്സണ്‍ ഉണ്ടാക്കിയത്. ഓരോ ദിവസവും ഓരോ കുതിരകളെ വാതിലിന്‍റെ അടുത്ത് മാറ്റി മാറ്റി കെട്ടും.  അതിനെ മാത്രമേ വാടകക്ക് നല്‍കൂ... പിന്നീട് ഈ നിയമം ഹോബ്സണ്‍സ് ചോയിസ് എന്ന്‍ പരിഹാസ രൂപത്തില്‍ അറിയപ്പെട്ടു. എന്ന് വച്ചാല്‍ കഥയില്‍ അദ്ദേഹത്തിന്റെ ഭാഗത്ത് ഒരു കൃത്യമായ യുക്തിയുണ്ട്. അദ്ദേഹം വെറും മണ്ടനോ ഭ്രാന്താണോ ആയിരുന്നില്ല.


 അപ്പൊ പറഞ്ഞു വന്നത് ഇത്രേ ഒള്ളൂ... ചോയിസ് ഇല്ലാത്ത ചോയിസുകളെ ആണ് ഹോബ്സണ്‍'സ് ചോയിസുകള്‍ എന്ന്‍ വിളിക്കുന്നത്. അതായത് ഒരു അവസരം മാത്രം മുന്നില്‍ വച്ച് കൊണ്ട് ഏത് തിരഞ്ഞെടുക്കാനും പരമമായ സാതന്ത്ര്യം നല്‍കുന്നു എന്ന തരം ന്യായ വൈകല്യങ്ങളാണ് ഹോബ്സണ്‍സ് ചോയിസുകള്‍. ( An apparent free choice when there is no other alternatives)


Examples:

  1.  ശരി..! നിനക്ക് തോക്ക് തരാം പക്ഷേ ഒരിക്കലും വെടി വെക്കരുത്..!  :p
  2. നാളെ ബ്രെയ്ക്ക് ഫാസ്റ്റിന് അപ്പവും മുട്ടക്കറിയും വേണോ അതോ മുട്ടക്കറിയും അപ്പവും വേണോ..?! :p

 ചക്കിലെ കാള

 ചക്കിനു ചുറ്റും കാളക്ക് എത്ര ദൂരം വേണമെങ്കിലും എത്ര സമയം വേണമെങ്കിലും നടക്കാന്‍ പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്. പക്ഷേ കാളക്ക് ഇഷ്ടമുള്ള ഒരിടത്തും പോകാന്‍ പറ്റില്ല. ആ ചക്കിന്‍റെ കുറ്റിക്ക് ചുറ്റും വട്ടത്തില്‍ കറങ്ങാന്‍ മാത്രമേ പറ്റൂ...


എന്താണ് ചക്കിലെ കാളയുടെ ദുഃഖം...? അത് എങ്ങനെ നടക്കണം എന്ന്‍ നേരത്തെ തീരുമാനിക്കപ്പെട്ടിരിക്കുന്നു. അതില്‍ നിന്ന്‍ വ്യതിചലിക്കാന്‍ ഉള്ള അവസരം ഇല്ലാതിരിക്കെ അനുസരിക്കാനുള്ള സ്വാതന്ത്ര്യത്തിന് പ്രസക്തിയില്ല.

മത വിശ്വാസം എന്നാല്‍ ഇതുപോലെ ചിന്താപരമായ ഒരു അടിമത്വമാണ്. (unwillingness to think). വിശ്വാസികള്‍ക്ക് ചിന്തിക്കാന്‍ ഉള്ള ബുദ്ധിയുണ്ട്. പ്രപഞ്ചത്തെ പറ്റിയും മനുഷ്യരെ പറ്റിയും ലോകത്ത് നടക്കുന്ന പ്രശ്നങ്ങളെ പറ്റിയൊക്കെ യുക്തിവാദികളെ പോലെ തന്നെ അവരും സ്വതന്ത്രമായി ചിന്തിക്കുന്നുണ്ട്. പക്ഷേ ചിന്തിക്കുന്നതും അന്വേഷിക്കുന്നതും എല്ലാം കൊള്ളാം പക്ഷേ അവസാനം സത്യമായി അന്ഗീകരിക്കെണ്ടത് മത ഗ്രന്ഥത്തില്‍ നേരത്തേ പറഞ്ഞു വച്ചിട്ടുള്ള കാര്യങ്ങള്‍ ആയിരിക്കണം. അവിടെയാണ് മതത്തിന്‍റെ കുഴപ്പം. മതം ചക്ക് കുറ്റിയും വിശ്വാസി അതിന് ചുറ്റും നടക്കുന്ന കാളയുമാണ്. അവന്‍റെ ജ്ഞാനസമ്പാദനം എത്രയുമാകാം ഏതു വിധത്തിലും ആകാം. പക്ഷേ മതഗ്രന്ഥത്തില്‍ പറഞ്ഞിട്ടുള്ള ഒരു കാര്യത്തിനും എതിരായിട്ടുള്ള ഒരു അറിവും അവന്‍ സ്വീകരിക്കുകയില്ല.  ഒരു രക്ഷയുമില്ലെങ്കില്‍ മതഗ്രന്ഥത്തില്‍ ഉള്ളത് ആധുനിക ശാസ്ത്രവുമായി എങ്ങനെയെങ്കിലും വ്യാഖ്യാനിച്ച് ഒപ്പിച്ച് സ്വയം വഞ്ചിച്ച് താന്‍ സ്വീകരിച്ചത് മത ഗ്രന്ഥത്തില്‍ ഉള്ള അറിവ് തന്നെ ആണെന്ന് വരുത്തിത്തീരത്ത് ആത്മനിര്‍വൃതി അടയും.

എല്ലാ മതങ്ങളുടെയും മത ഗ്രന്ഥങ്ങളുടെയും ഒക്കെ അവസ്ഥ ഇത് തന്നെയാണ്. എങ്ങനെയൊക്കെ ജീവിക്കണം, എന്ത് ഭക്ഷണം കഴിക്കണം, എന്ത് കഴിക്കരുത്, എന്തൊക്കെ ധരിക്കാം, ആരെയൊക്കെ എന്തൊക്കെ കാരണങ്ങള്‍ക്ക് തല്ലാം, കൊല്ലാം... കക്കൂസില്‍ ഏത് കാല്‍ പൊക്കി വച്ച് ഇരിക്കണം, എങ്ങോട്ട് തുപ്പണം, തലയില്‍ കെട്ടിന്റെ വാല്‍ എങ്ങോട്ട് ഇടണം, എത്ര നീളത്തില്‍ ഇടണം തുടങ്ങി എന്ത് ചിന്തിക്കണം, എന്ത് ചിന്തിക്കരുത് എന്ന്‍ വരെ വളരെ കൃത്യമായി എഴുതി വച്ചിട്ടുണ്ട്. അതില്‍ പറയുന്നതില്‍ നിന്ന്‍ വ്യതിചലിച്ചാല്‍ നരകത്തില്‍ ഇട്ട് വറുക്കും എന്ന ഭീഷണിയും അതില്‍ തന്നെ ഉണ്ട്. അതില്‍ പറയുന്നത് അനുസരിച്ച് നടന്നാല്‍ കണ്ണഞ്ചിപ്പിക്കുന്ന സ്വര്‍ഗ്ഗവും സൌഭാഗ്യങ്ങളും ഹൂറികളും മദ്യപ്പുഴകളും വാഗ്ദാനം ചെയ്യുന്നും ഉണ്ട്. എന്ന്‍ വച്ചാല്‍ മതം തരുന്നത് ഹോബ്സണ്‍ ചോയിസ് മാത്രമാണ്. യദാര്‍ത്ഥ തിരഞ്ഞെടുപ്പ് സാതന്ത്ര്യം ജീവിതത്തിന്റെ പല മേഖലകളിലും ലഭിക്കുന്നില്ല.


വിശ്വസിക്കാനും അവിശ്വസിക്കാനുമുള്ള സ്വാതന്ത്ര്യം തന്നിട്ടുണ്ടല്ലോ... അങ്ങനെ ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ടല്ലോ എന്നൊക്കെ ചിലപ്പോള്‍ നിങ്ങള്‍ക്ക് തോന്നിയേക്കാം..! (ലാ ഇക്റാഅ ഫിദ്ധീനി.. എന്ന്‍ തുടങ്ങുന്ന ആയത്ത്) എന്നാല്‍ അത് വെറും വാഗ്ദാനം മാത്രമാണ്. "എന്‍റെ കല്യാണത്തിന് ഞാന്‍ താങ്കളെ ക്ഷണിക്കുന്നു.. താങ്കള്‍ക്ക് വരാനും വരാതെ ഇരിക്കാനും സ്വാതന്ത്ര്യമുണ്ട്. പക്ഷെ വന്നില്ലെങ്കില്‍ താങ്കളെ ഞാന്‍ ചുട്ട് കൊല്ലും" എന്ന കണക്കിനുള്ള ഒരു ഫലിതമായി മാത്രമേ അതിനെ കാണാന്‍ പറ്റൂ..

ഇസ്ലാമിക വിശ്വാസ പ്രകാരം മറ്റു മത വിശാസികളും അവിശ്വാസികളും എത്ര വല്യ നന്മകള്‍ ചെയ്തിട്ടുണ്ടെങ്കിലും ആ നന്മകളുമായൊന്നും ഒരു ബന്ധവുമില്ലാത്ത അവരുടെ വിശ്വാസം, "ശരിയല്ല" എന്ന കാരണം ചൂണ്ടിക്കാണിച്ച് കൊണ്ട് ആ നന്മകള്‍ ഒന്നും അല്ലാഹു സ്വീകരിക്കുകയില്ലെന്ന് മാത്രമല്ല കാലാകാലം ഭയാനകമായ നരകത്തില്‍ അവരെ വസിപ്പിക്കുമാത്രേ (sadist). എന്നാല്‍ ഒരു മുസ്ലിം ശിര്‍ക്ക് ( ഓ. ടി. ബഹു ദൈവാരാധന കൊലപാധകത്തെക്കാലും ബാലാല്സംഗത്തെക്കാളും വലിയ പാപമായത് ഏത് നീതി ബോധത്തിന്റെ അടിസ്ഥാനത്തില്‍ ആണെന്ന് എനിക്കറിയില്ല... അള്ളാഹുവിന്റെ നീതിബോധം വിചിത്രമാണ്. പാവപ്പെട്ട മനുഷ്യരെ ഉപദ്രവിക്കുന്നതിനേക്കാള്‍ മൂപ്പര്‍ക്ക് പ്രശ്നം പ്രഥാപിയും സര്‍വശക്തനും ആയ മൂപ്പര്‍ക്ക് മുഖസ്തുതി കിട്ടാത്തതാണ്...  ) അല്ലാത്ത എന്ത് കടുത്ത പാപം ചെയ്താലും അത് പൊറുത് നല്‍കുകയോ അല്ലെങ്കില്‍ ശിക്ഷ അനുഭവിപ്പിക്കുകയോ ചെയ്ത് അവസാനം സര്‍ഗ രാജ്യത്ത് എത്തുക തന്നെ ചെയ്യും. എന്ന്‍ വച്ചാല്‍ ഇസ്ലാം മതത്തില്‍ ചേരല്‍ അല്ലാതെ ഒരു ചോയിസ് മത പ്രമാണങ്ങള്‍ നല്‍കുന്നില്ല.

മത ദൈവത്തിന്റെ അവസ്ഥ നോക്കാം. ദൈവം ത്രികാല ജ്ഞാനിയും സര്‍വവും നിയന്ത്രിക്കുന്നവനുമാണ്. അവന് ഭൂതം, ഭാവി, വര്‍ത്തമാനം എന്നിവവ വളരെ കൃത്യമായി അറിയാമെന്ന് മാത്രമല്ല. അതെല്ലാം അവന്‍  കാലേ കൂട്ടി നിശ്ചയിച്ചതും അതില്‍ നിന്നും ഒരു ഇഞ്ച് പോലും തെറ്റാതെ അവന്‍റെ തന്നെ  മേല്‍ നോട്ടത്തില്‍ നടപ്പില്‍ വരുത്തുകയുമാണ് ചെയ്യുന്നത്. ഭൂമിയില്‍ നടക്കുന്ന എല്ലാ നല്ലതും  ചീത്തയുമായ കാര്യങ്ങള്‍ യദാര്‍ത്ഥത്തില്‍ അവന്‍റെ പ്രവര്‍ത്തികള്‍ ആണ്. നമ്മളെല്ലാം അവന്‍റെ ഉപകരണങ്ങള്‍ മാത്രം. നമ്മള്‍ എന്തെല്ലാം ചെയ്യണം, ചെയ്യരുത് എന്ന്‍ പൂര്‍ണമായും നേരത്തേ തന്നെ തീരുമാനിച്ച് വച്ചിട്ട് അതിലെ ശരി തെറ്റുകളുടെ കാര്യം  പറഞ്ഞ് ചിലരെ മാത്രം രക്ഷിക്കുന്നതും മറ്റു ചിലരെ ശിക്ഷിക്കുന്നതും നീതിയാണോ..? അതൊക്കെ ഒരു ദൈവത്തിന് ചേര്‍ന്ന പണിയാണോ..? യദാര്‍ത്ഥത്തില്‍ ഒരു ചോയിസും ഇല്ലാത്തവന്‍ എങ്ങനെയാണ് അവന്‍റെ പ്രവര്‍ത്തികള്‍ക്ക് ഉത്തരവാദി ആകുന്നത്..? ഇതെല്ലാം തീരുമാനിച്ച് വച്ച ദൈവം തന്നെയല്ലേ യദാര്‍ത്ഥ ഉത്തരവാദി..?

ഇനി മനുഷ്യന് ഇച്ചാസ്വാതന്ത്ര്യം ഉണ്ടല്ലോ എന്ന്‍ ചിന്തിക്കുന്നവരോട്. തീര്‍ച്ചയായും ഉണ്ട്. പക്ഷെ അങ്ങനെ വരുമ്പോള്‍ ദൈവത്തിന് പിന്നെ വല്യ പ്രസക്തി ഒന്നും ഇല്ലാതെ വരും. കാരണം ദൈവം പറയുന്നത് നോക്കുക. "തീര്‍ച്ചയായും ഇതൊരു ഉദ്ബോധനമാണ്‌ അതിനാല്‍ ഇഷ്ടമുള്ളവര്‍ നാഥന്‍റെ മാര്‍ഗത്തിലേക്ക് മടങ്ങട്ടെ, പക്ഷേ അല്ലാഹു ഉദ്ദേശിച്ചാല്‍ അല്ലാതെ നിങ്ങള്‍ക്ക് ഇഷ്ടപ്പെടാന്‍ ആവില്ല. (ഖുറാന്‍ 76 : 28,29)" എന്താണ് ആ പറഞ്ഞതിന്റെ അര്‍ത്ഥം..? നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം പക്ഷേ എന്ത് ഇഷ്ടപ്പെടണം എന്നത് ഞാനാണ് തീരുമാനിക്കുന്നത് എന്ന്‍. ഇവിടെ വല്ല ചോയിസും ദൈവം മനുഷ്യന് നല്‍കുന്നുണ്ടോ..? അല്ലാഹു നേരത്തെ തീരുമാനിച്ച ഒരേ ഒരു ചോയിസ് തിരഞ്ഞെടുക്കാന്‍ നിങ്ങള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം തന്നിരിക്കുന്നു എന്നാണോ..? എങ്കില്‍ നമ്മുടെ കുതിരക്കാരന്‍ ഹോബ്സണും അല്ലാഹുവും തമ്മില്‍ എന്താണ് വത്യാസം ? പറഞ്ഞ് വന്നത് എല്ലാം നേരത്തേ തീരുമാനിക്കാന്‍ ഒരു ദൈവവും അതേ സമയം ഇച്ചാസ്വാതന്ത്ര്യവും എങ്ങനെയാണ് ഒത്തുപോകുന്നത് എന്ന്‍ സംശയിക്കാന്‍ ഉള്ള ഇച്ചാസ്വാതന്ത്ര്യം പോലും എല്ലാവര്ക്കും
ദൈവം നല്‍കുന്നില്ല.

ഇനി വിശ്വാസികള്‍ ചോയിസ്  നല്‍കുന്നുണ്ടോ...? ഇന്ത്യയിലെ ജനാധിപത്യ സെക്ക്യുലര്‍ സമൂഹത്തില്‍ നല്‍കുന്നുണ്ടാവണം. അതവരുടെ ക്വാളിറ്റി അല്ല, ഗതികേടാണ്. ഇസ്ലാമിക രാജ്യങ്ങളില്‍ ഇസ്ലാമിക ശരീയത്ത് നിയമ പ്രകാരം വധ ശിക്ഷ അര്‍ഹിക്കുന്ന പാപങ്ങള്‍... വ്യഭിചാരം (ഓ.ടി.  ഏത്.. രണ്ടു പേര്‍ അവരുടെ പരസ്പര സമ്മതത്തോടെ ആര്‍ക്കും ഉപദ്രവം ഉണ്ടാക്കാതെ ഇണ ചേരല്‍... അതിനു എറിഞ്ഞിട്ടാനത്രേ കൊല്ലേണ്ടത്), കൊലപാധകം, മത പരിത്യാകം, പ്രവാചക നിന്ദ.

അതായത് മതത്തില്‍ നിന്ന് പുറത്ത് പോയാല്‍ കൊല്ലണം എന്ന്. അത്തരക്കാരെ മുര്‍ത്തദ് എന്നാണു വിളിക്കുന്നത്.  ഇസ്ലാം ഒരു എലിക്കെണിയാണ്. ഏവര്‍ക്കും അകത്തേക്ക് സ്വാഗതം. പക്ഷെ പിന്നെ പുറത്തേക്ക് പോവാന്‍ പറ്റില്ല. ഞങ്ങള്‍ വെട്ടിക്കൊല്ലും. അതായത് ഒരേ ഒരു ചോയിസ്... അത് മരണം വരെ മുസ്ലിം ആയി ജീവിക്കല്‍ മാത്രം അഗൈന്‍ ഹോബ്സണ്‍സ് ചോയിസ്.

അതൊക്കെ യദാര്‍ത്ഥ ഇസ്ലാമില്‍ ഇല്ലാത്തതാണ്. പില്‍ക്കാലത്ത് വന്ന യാടാസ്ഥിതികരായ മൌലിക വാദികളുടെ സൃഷ്ടിയാണ്  എന്നൊക്കെ വാദമുള്ളവര്‍ ഒരു സാമ്പിള്‍ പ്രവാചക വചനം കാണുക : "ആരെങ്കിലും ഇസ്ലാം മതം വിട്ടു പോയാല്‍ അവനെ കൊന്ന് കളയുക (സ്വഹീഹുല്‍ ബുഖാരി 52: 260)" ഖുറാന്‍ കഴിഞ്ഞാല്‍ സുന്നികളുടെ ഏറ്റവും ആധികാരികമായ പ്രമാനമാണല്ലോ സ്വഹീഹുല്‍ ബുഖാരി.

അനുദിനം ധാരാളം ആളുകള്‍ ഇസ്ലാമിലേക്ക് വരുന്നു പുറത്ത് പോകുന്നവര്‍ വളരെ തുച്ഛം എന്ന്‍ ഓരിയിടുന്ന ദീനീ സ്നേഹികള്‍ അറിയണം. അത് ഈ വധശിക്ഷ നിയമം ഉള്ളത് കൊണ്ട് മാത്രമാണ്. മതത്തിന്റെ പൊള്ളത്തരം ബോധ്യപ്പെട്ടവര്‍ ചാവാന്‍ ഭയന്നിട്ട് എല്ലാം കടിച്ചമര്‍ത്തി മുനാഫിക് (കപട വിശ്വാസി) ആയി ജീവിക്കുകയാണ്. വധശിക്ഷ ഒന്ന്‍ എടുത്ത് കളഞ്ഞ് നോക്കണം അതോടെ കളിമാറും. ഇസ്ലാമിന്റെ ചട്ടക്കൂടിന്റെ അന്ത്യശ്വാസം നില നിര്‍ത്തുന്നതില്‍ അടിസ്ഥാന പങ്ക് ഇത്തരം പ്രാകൃതമായ ശിക്ഷാ നടപടികള്‍ക്കാണ്. മതത്തിന്റെ മൂല്യങ്ങല്‍ക്കല്ല.

ഇസ്ലാമിക രാജ്യത്ത് പുറത്ത് നിന്ന്‍ വന്നവര്‍ക്ക് വേറെ മതങ്ങള്‍ ആകാമോ..? വേണമെങ്കില്‍ വിശ്വസിക്കാം. അത്രേ ഒള്ളൂ. പുറത്തേക്ക് കാണിക്കരുത്. അതിനുള്ള അവകാശം ഞമ്മക്ക് മാത്രേ ഒള്ളൂ... സൌദിയില്‍ കുരിശ് കാണാനേ പാടില്ല ( മൊത്തം സാത്താന്മാര്‍ ആയത് കൊണ്ടാണോ എന്നറിയില്ല വല്ലാത്ത കുരിശു പേടി തന്നെ) അന്യ മതങ്ങളുടെ ഒരു സിംബലുകളും അനുവദിക്കില്ല. മറ്റു മതങ്ങള്‍ പ്രചരിപ്പിക്കാനേ പാടില്ല. അത് രണ്ടും രണ്ടും കൂട്ടിയാല്‍ നാല് ആയത് കൊണ്ടാണെന്നാണ് സാക്കിര്‍ നായിക് പറഞ്ഞത്. അതായത് നിങ്ങള്‍ വിശ്വസിച്ചോളൂ... പക്ഷേ പ്രചരിപ്പിക്കരുത്. തോക്ക് തരാം വെടി വെക്കരുത്.. അത് തന്നെ ഹോബ്സണ്‍സ് ചോയിസ്.

മറ്റു മതങ്ങളോടുള്ള അസഹിഷ്ണുതയും പ്രമാണങ്ങളില്‍ ഉള്ളതല്ല പിന്നീട് വന്നതാണ് എന്നാണ് വാദമെങ്കില്‍ ഹദീസ് ആക്കണ്ട ഓണം പ്രമാണമായ ഖുറാനിലെ ആയത്ത് തന്നെ ആകാം. "വിശ്വസിച്ചവരേ നിങ്ങള്‍ ക്രിസ്ത്യാനികളെയും ജൂതന്മാരെയും ആത്മ മിത്രങ്ങള്‍ ആക്കരുത് അവര്‍ അന്യോന്യം മിത്രങ്ങലാണ്, നിങ്ങളില്‍ അവരെ ആത്മമിത്രങ്ങള്‍ ആക്കുന്നവര്‍ അവരില്‍ പെട്ടവരായി തീരും. അത്തരത്തില്‍ ഉള്ളവരെ അല്ലാഹു നേര്‍വഴിയില്‍ ആക്കുകയില്ല (5:51)"

ഇനി നമ്മുടെ നാട്ടിലെ അവസ്ഥയോ...!! ( ഇസ്ലാമിനെ ആധാരമാക്കി ആണ് എഴുതുന്നത് എങ്കിലും എല്ലാ മതങ്ങള്‍ക്കും ബാധകമാണ് )


ഞങ്ങള്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള പോലെ ജീവിക്കാന്‍ അവസരം തന്നിരിക്കുന്നു എന്ന തുറന്ന പ്രഖ്യാപനം നടത്തുന്നതില്‍  ഓരോ മതവും മത്സരിക്കുകയാണ്. സഹിഷ്ണുത കൂടുതല്‍ ഉള്ളവര്‍ ഞങ്ങള്‍ ആണെന്ന് കാണിക്കാനുള്ള ആവേശം എന്നല്ലാതെ എന്ത് പറയാന്‍.  എന്നാല്‍ നമ്മള്‍ അറിയേണ്ടത് ഇവിടെ ജീവിക്കുന്നത് എല്ലാ കാര്യങ്ങളും സ്വയം തീരുമാനിക്കാന്‍ കഴിയുന്ന സ്വതന്ത്ര വ്യക്തികള്‍ (free individuals) അല്ല. മിക്കവാറും എല്ലാവരും തന്നെ കുടുംബം എന്ന അധികാര കേന്ദ്രവുമായി വളരെ ശക്തമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. തന്‍റെ കുടുമ്പത്തില്‍ ഉള്ള എല്ലാവരും കൃത്യമായി മതം പ്രാക്ടീസ് ചെയ്യുന്നു എന്ന്‍ ഉറപ്പ് വരുത്തിയ ശേഷമാണ് സമൂഹത്തെ നോക്കി മതം താല്‍പര്യമുള്ളവര്‍ വിശ്വസിച്ചാല്‍ മതി എന്നോക്കെയുള്ള ഗീര്‍വാണങ്ങള്‍ അടിച്ചു വിടുന്നത്. ഒരിക്കലും സ്വന്തം കുടുംബത്തില്‍ ഒരു വിശ്വാസിയും ഇങ്ങനെ ഒരു ചോയിസ് കൊടുക്കുന്നില്ല (അപൂര്‍വം ചിലരൊഴികെ).  ഇങ്ങനെ ഓരോരുത്തരും ചെയ്യുന്നത് വഴി ആര്‍ക്കും മതമല്ലാത്ത ഒന്ന്‍ തിരഞ്ഞെടുക്കാന്‍ അവസരം ഉണ്ടാകില്ല, എന്നാല്‍ അതോടൊപ്പം ഞങ്ങള്‍ മതത്തിന്റെ കാര്യത്തില്‍ ധാരാളം ചോയിസ് നല്‍കുന്നു, ഞങ്ങള്‍ മൌലിക വാദികള്‍ ഒന്നുമല്ല എന്ന പുകമറ ഉണ്ടാക്കുകയും ചെയ്യാം. ഹോബ്സണ്‍സ് ചോയിസ്

നാട്ടുകാര്‍ കേള്‍ക്കെ ഫെയ്സ്ബുക്കിലും പ്രസംഗത്തിലും ചോയിസ് കൊടുത്തിട്ട് കാര്യമില്ല. ആ ചോയിസ് മറ്റു കുടുമ്പങ്ങളില്‍ ഉള്ളവര്‍ക്കാണ് കിട്ടുന്നത്. അവര്‍ക്കാണെങ്കില്‍ നിങ്ങള്‍ അല്ല ചോയിസ് കൊടുക്കേണ്ടത്. അത് അവരുടെ കുടുംബമാണ്. നിങ്ങളുടെ ചോയിസ് നല്‍കലില്‍ അല്‍പ്പമെങ്കിലും ആത്മാര്‍ഥത ഉണ്ടെങ്കില്‍ നിങ്ങളുടെ സ്വന്തം കുടുമ്പത്തില്‍ ഉള്ളവര്‍ക്ക് ചോയിസ് കൊടുക്കണം. അതായത് ബാല്യത്തില്‍ ഉള്ള മതപഠനം സ്വന്തം വീട്ടില്‍ ഒഴിവാക്കണം പ്രായപൂര്‍ത്തിയായ ശേഷം കുട്ടികള്‍ ഇഷ്ടമുള്ള മതം പഠിച്ച് പ്രാക്ടീസ് ചെയ്യട്ടെ, പിന്നെ ചേലാകര്‍മം ഒഴിവാക്കുക. കുട്ടികള്‍ വളര്‍ന്ന് വലുതായി അതിന്‍റെ ഗുണങ്ങളെ പറ്റി പഠിച്ച് വേണമെങ്കില്‍ അവര്‍ ചെയ്യട്ടെ. കുടുമ്പത്തില്‍ ആരെങ്കിലും യുക്തിവാദി ആയാല്‍ സ്വസ്ഥതയും സമാധാനവും പഴയപോലെ തന്നെ കൊടുക്കാന്‍ തയാറാവണം. മതപരമായ വിയോചിപ്പ് മറ്റു ബന്ധങ്ങളെ ബാധിക്കാതിരിക്കുക. മതപരമായ ചടങ്ങുകള്‍ നടക്കുമ്പോള്‍  യുക്തിവാദിക്ക് ബന്ധുക്കളോട് "അയ്യോ... അതിനെന്നെ കിട്ടില്ലാ ട്ടോ.." എന്ന്‍ ചിരിച്ചോണ്ട് പറയാന്‍ കഴിയണം. അതിനുള്ള സഹിഷ്ണുത കാണിക്കണം. എന്തേ ഇതൊക്കെ പറ്റുമോ ആവോ..?! ഇല്ലെങ്കില്‍ ചോയിസിനെ പറ്റി മിണ്ടാന്‍ നിങ്ങള്‍ക്ക് അര്‍ഹതയില്ല.

അടുത്ത അധികാര കേന്ദ്രമായ നാട്ടുകാരുടെ കാര്യം നോക്കാം. ഒരു യുക്തിവാദിയെ ഒറ്റപ്പെടുത്തുക എന്നത് നമ്മുടെ നാട്ടില്‍ ഒറ്റപ്പെട്ട സംഭവമല്ല. എത്രയോ സ്വതന്ത്ര ചിന്തകര്‍ തങ്ങളുടെ അവിശ്വാസം പരസ്യമായി പ്രഖ്യാപിക്കാന്‍ മടിക്കുന്നതും ഇത് കൊണ്ടാണ്. ഒരു കട നടത്തി ജീവിക്കുന്ന ആളാണെങ്കില്‍ "അയാളുടെ കടയില്‍ നിന്ന്‍ നമ്മള്‍ വിശ്വാസികള്‍ സാധനങ്ങള്‍ വാങ്ങരുത്, അയാളത് ദീനിന് എതിരായി ചിലവഴിക്കാന്‍ സാധ്യതയുണ്ട്" എന്ന ഒരൊറ്റ തീരുമാനത്തിലൂടെ അയാളുടെ കഞ്ഞികുടി മുട്ടിക്കാന്‍ മതത്തിന് സാധിക്കും. അതിപ്പോ ഇനി ഡോക്ടര്‍ ആയാലും വക്കീല്‍ ആയാലും ഒക്കെ സംഭവിക്കാവുന്നതാണ്. വ്യക്തി ജീവിതത്തില്‍ ഇടപെടുക എന്നത് മതത്തെ സംബന്ധിച്ചിടത്തോളം വളരെ നിസാരമാണ്. ഒരു സാമൂഹ്യ ജീവി എന്ന നിലക്ക് പൊതുവില്‍ നമ്മള്‍ ദുര്‍ബലരാകുന്ന സാമൂഹിക പിന്തുണ ആവശ്യമായി വരുന്ന അവസരങ്ങളിലാണ് മതം ബോധപൂര്‍വം നമുക്കിട്ട് പണിയുന്നത്.

examples:

  1. ഒരു യുക്തിവാദിയുടെ വിശ്വാസിയായ പിതാവ് മരിക്കുന്നു. പള്ളിയില്‍ മയ്യിത്ത് നിസ്കാരത്തിന് പോയാല്‍ വിശ്വാസികള്‍ കളിയാക്കും.. "ഓ.. വല്യ യുക്തിവാദി ഒക്കെയാ.. ദേ ബാപ്പ മരിച്ചപ്പോ പള്ളീല്‍ വന്നേക്കുന്നു.." പോയില്ലെങ്കിലും കളിയാക്കല്‍ ഉറപ്പാ... "യുക്തിവാദി ആണെന്ന് വച്ച് ഔജിത്യ ബോധം പാടില്ലെന്നാണോ..? അവനൊന്ന് ചുമ്മാ പള്ളി വരെ വന്നുകൂടെ..?" അതെ ഹോബ്സണ്‍സ് ചോയിസ് തന്നെ. എല്ലാ സമയത്തും മതം പറയുന്ന പോലെ നടക്കണം. ഇല്ലെങ്കില്‍ അവസരം വരുമ്പോഴൊക്കെ പണി കിട്ടും.
  2. കല്യാണത്തിന് കുടുമ്പക്കാരുടെ സമ്മര്‍ദത്തിന് വഴങ്ങി നിക്കാഹ് നടത്തിയാല്‍ "ഓ.. വല്യ യുക്തിവാദി ഒക്കെ ആയിരുന്നു. സ്വന്തം കാര്യം വന്നപ്പോ ചങ്കരന്‍ തെങ്ങില്‍ തന്നെ" ഈ കളിയാക്കല്‍ യുക്തിവാദികളില്‍ നിന്നും പ്രതീക്ഷിക്കാം. സമ്മതിച്ചില്ലെങ്കിലോ...  "ഓ.. യുക്തിവാദി ആണെന്ന് വച്ച് കുടുമ്പത്തിനെ വെറുപ്പിക്കണോ..? ഒരു നിക്കാഹ് അങ്ങ് നടത്തിയാല്‍ എന്താ കുഴപ്പം..." നിക്കാഹ് നടത്തിയാലും കുഴപ്പം ഇല്ലെങ്കിലും കുഴപ്പം. നോ ചോയിസ്.


ഈ ഒരു ചോയിസ് ഇല്ലായ്മ  യുക്തിവാദികളുടെ കല്യാണം, കുട്ടിയുടെ ജനനം, സ്കൂളില്‍ ചേര്‍ക്കല്‍, വേണ്ടപ്പെട്ടവരുടെ മരണം തുടങ്ങി നിരവധി അവസരങ്ങളില്‍ ഫെയ്സ് ചെയ്യേണ്ടി വരും. എങ്കിലേ മതത്തിന് നിലനില്‍ക്കാന്‍ കഴിയൂ. മതത്തില്‍ ഉള്ളവര്‍ എല്ലാവരും മതനിയമങ്ങള്‍ പൂര്‍ണ്ണമായും അനുസരിക്കുന്ന ആത്മാര്‍ത്ഥതയുള്ള അന്ത വിശ്വാസികള്‍ ആയിരിക്കണം എന്ന നിര്‍ബന്ധമൊന്നും വിശ്വാസി സമൂഹത്തിനില്ല. പക്ഷേ മതത്തിനെതിരെ സംസാരിക്കുന്നവരെ എന്ത് വിലകൊടുത്തും ഒരു വഴിക്കാക്കണം. എങ്ങനെയെങ്കിലും മതത്തിന്റെ ചട്ടക്കൂട് നിലനിര്‍ത്തി കൊണ്ട് പോകണം. അത്ര തന്നെ!

കണ്‍ക്ലൂഷന്‍ : മതം അതിന്‍റെ ഗ്രന്ഥമാണെങ്കിലും ദൈവമാണെങ്കിലും ഭരണകൂടമാണെങ്കിലും സമൂഹമാണെങ്കിലും ഒരു വ്യക്തിയുടെ മുന്നില്‍ വെക്കുന്നത് ഹോബ്സണ്‍സ് ചോയിസ് മാത്രമാണ്. അത് പൂര്‍ണ്ണമായും മതം അനുസരിച്ച് ജീവിക്കുക എന്നതുമാണ്‌. അല്ലാത്ത ഒന്നിലും നോ കോമ്പ്രമൈസ്.



8 comments: